കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............
കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............
Friday, November 25, 2022
വിത്തുകൾ മുളക്കുമ്പോൾ....
Monday, November 21, 2022
ഓരോ ദിവസവും നമ്മൾ ഒരുപാട് തവണ കേൾക്കുന്നത്/ പറയുന്നത്......
"എനിക്ക് തീരെ സമയം ഇല്ല.."
സമയം..
പാഴാക്കുന്നത് ഒരിക്കലും തിരികെ ലഭിക്കാത്തത് .
എല്ലാർക്കും അറിയാവുന്ന ഒരു വസ്തുത .
എന്നിട്ടും
സമൂഹ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ കവർന്നെടുക്കുന്നത് പലപ്പോഴും നമുക്ക് മനസ്സിലാകാറില്ല. ..
നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ ചൂഴ്ന്നെടുക്കുന്ന "ആൽഗൊരിതങ്ങൾ " കമ്പനികളുടെ വാണിജ്യതാല്പര്യങ്ങൾ നമ്മളറിയാതെ നമ്മുടെ ആവശ്യങ്ങളാക്കി മാറ്റുന്നു...
സമൂഹ മാധ്യമങ്ങളുടെ "ആൽഗൊരിതത്തിൽ" സർക്കാർ താല്പര്യങ്ങൾ വിളക്കിചേർക്കുന്ന ചൈനീസ് സർക്കാരിന്റെ തീരുമാനം സമീപകാലത്ത് വാർത്താ പ്രാധാന്യം നേടിയതാണ്.
യുവതക്ക് പ്രയോജനപ്പെടുന്ന, motivational ആയ,നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന "ആൽഗൊരിതങ്ങൾ" നമ്മുടെ രാജ്യത്തും നിർബന്ധമാക്കേണ്ടിയിരിക്കുന്നു..
കൂടെ..
"TIME MANGEMENT "
പ്രാധാന്യം അനുസരിച്ച് സമയക്രമം നിശ്ചയിക്കുന്നതിലുള്ള നമ്മുടെ പരാജയം..
നമുക്കായാലും പ്രധാന മന്ത്രിക്കായാലും എന്തിന് ലോകത്തിലെ ഏറ്റവും സമ്പന്നനായ എലോൺ മസ്കിനായാലും ഇരുപത്തിനാല് മണിക്കൂർ തന്നെയാണ് ഒരു ദിവസത്തേക്ക് ലഭിക്കുന്നത്
എന്നാൽ..
എപ്പോഴും ജീവിത വിജയം
ലഭ്യമായ സമയം ഗുണപ്രദമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു .
യാതൊരുവിധ വേവലാതിയോ ടെൻഷനോ കൂടാതെ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ
പ്രാധാന്യം അനുസരിച്ച് സമയക്രമം നിശ്ചയിക്കുന്നതിന് നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു..
ഇത്തരം കാര്യങ്ങൾ യുവ തലമുറക്ക് പകർന്ന് കൊടുക്കേണ്ടിയുമിരിക്കുന്നു....
മനു.
Sunday, November 20, 2022
നിർത്താതെ വട്ടം കറങ്ങും , ഒടുവിൽ കൂട്ടത്തോടെ മരിച്ചു വീഴും...
മനോരമ ഓൺലൈനിൽ ഇന്ന് വായിച്ചത്.
ഈ ഒരു പ്രതിഭാസം ഉറുമ്പുകളെ കുറിച്ചാണ് എഴുതിയിട്ടുള്ളതെങ്കിലും ..
യാന്ത്രികമായി ചാക്രിക ദിനചര്യകളിലൂടെ ജീവിതത്തിന്റെ ബഹുഭൂരിപക്ഷം സമയവും ചിലവഴിക്കുന്ന ഒട്ടുമിക്കപേരുടെയും ജീവിതം ഇതുപോലെ തന്നെ ആണെന്ന് കാണാം.
ലോണടവുകൾ , കുറി, മറ്റ് ബാധ്യതകൾ എന്നിവ മുന്നോട്ട് നയിക്കുന്ന ഫിറമോണുകൾ ആകുമ്പോൾ
ഓരോരുത്തരുടെയും കാഴ്ചകൾക്ക് മങ്ങൽ ബാധിച്ച് ദീർഘ കാഴ്ചകൾ കാണാൻ സാധിക്കാതെ, മുന്നിൽ പോയവരുടെ പിന്നാലെ അതേ വഴിയിലൂടെ പാഞ്ഞ് ജീവിതം കൊഴിഞ്ഞ് തീരുന്നു.
