മനുഷ്യ ബന്ധങ്ങൾക്കിടയിൽ
സമ്പത്തിനു അമിത പ്രാധാന്യം നൽകിയാൽ
അത് സ്നേഹബന്ധങ്ങളിൽ വിള്ളലിനും
അതിന്റെ ആഘാതങ്ങൾ
തലമുറകളോളം വേട്ടയാടാനും ഇടയായേക്കാം .
ഇതൊരു തത്വ ചിന്തയൊന്നുമല്ല അനുഭവ സാക്ഷ്യം.
സുരേന്ദ്രേട്ടൻ
ഒരു സാധാ ബീഡി തെറുപ്പുകാരൻ
തിളക്കമുള്ള കണ്ണുകൾ
ചുരുണ്ട മുടി
ഇരുണ്ട നിറം
ഇടത്തരം ശരീരപ്രകൃതിയുള്ള ഒരു സാദാ മനുഷ്യൻ
അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു
അനിയൻ ഒരു വർക്ഷോപ്പിൽ ഫിറ്റർ .
കണ്ണൂരിൽ ഇളയമ്മ യുടെ വീട്ടിൽ താമസം
അയൽവക്കത്തെ ശോഭേച്ചിയെ വിവാഹം ചെയ്ത്
മട്ടന്നൂരിൽ താമസം തുടങ്ങി
സന്തോഷ പൂര്ണമായ ദിനങ്ങൾ
വിവാഹ പ്രായം വൈകിയത് കൊണ്ടോ
മറ്റ് ആരോഗ്യ പ്രശ്നങ്ങളാലോ
കുറെ കാലം ചികിൽസിച്ചിട്ടാണ്
ഒരു മകളുണ്ടായത്
പ്രസവവും മറ്റുമായി കുറെ തുക ചിലവായതോടെ
കുറച്ച് സാമ്പത്തിക ബുധ്ധി മുട്ടിലായെങ്കിലും
കണ്ണൂരിലെ ബീഡി പണി തുടർന്നു
പുലർച്ചക്ക് പോയാൽ രാത്രിയാകും തിരിച്ചെത്താൻ
വരുമ്പോൾ കയ്യിൽ ചെറിയ പൊതി വല്ലതുമുണ്ടാകും
കുറച്ച് മസാല കടലയോ മറ്റോ ആയിരിക്കുമത്
ഒരു മണ്ഡല കാലം
സുരേന്ദ്രട്ടന്റെ ആരോഗ്യത്തെ പെട്ടെന്ന് ക്ഷയിക്കുന്നതുപോലെ
എപ്പോഴും ക്ഷീണം
നിൽക്കാത്ത ചുമ
ഒന്ന് ഡോക്ടറെ കാണിക്കണം
മുരളിയേട്ടനും പോയിരുന്നു കൂടെ
അശോകൻ ഡോക്ടറെ ഏട്ടന് നല്ല പരിചയമാണ്
ശ്രദ്ധിക്കണം
ടി ബി യാണ്
മുടങ്ങാതെ ചികിത്സ നടത്തണം
മെഡിക്കൽ റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു
അസുഖം കലശലായതോടെ
ബീഡിപ്പണിയിൽ തുടരാൻ കഴിയാതെ
ജോലി ഉപേക്ഷി ക്കേണ്ടി വന്നു.
സ്വന്തമായി വരുമാന മില്ലാത്ത നാളുകൾ
ശോഭേ ച്ചിക്ക് ഇഷ്ട്ടം പോലെ തുന്നാൻ കിട്ടുന്നത് കൊണ്ടും
അമ്മക്ക് ഫാമിലി പെൻഷൻ ഉള്ളതുകൊണ്ടും
വലിയ പ്രശ്നങ്ങളില്ലാതെ ജീവിതം തുടർന്നു
എന്നാലും
പണ്ട് ലഭിക്കുന്ന പരിഗണന തനിക്കു ലഭിക്കുന്നില്ലേ?
സുരേന്ദ്രേട്ടനു സംശയം
അസുഖത്തിന്റെ കാഠിന്യം കുറഞ്ഞപ്പോഴാണ്
പഴയ ഒരു പെട്ടിക്കട വിൽക്കുന്ന വിവരം അറിയുന്നത്
അമ്മയിൽ നിന്നും 500 രൂപ വാങ്ങി
ആ സൈക്കിൾ വണ്ടിയിൽ കച്ചവടം തുടങ്ങി
കുറച്ചു മിഠാ യി യും ബീഡി, സിഗരറ്റും മാത്രമായിരുന്നു കച്ചവടം
വൈകുന്നേരങ്ങളിൽ അധിക ദിവസവും
ക്ളാസ് കഴിഞ്ഞാലുടൻ
കടയിൽ പോയി സുരേന്ദ്രേട്ടനോട് കുശലം പറഞ്ഞു നിൽക്കാറുണ്ടായിരുന്നു.
