കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Thursday, December 6, 2018

ഇപ്പണി ചെയ്തത് ആരെന്നറിയുമോ?


ഇപ്പണി ചെയ്തത്
ആരെന്നറിയുമോ?
നമ്മടെ
കൂട്ടത്തിലുള്ളോരുത്തർ ചിലർ .....

ആണായി പിറന്നൊരാണിവരെങ്കിലും ,
ആണിന്റെ
പേരിന്നവമ്മതിയായുള്ളോർ .

സോദരീ  നീ ഇനി  ,
സൂക്ഷിച്ചു നീങ്ങുക ,
സൂത്രക്കെണിയായി
നിൽപ്പുണ്ടിവർ മുമ്പിൽ .

മുഖ
പുസ്തകത്താളിലും
ഭൂലോകത്താകെയും
വലയുമായി   നിൽപ്പുണ്ടിവർ   ചിലർ.

അച്ഛനെന്ന് പറഞ്ഞ് നടന്നിട്ടും ,
സ്വന്തം
രക്തത്തിൻ
ഗന്ധം  തിരിച്ചറിയാത്തവരെന്നറിയുക  !!!!.

നല്ലതിനായി
നിലകൊള്ളാo
ഇനിയെന്നും...... ,

പൊയ്മുഖങ്ങൾക്കുള്ളിലെ
ഇരുളിനെ കണ്ടെത്താം..

സത്യമേതെന്നറിയാൻ ശ്രമിച്ചിടാം ,


നന്മതൻ ശോഭയിൽ മുന്നോട്ട് നീങ്ങിടാം.

................................മനു ...................................


Monday, December 3, 2018

ആകാശം മറയ്ക്കുവാൻ എന്തെ മറന്നുപോയി ?.



കറുപ്പിനുമുണ്ടൊരേഴഴക്,
ഇരുളിലുമുണ്ടൊരുതൂവെളിച്ച൦.
ഇമകൾ മുറുക്കെ അടച്ചുവെന്നാലും....
മനസ്സിലെ അഗ്നിജ്വലിക്കുന്നൂ
ഇപ്പോഴും .
കൈകൾ വരിഞ്ഞുമുറുക്കീ   നിങ്ങൾ
 എങ്കിലും ...
ചിറകുകൾ വീശി പറക്കാ൦ എനിക്കിപ്പോഴും.
നാവുകൾ ചീന്തി മുറിച്ചു നിങ്ങൾ
എങ്കിലും.....
ചങ്കിലെപെരുമ്പറ മുഴക്കാ മെനിക്കിപ്പോഴും.
ചങ്ങലവേലികൾ തീർത്തോരു  ലോകമേ ...
 നിങ്ങൾ-
ആകാശം മറയ്ക്കുവാൻ എന്തെ മറന്നുപോയി ?.
ഏകനല്ല ഞാൻ ...
അടിമയുമല്ലലോ ...
നാം കൂട്ടുചേർന്ന് പാടീടു മൊരു പാട്ട് ...
ആ പാട്ടിൻ താളത്തിൽ വീശുമെൻ ചിറകുകൾ..
പറന്നീടും വാനോളം
ഒരു നവ ലോക സൃഷ്ട്ടിക്കായി .

Saturday, December 1, 2018

അച്ഛൻ @ അപരാധി !!!??



രാവിലെ  ഓഫീസിലേക്ക് പോകുമ്പോൾ
 ചാലോട് ബസ് സ്റ്റാൻഡിന് സമീപം
 തുരുമ്പെടുത്ത കാലുകളിൽ
നിറം മങ്ങി അവ്യക്ത മായ  കുറച്ച് അക്ഷരങ്ങൾ
 അരവിന്ദ് ഇൻഡസ്ട്രീസ് ...
ആ ബോർഡ് ....
അത്
അരവിന്ദേട്ടന്റെ മുഖം മനസ്സിലേക്ക് ഓടി വരുന്നു......

അരവിന്ദൻ പഠിക്കാൻ മിടുക്കനായിരുന്നു.
എസ് എസ് എൽ സി ഡിസ്റ്റിങ്ക്ഷനോടെ പാസ്സായ
നാടിനും വീടിനും അഭിമാനം,
കലാവേദികളിലും നിറസാന്നിദ്ധ്യം.
കോളേജിൽ പ്രീ ഡിഗ്രിക്ക് സയൻസ് രണ്ടാം ഗ്രൂപ്പ് തന്നെ എടുത്തു

ഏട്ടനും എച്ചിക്കും എം ബി ബി എസ് നു ചേർന്നത് പോലെ ഇവനും ചേരട്ടെ
അച്ഛനും അമ്മയും ചെറിയ കണക്ക് കൂട്ടലൊക്കെ നടത്തി.

പക്ഷെ

ആ പ്രതീക്ഷകളൊക്കെ ആസ്ഥാനത്ത് ആയിരുന്നു..

കോളേജിൽ എത്തിയതോടെ അവൻ ഉഴപ്പാൻ തുടങ്ങിയിരുന്നു...
കൂട്ടുകെട്ടും ഒട്ടും മോശമല്ല
ചെറിയ രീതിയിലുള്ള മദ്യപാനവും
അല്ലറ ചില്ലറ കുരുത്തക്കേടുമൊക്കെ ആയി .

ജീവിതം ആസ്വദിക്കുകയായിരുന്നു.

പ്രീ ഡിഗ്രി എട്ട് നിലയിൽ പൊട്ടി

സപ്ലിമെന്ററിയുമായി കുറച്ച് കാലം.

പിന്നീട് അതെ  കോളേജിൽ ബി എ ക്ക്

ഒഴപ്പൻ മാരുടെ സംഘടനയുടെ നേതാവ്...

കാതടപ്പിക്കുന്ന ശബ്ദത്തോടെ
 ഇരു ചക്ര വണ്ടിയിലെ കോളേജ് കുന്നു കയറ്റം
ഒന്ന് കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു...

ഒരു ദിവസം കേട്ടു

അരവിന്ദ്  ഐ സി യു വിൽ

ബൈക്ക് ആക്‌സിഡന്റ്

നല്ല പരിക്കുണ്ട്

അതൊരു പുനർജന്മം പോലെ ആയിരുന്നു.
അച്ഛന്റെയും അമ്മയുടെയും കൈകൾപിടിച്ച് പിച്ചവെച്ച് ...

പതുക്കെ പതുക്കെ ജീവിതത്തിലേക്ക് .....

ആ അപകടം അവനെ  അടിമുടി മാറ്റുവാൻ പര്യാപ്‌തം ആയിരുന്നു..

പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും

പിന്നീട് എപ്പോഴും

അവൻ എന്നും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു...

നേതൃനിരയിൽ തിളങ്ങാൻ അവന് പ്രത്യേക കഴിവായിരുന്നു.

രണ്ട് മൂന്ന് പേരെ വെച്ച് ഒരു സ്ഥാപനം
ചെറുതാണ് എങ്കിലും ആ സംരംഭം വൻ വിജയം ആയിരുന്നു.

അത് അവന് കൂടുതൽ  ആത്മവിശ്വാസം നൽകി.

അതിനിടക്ക് നല്ല രീതിയിൽ വിവാഹവും.

ജീവിതം മെല്ലെ  പച്ചപിടിച്ച് വരുകയായിരുന്നു.

ഈ ബിസ്സിനെസ്സ് ഇങ്ങനെ കൊണ്ട് പോയാൽ മതിയോ??

കുറച്ച് ശാഖകളൊക്കെ തുടങ്ങി,

കുറച്ച്കൂടി മെഷിനറി ഒക്കെ യായി.....

ബസ്സിനെസ് ഏത് ആയാലും  കാലത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യം.

അരവിന്ദിന്റെ ചിന്തയും  ആ വഴിക്ക് തന്നെ ആയിരുന്നു...

ബാങ്ക് ലോൺ സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല..

വലിയ രീതിയിൽ ആർക്കും അസൂയ ജനിപ്പിക്കുന്ന ഒരു സ്ഥാപനം.



കാലം പിന്നെയും കുറച്ച് കടന്ന് പോയി...

എത്ര പരസ്യം ചെയ്തിട്ടും
 നിക്ഷേപിച്ചതിന് ആനുപാതികമായി വരുമാനം വരുന്നില്ല ...

ബാങ്ക് അടവും കൂലിയും കൊടുത്തു കഴിഞ്ഞാൽ
ഒന്നും അവശേഷിക്കാത്ത അവസ്ഥ.

ഉറക്കം കിട്ടാത്ത രാത്രികൾ ..

ഏട്ടനും ഏച്ചിയുമൊക്കെ സുഖമായി ജീവിക്കുന്നു...

അവർക്ക് തിരക്കൊഴിഞ്ഞ സമയമില്ല...
അച്ഛൻ അവരെ പടിപ്പിച്ച് നല്ല തൊഴിൽ നേടാൻ സഹായിച്ചു...

ഞാനോ ???

വെറും പ്രീ ഡിഗ്രി ക്കാരൻ !!!!

അച്ഛൻ എന്നെ നല്ല വഴിയിൽ നയിച്ചിരുന്നെങ്കിൽ

ഞാനും ഒരു  നിലയിൽ എത്തിയേനെ.....

മനസ്സിൽ എവിടെയൊക്കെയോ ഉറങ്ങി കിടന്ന

ഈഗോ കൾ ഓരോന്നായി ഉണരുകയായിരുന്നു.

അച്ഛൻ പറഞ്ഞത് അനുസരിക്കാതെ ഉഴപ്പി നടന്നതോ

മദ്യവും തെമ്മാടിത്തരങ്ങളുമായി കറങ്ങി നടന്നതോ ഒന്നും

ആ മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല ...


മുന്നിലേക്കുള്ള പാത അവ്യക്തമായി വരുന്നത് പോലെ...

തന്നെ ആരും സഹായിക്കാനില്ല എന്ന തോന്നൽ ...

കൂടാതെ പഴയ അപകടത്തിന്റെ അവശേഷിപ്പുകളും....

അന്ന് അച്ഛനുമായി വഴക്കിയിട്ടതിനും ഒരു കാരണവും ഉണ്ടായിരുന്നില്ല...

അച്ഛൻ എന്തെ എന്നെ നേരാംവണ്ണം പഠിപ്പിച്ചില്ല????

വർഷങ്ങൾ കൊണ്ട്
ചോര നീരാക്കി ഉണ്ടാക്കിയ
സ്വന്തം സ്ഥാപനത്തിൽ

ഫാനിൽ കെട്ടിയ കയറിന്റെ അറ്റം സ്വന്തം കഴുത്തിന് കെട്ടുമ്പോഴും

മനസ്സിൽ അച്ഛനോടുള്ള വെറുപ്പായിരുന്നു...

തന്നെ നല്ല നിലയിൽ എത്തിച്ചില്ല എന്ന വെറുപ്പ്.....

അത് മനസ്സിന്റെ കൂരിരുട്ടിൽ  ഉറങ്ങിക്കിടന്ന ഈഗോകൾ
പടച്ച് വിട്ടതാണെന്ന കാര്യമോ,

ശിരസ്സിൽ
പഴയ അപകടത്തിന്റെ
അവശേഷിപ്പുകൾ ഉണ്ടാക്കുന്ന
ചില പ്രകമ്പനങ്ങൾ മാത്രം  ആണെന്ന കാര്യമോ
അയാൾ അറിഞ്ഞിരുന്നില്ല.