സെയ്ഫർ സോൺ വിട്ട് കളിക്കാനോ റിസ്ക് എടുക്കാനോ ആരും ശ്രമിക്കാറില്ല. അഥവാ അങ്ങനെ ശ്രമിക്കുന്നവരെ നിരുൽസാഹപ്പെടുത്തി തങ്ങളോടൊപ്പം ചേർക്കാനാണ് ബഹുഭൂരിപക്ഷംപേരും ശ്രമിക്കുന്നത്.
ചാക്രിക ദിനചര്യകളിൽ ഒതുങ്ങാതെ പുതിയ വഴിവെട്ടുന്നവക്ക് ജീവിതവിജയം ലഭിക്കുന്നു...
കൂടെ ലോകത്തിന് പുതിയൊരു ദിശാബോധം നൽകുവാനും അയാൾക്ക് സാധിക്കുന്നു...
മനു ...
Tuesday, April 19, 2022
അവിസ്മരണീയം ...ഡൽഹി യാത്ര...
യാത്രകൾ .. അത് ചെറുതോ വലുതോ എന്നതിലല്ല
അത് നൽകുന്ന അനുഭവങ്ങൾ ആണ് ആ യാത്രയെ എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നതാക്കി തീർക്കുന്നത്.
മാർച്ച് 4 ന് ആദിത്യന്റെ കല്യാണം..
ഡൽഹിയിൽ വെച്ച്,
പെണ്ണ് ഹരിയാനക്കാരി .
ചടങ്ങുകൾ അവരുടെ പരമ്പരാഗത രീതിയിൽ.
മാർച്ച് മാസം മൂന്നാം തീയ്യതി രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഞങ്ങൾ കുടുംബസമേതം യാത്ര ആരംഭിച്ചു.
വീട്ടിൽ നിന്നും എയർപോർട്ടിലേക്കുള്ള ദൂരം ആകെ ഒന്നര കിലോമീറ്റർ പക്ഷെ പലപ്പോഴും ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ലാത്തത് കാരണം കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. ഹൈദരബാദ്ൽ നിന്നും അടുത്ത ഫ്ലൈറ്റ് കയറി ഡൽഹിയിൽ എത്തുമ്പോഴേക്ക് സന്ധ്യ ആയി.
ഡൽഹി ആഗ്ര റൂട്ടിലുള്ള പൽവാർ എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ ആണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.
നല്ല ഭംഗിയിൽ ഒരുക്കിയ ഒരു റിസോർട്ട്, ചുറ്റും വിളഞ്ഞ് നിൽക്കുന്ന ഗോതമ്പ് പാടങ്ങൾ , വിവിധയിനം ഫലവർഗ്ഗങ്ങൾ നിറഞ്ഞ പരിസരം.
വിവാഹം രാത്രിയിലാണ്, ചടങ്ങുകൾ നടക്കുന്ന സ്ഥലത്തേയ്ക്ക് ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടതുണ്ട് കൂടാതെ നല്ല ട്രാഫിക്കും.
എട്ടുമണിയാകുമ്പോൾ ഞങ്ങൾ വിവാഹം നടക്കുന്ന സ്ഥലത്ത് നിന്ന് ഒരുകിലോമീറ്ററോളം ദൂരെ എത്തി.
അവിടെ "ബാരാത്ത് " നുള്ള ഒരുക്കങ്ങൾ സജ്ജമായിരുന്നു...
കുതിരവണ്ടിയിൽ ആദിത്യനും അമയ് യും കയറി..
പാട്ടും ഡാൻസുമൊക്കെയായി മെല്ലെ ചടങ്ങുകൾ നടക്കുന്ന ഗാർഡനിലേക്ക് ..
കല്യാണ ചെക്കന് ഗാർഡിന്റെ അകത്ത് കടക്കണമെങ്കിൽ ,പെണ്ണിന്റെ കൂട്ടുകാരികൾ ആവശ്യപ്പെടുന്ന തുക അവർക്ക് നൽകണം...
