പൂനെ റേഞ്ച് ഹിൽസിലെ ഒരു തണുത്ത സായാഹ്നം ,
സിംമ്പയോസിസ് കോളേജിലെ നിയമ ബിരുദ പഠന കാലം.
വൈകുന്നേരങ്ങളിൽ
ഒന്നൊന്നര മണിക്കൂർ നടത്തമുണ്ട്
ഔന്ധ് റോഡിലൂടെ ...
ജീവിത-വേഷ-ഭാഷാ വൈവിധ്യം
നേരിട്ട് അനുഭവിച്ചറിയുക ഒരു പ്രത്യേക രസമാണ്.
മലയാളി സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടാകും
അയ്യപ്പ ക്ഷേത്ര പരിസരത്ത്
കൂടാതെ കേരളാസ്റ്റോറിന്ന് വല്ലതും വാങ്ങലും നടക്കും.
കൂടെ പഠിക്കുന്ന ആന്റോ വരുമെന്ന് പറഞ്ഞിരുന്നു..
ആന്റോ ..ഒരു self made man ....
ഏത് പാറപ്പുറത്ത് വീണാലും
എന്ത് വരൾച്ച വന്നാലും മുളക്കുന്ന
വിത്തതാണ് അവനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്....
ക്ലാസ്സ് കഴിഞ്ഞാലുള്ള ജോലി ഡെന്റൽ ലാബിൽ പല്ല് ഉണ്ടാക്കൽ ,
താമസം ടയർവാല മാരുടെ കൂടെ.
കഡ്കി റെയിൽവേ സ്റ്റേഷന് സമീപം അവനെയും കാത്ത് ,
മേൽപ്പാലത്തിന് ചുവടെ....
വളരെ കുറച്ച് ആൾക്കാർ മാത്രമാണ് ആണ് ഫ്ലൈ ഓവർ ഉപയോഗിക്കുന്നത്.
അത് കൊണ്ട് അരികിൽ സുഖമായി ഇരിക്കാം.
നിലത്ത് കൊഴിഞ്ഞു വീണ വാകപ്പൂ ദളങ്ങൾ...
മുകളിൽ
ആകാശത്തിന്റെ ചുകപ്പും കൂടി ചേർന്നപ്പോൾ
പൂക്കൾ കൂടുതൽ സുന്ദരമായത് പോലെ..
ആ ചുകപ്പ് രാശിക്കിടയിലൂടെ ഒരു മഞ്ഞ നിറം ഇറങ്ങി വരുന്നു
കാണുമ്പോൾ ചുവന്ന മേഖപാളികൾക്കിടയിൽ നിന്നും വരുന്നതാണോ എന്ന്
സംശയിച്ച് പോകും..
പരിചിത മുഖം...
സുസ്മിത
കോളേജിൽ ജൂനിയർ ആണ്
എന്നും ചിരിച്ച് കൊണ്ട് കാണാറുള്ള അവളുടെ മുഖം
ആകെ പരിഭ്രമം നിറഞ്ഞതായിരുന്നു.....
കൂടെ പഠിക്കുന്ന വിശാലിന്റെ അടുത്ത സുഹൃത്തതാണവൾ
അവർ ഒരേ നാട്ടുകാർ,
കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ
ശക്തമായ സുഹൃത് ബന്ധം തീർക്കാൻ അവർക്കായിട്ടുണ്ട്.
സുസ്മിത എന്താ ഇവിടെ??
വേവലാതിക്കിടയിൽ
എന്നെ കാണാതെ മുന്നോട്ട് പോയപ്പോൾ
ഒന്നുറക്കെ ചോദിക്കേണ്ടി വന്നു..
ഓ ! മനോജ് ..!!
സോറി ഞാൻ കണ്ടില്ല കേട്ടോ..
നിങ്ങൾക്ക് വിശാലിന്റെ ക്വാർട്ടേഴ്‌സ് അറിയുമോ??
വിശാൽ,
അവിടെ ഒരു ക്വാർട്ടേഴ്സിൽ
പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നതാണ്.
റേഞ്ച് ഹിൽസ് മുഴുവൻ മിലിറ്ററി ഏരിയ ആണെങ്കിലും ,
റോഡിൽ നിന്നും കടക്കുന്നിടത്ത്
"എൻട്രി റെസ്ട്രിക്ടഡ് "
എന്ന ബോർഡ് ഉണ്ടെങ്കിലും
സകല വിധ ആളുകളും കയറി ഇറങ്ങുന്ന സ്ഥലം.