പറക്കമുറ്റാത്ത കുഞ്ഞിനേയും  ഭാര്യയെയും
 തനിച്ചാക്കി അയാൾ
വേദനകളും ഈഗോകളും  കൂട്ടിന് ഇല്ലാത്ത ലോകത്തേക്ക്  തനിച്ച്.......







Wednesday, October 24, 2018

വിസ്മരിക്കരുത് ബന്ധങ്ങളെ


മാധവൻകുട്ടി ജനിച്ചത്
പഴയങ്ങാടിയിലുള്ള വലിയൊരു നായർ തറവാട്ടിലാണ്..
അമ്പതില്പരം തെയ്യങ്ങൾ നിറഞ്ഞാടുന്ന കോട്ടവും ,
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽവയലും ഉള്ള തറവാട്.
ചെറു പ്രായത്തിൽ അച്ഛൻ നഷ്ടപ്പെട്ടു.
മെട്രിക്കുലേഷൻ കഴിഞ്ഞതോടെ റെയിൽവേയിൽ  ജോലി  ലഭിച്ചു. 
സ്വന്തം കാലിൽ നിൽക്കുന്നതിന്റെ സുഖം 
അത് ചെറുപ്രായത്തിൽ തന്നെ അനുഭവിക്കാൻ കഴിഞ്ഞു മാധവൻകുട്ടിക്ക്.

തറവാട്ട് ഭരണം മൊത്തം അമ്മാവനാണ് നടത്തിയിരുന്നത്.
അമ്മയും സഹോദരങ്ങളും ഒക്കെ നാട്ടിൽ ഉണ്ടെങ്കിലും 
വല്ലപ്പോഴും നാട്ടിൽ പോയാലായി.

കേരളിത്തിനകത്തും പുറത്തുമായി പലയിടങ്ങളിലായുള്ള ജോലി,
എല്ലായിടത്തും നല്ല സുഹൃത്ബന്ധങ്ങൾ ,
രക്തബന്ധങ്ങളേക്കാൾ വലുത് 
സുഹൃത്ബന്ധങ്ങൾക്ക്  ആണെന്ന് തോന്നുന്ന കാലഘട്ടം.

നല്ല പ്രായത്തിൽ തന്നെ വിവാഹിതനും ആയി.
പല നാടുകളിൽ  പല ക്വാർട്ടേഴ്‌സുകളിൽ ....
അന്നം  നല്കുന്ന ജോലിയോട് ആത്മാർത്ഥത കുറച്ച് അധികം ആയിരുന്നു.
തിരക്കുള്ള ജോലി സമയം കഴിഞ്ഞാൽ ,
സന്തോഷ പൂർണമായ ജീവിതം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം .

കുട്ടികൾ നാലുപേർ, മൂന്നു സുന്ദരികളും ഒരു മിടുക്കനും.
ജോലിത്തിരക്കും കുട്ടികളുടെ പഠനവും ഒക്കെയായപ്പോൾ
നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു.
കല്യാണങ്ങൾക്കും, മരണാന്തരചടങ്ങുകൾക്കും പോലും
പങ്കെടുക്കാത്ത അവസ്ഥ.
നാട്ടിലെ ബന്ധങ്ങൾ വല്ലപ്പോഴുമുള്ള എഴുത്തുകളിൽ മാത്രമായി ഒതുങ്ങി..

മൂത്ത മകൾ ഡിഗ്രി കഴിഞ്ഞതോടെ
ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വളരാൻ തുടങ്ങി ,
പെൻഷൻ ആകാൻ ഏറിയാൽ നാലോ അഞ്ചോ വർഷം മാത്രം.
സ്വന്തമായി ഒരു വീട് ഇല്ലെങ്കിൽ എങ്ങനെ നല്ല ആലോചന വരും??

കണ്ണൂരിൽ ഒരു വീട് ,
തീരുമാനം റെഡി,
പക്ഷെ
സ്ഥലമെടുത്ത് വീട് എടുക്കുക അത്ര എളുപ്പം ആയിരുന്നില്ല .

കഷ്ട കാലത്ത് ആണ് വീട് എടുക്കാൻ തോന്നുക എന്ന്
പണ്ടാരോ പറഞ്ഞത് സത്യം ആണെന്ന് അനുഭവത്തിൽ വ്യക്തമായ  സമയം.

വീട് പണി തീരാൻ എടുത്തതു മൂന്ന് നാല് വര്ഷം.
സമ്പാദ്യത്തിന്റെ സിംഹ ഭാഗവും തീർന്നിരിക്കുന്നു,
കൂടാതെ ലോണും ..
കുട്ടികളെ മാറ്റിച്ചേർത്തു ,
പെൻഷനാകും മുമ്പ് മൂത്ത മകളുടെ വിവാഹം
എന്ന ആഗ്രഹം ആഗ്രഹമായി തന്നെ  അവശേഷിച്ചു.

നാട്ടിലെത്തിയാൽ ചിലവ് കുറയും എന്ന പ്രതീക്ഷയും ആസ്ഥാനത്തായിരുന്നു.
ചിലവുകൾ നാൾക്ക് നാൾ കൂടുക മാത്രമെ ഉണ്ടായുള്ളൂ.

കൂനിന്മേൽ കുരുപോലെ ഭാര്യക്ക് പെട്ടെന്നൊരു അസുഖം ,
എല്ലായിടത്തും താൻ തന്നെ ഓടേണ്ട അവസ്ഥ ,
സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ അടുത്തില്ല.

ഒരുദിവസം ഭർത്താവിനോടും മക്കളോടും യാത്രപോലും പറയാതെ വേദനയുടെ ലോകത്തിൽ നിന്നും അവർ വിടവാങ്ങി...

അമ്മയില്ലാത്ത അവസ്ഥ അവർക്ക് താങ്ങാവുന്നതിലേറെ ആയിരുന്നു.
എല്ലാവരും വളർന്നു വലുതായി എന്നത് കൊണ്ട് കാര്യം ഇല്ലല്ലോ,
പലപ്പോഴും ഭക്ഷണം തയ്യാറാക്കുന്നതും,
 മറ്റ് വീട്ട് ജോലികളും മാധവേട്ടന്റെ ചുമലിലായി.
മകൻ മംഗലാപുരത്ത് നിയമ പഠനം,
ഇളയ മകൾ പഠിക്കാൻ അത്ര പോര,
പ്രീ ഡിഗ്രിയോടെ അവൾ പഠനം മതിയാക്കി.

ഇടിത്തീ പോലെയായിരുന്നു അടുത്ത ദുരന്തം

ഇളയ മകളുടെ അകാല മരണം.
വെറുമൊരു പനിയിൽ തുടങ്ങി മൂന്നാം നാൾ
 അവളും ഈ ലോകത്തോട് വിട വാങ്ങി.

തുടർച്ചയായ രണ്ടു മരണങ്ങൾ ആ വീടിന്റെ താളം തെറ്റിച്ചു.

ലോൺ അടവൊക്കെ കഴിഞ്ഞാൽ തുച്ഛമായ പെൻഷൻ
അത്   ആയിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള വരുമാനം.

മകൻ ഒരു വക്കീലിന്റെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങി എങ്കിലും
അതിൽ നിന്നും വരുമാനം ഒന്നും ലഭിക്കാൻ തുടങ്ങിയിരുന്നില്ല.

രണ്ട് പെണ്മക്കൾക്കും നല്ലൊരു  ആലോചനകൾ ഒന്നും വരുന്നില്ല,
മൂത്തവളുടെ പ്രായം മുപ്പത്  കഴിഞ്ഞിരിക്കുന്നു.

പഴയ ബന്ധങ്ങൾ പുതുക്കണം....
പലരുടെയും മുഖങ്ങൾ മനസ്സിൽ വരുന്നുണ്ട് ..
അവരൊക്കെ എങ്ങനെ ഉണ്ടായിരിക്കും ആവോ?

കാലം ഏറെ വൈകി ...
എങ്കിലും
എന്റെ മക്കൾക്ക് സഹായത്തിന് ആരെങ്കിലുമൊക്കെ വേണ്ടേ??

മുറ്റത്തെ മൂവാണ്ടൻ മാവിൽ നിന്നും പറിച്ച തേനൂറുന്ന മാങ്ങകളുമായി
മാധവേട്ടൻ പല സൗഹൃദങ്ങളും രക്ത ബന്ധങ്ങളും പുതുക്കാൻ സൗഹൃദ സന്ദർശ്ശനങ്ങൾക്ക് സമയം കണ്ടെത്തി..

കൂടെ വരാൻ മക്കളെ നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല..
കാലക്രമേണ ശരിയാകുമായിരിക്കും മാധവേട്ടൻ ആശ്വസിച്ചു.

കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ മനസ്സിൽ ആകെ തീ ആയിരുന്നു..

മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ വയ്യാത്ത അവസ്ഥ..
ഉറക്കമില്ലാത്ത രാത്രികൾ..
പക്ഷെ
ആന്ന്
മാധവേട്ടൻ ഉറങ്ങി ..
ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കം.

മാധവേട്ടൻപോയതോടെ
 അവരുടെ ലോകം
അത്  അവർ മൂന്ന് പേർ മാത്രമായി....
കുറച്ച് കാലം നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ അവർ മാത്രമായി.

അടഞ്ഞ വാതിലുകൾക്കുള്ളിൽ
അവർ അവരിലേക്ക് ഒതുങ്ങുക ആയിരുന്നു.
കിട്ടുന്ന ഭക്ഷണം കഴിച്ച് ,
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ,
അവർക്ക് വെറുപ്പായിരുന്നു എല്ലാവരോടും.
ആരെങ്കിലും ക്ഷേമം അന്വേഷിച്ച് പോയാൽ തന്നെ അവരോടു വലിയ ശബ്ദത്തിൽ വഴക്കിടുന്ന രീതി.....
എപ്പഴോ അവരുടെ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു....

മൂത്ത മകൾ വല്ല കൂലി പണിയും ചെയ്തത്
ആ  കൂലിക്ക് കിട്ടുന്ന ഭക്ഷണം അവർ പങ്ക് വച്ചു .
മറ്റ് രണ്ട് പേരും കുളിക്കാതെയും ,
ദുർഗന്ധം വഹിക്കുന്ന വസ്ത്രങ്ങളുമായി
ആ വലിയ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി...

പതിയെ കാര്യങ്ങൾ നാട്ടുകാർക്കും മനസ്സിലായി തുടങ്ങി
പക്ഷെ
സമയം അതിക്രമിച്ചിരുന്നു...

അവർ രണ്ടു പേരുടെയും  ആരോഗ്യ സ്ഥിതി വളരെ മോശം,
മാനസിക നില ആകട്ടെ  സാധാരണ ചികിത്സയിൽ മാറ്റാൻ പറ്റാത്ത അവസ്ഥയിലും.
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല
കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ കൂട്ടത്തിലേക്ക് .......

മൂത്ത മകൾ തനിച്ച് ആ വലിയ വീട്ടിൽ...