ഇക്കാര്യത്തിൽ ചെക്കന്റെ കൂട്ടുകാരും പെണ്ണിന്റെ കൂട്ടുകാരികളും വാശിപിടിച്ചു...
ഒത്തുതീർപ്പായി റിബൺ മുറിച്ച് അകത്ത് കടക്കാൻ വീണ്ടും കുറച്ച് സമയമെടുത്തു.
പ്രവേശന കവാടത്തിനരികിലായി പൂജയൊക്കെ നടക്കുന്നു...
അത് കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ
വിശാലമായി പരന്ന് കിടക്കുന്ന വലിയൊരു ഗ്രൗണ്ട്..
അവിടെ നിര നിരയായി ഭക്ഷണ സ്റ്റാളുകൾ,
ആൾക്കാർക്ക് ഇരിക്കാൻ ചെറു കൂടാരങ്ങൾ..
അടിപൊളി പാട്ടും ഡാൻസുമായി ഡാൻസ് ഫ്ലോർ..
മറ്റൊരിടത്ത് സ്റ്റേജും ഇരിപ്പിടങ്ങളും..
ഒരു മേളക്ക് പോയ പ്രതീതി..
ഭക്ഷണ ഇനങ്ങൾ ഓരോന്ന് എടുത്ത് സ്വാദ് നോക്കിയാൽ തന്നെ കഴിച്ച് തീർക്കാൻ മണിക്കൂറുകൾ വേണ്ടിവരും...
ഓപ്പൺ ഗ്രൗണ്ട് ആയത് കാരണം തണുപ്പ് കൂടി കൂടി വന്നു..
അമ്മയും കൂടെ രമ്യയും കുട്ടികളും മറ്റ് ഒന്ന് രണ്ട് പേരും പന്ത്രണ്ട് മണിയാകുമ്പോൾ താമസ സ്ഥലത്തേയ്ക്ക് മടങ്ങി.
മറ്റ് ആളുകളും മടങ്ങി തുടങ്ങിയിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്.
പുലർച്ചെ മൂന്ന് മണിക്കാണ് ചടങ്ങുകൾ...
തത്കാലം തലചായ്ക്കാൻ അവിടെ കണ്ട സോഫയിൽ ഒന്ന് ചെരിഞ്ഞ് കിടന്നു.
എപ്പോൾ ഉറങ്ങിയെന്ന് അറിയില്ല ..
മനൂ ..
റിസോർട്ടിൽ ഒരു കള്ളൻ...
ദാമുവേട്ടന്റെ ശബ്ദം ..
കണ്ണ് തുറന്ന് നോക്കുമ്പോൾ അവിടെ കല്യാണം നടക്കുന്നു..
സമയം നാല് മണി ആയിട്ടില്ല..
ഉടൻ ദാമുവേട്ടന്റെയും ദീപുവിന്റെയും കൂടെ റിസോർട്ടിലേക്ക്..
അവിടെയെത്തുമ്പോഴേക്കും ആ അപരിചിതൻ രക്ഷപ്പെട്ടിരുന്നു..
ബാൽക്കണിയിലെ വാതിൽ തുറന്ന് ആണ് അയാൾ റൂമിന്റെ അകത്ത് കടന്നത്.
സ്ത്രീകൾ ശബ്ദമെടുത്തപ്പോൾ അയാൾ ഓടി രക്ഷപ്പെട്ടു...
റിസോർട് വാച്ച്മാന് ആരെയും പിടികൂടാൻ സാധിച്ചില്ല..
എല്ലാ വാതിലും അടച്ച് ഭദ്രമാക്കി
തിരികെ ഗാർഡനിലേക്ക്..
നേരം പുലരുവോളം അവിടെ വിവിധ ചടങ്ങുകളൊക്കെ കഴിഞ്ഞ് നേരം പുലർന്നപ്പോൾ റിസോർട്ടിൽ എത്തി.
ആഗ്രയുടെ അരികിലോളം എത്തിയിട്ട് താജ് മഹൽ കാണാതെ പോകുന്നതെങ്ങനെ?
ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ ആഗ്രയിലേക്ക്..
കൂടെ അമ്മയുമുണ്ട്..
അവിടെയൊക്കെ കറങ്ങി രാത്രി എട്ടര ആകുമ്പോഴേക്ക് റിസോർട്ടിൽ തിരികെയെത്തി.
