ഓർമപ്പൂമണം നുകർന്ന്

കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Tuesday, August 27, 2024

 
 
ഇന്നലെ കേട്ടത്...
 
 
യാത്രകൾ ഇപ്പോൾ ദിനചര്യയായി മാറിയിരിക്കുന്നു.
പലപ്പോഴും വിചാരിക്കും പുതിയ അനുഭവങ്ങൾ സ്ഥിരമായി  എഴുതിവെക്കണമെന്ന്..
പക്ഷെ ആ സമയം കൂടി യാത്രകൾ അപഹാരിക്കാറാണ് പതിവ്..
ഇന്നലെ കേട്ട കഥ അല്ല ജീവിതം ഒന്ന് കുത്തികുറിക്കണമെന്ന  വാശി...
 
കൊല്ലത്ത് മണ്ണ് കടത്തുന്ന ജോലിക്കായി വന്ന ബേബി എന്ന സ്ത്രീ ജോലിക്കിടെ സ്വന്തം ജീവിതകഥ  വിവരിച്ചുതന്നപ്പോൾ അതൊന്ന് കുറിച്ചിടുന്നത് നന്നാകുമെന്ന ഒരു തോന്നൽ... 
പേര് ബേബി എന്നാണെങ്കിലും വയസ്സ് 65എങ്കിലും ഉണ്ടാകും..
സ്വന്തമായി അധ്വാനിച്ച് തനിച്ച് ജീവിക്കുന്ന തന്റേടിയായ സ്ത്രീ..
അവരുടെ വാക്കുകളിൽ അവരുടെ ചെറുപ്പകാലത്ത് അതീവ സുന്ദരിയായിരുന്നത്രെ...
പക്ഷെ രണ്ട് തവണ ഏൽക്കേണ്ടി വന്ന വിഷ പാമ്പിന്റെ  കടി ആണത്രേ അവരെ ഇപ്പോഴുള്ള രൂപത്തിൽ ആക്കിയത്.
കഴുത്തിൽ കിടക്കുന്ന മൂന്ന് പവന്റെ മാലയും, 
ആശുപത്രിയിലോ മറ്റോ കിടന്നുപോയാൽ മറ്റൊരാളെ ആശ്രയിക്കാതിരിക്കാനുള്ള വക തന്റെ പക്കൽ ഉണ്ടെന്ന് അവർ അഭിമാനം കൊള്ളുന്നു... 
തന്റെ എല്ലാ കഷ്ടങ്ങൾക്കും കാരണം താഴ്ന്ന ജാതിയിൽ പിറന്നതാനെന്ന് അവർ ഇടയ്ക്കിടെ സങ്കടപ്പെടുന്നത് കാണാം.
ചെറുപ്പകാലത്ത്  ഒരു.,..ഉണ്ണിത്താൻ എന്നയാളുമായുള്ള പ്രണയവും തുടർന്നുള്ള ജീവിതവും..
കുഞ്ഞിന് ഒന്നര വയസ്സ് ആയപ്പോൾ അയാൾതന്നെ ഉപേക്ഷിച്ച് കൂടുതൽ സമ്പന്ന ആയ ഒരു കൂട്ട് തേടി പോയി ,
പോകുപോൾ ഓർമക്കായി ആകെ ആവശ്യപ്പെട്ടത്  തനിക്കിഷ്ടപെട്ട അയാളുടെ ഒരു ജോഡി വസ്ത്രങ്ങൾ മാത്രമായിരുന്നു.
പക്ഷെ അത് പോലും നൽകാൻ അയാൾ ഒരുക്കമായിരുന്നില്ല.

കുട്ടിയെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുമ്പോൾ അയാൾ ഗൾഫിൽ നിന്നും മടങ്ങിഎത്തിയിരുന്നു.
ഇഷ്ട്ടം പോലെ കാശ് ..
അയാൾക്ക് രണ്ട് മക്കൾ ഒന്ന് ആണും മറ്റേത് പെണ്ണും.
ഒരിക്കൽ പണിയാൻ കൊടുത്ത സ്വർണ്ണം വാങ്ങിക്കാൻ ജ്വല്ലറിയിൽ ഇരിക്കുമ്പോൾ അയാൾ കുടുംബസമേതം അവിടേക്ക് കടന്ന് വന്നു തന്നെ കണ്ടതും അയാൾ എന്തോ കാര്യം ഭാര്യയോട് പറഞ്ഞ് അവിടെ നിന്നും കടന്നു കളഞ്ഞു...
അയാൾക്ക് വേണമെങ്കിൽ ജോലിക്കാരിയാണെന്ന് എങ്കിലും പറയാമായിരുന്നു..