ഇന്നലെ ....
മാനസികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ
മൂടി പുതച്ച് വന്ന
വിറങ്ങലിച്ച സ്വന്തം അനുജത്തിയുടെ ശവ ശരീരം കാണുമ്പോഴും
അവൾക്ക് വലിയ ഭാവ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
മനസ്സ്
അത്
എന്നേ മരവിച്ചിരുന്നു .....

ബന്ധങ്ങൾ അത് സുഹൃത് ബന്ധമോ രക്ത ബന്ധമോ എന്ത് തന്നെ ആയാലും അത് എന്നന്നേക്കും സജീവമായി നില നിർത്തേണ്ട ഒന്നാണ്.

ഇന്നത്തെ ലോകത്ത്, നമ്മുടെ സമൂഹത്തിൽ
ബഹു ഭൂരിപക്ഷം ആൾക്കാർക്കിടയിലും 
സ്വാർത്ഥതയുടെ അളവ് 
നാൾക്ക് നാൾ വർധ്ധിച്ച് വരുന്നുണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും.
രാപ്പകൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന വിരലിൽ എണ്ണാൻ മാത്രം ഉള്ള സാമൂഹിക പ്രവർത്തകരെ മറന്നിട്ടൊന്നുമില്ല.
എന്നാൽ ഓരോരുത്തരും അവനും അവന്റെ കുടുംബവും മാത്രമുള്ള ഒരു ലോകത്ത് ഒതുങ്ങി പ്പോകുന്നു. ...
എന്നാൽ
മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്ന് പറയുമ്പോൾ
അത് എല്ലാ അർത്ഥത്തിലും വിശാലവും
ബന്ധങ്ങൾക്കിടയിൽ
ദുഖങ്ങളും വേദനകളുംസന്തോഷങ്ങളും
പങ്ക് വെക്കപ്പെടുന്ന  രീതിയിൽ ആയിരിക്കേണ്ടതുണ്ട്.

 സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വെക്കുന്നതോടെ
സൗഹൃദ കൂട്ടായ്മകളുടെയും ,
എല്ലാത്തരം ബന്ധങ്ങളുടെയും
കണ്ണികൾക്ക് കൂടുതൽ കരുത്ത് പകരുന്നു.

അതിന്റെ  വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണം
കാരണം
പലവിധം പ്രശ്നങ്ങളുടെ
അഗാധ ഗർത്തങ്ങളിൽ നിന്നും കരകയറാൻ
ബന്ധങ്ങളുടെ ചങ്ങല കണ്ണികൾ ഉപകരിച്ചേക്കാം....

Tuesday, October 16, 2018

"ഗൈനോഫോബിയ "



"ഇന്ന് അച്ഛൻ വരുമ്പോൾ  ചോട്ടാ ഭീമിന്റെ ബുക്ക് വേണം"
ഇളയ മകന്റെ രാവിലത്തെ ഡിമാൻഡ്
പ ഴയ ബസ് സ്റ്റാൻഡിലെ പുസ്തകങ്ങൾക്കിടയിൽ
ആ ഭീമനെ തേടി കഷ്ടപ്പെടുമ്പോൾ പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം
മനോജ്
കുറെ നാളായല്ലോ കണ്ടിട്ട്
ഇപ്പോഴും കണ്ണൂരിൽ തന്നെയാ?

ബിന്ദു
ബി എസ് സി ക്ക് കൂടെ പഠിച്ചതാണ്
ഒറ്റക്കെ ഉള്ളൂ ....
ഹസ് ഇല്ലേ

ഇല്ലെടാ ...
ശശിയേട്ടൻ അടുത്താഴ്ചയെ എത്തു....
ഞാൻ കൂത്ത്പറമ്പിൽ നിന്നും വരുകയാ,

നിനക്ക് ഓർമ്മയുണ്ടോ സുമംഗലയെ ...
നമ്മുടെ ജൂനിയർ ആയിരുന്നു.

സുമംഗല.....
ആ പേരിന്റെ പ്രത്യേകത കൊണ്ടല്ല
മറിച്ച്
ആ നല്ല ഭംഗിയുള്ള വിടർന്ന കണ്ണുകൾ
മുട്ടറ്റം വരെ നീണ്ട മുടി
വെളുത്ത് മെലിഞ്ഞ  സുന്ദരി...
 അവൾ ഫസ്റ്റ് ഇയർ ബി എസ സി ക്ക്
ആദ്യമായി കോളേജിൽ വന്നത് മുതൽ ശ്രദധിക്കാറുണ്ട്
ഇത്തരമൊരു സുന്ദരിയെ ആര് ശ്രധ്ധിക്കാതിരിക്കും??

അധിക൦ കൂട്ട് കൂടാത്ത പ്രകൃതം
പുസ്തകങ്ങളും പേറി തനിച്ച് കുന്ന് കയറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്

 വല്ലപ്പോഴും   അവളുടെ അച്ഛൻ  ഉണ്ടാകും എസ്കോർട്ട് ആയി !!

അവൾ ഇളയ മകൾ ആണെന്നും,
കുറച്ച് പ്രായമായപ്പോൾ ഉണ്ടായ കുട്ടിയായതിനാൽ
അച്ഛനും അമ്മയും വളരെ കെയറിങ് ആണെന്നും അന്ന് കേട്ടിരുന്നു.


പലരും അവളെ വളക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കഥയൊക്കെ
കാമ്പസ്സിൽ പാട്ടായിരുന്നു.

പക്ഷെ
രണ്ടാം വർഷം വെക്കേഷൻ കഴിഞ്ഞപ്പോഴേക്കും പലരും നിരാശരായി...

അവളുടെ  നെറ്റിയിൽ അണിഞ്ഞ  സിന്ദൂരം
അത്  അവരെ എന്നെന്നേക്കുമായി  തുരത്താൻ പ്രാപ്തമായിരുന്നു.....

ഓർമയുണ്ട്,

ഇപ്പോൾ അവൾ എവിടെയാ??

അവൾ എന്റെ  ഹസ്ന്റെ ബന്ധുവായി വരും

ഞങ്ങളുടെ  കല്യാണം കഴിയുമ്പോഴേക്കും അവൾ ഡിവോഴ്സ് ആയിരുന്നു,
കൂത്ത്പറമ്പിൽ  ഹസ്ന്റെ വീട്ടിന് അടുത്ത്  ആണ്    താമസം ...

ഇപ്പോൾ അവൾ എങ്ങനെ??

അവളുടെ കഥ പറയണമെങ്കിൽ   കുറച്ചധികമുണ്ട് ..

എന്നാൽ നമുക്കൊരു ചായ കുടിച്ചാലോ?

മക്കൾ സ്‌കൂളിൽ നിന്നും എത്തിയിട്ടുണ്ടാകും വേഗം പോണം

സാരമില്ല ഒരു ചായയൊക്കെ ആകാം...

മെല്ലെ അക്വാറിസ്സിലേക്ക് നടക്കുമ്പോൾ

സുമംഗലയെ കുറിച്ചറിയാനുള്ള ആകാംഷ ആയിരുന്നു മനസ്സുനിറയെ...

മെല്ലെ ചായയും കുടിച്ച് കൊണ്ട് ബിന്ദു തുടർന്നു ,

ആദ്യത്തെ വിവാഹബന്ധം മൂന്ന് നാല് വർഷമേ നിലനിന്നുള്ളു
പ്രായത്തിന്റെ പക്വത കുറവോ
അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കാത്തത് കൊണ്ടോ എന്തോ
അവർ നിയമപരമായി വേർപിരിയുക ആയിരുന്നു.

അവരുടെ വീട്ടിലെ അന്തരീക്ഷവും  അത്ര സുഖകരം ആണെന്ന് തോന്നുന്നില്ല.
അച്ഛൻ എക്സ് മിലിറ്ററി ഭയങ്കര സ്ട്രിക്ട് ആണ്.
മൂത്ത ഏട്ടൻ റവന്യൂ വകുപ്പിൽ ഉയർന്ന ജോലിയുണ്ട്
പക്ഷെ
അന്യമതകാരിയെ സ്നേഹിച്ച് വിവാഹം ചെയ്തു എന്ന കാരണത്താൽ ഇതുവരെ വീട്ടിൽ കയറ്റിയിട്ടില്ല ....
അമ്മയാണെങ്കിൽ വളരെ സാധുവും....

പക്ഷെ അവൾ നല്ലവണ്ണം പഠിക്കും കേട്ടോ
രണ്ടു മൂന്ന് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് ആണ് പോലും
ഇപ്പോൾ വാണിജ്യ നികുതി വകുപ്പിലാ ജോലി ...

ഓക്കേ ....
ഇപ്പോൾ എന്ത് പറ്റി ??

ങ്ങാ ...ഞാൻ പറയട്ടെ ...

കഴിഞ സപ്തംബറിൽ ആയിരുന്നു  അവളുടെ രണ്ടാ൦  വിവാഹം .
ഭർത്താവിന്റെ  വീട്ടിൽ പ്രായമായ  അമ്മ മാത്രം.
ഗൾഫിൽ നല്ല ജോലി.
രണ്ട് മാസം കൂടുമ്പോൾ പത്ത് ഇരുപത് ദിവസത്തെ ലീവിന് വരും.
അയാളുടെ ആദ്യത്തെ കല്യാണം
ഇവളെ തന്നെ വേണമെന്ന് അയാൾക്ക് നിര്ബന്ധമായിരുന്നത്രെ.

എന്നിട്ട് ???

ചെറിയൊരു ദുസ്വഭാവം ഉണ്ടായിരുന്നു, നല്ലോണം മദ്യപിക്കും
എന്നാലും
അത് ഈ ബന്ധത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
അയാൾ അവളെ പൊന്നു പോലെയാ നോക്കിയിരുന്നത് ...

പക്ഷെ

നിനക്കറിയോ ..?
കഴിഞ്ഞയാഴ്ച്ച അയാൾ ആത്മഹത്യ ചെയ്തു !!!

എന്താ കാരണം?
സുമംഗലയുടെയും കുടുംബക്കാരുടെയും പെരുമാറ്റം കൊണ്ടോ മറ്റോ ആണോ??

ആദ്യം ഞാനും അങ്ങനെയൊക്കെ ആണ് കരുതിയിരുന്നത്.

കുറച്ച് ദിവസായി ശശിയേട്ടൻ നിർബന്ധിക്കുന്നു ,
അത് കൊണ്ട് ഇന്ന് ഒന്ന് അവളുടെ അടുത്ത് വരെ പോയി നോക്കി ....

മരിച്ച അന്ന് ഞാൻ പോയിരുന്നു,
പക്ഷെ അവൾ സ്വന്തം വീട്ടിൽ ആയിരുന്നു ഉണ്ടായിരുന്നത്..

ട്രെയിനിന് അടിയിൽ പെട്ട് ചിന്ന ഭിന്നമായ, തുന്നിക്കെട്ടിയ ബോഡി കാണാൻ കഴിയാത്തത് കൊണ്ട് വന്നതാണെന്നാണ് പറഞ്ഞത് ,

പക്ഷെ

അന്ന് അവൾ കരയുന്നുണ്ടായിരുന്നില്ല
എങ്കിലും
അവളുടെ വിധിയോർത്ത് സങ്കടപ്പെടുന്നുണ്ടായിരുന്നു.