അവിടെ ഞങ്ങൾക്കായി ചെറിയൊരു പ്രോഗ്രാം ഒരുക്കിയിരുന്നു..
നേർത്ത തണുപ്പ്
വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ പഴയകാല ചലച്ചിത്ര ഗാനങ്ങൾ ഒരു ലൈവ് ഓർക്കസ്ട്ര , അതും ആസ്വദിച്ച് കൊണ്ട് രാത്രിഭക്ഷണം...
പുലർച്ചെ 12.30 ൻ വണ്ടി വരാൻ പറഞ്ഞിരുന്നു.ഉറങ്ങാനൊന്നും സമയമില്ലെന്ന് അറിയാം എന്നാലും ഒന്ന് കണ്ണടച്ച് കിടന്നു.
12.30 ആയിട്ടും വണ്ടി കാണുന്നില്ല.
നാല് മണിക്കാണ് ഫ്ലൈറ്റ് രണ്ട് മണിക്കെങ്കിലും എയർപോർട്ടിൽ എത്തണം ..
മൂന്ന് ഇന്നോവ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. ആഗ്ര ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ സമയത്തിന്റെ കാര്യം പ്രത്യേകം ഓർമ്മി പ്പിച്ചതാണ് എന്നിട്ടും !!!
പരക്കെ ഫോൺ വിളി ..
വിളിക്കുമ്പോൾ കേൾക്കുന്നത് ഉടൻ എത്തും, കൂടെ യുള്ള ഡ്രൈവർക്ക് സുഖമില്ലാ , വേറെയൊരാളെ കൂട്ടി ഉടനെ എത്തും എന്നും..
സമയം പോകുന്തോറും ടെൻഷൻ കൂടി വന്നു..
വണ്ടി വരുമ്പോഴേക്കും സമയം ഒന്നര മണി കഴിഞ്ഞിരിക്കുന്നു..
വണ്ടികൾ ഫുൾ സ്പീഡിൽ എയർപോർട്ടിലേക്ക് ..
അവിടെയെത്തുമ്പോൾ ലാസ്റ്റ് കാൾ വിളിച്ച് കഴിഞ്ഞിരുന്നു..
സെക്യൂരിറ്റി ചെക്കിങ്ങിന്റെ പരിസരത്ത് വലിയൊരു ആൾക്കൂട്ടം..
മണിയേട്ടന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഞങ്ങൾക്ക് കുറച്ച്കൂടി സമയം ലഭിച്ചു..
എല്ലാവരും ഫ്ലൈറ്റിൽ എത്തിയപ്പോഴാണ് ആശ്വാസമായത്..
എല്ലാവർക്കും യഥാസമയം ഫ്ലൈറ്റിൽ കയറാൻ സാധിക്കുമെന്ന യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല..
എന്നാൽ ഭാഗ്യത്തിന് പ്രശ്നമൊന്നുമില്ലാതെ തന്നെ തിരികെയുള്ള യാത്ര സാധിച്ചു .
നേരിട്ടുള്ള ഫ്ലൈറ്റ് ആയത് കാരണം ചായ കുടുക്കാനുള്ള സമയമാകുമ്പോൾ വീട്ടിലെത്തുവാനും സാധിച്ചു.
മനു.
Monday, April 18, 2022
വയനാടൻ കുളിര് ....
ആദ്യത്തെ വയനാടൻ യാത്രആറിലോ ഏഴിലോ മറ്റോ പഠിക്കുമ്പോഴാണ്..
വീട്ടിൽ നിന്നും യാത്രപോകുന്നത് വളരെ അപൂർവമായിരുന്നു.
ഞങ്ങളെ എല്ലാവരെയും കൂട്ടിയുള്ള യാത്ര ചിന്തിക്കാൻ പോലും സാധിക്കുന്ന ഒന്നായിരുന്നില്ല കാരണം ഒരുദിവസം പോലും വീട്ടിലെ പശുക്കളെയും കൃഷിയുമൊക്കെ വിട്ട് നിൽക്കാൻ അച്ഛനും അമ്മയ്ക്കും സാധിക്കുമായിരുന്നില്ല.