എല്ലാം സംസാരിക്കാവുന്ന
ഉറ്റ ചങ്ങാതി
വേദനകൾ പലതും എന്നോട് പങ്കിടും .
രണ്ടാമത്തെ കുട്ടിയുടെ ജനനം,
വീട് പൊളിഞ്ഞു വീഴാറായ അവസ്ഥയിൽ
പുതിയ വീട്ടിന്റെ പണി തുടങ്ങി
ഇത് സാമ്പത്തിക സ്ഥിതിയെ ശരിക്കും ബാധിക്കാൻ തുടങ്ങി
മിട്ടായി യും ബീഡിയും വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം
ഒന്നിനും തികയാത്ത അവസ്ഥ.
കൂടാതെ
വരുമാനമില്ല്ലാത്തതിനാൽ
വീട്ടിൽ തന്നെ അവഗണിക്കുന്നതായുള്ള ചിന്തകൾ
മനസ്സിൽ മെല്ലെ പടർന്നു തുടങ്ങിയിരുന്നു .
കൂനിന്മേൽ കുരുപോലെ
പ്രമേഹവും
അത് ചിലപ്പോൾ നിരന്തരമായി കഴിച്ച മരുന്നുകളുടെ സംഭാവനയാകാം
സുരേന്ദ്രേട്ടൻ ശരിക്കും തളർന്നുപോയി .
എങ്ങനെയെങ്കിലും വീടിന്റെ പണി തീർത്ത്
കയറി കൂടിയാൽ മതിയായിരുന്നു
എന്നോട് പലപ്പോഴും പറയും .
എൽ എൽ ബി ക്കു പൂനെയിൽ പഠിക്കുന്ന സമയം
വെക്കേഷനിൽ നാട്ടിലെത്തി
സുരേന്ദ്രേട്ടൻ
കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്തവിധം
ആകെ മെലിഞ്ഞുണങ്ങി പോയിരിക്കുന്നു .
നമ്മൾ കുറെ നേരം സംസാരിച്ചു
പലപ്പോഴും കണ്ണ് നിറയുന്നു
അത് ഞാൻ കാണാതെ ഒപ്പുവാനുള്ള ശ്രമം ...
ഉള്ളിലുള്ള സങ്കടങ്ങൾ ആരോടെങ്കിലും പറയണമല്ലോ
പിന്നീട്
അച്ഛൻ അയക്കുന്ന പോസ്റ്റ് കാർഡിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം.
മനു.....
എനിക്ക് ദാഹിക്കുന്നു ....
എന്നെ ........
ഇതുവരെ കാണാത്ത മുഖ ഭാവവുമായി സുരേന്ദ്രേട്ടൻ ..
എന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നു
ഞെട്ടി എഴുന്നേറ്റു
സ്വപ്നം കണ്ടതാണ് .
അതിൽ സുരേന്ദ്രേട്ടൻ പറഞ്ഞതെന്താണ്?
ക്ലോക്കിൽ സമയം 2 .30
അകലെ എവിടേയോ നായ കുരയ്ക്കുന്ന ശബ്ദം
പിന്നെ എനിക്ക് ഉറക്കം വന്നില്ല
നാലഞ്ചു ദിവസം കഴിഞ്ഞ് അച്ഛന്റെ പോസ്റ്റ് കാർഡ് വന്നു
മക്കൾക്ക്
ഇന്നലെ രാത്രി നമ്മുടെ സുരേന്ദ്രൻ മരിച്ചുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വീട്ടിന്റെ പണിക്ക് വേണ്ടി ഈർന്ന മരം ഇറക്കുമ്പോൾ
ഉണ്ടായ മുറിവ് പഴുത്ത്
കാല്പാദങ്ങൾ മുറിച്ചു മാറ്റിയിരുന്നു
താഴത്തെ കടക്കാരായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്.
ഞാൻ കാർഡിലെ തീയതി നോക്കി
ഞാൻ സ്വപ്നം കണ്ട അതെ ദിവസം
എന്തായിരിക്കാം സുരേന്ദ്രേട്ടൻ എന്നോട് പറയാൻ ആഗ്രഹിച്ചത്?
ഇന്നും
എനിക്ക് അജ്ഞാതമായിരിക്കുന്നു .