ഇന്ന് അവൾ എന്ത് പറഞ്ഞു??

അവളെ കണ്ടത് മുതൽ എനിക്ക്  എന്തോ വല്ലാത്ത ഒരു അവസ്ഥയിൽ   ആണ്

എന്തോ ഇപ്പോൾ നിന്നോട് സംസാരിക്കുമ്പോൾ ആണ് കുറച്ച് ആശ്വാസം തോന്നിയത് ..

നമ്മൾ വിചാരിക്കുന്നത് പോലെ അല്ല അവളുടെ ജീവിതം ,

ഞാൻ പറഞ്ഞല്ലോ അയാൾ അവളെ നല്ല രീതിയിലാണ് നോക്കിയിരുന്നത്,

അവൾക്ക് എല്ലാകാര്യങ്ങളും പറയാനും

എന്ത് പറഞ്ഞാലും നേടി കൊടുക്കാനും അയാൾ തയ്യാറായിരുന്നു.

പിന്നെ ??

വൈകുന്നേരങ്ങളിലെ  മദ്യപാനം
പക്ഷെ അതും ആ ബന്ധത്തെ ബാധിച്ചിരുന്നില്ല.

പിന്നെ എന്താ പ്രശനം??

അത് ഞാനെങ്ങനെയാ പറയുക??

ബിന്ദുവിന്റെ മുഖത്ത് പറയാൻ ഒരു മടി പോലെ,

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും ....

കഴിഞ്ഞ ഒരുവര്ഷവും അവർ
ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലത്രെ!!!
ഞാൻ ഉദ്ദേശിച്ചത് ശാരീരികമായി.

ഒരുവർഷം കഴിഞ്ഞുമതി കുട്ടികൾ എന്ന് അവർ തീരുമാനിച്ചിരുന്നത്രെ!!

ഇപ്പോൾ ഒരു വര്ഷം ആയ സ്ഥിതിക്ക് ,
കുട്ടികൾ വേണമെന്ന ചിന്ത അവൾക്കും ഉണ്ടായികാണും  .

അയാൾ ആത്മഹത്യചെയ്യുന്നതിന് ഒരാഴ്ച്ച മുൻപ്
രണ്ടുപേരുംകൂടി  ഡോക്ടറെ കണ്ടിരുന്നു .
ഡോക്ടർ പത്ത് ദിവസത്തെ  മരുന്ന് അവൾക്ക് കൊടുത്ത് ആറാമത്തെ ദിവസം മുതൽ ബന്ധപ്പെട്ട ശേഷം വീണ്ടും കാണിക്കാൻ പറഞ്ഞിരുന്നത്രെ.

ആ ആറാമത്തെ ദിവസം ആണ് അയാൾ എല്ലാം ഉപേക്ഷിച്ച് പോയത്.
അവളുടെ കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം ,

പ്രായമായ അച്ഛന്റെയും അമ്മയുടെയും കാലശേഷം അവൾക്ക് ആരാണുള്ളത്??

ബിന്ദുവിന്റെ കണ്ണുകൾ നിറയുന്നുവോ??

എന്നാൽ മനോജേ പിന്നെ കാണാം കുട്ടികൾ കാത്ത് നിൽക്കുന്നുണ്ടാകും.

തിരികെ വീട്ടിലേക്ക്
സ്റ്റേറ്റ് ബസ്സിന്റെ പിൻ സീറ്റിൽ ഇരിക്കുമ്പോൾ
സുമംഗലയുടെ ഭർത്താവിനെകുറിച്ചായിരുന്നു ചിന്ത മുഴുവൻ.

എന്തായിരിക്കാം അയാൾ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഒളിച്ചോടാൻ കാരണം?

തന്റെ കഴിവില്ലായ്‍മ  ഭാര്യയും മറ്റുള്ളവരും അറിയുമെന്ന ഭയമോ ?

ജീവിതയാത്രയിൽ എപ്പോഴോ അനുഭവിച്ച പരാജയങ്ങൾ.....
അത് മനസ്സ് ഏറ്റെടുത്ത് പർവ്വതീകരിച്ച് തനിക്ക് ഒന്നും ആകില്ല എന്ന തീരുമാനത്തിൽ എത്തിച്ചേരുമ്പോൾ ,

അത് മാത്രമാണ് സത്യം എന്ന ചിന്തയിൽ മനസ്സ് പാകപ്പെടുമ്പോൾ ,

താൽക്കാലിക ഒളിച്ചോട്ടത്തിനായി മദ്യലഹരിയ്ക്ക് അഭയം തേടുമ്പോൾ,

അയാൾ അറിയുന്നില്ല ജീവിതത്തിൽ ഇത്തരം ഭയങ്ങൾക്ക് വലിയ സ്ഥാനമൊന്നുമില്ല എന്ന്.

കഴിയുന്നതും ഭയങ്ങളെ അവനവൻ തന്നെ കീഴ്പ്പെടുത്തണം
അല്ലെങ്കിൽ
കൂട്ടാളിയോടോ ചങ്ങാതിമാരോടോ പങ്ക് വെക്കണമായിരുന്നു.

പലപ്പോഴും പലവിധ ഈഗോ കൾ അതിന് തടസ്സമാകുന്നു.

തന്റെ ശക്തി മുഴുവൻ ഉപയോഗിച്ച് ബോളുമായി മുന്നേറി
 ഗോൾ പോസ്റ്റിലെത്തുമ്പോൾ ഗോൾ അടിക്കാൻ കഴിയാത്ത കാൽപന്ത്കളിക്കാരന്റെ നിസ്സഹായാവസ്ഥ ഏതൊരാൾക്കും ചിന്തിക്കാവുന്നതേ ഉള്ളൂ.


 "ഗൈനോഫോബിയ "
പരസ്പരം ബന്ധ്പ്പെടാൻ ഉള്ള ഭയം
എപ്പോഴോ എവിടെയോ വായിച്ചത്....

ഇന്നും നമ്മുടെ സമൂഹത്തിൽ പല  മാനസിക പ്രശ്ങ്ങളെ ആ വ്യക്തിയുടെ പോരായ്മയായി കാണുന്നു.
ഇത്തരം ആൾക്കാരുടെ   പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു ശരിയായ വഴി കാണിച്ച് കൊടുത്ത് സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് ഇന്നും നമ്മൾക്ക്  സാധിക്കുന്നില്ല..

എപ്പഴോ ഉടലെടുത്ത ചെറു ഭയങ്ങൾ വളർന്ന്
അത് ജീവൻ അവസാനിപ്പിക്കണം എന്ന ചിന്തയിലേക്ക് എത്തുന്നതിനു മുൻപ് കണ്ടെത്താൻ നമുക്ക് സാധിക്കുന്നില്ല.

പലരു൦  ഇത്തരം പ്രശ്നങ്ങൾ  ചില കൗൺസിലിംഗിലും ചെറിയ മരുന്നുകളിലും തീർക്കേണ്ടതിനു  പകരം
ആത്‍മഹത്യ ഒരു പരിഹാരം ആയി കാണുന്നു.
ചിലർ മദ്യത്തെയും മയക്കുമരുന്നിന്റെയും കൂട്ടുപിടിക്കുന്നു.

സമൂഹത്തിൽ നിന്നും ഉയരുന്ന പല ചോദ്യങ്ങളും വെറും ഔപചാരികത മാത്രം ആണെന്ന് നാം മനസ്സിലാക്കുന്നില്ല.അവയെ ഭയന്ന് ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ട കാര്യം ഇല്ല.

നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം നമുക്ക് മാത്രമാണ് ,അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയുള്ളത് ആകരുത്.

നമ്മുടെ സമൂഹത്തിന് മാനസിക പ്രശ്ങ്ങളെ ഒരു വ്യക്തിയുടെ പോരായ്മയായി കാണാതെ ,
പനി യോ ജലദോഷമോ പോലെ ഉള്ള ശാരീരിക അസുഖങ്ങൾ പോലെ  മനസ്സിനെ ബാധിക്കുന്നതും  ചികിൽസിച്ചാൽ മാറാവുന്നതും ആയ   ഒരു അസുഖംമാത്രം  ആണെന്നും ,
ഇത് ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും വരാവുന്നതാണെന്നും ഉള്ള ബോധം എന്ന് വരുന്നുവോ അന്ന് വരെ ഉണ്ടാകും ഇത്തരം ആത്മഹത്യാ  ഒളിച്ചോട്ടങ്ങൾ.

Saturday, July 14, 2018

കൃഷി പാഠം



ഇന്ത്യ കാർഷിക രാജ്യമാണ്
പക്ഷെ 
കർഷകന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന പൂർണ വിശ്വാസം എനിക്കില്ല 
കേരളത്തിൽ  ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണം വന്നിട്ട് 
വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും 
പല നിയമ നിർമ്മാണങ്ങൾ നടന്നിട്ടും
ചെറുകിട കർഷകർ  പലരും  ഇപ്പോഴും  വഞ്ചിക്കപ്പെടുന്നുണ്ടോ??

തെങ്ങും ,കുരുമുളകും, നെല്ലുമായിരുന്നു ഞങ്ങളുടെ പ്രധാന കൃഷി.
നുരിയും,നാട്ടിയും ,
നെല്ല് മൂരുന്നതും,
കറ്റ തല്ലുന്നതുമൊക്ക ഇന്നലെ നടന്നത് പോലെ 
മനസ്സിൽ തെളിഞ്ഞു വരുന്നു..

ഒരു പക്കാ കർഷകൻ അല്ലെങ്കിലും
അച്ഛന്റ്റെ കാലശേഷം 
കൃഷിയൊക്കെ നോക്കിനടത്തിയിരുന്നത് ഞാനായിരുന്നു.

വയലിൽ ജീരകശാലവിത്തിട്ട കൊല്ലം ഇന്നും ഓർക്കുന്നു.
പുല്ല് തീരെ ഉയരം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടിരിക്കവേ  ,
ആഴ്ച്ച ഒന്ന്  കഴിഞ്ഞു പോയപ്പോൾ 
 വിശ്വസിക്കാൻ പറ്റുന്നില്ല 
നെൽക്കതിരുകൾ എന്റെ കണ്ണോളം ഉയരത്തിൽ!!
ചെറുകാറ്റിന് നെയ്‌ച്ചോറിന്റെ  സുഗന്ധം
ആ വരമ്പിലൂടെ എത്ര നടന്നാലും മതിയാകുന്നില്ല.
പ്രകൃതിയുടെ ഒരു ഇന്ദ്രജാലം.

നെൽകൃഷി അധിക കാലം തുടരാൻ പറ്റാത്ത അവസ്ഥ 
പണിക്കാരെ കിട്ടാനില്ല 
അതിലും വലിയ പ്രശ്നമായി വന്നത് 
തോടിനോട് ചേർന്നുള്ള വയൽ, 
കള്ളുഷാപ്പിനായി മതിൽ കെട്ടി നികത്തി.
വെള്ളം കെട്ടിനിന്ന് എപ്പോഴും ഒരു കുളം കണക്കെ  .