ചെറുപ്പകാലത്തുള്ള ദൂര യാത്രകൾ പലതും ഞാൻ ജീയമ്മ ( എച്ചിയമ്മ ) എന്ന് വിളിച്ചിരുന്ന സതിയേച്ചിയുടെ കൂടെയായിരുന്നു. ജിയച്ചൻ ( ഏച്ചിയച്ചൻ )ന്റെ ചിതാ ഭസ്മം പാപനാശിനിയിൽ ഒഴുക്കാൻ തിരുനെല്ലിയിലേക്ക് ഉള്ള യാത്രയാണ് എന്റെ ആദ്യത്തെ വയനാട് യാത്ര.
അന്ന് അനുഭവിച്ച കുളിരൊന്നും ഇന്നത്തെ കാലത്ത് വയനാടിന് നല്കാനാകില്ലെങ്കിലും കാടും മലകളും നിറഞ്ഞ വയനാട് കണ്ണുകളെ കുളിരണിയിപ്പിക്കുക തന്നെ ചെയ്യും.
പിന്നീട് പലതവണ ജോലിയുടെ ഭാഗമായും അല്ലാതെയുമായി യാത്രചെയ്തുവെങ്കിലും, ഇത്തവണ കുടുംബസമേതമുള്ള യാത്ര നൽകിയ അനുഭവം ഒന്ന് വേറെ തന്നെയാണ്.
"ഞാനും വരുന്നുണ്ട് വയനാട്ടിൽ..."
രണ്ട് കാലുകൾക്കും വേദനയുണ്ടെങ്കിലും, പലപ്പോഴും വേദന സംഹാരികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിലും, അമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. ഈ പ്രായത്തിൽ അങ്ങനെയല്ലേ ഓരോ നാട് കാണാൻ സാധിക്കൂ.
മൂന്ന് കാറുകളിലായി രണ്ട് ദിവസത്തെ യാത്ര, ട്രെക്കിങ് പരമാവധി ഒഴിവാക്കി, എന്നാലും പരമാവധി കാഴ്ചകൾ ആസ്വദിക്കാൻ തരത്തിൽ യാത്ര പ്ലാൻ ചെയ്തു.
പനമരം ജൈന ക്ഷേത്രത്തിൽ തുടങ്ങിയ യാത്ര , ഫാന്റം റോക്ക് വഴി അമ്പലവയൽ RARS , തറപ്പേൽ നഴ്സറി മുതലായയിടങ്ങളിലെ ചെടികൾ കണ്ടും, വാങ്ങിച്ചും നേരെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്ക് ...
അവിടെ എത്തിയതും ഞങ്ങളെ വരവേറ്റത് നല്ല മഴ ആയിരുന്നു.
മഴതോർന്ന് വെയിൽ വന്നപ്പോൾ കാട്ടിലേക്ക് ചെറിയൊരു സവാരി...
കാട്ടാനകളെയും, മാനിനെയും മയിലിനെയും ഒക്കെ കണ്ടു ആ കാഴ്ചയിൽ..
പിറ്റേന്ന് രാവിലത്തെ സഫാരിയിൽ ഒരു ഒറ്റയാനെയും അടുത്ത് കാണാൻ കഴിഞ്ഞത് ഇതുവരെ ലഭിക്കാത്ത ഒരു അനുഭവമായിരുന്നു.
പുല്ല് തീറ്റ നിർത്തി തുമ്പിക്കയ്യിൽ ഒരുപിടി പുല്ലുമായി ഒറ്റയാൻ ഞങ്ങളുടെ അടുത്തേക്ക് ഒന്ന് ആഞ്ഞപ്പോൾ ശരിക്കും പേടിച്ചുപോയി...
പിന്നീട് പൂക്കോട് തടാകത്തിൽ ബോട്ടിംഗ്,
വൈകുന്നേരം പഴശ്ശി സ്മാരകത്തിൽ കുറച്ച് സമയം ..
തിരികെ തേയിലത്തോട്ടത്തിന് ഇടയിലൂടെ നാട്ടിലേക്ക് ചുരമിറങ്ങുമ്പോൾ ലഭിച്ചത് ഒരു പിടി നല്ല അനുഭവങ്ങൾ ആയിരുന്നു.
കൂടാതെ വൈകി ആണെങ്കിലും അമ്മയ്ക്കും നല്ലൊരു യാത്രാനുഭവം നൽകാൻ സാധിച്ചു എന്ന ചാരിതാർഥ്യവും.