ഇവിടത്തെ പ്രതിരോധ വകുപ്പിന്റെ ക്വാർട്ടേഴ്സിൽ
ഒട്ടുമിക്കതിലും മുറികൾ വാടകക്ക് കൊടുക്കും.
തദ്ദ്ദേശീയരായ വർക്കേഴ്സ്
അവരുടെ ജീവിതം ഒരു മുറിയിൽ ഒതുക്കി
ബാക്കി മുറികൾ വാടകക്ക് കൊടുക്കുന്ന പതിവുണ്ട്.
പഴയ ടൈപ്പ് II ക്വാർട്ടേഴ്‌സ്..
ഇവിടെ അടുത്താണ് ..
വേണമെങ്കിൽ ഞാൻ കാണിച്ച് തരാം ..
ആന്റോയെ വരുമെന്ന് പറഞ്ഞിരുന്നു.കാത്തിരിക്കുന്നതാണ് ..
സാരമില്ല
എന്റെ കൂടെ വന്നോളൂ...
എന്ത് പറ്റി??
വിശാലിനെ അന്വേഷിക്കാൻ??
രണ്ട് ദിവസായി അവന്റെ ഒരു വിവരോം ഇല്ല !!
ഫോൺ എടുക്കുന്നേ ഇല്ല.
നിങ്ങൾ അവനെ കണ്ടിരുന്നോ??
ശരിയാണ് ഞാനും ഒന്ന് രണ്ട് ദിവസായി അവനെ കണ്ടിട്ട്..
സാധാരണ കഡ്കി അയ്യപ്പ ക്ഷേത്രത്തിൽ പോകുമ്പോൾ
അവനെ കാണാറുള്ളതാണ്.
ഇല്ല ഞാനും രണ്ട് ദിവസായി കണ്ടിട്ട്.
വല്ല പനിയോ മറ്റോ പിടിച്ച് കാണും,
പേടിക്കാനൊന്നുമില്ല....
എന്നാലും ..
അവനെ കാണണമെന്ന് തോന്നി...
അതാ ഇത്ര വൈകിയിട്ടും ഇറങ്ങിയത്.
ഗോപുരങ്ങൾ കണക്കെ തല ഉയർത്തി നിൽക്കുന്ന
വാട്ടർ ടാങ്കിന്റെ സമീപത്തുകൂടെ ..
അഞ്ചും പത്തും കുട്ടികളുമായി
വേസ്റ്റ് തിന്നാൻ മത്സരിക്കുന്ന പന്നി കൂട്ടങ്ങൾക്കിടയിലൂടെ ...
കരിങ്കല്ല് കൊണ്ട് പണിത രണ്ട് നില കെട്ടിടം ,
മുകളിലെ നിലയിലാണ് അവൻ താമസിക്കുന്ന ക്വാർട്ടേഴ്‌സ്.
നിറംമങ്ങിയ
പ്ലൈവുഡ് ൽ എഴുതിയ നെയിം ബോർഡ്
M K Kulkarni ,Bsc
സുസ്മിത ഇവിടെ നിന്നോളൂ
ഞാൻ അവനെ വിളിച്ചിട്ട് വരാം ,
പടികൾക്ക് അരികിലായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കും
വാതിലിനു മുന്നിലായി വരച്ച് രംഗോലിക്കുമിടയിലൂടെ ....
വാതിൽ ചാരിയിട്ടേ ഉള്ളൂ
വാതിലിന് മുട്ടുന്നതും കാത്ത് നിന്നത് പോലെ
വാതിൽ തുറന്ന് വീട്ട്കാരി .
ബാബി ...വിശാൽ ഹെ ..നാ??
ക്യാ ഹോഗയാ ഉസ്‌കോ ?
ദോ ദിൻ ഹോ ഗയ
കമരെ സെ ബാഹെർ അത്തെ ഹി നഹി!
മുറി അകത്ത് നിന്നും കുറ്റിയിട്ടിരിക്കുകയാണ്...
വിശാൽ ...വിശാൽ.......
വാതിലിനു മുട്ടിയിട്ടും വാതിൽ തുറക്കാനൊരു മടി ..