"കുറച്ച് തൊഴിലാളികളുടെ ജീവിത പ്രശ്നമാണ്"
അതായിരുന്നു 
പരാതിപ്പെടാൻ പോയപ്പോൾ കേട്ടത് .

പിന്നീട്  തട്ട് മറിച്ച് വാഴയും കപ്പയുമൊക്കെയായി കൃഷി.

ഒന്ന് മാറ്റി ചവിട്ടിയാലോ ??

2012 ൽ ഒരു പരീക്ഷണം
ഒരേക്കർ മുഴുവൻ മഞ്ഞളും ഇഞ്ചിയും .

മൂന്നു തവണ തോലും വളവുമൊക്കെയിട്ട് നല്ല രീതിയിൽ തന്നെ കൃഷി ചെയ്തു.
മോശമില്ലാത്ത വിളവ്.
ഇഞ്ചിയും മഞ്ഞളും കിളച്ച് നമ്മുടെ അടച്ചിട്ട ഷോപ്പിൽ കൂട്ടിയിട്ടു.
നെഞ്ചോളം ഉയരത്തിലുള്ള കൂന
വല്ലാത്തൊരു സന്തോഷം.

ഇഞ്ചി വിൽക്കണം

മട്ടന്നൂരിലെ രണ്ടു മൂന്ന് മൊത്ത കച്ചവടക്കാരെ സമീപിച്ചു

കേൾക്കാനുള്ള സൗമനസ്യം  പോലും അവർക്കില്ല .

കണ്ണേട്ടന്റെ കടയിൽ
പിന്നിലെ റൂമിൽ കൂട്ടിയിട്ട ഇഞ്ചി ചാക്കുകൾ കാട്ടി തന്നു.

ചാവശ്ശേരി VFPCK യിൽ പോയി
"ഓർഡർ കിട്ടിയാലേ ശേഖരിക്കാനാകൂ......." അവരും കൈ മലർത്തി.

ഒടുവിൽ കാദർക്കാന്റെ കടയിൽ

തല്ക്കാലം രണ്ടു ചാക്ക് കൊണ്ടുവാ ,

കുറച്ചൊരു സമാധാനം
റൂമിലെത്തി രണ്ടു ചാക്കിൽ  വേര് മുറിച്ച് മണ്ണ് കളഞ്ഞ്  ഇഞ്ചി നിറച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഗുഡ്സ് ഓട്ടോയിൽ കടയിൽ

കാദർക്കാ....
ഇന്നലെ പറഞ്ഞ ഇഞ്ചി കൊണ്ട് വന്നിട്ടുണ്ട്

ചെറിയ ടൈപ്പാല്ലേ ??
ഇതെല്ലാം ഉണങ്ങി ചുരുണ്ടിരിക്കുന്നല്ലൊ
കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളവ് നോക്കി നൂറു കുറ്റങ്ങൾ,

"ഞാൻ പത്തര രൂപ കൊടുക്കാറുണ്ട്
 പക്ഷെ ഇതിന് ഒന്പതരയെ തരാൻ പറ്റൂ"

അന്നത്തെ ചില്ലറ വില ഇരുപത്തി ഒന്ന് രൂപ
എനിക്ക് ഒരു കിലോ ഉണ്ടാക്കാൻ ചിലവ് പത്ത് രൂപക്കടുത്ത് വരും .
തിരികെ സാധനം എടുക്കണമെങ്കിൽ ഓട്ടോ ചാർജ് ഇനിയും നൽകണം.
ഒന്പതരയെങ്കിൽ ഒൻപതര
ശരി കാദർക്കാ..

ചാക്ക് ഇഞ്ചി ചെരിഞ്ഞിട്ട് തരാം
പൈസക്ക്  വൈകുന്നേരം വാ....
രണ്ടു മൂന്ന് തവണ നടക്കേണ്ടി വന്നു ആ പൈസ കിട്ടാൻ...

നമ്മൾ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സാധനങ്ങൾക്ക്
ആവശ്യമില്ലാതെ കുറ്റം പറഞ്ഞു വില കുറച്ച് കൂടുതൽ ലാഭം
അതവരുടെ രീതി
 ഇത്തരം രീതി
എനിക്ക് സഹിക്കാൻ പറ്റുന്നതിലേറെ ആയിരുന്നു ...

ഇനി ബാക്കിയുള്ള ഇഞ്ചി വിൽക്കുന്നില്ല!!
ഞാൻ തീരുമാനിച്ചുറച്ചു .

പക്ഷെ ചിലവാക്കിയ പണം കിട്ടേണ്ട??

ഒന്നും ആലോചിച്ചില്ല  വലിയൊരു അലുമിനി പാത്രം വാങ്ങി,
അടുപ്പ് കൂട്ടി മഞ്ഞൾ പുഴുങ്ങാൻ തുടങ്ങി
മഞ്ഞൾ മുഴുവൻ പുഴുങ്ങി ഉണക്കി
ചാക്കിൽ നിറച്ചപ്പോൾ ആകെ ഒരാശ്വാസം.

മലഞ്ചരക്ക് കടയിൽ മാർക്കറ്റ് റേറ്റിന്  മഞ്ഞൾ
ചിലവാക്കിയ പണം റൊക്കം കൈയ്യിൽ ..

പിന്നെ
പരിചയക്കാർക്കൊക്കെ
സഞ്ചിയിലാക്കി ഇഞ്ചി വെറുതെ കൊടുത്തപ്പോൾ
കഷ്ടപ്പെട്ടത് വെറുതെ ആയില്ല എന്നൊരു തോന്നൽ...

കുറെയൊക്കെ കോട്ടയിലാക്കി തെങ്ങിന് ഇട്ടപ്പോഴും
ഒരു സങ്കടവും തോന്നിയില്ല.
കാരണം
പഠിച്ചത് ജീവിതത്തിലെ വലിയൊരു പാഠം... .




Thursday, July 12, 2018

ദിവാസ്വപ്നം

ർണീം ............ർണീം ............ർണീം ............
മണി മുഴങ്ങുന്നു ..

രാവിലെ  പഞ്ചായത്തിൽ നിന്നും
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വണ്ടി എത്തിയിരിക്കുന്നു.

ഭാര്യ അടുക്കളയിൽ തിരക്കിലാണ്
കുട്ടികൾക്ക് സ്കൂളിലേക്ക് പോകേണ്ട സമയം ആയിരിക്കുന്നു.

പിന്നിൽ ഓരോ പെട്ടികളിലുമുള്ള പ്ലാസ്റ്റിക്കും , ഇലെക്ട്രിക്കൽ ,ഗ്ലാസ്സ്
മാലിന്യങ്ങൾ വാഹനത്തിലെ അതാത് പെട്ടികളിലേക്ക് ....
തിരികെ
സ്ഥിരം ഡ്യൂട്ടി ...
ജൈവ മാലിന്യം പൾവറൈസറിൽ ...
 ബയോ ഗാസിലേക്കുള്ള വാൽവ് തുറന്നു ,
സ്വിച്ച് ഓണാക്കി...
സെക്കൻഡുകൾ കൊണ്ട് അവ കാലിയായി ...

 വാൽവ് തിരിച്ച് വളം യൂണിറ്റിലേക്ക് ...
മുട്ടത്തോടും ,എല്ലും,മറ്റ് ചീയാത്ത മാലിന്യങ്ങളും
വളമാക്കി മാറ്റേണ്ടതുണ്ട് ..

ബയോ ഗ്യാസ് സ്ലറി ചെടികൾക്ക് നനച്ച് മടങ്ങുമ്പോൾ
ഭാര്യയുടെ ശബ്ദം  ആ ടർബൈനിന്റെ ഭാഗത്തെ ഗേറ്റ് ആരോ തുറന്നിട്ടിട്ടുണ്ട്
കുട്ടികളോ മറ്റോ കുരുത്തക്കേട് ഒപ്പിക്കും.

വീട്ടിന് പിന്നിൽ സ്ഥാപിച്ച വലിയ മഴവെള്ള സംഭരണി
പുരയിടത്തിൽ പെയ്യുന്ന മഴ വെള്ളം
 ചെറിയ ടർബൈൻ വഴി സംഭരണിയിൽ എത്തും
ടർബൈനിൽ നിന്നും ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഗ്രിഡ് വഴി ഇലെക്ട്രിസിറ്റി ബോർഡ് എടുക്കുന്നുണ്ട്
വീട്ടിലെ ആവശ്യത്തിന് സോളാർ എനർജി മതിയാകും.

മഴവെള്ളം ശുദ്ധീകരിച്ച് പാത്രങ്ങളിലേക്ക് നിറക്കുന്ന യൂണിറ്റിലെ
പണിക്കാരൻ എത്തനാകുന്നതേ ഉള്ളൂ .

ഇപ്പോൾ സ്വദേശത്തും വിദേശത്തും എറ്റവും അധികം വിൽപ്പന നടക്കുന്നത്
കേരളാ ബ്രാൻഡ് കുടിവെള്ളമാണല്ലോ .
സർക്കാർ ഏകോപിപ്പിച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികൾ
കേരളത്തെ ആകെ മാറ്റി മരിച്ചിരിക്കുന്നു.

പെട്ടെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി.
ഇലട്രിക്കൽ കാർ സ്റ്റാർട്ടാക്കുമ്പോഴേക്കും കുട്ടികൾ എത്തി.

വൃത്തിയും വെടിപ്പുമുള്ള റോഡ്
പണ്ടൊക്കെ നിറയെ പ്ലാസ്റ്റിക്കും
മാലിന്യങ്ങളും റോഡിൽ വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്
ഇന്ന് അത് വലിയ കുറ്റമാണ്
കൂടാതെ ജനങ്ങൾ അതിന്റ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാൻമാരാണ് .

റോഡരികിൽ സോഷ്യൽ ഫോറെസ്റ്റ്രിയുടെ പ്ലാന്റ് കളക്ഷൻ വാഹനം നിർത്തിയിട്ടിരിക്കുന്നു
മൺസൂൺ തുടങ്ങിയാൽ 
രണ്ടു മൂന്നു മാസം അവർക്കിത് തന്നെ യാണ് ജോലി .
ഇന്ന്
റോഡരികിൽ   നടുന്നത്
സ്വാഭാവികമായി മുളക്കുന്ന തൈകൾ ആണ്.

പണ്ടൊക്കെ നഴ്സറി റൈസിംഗ് എന്ന പേരിൽ
എല്ലാ വർഷവും ലക്ഷങ്ങൾ  ചിലവഴിക്കാറുണ്ട് എന്നും,
നമ്മുടെ വനത്തിൽ നിന്നും
പ്രൈവറ്റ് പാർട്ടികൾ ശേഖരിക്കുന്ന വിത്തുകൾ
നമ്മൾ തന്നെ വിലകൊടുത്ത് വാങ്ങി തൈകൾ ആക്കുമെന്നും ,
ആ തൈകൾ
മുൻ വർഷങ്ങളിൽ നട്ട കുഴിയിൽ തന്നെ
 ഓരോ വർഷവും നടുമെന്നും കേട്ടിട്ടുണ്ട്.

