കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Sunday, December 10, 2017

ഹരിദാസ് ഹോട്ടൽ



കുംഭ ഗോപാലേട്ടന്റെ  "ഹരിദാസ് ഹോട്ടൽ".

ഒരുകാലത്ത്‌ മട്ടന്നൂർ നഗരത്തിൽ അറിയപ്പെട്ടിരുന്ന സ്ഥാപനമാണ്.

എന്റെ അമ്മാവന്റെ കെട്ടിടമായിരുന്നു അത്.

ഓടിട്ട്, മണ്കട്ടകൊണ്ട് പണിത ഒറ്റ നില കെട്ടിടം,
പിന്നിലായി
നിറയെ  അമ്പഴങ്ങ കുലൾ  നിറഞ്ഞാടുന്ന   വലിയൊരു അമ്പഴ മരം.

വലതു വശത്തായി ആൾമറയില്ലാത്ത ചുറ്റും കാട് നിറഞ്ഞ
 ഒരിക്കലും വറ്റാത്ത കുണ്ടുകിണർ.

മട്ടന്നൂരിലെ  മുഴുവൻ ഹോട്ടേലി ലുകളിലേക്കും വേണ്ട വെള്ളം
ഇവിടെ നിന്ന് കോരിക്കൊണ്ടുപോകാറുണ്ടായിരുന്നു.

പുലർച്ചെ അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കുമ്പോൾ തുടങ്ങും
പഴയ കപ്പിയിൽ നിന്നും വരുന്ന കിരു കിരു ശബ്ദം

കുട്ടികളായ ഞങ്ങളെ കിണറിനടുത്തേക്കു പോകാൻ സമ്മതിക്കുമായിരുന്നില്ല.

ഒരിക്കൽ ഒരു ഡ്രൈവറുടെ മൃതശരീരം ആ കിണറ്റിൽ നിന്ന് കിട്ടിയെന്നും,
തല്ലി കൊന്നിട്ടതാണ് എന്നുമൊക്കെ അന്ന് കേട്ടിരുന്നു.

അപ്പോപ്പൻ  വിശന്നു വളഞ്ഞു വരുന്ന വഴിയാത്രികർക്ക് ധർമ്മ കഞ്ഞി കൊടുക്കാൻ വേണ്ടി നിർമിച്ചതാണ് ഈ കെട്ടിടവും കിണറുമെന്ന്‌ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഹരിദാസ് ഹോട്ടൽ എന്നതിനേക്കാളും "കുംഭയുടെ ഹോട്ടൽ" എന്ന പേരിലായിരുന്നു അത്  അറിയപ്പെട്ടിരുന്നത്.

പേര് സൂചിപ്പിക്കുന്ന പോലെ ഗോപാലേട്ടന്റെ "കുടവയർ"
അദ്ദേഹത്തിന്റെ അടയാളം  ആയിരുന്നു.

ഭാര്യ സരോജിനിയും മക്കളും ആയിരുന്നു അദ്ദേഹത്തിന്റെ സഹായികൾ.

വൈകുന്നേരമായാൽ ഗോപാലേട്ടൻ ഫുൾ ഫിറ്റായിരിക്കും
പിന്നീടുള്ള കലാ പരിപാടികൾ മുഴുവൻ ഭാര്യയുടെയും മക്കളുടെയും പുറത്ത് കയറിയാണ്.

കലാപരിപാടികളുടെ സമാപനത്തോടടുക്കുമ്പോൾ ഭാര്യയും മക്കളും കരഞ്ഞു നിലവിളിച്ച് ഓടി രക്ഷ പെടാറാണ് പതിവ്.

പിറ്റേന്ന് രാവിലെ ആകുമ്പോൾ ഇക്കാര്യങ്ങളൊന്നും തന്നെ ഓര്മയുണ്ടാകുകയുമില്ല.

അമിത മദ്യപാനം....

ഗോപാലേട്ടന്റെ ജീവൻ എടുക്കുവാൻ അധിക കാലം വേണ്ടിയിരുന്നില്ല.

പിന്നീട് ഹോട്ടൽ നടത്തിപ്പ് മൂത്ത മകൻ രാജൻ ഏറ്റെടുത്തു.

അടുക്കളയുടെ മേൽനോട്ടം സരോജിനിയേച്ചി തന്നെ തുടർന്നു.

ഹോട്ടൽ മുന്നത്തെക്കാളും നന്നായി നടന്നു പോകുന്ന  കാലം.

ഭക്ഷണത്തിനൊക്കെ നല്ല സ്വാദാണെന്നു കേട്ടിട്ടുണ്ട്..

സരോജിനിയേച്ചിയുടെ കൈപ്പുണ്യം...
മത്തി മസാല പുരട്ടി പൊരിച്ചെടു ക്കുമ്പോളുള്ള മണം...
ഒരു മൈൽ അപ്പുറത്തു വരെ കിട്ടുമായിരുന്നു.

മൽസ്യ കറികളും,
സ്പെഷ്യൽ ഐറ്റം കറികളും,
കയ്കൊണ്ടു അരച്ച് വെക്കുമ്പോൾ ഉള്ള പ്രത്യേകത കാരണം,
ഉച്ചസമയങ്ങളിൽ തിരക്കൊഴിഞ്ഞ സമയമുണ്ടാകാറില്ല.

പക്ഷെ....
ഇത് അധികകാലം തുടർന്നില്ല.

ഒരു പ്രാദേശിക നേതാവിന് ആ സ്ഥലം പെരുത്ത് ഇഷ്ടമായി.
അദ്ദേഹം  സെക്രട്ടറി ആയ സൊസൈറ്റിക്ക് വേണ്ടി എന്ന പേരിൽ അമ്മാവനെ സമീപിച്ചു.

അമ്മാവന് പണ്ടേ   ഇത്തരക്കാരെ പേടിയായിരുന്നു സൊസൈറ്റി ക്ക് എന്ന പേരിൽ ആകെയുള്ള അഞ്ചു സെന്റ്‌ സ്ഥലവും കെട്ടിടവും എഗ്രിമെന്റ് ആക്കി
വെറും മുപ്പത്തിഅയ്യായിരം രൂപക്ക്‌!!!

വിവരം അറിഞ്ഞ രാജേട്ടൻ എവിടോന്നൊക്കെയോ ശേഖരിച്ച ഒരു ലക്ഷം രൂപയുമായി അമ്മാവനെ സമീപിച്ചു.
പക്ഷെ  അമ്മാവന് ധൈര്യം പോര!!
കൂടാതെ നേതാവിന്റെ ഭീഷണിയും.

മാസങ്ങൾക്കു ശേഷം,
ആ നക്കാപ്പിച്ച പണത്തിന്  സ്ഥലം നേതാവിന്റെ  പേരിൽ.

പിന്നെ അധികം കാല താമസം വേണ്ടി വന്നില്ല രാജേട്ടനും കൂട്ടരും പുറത്ത്.

കെട്ടിടം പൊളിച്ചടുക്കി,
സ്ഥലം വൻ  തുകക്ക് വില്പനയായി.

ഇപ്പോൾ ആ സ്ഥലത്ത് മൂന്ന് നില ജ്വല്ലറി തലയുയർത്തി നില്കുന്നത് കാണാം.

No comments:

Post a Comment