നല്ല വെളുത്ത് സുന്ദരനായ അവന്റെ മുഖത്തൊക്കെ
മുറിഞ്ഞ പാടുകൾ
മുഷിഞ്ഞ വസ്ത്രങ്ങൾ
കണ്ണുകളിൽ ക്ഷീണം വായിച്ചെടുക്കാം....
ആകെ കോലം കെട്ട് ..
എന്താടാ?
എന്ത് പറ്റി??
അവനു സംസാരിക്കാൻ മടിപോലെ!
സുഖമില്ലെങ്കിൽ വാ ഡോക്ടറെ കാണിക്കാം ..
താഴെ സുസ്മിത കാത്ത് നിൽക്കുന്നു..
നീ അവളോട്...
പിന്നെ കാണാമെന്ന് പറയൂ
ഇപ്പൊ തീരെ വയ്യ..
അവൾ നിന്നെ കാണാതെ മടങ്ങുമോ??
നോക്കാം...
അവളോട് അവന് അസുഖമാണെന്നും
ഡോക്ടറെ ഇപ്പോൾ തന്നെ കാണിക്കുമെന്നും കളവ് പറഞ്ഞ് തിരിച്ചക്കയ്ക്കുമ്പോഴും,
അവന്റെ പ്രശ്നങ്ങളെ കുറിച്ച് മാത്രം ആയിരുന്നു
എൻ്റെ ചിന്ത മുഴുവൻ.
ആന്റോ നീ എത്തിയോ??
നീ വാ ...
ഒരു പ്രശ്നമുണ്ട്
വിശാലിന്റെ മുറിയിൽ
അവൻ ഒന്നും പറയാൻ തയ്യാറാകുന്നില്ല.
എടാ നീനക്ക് എന്ത് പ്പറ്റി എന്ന് പറ??
ഇനി ഞാനെന്തിന് ജീവിക്കണം ???
ചെറിയ കുട്ടികളെ പോലെ അവൻ പൊട്ടിക്കരയുന്നു...
നീ സമാധാനിക്ക്
നമ്മളൊക്കെ ഇല്ലേ കൂടെ...
മിനിഞ്ഞാന്ന് ...
വൈകുന്നേരം
കോളേജിന്ന് മടങ്ങുമ്പോൾ
ഒര് ഏഴു മണിയായി കാണും,
ഏതെങ്കിലും ലിഫ്റ്റ് കിട്ടുമോന്ന് നോക്കുകയായിരുന്നു.
അപ്രതീക്ഷിതമായി
ഒരു കറുത്ത ഹോണ്ട കാർ ,
ഒരു മിലിറ്ററി ലുക്കുള്ള ഒരു ജന്റിൽ മാൻ,
യൂണിവേഴ്സിറ്റി വരെ ലിഫ്റ്റ് ഓഫർ ചെയ്തു
മറ്റൊന്നും ആലോചിച്ചില്ല.
ചത്രുസിംഗി എത്തിയപ്പോൾ
ദാഹിക്കുന്നു
ഒരു കൂൾ ഡ്രിങ്ക്സ് വാങ്ങിവരാമെന്ന് അയാൾ ..
ജ്യൂസ് കുടിച്ചപ്പോൾ
പ്രത്യേകിച്ച് ഒന്നും തോന്നീല്ല
പക്ഷെ ..
എന്താണെന്ന് അറിയില്ല ...
കണ്ണ് അടഞ്ഞു പോകുന്നത് പോലെ ...
കണ്ണ് തുറക്കുമ്പോൾ യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള
വഴിയരികിലെ ഇരിപ്പിടത്തിൽ
മുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നു...
മേലാസകലം നുറുങ്ങുന്ന വേദന
എവിടയൊന്നൊക്കെയോ ചോര പൊടിയുന്നു...
വസ്ത്രങ്ങളൊക്കെ ഒന്ന് നേരെ ആക്കി ..
കിട്ടിയ ഓട്ടോയിൽ എങ്ങനെയൊക്കെയോ റൂമിലെത്തി.....
മൂന്നാല് ബക്കറ്റ് വെള്ളം തലേൽ കോരി ഒഴിച്ചിട്ടും
ഒരു ദുർഗന്ധം പോകാത്തത് പോലെ..
തല ആകെ പൊട്ടി തെറിക്കുന്ന പോലെ ...