പിന്നാലെ ഔഷധ ബോര്ഡിന്റെ വണ്ടി വരും
 അവരാണല്ലോ റോഡരികിലും മറ്റ് പ്രൈവറ്റ് പാർട്ടികളിൽ നിന്നും
ഔഷധ സസ്യങ്ങൾ ശേഖറിച്ച്
പ്രോസസ്സ് ചെയ്തത്
ലോകം മുഴുവൻ കയറ്റുമതി ചെയ്യുന്നത് .
കേരളാ ബ്രാൻഡ് മെഡിസിനൽ പ്ലാന്റ്സ്ന്
ലോകമെമ്പാടും നല്ല മാർക്കറ്റ് ആണ്.

അവർക്ക്ശേഷമാണ് പഞ്ചായത്ത് വണ്ടിവരുന്നത്
പ്രത്യേകം തയ്യാറാക്കിയ വണ്ടി
റോഡരികിലെ
 പച്ചിലകളും ചെറു ചെടികളും മുറിച്ച് വലിച്ചെടുത്ത്
പൊടിയാക്കി ജൈവ വള യൂണിറ്റിലെത്തിക്കുന്നു

കേരളത്തിലെ   മൊത്തം ജൈവ വളങ്ങളും
ഒറ്റ ബ്രാൻഡായി ലോകം മുഴുവൻ വിതരണം ചെയ്യപ്പെടുന്നു.
ജൈവ കൃഷി വ്യാപനത്തോടെ
ഈ ബ്രാൻഡിന് നല്ല മാർക്കറ്റ് ആണെന്ന് കേൾക്കുന്നു.

റോഡരികിൽ രാമേട്ടൻ ...
രാമേട്ടൻ എങ്ങോട്ടാ??

തടാക ക്കരയിലെ
ബീവറേജ്‌സ് വരെ
ഡോക്ടറെ കാണണം.

ഇപ്പോൾ കള്ളുഷാപ്പുകളും വിദേശ മദ്യ ഷാപ്പുകളും
എല്ലാം ഒരു കോംപ്ലക്സിൽ ആണ് പ്രവർത്തിക്കുന്നത്
ആശുപത്രിയും ഹോട്ടലും ഒക്കെ അടങ്ങിയ ഒരു കോംപ്ലക്സ് .

പണ്ടൊക്കെ ആവശ്യക്കാർ ഗവണ്മെന്റ് വക
വിദേശ മദ്യ ഷാപ്പിൽ നിന്നും ക്യു നിന്ന് കഷ്ടപ്പെട്ട്
 സാധനം ഒന്ന് അകത്താക്കാൻ റോഡരികിലൊക്കെ
ഒളിച്ചും പതുങ്ങിയും  നിന്നിരുന്നിടത്ത്
 ഇന്ന് സ്വസ്ഥമായി ഒരിടത്തിരുന്ന് കാര്യം സാധിക്കുന്നു.

സ്ഥിരം കസ്റ്റമേഴ്സിന് കാർഡുണ്ട്
അവർക്ക് മെഡിക്കൽ ചെക്കപ്പും എല്ലാം ഫ്രീ ആണ്.
കൂടാതെ  റീ അഡിക്ഷൻ , കൗൺസിലിംഗ് എന്നീ സേവനങ്ങളും സൗജന്യമാണ്.

ഭംഗിയുള്ള തടാകക്കര
നിറയെ പൂക്കൾ വിരിഞ്ഞ പൂന്തോട്ടം
ഓരോ പഞ്ചായത്തിലും
 പുഴയിലേക്ക്
ഒഴുക്കി കളയുന്ന മഴ വെള്ളം മുഴുവൻ ശേഖരിച്ച്

ഒരു തടാകം രൂപം കൊണ്ടിരിക്കുന്നു
.
വേനൽക്കാലത്ത് കൃഷിക്ക് വേണ്ടുന്ന
ജലം മുഴുവൻ നൽകുന്നത് ഈ തടാകം ആണ് .....

ർണീം ............ർണീം ............ർണീം ............

ർണീം ............ർണീം ............ർണീം ...........
.
എന്ത് പറ്റി !!!

ഞെട്ടി എഴുന്നേറ്റു

ഫോണിൽ ഭാര്യ !!

നിങ്ങളെ എത്ര നേരമായി വിളിക്കുന്നു??

ഇനിയും കുട്ടികളെ കൂട്ടാൻ പോയില്ലേ??

നാലര ആയി

ഞാനൊരു ഉച്ചമയക്കത്തിലായിരുന്നു...

പെട്ടെന്ന് പുറപ്പെട്ട് റോഡിലേക്ക് ഓടവെ

മുന്നിൽ രാമേട്ടൻ

വൈകുന്നേരത്തെ ഷാപ്പിലേക്കുള്ള നടത്തമാണ്...

കൈയ്യിൽ പ്ലാസ്റ്റിക് സഞ്ചി നിറയെ വേസ്റ്റ് 

ആ വേസ്റ്റ്

കാടുപിടിച്ച് കിടക്കുന്ന റോഡരികിലേക്ക് വലിച്ചോരേറ് .

മറ്റുള്ളവർ കാണുമെന്നൊരു പേടിയുമില്ല  ..

സ്വപ്നം എന്നും സ്വപ്നം മാത്രം!!!!














Monday, July 2, 2018

നിണമണിഞ്ഞ വഴിത്താരകൾ .......

കലാലയ രാഷ്ട്രീയത്തിന്റെ
ചോരപ്പാടുകൾ നിറഞ്ഞ വഴിത്താരയിൽ
വീണ്ടും രക്തപുഷ്പങ്ങൾ   വിതറി
ഒരു നക്ഷത്രം കൂടി പിറവി എടുത്തിരിക്കുന്നു.......

വിദ്യാർത്ഥികൾക്കിടയിൽ
രാഷ്ട്ര ജ്ഞാനവും രാഷ്ട്രീയ ജ്ഞാനവും  നല്ലതു തന്നെ
പക്ഷെ
ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്ത
നപുംസകങ്ങൾ സമൂഹത്തിന് എന്നും ശാപമായിരിക്കും .

മട്ടന്നൂർ പഴശ്ശിരാജാ എൻ എസ് എസ് കോളേജ്
പഴശ്ശി രാജാവിന്റെ പോരാട്ട വീര്യം കടം കൊണ്ട
വിദ്യാർത്ഥി സമൂഹം രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ചെടുത്തൊരിടം
സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ
കോളേജിലെ വിശേഷങ്ങൾ
വളരെ ആവേശത്തോടെ
തെല്ല് അത്ഭുതത്തോടെ
സഹോദരങ്ങളിൽ നിന്നും  കേട്ടറിഞ്ഞിരുന്നു .
അന്ന്
കോളേജിൽ എസ് എഫ് ഐ ,കെ എസ് യു സങ്കർഷം പതിവായിരുന്നു .
CRPF കോളേജിൽ ക്യാമ്പ് ചെയ്തതും
ലാത്തിച്ചാർജിൽ നിന്നും രക്ഷപെടാൻ
ഏച്ചിയും കൂട്ടുകാരികളും പിൻന്നിലുള്ള റബ്ബർ തോട്ടം വഴി ഓടി രക്ഷപ്പെട്ടതൊക്കെ വിവരിച്ച് കേൾക്കുമ്പോൾ
കോളേജ് ഒരു പ്രത്യേക ലോകം എന്നാണ് ധരിച്ചിരുന്നത് ..

മോശമില്ലാത്ത മാർക്ക് എസ് എസ് എൽ സി ക്ക് ലഭിച്ചപ്പോൾ
സെക്കൻഡ് ഗ്രൂപ്പിൽ അഡ്മിഷൻ
അതോ മട്ടന്നൂർ കോളേജിൽ

അച്ഛന്റെ കൂടെ അഡ്മിഷൻ എടുക്കാൻ
ഇളം വെയിലും കൊണ്ട് ആ കുന്ന് ആദ്യമായി കയറി
സ്വഗതമോതുന്ന ബാനറുകളും തോരണങ്ങളും കടന്ന്
കാറ്റാടി മരത്തിന്റെ അരികിലൂടെ
കരിമ്പനടിച്ച ഇളം ചന്ദന നിറത്തിലുള്ള
ബോയ്സ് ഹോസ്റ്റൽ കഴിഞ്ഞാൽ
ഒറ്റ നിലയിൽ ഓടിട്ട ഒരു കാന്റീൻ
കുറച്ച് കൂടി നടന്നാൽ
 നിരയായി നട്ട അരണ മരങ്ങൾക്കിടയിലൂടെ
വൈറ്റ് വാഷ് ചെയ്ത ഓടിട്ട കെട്ടിടം

"അണ്ടി കമ്പനി"
കാണുന്നവർക്ക്
ആ  പ്പേര് എങ്ങനെ  വന്നു എന്ന് ഒരു സംശയവും തോന്നാനിടയില്ല .

മൂന്നാല് സ്റ്റെപ് കടന്നാൽ വലത്ത് ഭാഗത്ത് ഓഫീസ്
അന്ന്
അതിന് ഇടത്ത് വശം
ഏണിപ്പടികൾ
ചുമര് വച്ച് മുട്ടിച്ച ഭാഗം ഞാൻ ഭീതിയോടെ നോക്കി...

ഏച്ചിനൽകിയ വിവരണങ്ങളിൽ
വാസുവേട്ടന്റെ തലയിൽ വെട്ടുകല്ലിട്ട സ്ഥലം ആണത്!!.

അതോടെയാണത്രെ ആ സ്റ്റെപ്പ് ചുമര് വച്ച് മുട്ടിച്ചത്!!

വാസുവേട്ടൻ അന്നത്തെ കോളേജ് UUC..

മാസങ്ങളോളം  ചികിത്സ നടത്തിയിട്ടാണ്
ജീവിതത്തിലേക്ക് തിരികെ എത്തിയത് എന്ന് കേട്ടിരുന്നു .

പ്രീ ഡിഗ്രി സയൻസുകാരായ നമ്മളൊക്കെ

രാഷ്ട്രീയത്തിൽ അധികം തലയിടാതെ ഒതുങ്ങി കഴിഞ്ഞവർ .

ഇലക്ഷന് പ്രകടനത്തിൽ പങ്കെടുക്കുന്നതാണ് ആകെയുള്ള രാഷ്ട്രീയം.

അച്ഛൻ എന്നും ഖദർ മാത്രമേ ധരിക്കാറുള്ളൂ
എങ്കിലും
ഒരു ഉറച്ച ഇടതു പക്ഷക്കാരനായിരുന്നു എന്നും

സ്വാഭാവികമായും ഞാനും എസ്  എഫ് ഐ യുടെ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

പക്ഷെ ആ വര്ഷം
കോളേജ് യൂണിയൻ കെ എസ യു വിന്

ഇലെക്ഷൻ കഴിഞ്ഞ കുറച്ച് നാൾ ചില സംഘട്ടനങ്ങളും
 കോളേജ് അടച്ചിടലും ഒക്കെ പതുവുപോലെ നടന്നു.

അന്ന്
 കെമിസ്ട്രി ലാബിൽ ....
ഉച്ച സമയം കഴിഞ്ഞിട്ടുണ്ട്...
എല്ലാവരും പെട്ടെന്ന് ഇറങ്ങിക്കോളൂ !!!
പപ്പൻ സാർ ആകെ പരിഭ്രമത്തോടെ ഓടി വന്നു പറഞ്ഞു.

