കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, June 26, 2019

തിരകൾ നിലക്കാറില്ല ............6

പഴക്കമേറെ ഉണ്ടെങ്കിലും വൃത്തിയായി സംരക്ഷിക്കുന്ന വീട് ,
മുറ്റത്ത് ഒരരികിലായി  അട്ടിയിട്ട പുല്ലിന്റെ കൂന
അതിന്റെ മറവിൽ  വലിയൊരു മാവ് ,
പറമ്പിൽ നിറയെ നാടൻ വാഴകൾ ..
മൺതിട്ട കഴിഞ്ഞാൽ ഇടത് വശത്തായി കല്ല് കെട്ടിയ കുളം.

വീടിന്റെ ഇറയവും ഞാലിയും കാവി ഇട്ടിട്ടുണ്ട്
പഴയകാല പ്രതാപം വിളിച്ചോതുന്ന  പത്തായം ഇറയത്തു  കിടപ്പുണ്ട്.
നെല്ലും പുല്ലും ഉണക്കാനും മറ്റും മാത്രമാണ് മാഷ് ഈ തറവാട് വീട് ഉപയോഗിക്കുന്നത് എന്ന് രാമേട്ടൻ.

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ട പ്പെടുന്ന ഒരിടം.
വൈ ദ്യു ത ബന്ധമില്ല എന്നത് മാത്രമാണ് ആകെ ഉള്ള ഒരു പോരായ്മ.

നോക്കിയാൽ കാണുന്ന ദൂരത്തായി
രാമേട്ടന്റെ വീട് ...
ഉച്ച ഊണിന് സമയമായിട്ടില്ല എങ്കിലും
രാമേട്ടന്റെ നിർബന്ധം മൂത്തപ്പോൾ ഊണും കഴിക്കേണ്ടിവന്നു.
തനി നാടൻ കറികൾ
ചെമ്പിന്റെ തണ്ടും ചക്കകുരുവും ചേർത്ത ഓലനും ,പുളിങ്കറിയും , മുരിങ്ങയിലതോരനും
രാമേട്ടന്റെ ഭാര്യ ശാന്തേച്ചി യുടെ കൈപ്പുണ്യത്താൽ   സമ്പന്നമായിരുന്നു ആ ഭക്ഷണം.       

ചെവി ഒട്ടും കേൾക്കില്ലെങ്കിലും എല്ലാം അറിയണം എന്ന വാശിയോടെ രാമേട്ടന്റെ അമ്മ.
പ്രായമേറെ ആയെങ്കിലും
ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെ.

കുട്ടികളെ രാമേട്ടൻ   രണ്ട് മൂന്ന് തവണ തിരക്കിയെങ്കിലും  അവരാ വഴി വന്നതേ ഇല്ല.

രാവിലത്തെ സംഭവത്തിന്റെ പേടിയിലായിരിക്കാം.
അപ്പുവുംഅനുവും

മൂത്തത് അനുപമ എട്ടാം  ക്‌ളാസിൽ പഠിക്കുന്നു,
അപ്പു മൂന്നിൽ
വീട്ട് വിശേഷങ്ങൾ കൂടാതെ
പഴം പുരാണങ്ങളും
എല്ലാം  ഒറ്റ ദിവസം കൊണ്ട് എന്നോട് പറഞ്ഞു തീർക്കണമെന്ന വാശിയിലാണെന്ന് തോന്നുന്നു രാമേട്ടൻ.
പലതും എനിക്ക് താല്പര്യം ഇല്ലാത്ത പല വിഷയങ്ങളാണെങ്കിലും താല്പര്യത്തോടെ കേൾക്കുന്നതായി നടിച്ച് ഇരുന്നുകൊടുക്കേണ്ടതായി വന്നു.

മുഷിഞ്ഞ കള്ളി ലുങ്കിയും
നരച്ച് കീറി തുടങ്ങിയ ബനിയനും ധരിച്ച,
ഇരുപത് -ഇരുപത്തി രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ
അവിടേക്ക് കടന്നു വന്നു.

കണ്ടാൽ അറിയാം നല്ലവണ്ണം അധ്വാനിക്കുന്നവനാണെന്ന്.
നല്ല ആരോഗ്യവാൻ പക്ഷെ പെരുമാറ്റത്തിൽ ഒരു പന്തികേട് ,
പിരി ഇത്തിരി ലൂസാണോ?

അരവി

ചേച്ചിയുടെ മകനാണ്
അത്യാവശ്യം സഹായത്തിനൊക്കെ ഇവനാണൊരു കൂട്ട്.
രാമേട്ടൻ പരിചയപ്പെടുത്തി തന്നു.

പെട്ടെന്ന് ഇറങ്ങണം ,
സമയം വൈകുന്നു.
തിങ്കളാഴ്ച്ച തന്നെ തിരിച്ച് വരാമെന്ന് പറഞ്ഞിറങ്ങി.

പക്ഷെ

എപ്പഴോ ഞാനും
ആ ഗ്രാമത്തിന്റ ഭാഗമായി കഴിഞ്ഞിരുന്നു.

No comments:

Post a Comment