വേദന ഇപ്പോഴും പോകുന്നില്ല...
എനിക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ല...
എല്ലാം മതിയാക്കിയാ മതിന്നൊരു തോന്നൽ....
എന്താടാ ഇത്
നീ ഒരു നിയമ വിദ്യാർത്ഥി അല്ലെ
നീ ഞങ്ങളുടെ കൂടെ വാ...
ഒന്നു പുറത്ത് ഇറങ്ങിയിട്ട് വരാം.
അവനെ നിർബന്ധിച്ച് ആന്റോയുടെ കാറിൽ കയറ്റുമ്പോഴും,
നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചപ്പോഴും,
അവൻ തല ഉയർത്തുന്നുണ്ടായിരുന്നില്ല...
നേരെ പോലീസ് സ്റ്റേഷനിലേക്ക് ..
ആന്റോ കാര്യങ്ങൾ അന്വേഷിച്ച് വരുന്നത് വരെ ഞങ്ങൾ കാറിലിരുന്നു..
കേസ് ചാർജ്ജ് ചെയ്യുന്നത് കൊണ്ട് വലിയ കാര്യമൊന്നും ഇല്ലെന്നാണ് അവർ പറയുന്നത്..
ഇത്തരം കേസ് നിലനിൽക്കില്ലത്രേ..
ഒന്നാമത് പ്രതി ആരെന്നോ, വാഹന നമ്പർ ഏതെന്നോ അറിയില്ല...
നിങ്ങക്കറിയാലോ,
ഐപിസി 377 വെച്ച്
പ്രൂവ് ചെയ്യലൊന്നും അത്ര എളുപ്പല്ല.
എത്രയും പെട്ടെന്ന്
നല്ല മെഡിക്കൽ അറ്റെൻഷനും
കഴിയുമെങ്കിൽ
ഒരു കൗൺസിലിംഗും ആണ് നല്ലതെന്നാണ്
അവരുടെ അഭിപ്രായം.
ആന്റോ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്കും തോന്നി..
വിശാലിനെ തിരിച്ച്
പഴയ വിശാൽ ആക്കി മാറ്റുകയാണ് വേണ്ടത്.
പക്ഷെ
മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞാൽ ലഭിക്കുന്ന
റിസൾട്ടിന്റെ കാര്യം ആലോചിക്കുമ്പോൾ
ഒരു ഭയം .
ഇക്കാര്യം അവനോട് തുറന്ന് പറയാനും പറ്റില്ല .
ഇത്തരം പല കേസുകളിലും
hiv ടെസ്റ്റ് പോസിറ്റീവ് ആയ കാര്യം
അടുത്തകാലത്തെ
മാഗസിനിൽ വായിച്ചത്
മനസ്സിൽ മായാതെ കിടപ്പുണ്ട്.
അവൻ അപ്പോഴും നിശ്ശബ്ദനായിരുന്നു..
കണ്ണുകൾ ഈറനണിഞ്ഞിരുന്നു
തല ഉയർത്തി നമ്മളെ ഫേസ് ചെയ്യാൻ മടിക്കുന്നത് പോലെ..
ഇവിടെ ഒരാളും സുരക്ഷിതരല്ല എന്ന തോന്നൽ !!!
സ്ത്രീകളോടും കുട്ടികളോടും ഉള്ള
ലൈംഗികാക്രമണങ്ങൾക്ക്
കഠിന ശിക്ഷ നൽകുവാൻ ഒത്തിരി വകുപ്പുകൾ ഉള്ളപ്പോൾ....
ഒരു പുരുഷൻ....
മറ്റൊരു പുരുഷനോട് ...
ചെയ്യുന്ന പീഡനങ്ങൾക്ക്
തടയിടുവാൻ
ശക്തമായ നിയമത്തിന്റെ അഭാവം !!!
ഇത്
ഒത്തിരി കഴുകന്മാർക്ക്
ഇരയെ പിടിക്കുവാൻ സൗകര്യം ഒരുക്കുന്നതിന് തുല്യം..
ഒരു പക്ഷെ
ആ ചോര കണ്ണുകൾ
ഇരയേയും കാത്ത്
ഓരോ വഴിയോരങ്ങളിലും
ഇപ്പോഴും നിൽപ്പുണ്ടാകാം.......