എന്താണ് കാര്യം
ആർക്കും ഒന്നും അറിയില്ല!!

ഞങ്ങൾ എല്ലാവരും പുസ്‌തകങ്ങളുമെടുത്ത്
പുറത്തേക്ക് ഓടി.

കാന്റീന് മുമ്പിലായി കുറച്ച് കുട്ടികൾ ഉണ്ട്,

അവർ
കുറച്ച് ദൂരെ യായി

ചോരപ്പാടുകൾ നിറഞ്ഞ
ഒരുഭാഗത്ത് മൊരണയുള്ള വിറകിൻ കഷ്ണം നോക്കിയാണ് പറയുന്നത്...

എന്തൊക്കെയോ ദുസ്സൂചനകൾ!!

ഞങ്ങൾ സമയം പാഴാക്കാതെ കുന്നിറങ്ങി.

ടൗണിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്
ക്യാന്റീനിൽ വച്ച് കോളേജ് യൂണിയനിലുള്ള കുറച്ച് പേർ,

ഒരേ സംഘടനയിൽ പെട്ടവർ!!

തമ്മിൽ വഴക്ക്
മാഗസിൻ എഡിറ്റർ ആയ ബഷീറിന് പരിക്ക് ..

സ്ഥിതി കുറച്ച് വഷളാണ് ...

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല !

ബഷീർ ....

ആ അതുല്യ കലാകാരൻ

വോട്ട് തേടി  വരുമ്പോളും
പിന്നീട് ജയിച്ച് നന്ദി അറിയിക്കാൻ വന്നപ്പോഴും
പാടിയ റാഫിയുടെ  ഗാനം ....

 ഓ....ദുനിയാക്കെ  രഘുവാലേ ......

പിന്നീട്

രണ്ടാം നാൾ  കേട്ടു ...

ബഷീർ ഇനി ഇല്ല !!!

ഇന്നും  ഓർമയുണ്ട്....

ഓഫീസിനു മുമ്പിൽ....

കാലം തെറ്റി പൂത്ത മെയ് ഫ്ലവർ മരത്തണലിൽ .......

നിറകണ്ണുകളുമായുള്ള അനുസ്മരണം.

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിതുമ്പുന്ന പ്രിൻസിപ്പൽ...

കരഞ്ഞു കരഞ്ഞു നിവർന്നു നിലക്കാൻ പോലും പറ്റാതെയുള്ള കൂട്ടുകാരി.

കറുത്ത ബാഡ്‌ജും ധരിച്ച് ഒരു മൗന ജാഥ ....

അവയൊക്കെ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു.

 എങ്കിലും,

എനിക്ക് ഇന്നും ഒരുത്തരവും കിട്ടുന്നില്ല ..

നമ്മുടെ സമൂഹത്തിന്
വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ,

ഭാവിയുടെ വാഗ്ദാനങ്ങളായ

കുറെയേറെ സഹോദരന്മാരെ

ആശയങ്ങൾ എതിരാണെന്ന ഒറ്റകാരണത്താൽ

അരിഞ്ഞു  വീഴ്ത്തുന്നവർ  എന്ത് നേടുന്നു  !!

ഇപ്പോഴും എന്റെ ചെവികളിൽ ആ ഗാനത്തിന്റെ ഈരടികൾ ...

ഓ ദുനിയാകെ രഗ്ഗ്വാലെ ....
സുൻ ദർദ് ഭരേ മേരെ നാലേ ...
................................
ओ दुनिया के रखवाले
सुन दर्द भरे मेरे नाले

आश निराश के दो रंगों से, दुनिया तूने बनायी
नैया संग तूफ़ान बनाया, मिलन के साथ जुदाई
जा देख लिया हरजाई
हो लूट गयी मेरे प्यार की नगरी अब तो नीर बहा ले
ओ दुनिया के रखवाले.......................





Saturday, June 23, 2018

ഓർമ്മയിൽ അച്ഛൻ ..(ii)

എന്റെ മക്കൾ എന്നെക്കാളും ഉയരങ്ങൾ കീഴടക്കണം....
ഏതൊരു അച്ഛനും ആഗ്രഹിക്കുന്നത് ...

പക്ഷെ മക്കൾ
അവരുടെ യുവത്വത്തിന്റെ മായാലോകത്ത്
മാതാ-പിതാക്കളുടെ സ്വപ്‌നങ്ങൾക്ക്
തെല്ലും വിലകൽപ്പിക്കാതെ അവഗണിക്കുന്നു ...
അവർക്ക് പലപ്പോഴും പരാതികൾ മാത്രം  ബാക്കി...
പക്ഷെ
കാലത്തിന്റെ കുത്തൊഴുക്കിൽ
ബഹു ദൂരം സഞ്ചരിച്ച് കഴിയുമ്പോൾ
നമുക്കൊരോത്തർക്കും മനസ്സിലാകും ആ നഷ്ടപ്പെട്ട സ്നേഹത്തിന്റെ വില.

നമ്മളെ പൊതിഞ്ഞു സംരക്ഷിച്ച
ആ പുതപ്പ് നീങ്ങുമ്പോൾ മാത്രമാണ്
പുറത്തെ തണുപ്പിന്റെ കാഠിന്യം നമുക്ക് മനസ്സിലാകുന്നത്.

 എണ്ണമറ്റ ബന്ധങ്ങളെ കൂട്ടിയിണക്കിയ
ഒരു  കണ്ണി  ഇല്ലാതാകുന്നതോടെ
അപ്രതീക്ഷിതമായി പല ബന്ധങ്ങളും
കാഴ്ചയിൽ നിന്നും മറഞ്ഞു പോകുന്നത് നാം അറിയുന്നു..

അച്ഛന്റെ ആഗ്രഹം
ഞങ്ങൾ ആറ്പേർക്കും സർക്കാർ ജോലിയുമായി
അടുത്തടുത്ത് വീടുകളെടുത്ത് താമസിക്കണം എന്നായിരുന്നു.
ഞാൻ ഒഴികെ ബാക്കിയെല്ലാരെയും
ബി  എഡ് എടുപ്പിച്ചതും അതുകൊണ്ടാകാം.
ഒരുപക്ഷെ ഞങ്ങളെല്ലാം നല്ല നിലയിലെത്തിയതിന്
ആ  ഒരുഅനുഗ്രഹത്തിന്റെ  പിന്ബലമുണ്ടായിരിക്കാം .

പണ്ട് ഞാൻ പലപ്പോഴും അച്ഛനോട് പരിഭവം പറഞ്ഞിട്ടുണ്ട് -
മദ്രാസ് ഗവെർന്മെന്റിന്റെയും ,
മലമ്പുഴയിലെയും  മറ്റും ജോലിയും
പിന്നീടുള്ള പ്രമോഷനും
ഒക്കെ വേണ്ടെന്ന് വച്ച് മട്ടന്നൂരിൽ  ഒതുങ്ങാൻ കരണമെന്തേ എന്ന് .
അവിടെയൊക്കെയാണ് ഞങ്ങൾ വളർന്നതെങ്കിൽ
ഇപ്പോഴത്തേക്കാൾ നല്ല സ്ഥിതിയിലായേനെ എന്ന്.
ഈ പശുവളർത്തലും കൃഷിയും കൊണ്ട് എന്താകാനാ?

അച്ഛനൊരു മറുപടിയും പറഞ്ഞില്ല.

ഒരുപക്ഷെ
അച്ഛൻ മട്ടന്നൂരിൽ
സ്ഥിരതാമസമാക്കിയില്ലായിരുന്നെങ്കിൽ
ഞാൻ ഉണ്ടാകുമായിരുന്നോ എന്ന് ആരും ചോദിച്ചില്ല  എന്നോട്  .

അച്ഛന് പ്രായമാകുന്നു
അമ്മയ്ക്കും പണ്ടത്തെ പോലെ പണിയെടുക്കാനൊന്നും പറ്റുന്നില്ല .
ഏട്ടന്മാർക്കൊക്കെ ജോലിയായി ,
ഏച്ചിമാരുടെയും വിവാഹമൊക്കെ കഴിഞ്ഞു
ഇനിയെങ്കിലും കുറച്ച് റസ്റ്റ് എടുക്കൂ.
എല്ലാവരുടെയും നിർബന്ധം ശക്തമായിരുന്നു.

പക്ഷെ അച്ഛന് പശുക്കളെ ഉപേക്ഷിക്കുവാൻ മനസ്സില്ല.
അവരെ മക്കളെ പോലെ വളർത്തുന്നതാണ് അച്ഛൻ.

സ്ഥിരമായി ചവനപ്രാശം കഴിക്കും എന്നിട്ട് ഒരു ഗ്ലാസ് പാലും.
കൊല്ലത്തോട് കൊല്ലം കഴിക്കാനുള്ള നെല്ല് വയലിൽ നിന്നും കിട്ടും,തെങ്ങും,കുരുമുളകും മറ്റ് കൃഷികളും കൂടാതെ
അഞ്ചു പത്ത്  തേനീച്ച കൂടുണ്ട് ആവശ്യത്തിലധികം തേനും.
പക്ഷെ എന്തൊക്കെ ആയാലും
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അച്ഛൻ പശുക്കളെ ഒരു പരിചയക്കാരന് കൈമാറി .
അച്ഛൻ ഫ്രീ ആയെന്ന് എല്ലാവരും കരുതി
പക്ഷെ
അന്ന്
ഒരു ദിവസം എച്ചിയെ കാണാൻ പയ്യന്നൂരിൽ പോകുക ആയിരുന്നു
ബസ് ചെറിയൊരു അപകടത്തിൽപ്പെട്ടു
അച്ഛന് കാര്യമായൊന്നും പറ്റിയില്ല , മുന്നിലെ പല്ല് പൊട്ടി
കുറച്ച്  ദിവസം മുഖത്ത് കുറച്ച് നീര്.
അതൊക്കെ മാറി സുഖമായി വന്നപ്പോൾ
ഒരു നാൾ ഒരു ചെറിയ പനി
കുറച്ച് ദിവസം കഴിഞ്ഞിട്ടും അത് മാറിയില്ല.
കണ്ണൂരിൽ കാണിച്ച് സ്കാൻ ചെയ്തു.
ലിവറിൽ ചെറിയൊരു അബ്സെസിസ്.
അച്ഛൻ ഒരിക്കലും മദ്യപിച്ചിട്ടില്ല എന്ന് എല്ലാവര്ക്കും അറിയാം എന്നിട്ടും!!
രണ്ടാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ
"ദിവസേന "Metrogil " തുള്ളികളായി ഞരമ്പിലേക്ക്
രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അബ്‌സീസിന്‌ മാറ്റമൊന്നുമില്ല
ഇതിന് മറ്റ് ചികിത്സ ഒന്നുമില്ല
വീട്ടിലേക്ക് പൊയ്ക്കോളൂ..
നമ്മുടെ കുടുംബ ഡോക്ടറും പറഞ്ഞു ഇതിനു വേറെ  ചികിത്സ ഇല്ലാ..
അലോപ്പതി ഡോക്ടർ ആയിട്ടും പറഞ്ഞു നമുക്ക് ഹോമിയോപതി നോക്കാം
ഹോമിയോ മരുന്നുകളുമായി രണ്ടു വർഷത്തോളം
മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല തടി വല്ലാതെ ക്ഷീണിച്ചു,
അത് ഹെർണിയ യുടെ രൂപത്തിൽ ഉപദ്രവിക്കാൻ തുടങ്ങി.