പിന്നീടൊരിക്കൽ കുട്ടിയുടെ നിർബന്ധം കാരണം അയാളുടെ വീട്ടിൽ ചെന്നു, പക്ഷെ അയാളുടെ അമ്മയോട്  ഒന്ന് ഉണ്ണിത്താനെ കാണണം എന്ന് പറഞ്ഞതും,  അവർ  ഓടി അകത്ത് കയറി വാതിൽ അടച്ചു . ആ അടവ് പുത്തൻ പെണ്ണ് തന്നെ കാണാതിരിക്കാനാണ് എന്ന് ഏതൊരാൾക്കും മനസ്സിലാകും...അതോടെ അയാളോടുള്ള വെറുപ്പ് അനേകം മടങ്ങ് വർധ്ധിച്ചു.
അയാൾ നശിച്ച് പോകാൻ ഏതൊക്കെയോ പള്ളിയിൽ നേർച്ച വരെയിട്ടു.
കാലങ്ങൾ കുറെ കടന്നുപോയി..
മകൻ വളർന്ന് തന്നോളം വളർന്ന് സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കുന്നു.
പക്ഷെ...
ഉണ്ണിത്താന്റെ വിശേഷങ്ങൾ പലപ്പോഴും ചെവിയിലെത്താറുണ്ട്.
ആകെ കടം കൊണ്ട് മുങ്ങിയിരിക്കുകയാണ്...
കൂടെ ഒരുപറ്റം അസുഖങ്ങളും....
പ്രതീക്ഷിക്കാതെ അമ്മയ്ക്ക് അർബുദരോഗം തെളിഞ്ഞു....
കിടപ്പിലായ ആ സ്ത്രീയെ പരിചരിക്കാൻ പോലും ആരുമില്ലത്രേ...
ഒരുകാലത്ത് എങ്ങനെ ജീവിച്ചവരാണ്...
 ഒരു ദിവസം ഉണ്ണിത്താന്റെ നമ്പർ സങ്കടിപ്പിച്ച് വിളിച്ചു ..
ആശാൻ കുറെ നേരം ഒന്നും മിണ്ടുന്നില്ല..
കുറച്ച് മുട്ടയുമൊക്കെ എടുത്ത് ഞാൻ അങ്ങോട്ട് വരട്ടെ..
അമ്മയുടെ കാര്യം കുറച്ച് നാൾ ഞാൻ നോക്കിക്കൊള്ളാം...
പക്ഷെ ആരാണെന്ന് ഞാൻ പറയും??
അങ്ങനെയെങ്കിലും മിണ്ടിയല്ലോ..
ഹോം നേഴ്സ് ആണെന്ന് വേണേൽ പറഞ്ഞോ...

ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു..
അധികാരത്തോടെയുള്ള പ്രവേശനം..
ഒരിക്കൽ ആട്ടി ഓടിച്ച വീട്ടിലേക്ക്..
അവിടെ കൊടുക്കുവാനുള്ള പൊതികൾ ഒരുക്കി രാവിലെ തന്നെ പുറപ്പെട്ടു...
തലയുയർത്തി തന്നെ ആ വീട്ടിലേക്ക് കടന്നു ചെന്നു..
താൻ ആരാണെന്നും തന്റെ മകന്റെ അച്ഛൻ ആരാണെന്നും മുഖത്ത് നോക്കി ഉച്ചത്തിൽ വിളിച്ച് പറയണം....

പക്ഷെ ആ മുറിയിൽ കടന്നപ്പോൾ...
കിടക്കയോട് പറ്റി കിടക്കുന്ന ആ ശരീരം കണ്ടപ്പോൾ..
ആ കണ്ണിൽ നിന്നും ഇറ്റ് വീഴുന്ന നീർതുള്ളികൾ കണ്ടപ്പോൾ...

നാവ് പൊങ്ങുന്നില്ല...
ഒന്നും ഉരിയാടാതെ തിരികെ വീട്ടിലേക്ക്...