അന്ന്  നമ്മ ളെല്ലാവരും  നാട്ടിൽ വന്നൊരു ദിവസം
വീട്ടിൽ ഞാനും അമ്മയും അച്ഛനും മാത്രം
രാത്രി ഭക്ഷണ ശേഷം അച്ഛനൊന്ന് ഛർദിച്ചു.
കുഴപ്പമില്ല എന്ന് വിചാരിക്കുമ്പോൾ വീണ്ടും ഒരിക്കൽ കൂടി
വേഗം ആശുപത്രിയിലേക്ക് ..
ഡോക്ടർ നോക്കി
കുഴപ്പമില്ല
പ്രഷർ കുറച്ച് കുറവാണ് ഇൻജെക്ഷൻ കൊടുക്കാം....
പിറ്റേന്ന് എല്ലാവരും എത്തുമ്പോഴേക്കും
അച്ഛന്റെ ബോധം മറഞ്ഞിരുന്നു
ശ്വാസം മാത്രം ...
ഓക്സിജൻ മാസ്ക് ധരിച്ചിട്ടുണ്ട്

ഹോസ്പിറ്റലിലെ ഓക്സിജൻ സ്റ്റോക്ക് തീർന്നു
ബന്ധുവായ സിസ്റ്റർ ഓടി വന്ന് അറിയിച്ചു

മട്ടന്നൂരിൽ പരക്കെ അന്വേഷിച്ചു

പക്ഷെ എവിടെയും സ്റ്റോക്ക് ഇല്ല

ഇനിയൊന്നും ചെയ്യാനില്ല എന്ന് ഡോക്ടർ

അച്ഛന്റെ ശ്വാസം നേർത്ത് നേർത്ത് ഇല്ലാതാകുന്നത്
അറിയുന്നു..

നിസ്സഹായരായി ...

എല്ലാം വിധിയിലർപ്പിച്ച്

മുഖമടക്കം
വെള്ള തുണി മൂടി സ്ട്രെക്ചറ്‌റിൽ കിടക്കുന്ന അച്ഛനുമായി
തിരികെ വീട്ടിലേക്ക് ....................






Monday, February 5, 2018

"അനായാസേന മരണം"


മടുപ്പാണ്, വെറുപ്പാണ് എല്ലാത്തിനോടും. ബന്ധുക്കളോട്, സുഹൃത്തുക്കളോട്, സഹപ്രവർത്തകരോട്, ഈ സമൂഹത്തോട്.. 
എല്ലാം മടുത്തിരിക്കുന്നു. 
എല്ലാത്തിനോടും വിട പറയാൻ തോന്നുന്നു.
 ഇത് ഒരു നിമിഷാർധത്തെ ചിന്തയാണോ? ആയിരിക്കാം. ഈ രോഗം തരുന്ന ദുഃഖം പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറമാണ്................................

ഓരോ ദിവസവും വേദനാജനകമാണ്. 
മരണം ആണ് എല്ലാത്തിൽനിന്നുമുള്ള മുക്തി എങ്കിൽ ഞാൻ അതാഗ്രഹിക്കുന്നു. കുടുംബത്തെക്കുറിച്ചു ആശങ്കകൾ ഇല്ല. അത് കൂടുതൽ നന്നായി മുന്നോട്ടു പോകും. കുടുംബത്തിലോ
 സാമൂഹത്തിലോ 
ജോലി സ്ഥലത്തോ 
ഞാൻ എന്നത് ഒരു അവിഭാജ്യ ഘടകമേ അല്ല. 
ജീവിതം എന്നത് വലിയ ഒരു മിഥ്യ ആണോ? 
മരണം എന്നത് ഒരു വലിയ സത്യമോ?

ഇത് ഇന്ന് വൈകുന്നേരം ഒരു അടുത്ത സുഹൃത്ത് മുഖപുസ്തകത്തിൽ കുറിച്ചിട്ട വാക്കുകൾ ...

ഇന്ന് ഉച്ചക്ക് ശേഷം കുറച്ച്  കേസ് ഫയലുകളിൽ ഓര്മക്കുറിപ്പ്പ്പുകൾ എഴുതവേ ..

ഭാര്യയുടെ ഫോൺ...
പവിത്രേട്ടൻ ......പോയി പോലും...

ഭാര്യാപിതാവിന്റെ ഒരു അടുത്ത സുഹൃത്ത് ..
രണ്ടു മാസം മുമ്പാണ് പെട്ടെന്നൊരു പനി ..
ഒരാഴ്ച്ച മംഗലാപുരത്ത് ചികിത്സ കഴിഞ്ഞു മടങ്ങി ...
അധികം താമസിയാതെ പനി വീണ്ടും....
പിന്നീട് കേൾക്കുന്നത് മംഗലാപുരത്ത് വെന്റിലേറ്ററിൽ  ആക്കി എന്നാണ് ..
ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ട് പക്ഷെ 
ശ്വാസകോശത്തിനാണ് പ്രശ്‍നം 

ഇടക്ക് വ്യത്യാസം ഉണ്ടെന്നൊക്കെ കേട്ടു..

കഴിഞ്ഞയാഴ്ച്ച നാട്ടിലേക്ക് കൂട്ടിക്കോളൂ എന്നും പറഞ്ഞെന്ന് അറിഞ്ഞു 

എന്നാലും 

അസുഖം ഭേദമമെന്നൊരു പ്രതീക്ഷ...

അതിനുവേണ്ടി പതിനഞ്ചുലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവാക്കി എന്നും കേട്ടു ..

ആ പ്രതീക്ഷകളൊക്കെ ആസ്ഥാനത്തതാക്കി 

പവിത്രേട്ടൻ ഇനി ഇല്ല ..

ബോഡി എഴരക്കെ എത്തുള്ളൂ ...

വൈകുന്നേരം ചായകുടിക്കവേ ..

നാട്ടിലെ ഒരു സുഹൃത്തിന്റെ ഫോൺ ..

മനുവേട്ടനറിഞ്ഞില്ലേ ...

നമ്മുടെ ******ന്റെ  മകളുടെ ഭാര്തതാവ് മരണപ്പെട്ടുവത്രേ.....
വര്ഷങ്ങള്ക്ക് മുമ്പ് നാട്ടിൽ കേട്ട 
ഒരു പ്രണയ കഥയിലെ ഒരു കഥാപാത്രത്തിന്റെ ഭാര്തതാവ് 
അമ്മയും അച്ഛനും നാട്ടിൽ അറിയപ്പെടുന്ന പ്രൊഫഷണൽസ് 
മകളും അടുത്തുള്ള പാരലൽ കോളേജിലെ വാധ്യാരുമായി ചെറിയൊരു അടുപ്പം 
വാധ്യാർ പഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ 
കുറച്ച് രാഷ്ട്രീയവുമുണ്ട് 
പക്ഷെ സ്വന്തമായി പ്രശസ്തമായ ഒരു സ്ഥാപനം നടത്തുന്ന,
 നാട്ടിലറിയപ്പെടുന്നവരുടെമകളെ ഒരു സാധാ വാധ്യാരെ കൊണ്ട് കെട്ടിക്കാനോ ?
പിന്നെ കേട്ടത് 
അവളെ അവരുടെ സ്റ്റ്റാറ്റസിനു പറ്റുന്ന 
ഒരു പ്രൊഫഷണൽ നെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നതും 

നിരാശാ കാമുകനായ പയ്യൻ

പിന്നീട് സിവിൽ സർവീസിൽ കയറി ഉന്നത സ്ഥാനം അലങ്കരിച്ചതും 
ഇന്നും നാടിന്റെ അഭിമാനമാണെന്നതും എല്ലാം എപ്പോഴെക്കെയോ കേട്ടിരുന്നു ....

 അച്ഛനും അമ്മയും മരിച്ചിട്ട് കുറച്ച് വർഷങ്ങൾ ആയിരിക്കുന്നു 
ഇപ്പോൾ ഭർത്താവും 

ജീവിതം  ആർക്കും പ്രവചിക്കാൻ പറ്റാത്ത ഒരു സമസ്യ ആണ് 

ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ....

ഉറ്റ മിത്രമായ 

എന്നും ഇൻസ്പിരേഷൻ ആയ 

ഒരു സുഹൃത്തിന്റെ വാട്സ് ആപ്പ് പോസ്റ്റ് 

അവയിലെ ചില വാചകങ്ങൾ ഇവിടെ പങ്ക് വെക്കട്ടെ ......

ശാരീരിക പീഡകളും ഏറി വരുന്നു. ഈ ശരീരം പോലും ഭാരമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഇതും ഏന്തി വലിഞ്ഞു നടക്കുമ്പോൾ പലപ്പോഴും ശ്വാസം കിട്ടുന്നില്ല. വെറുതെ ഇരുന്നാൽ പോലും വീർപ്പുമുട്ടലാണ്. Suffocation at its worst.
..............................................................

ചിന്തകൾക്ക് തീ പിടിച്ചിരിക്കുന്നു. മനസ്സിൽ നിന്നും ഒലിച്ചിറങ്ങുന്ന കന്മദം വിദ്വേഷത്തിന്റേതാണ്. ക്ഷമിക്കാൻ ആവുന്നില്ല. ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള പോലെ. സമയമിനിയെത്ര ബാക്കി?
..........................................................................

വ്യക്തിപരമായ ആഗ്രഹങ്ങൾ ഒന്നും ബാക്കി ഇല്ല. അത് പണ്ടേ ഇല്ല. തളർന്നു കൊണ്ടിരിക്കുന്ന ഈ ശരീരത്തെ താങ്ങിനിർത്തിയിരിക്കുന്നത് നീ ഒരാൾ മാത്രമാണ്. ഓരോ ദിവസവും വേദനാജനകമാണ്. മരണം ആണ് എല്ലാത്തിൽനിന്നുമുള്ള മുക്തി എങ്കിൽ ഞാൻ അതാഗ്രഹിക്കുന്നു. കുടുംബത്തെക്കുറിച്ചു ആശങ്കകൾ ഇല്ല. അത് കൂടുതൽ നന്നായി മുന്നോട്ടു പോകും. കുടുംബത്തിലോ സാമൂഹത്തിലോ ജോലി സ്ഥലത്തോ ഞാൻ എന്നത് ഒരു അവിഭാജ്യ ഘടകമേ അല്ല. ജീവിതം എന്നത് വലിയ ഒരു മിഥ്യ ആണോ? മരണം എന്നത് ഒരു വലിയ സത്യമോ?

"അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമത് കൃപയാ ശംഭോ
ത്വയീ ഭക്തി മഞ്ചലാ"

ആ വാക്കുകളോട് ഏതു രീതിയിൽ പ്രതികരിക്കും?????

സുഹൃത്തെ

മരണം താങ്കൾ ആഗ്രഹിക്കുന്നുണ്ടാകാം 

പക്ഷെ താങ്കളെ സ്നേഹിക്കുന്നവരിലേക്ക് എറിയുന്ന വാക്കുകൾ 

അവ സൃഷ്ട്ടിക്കുന്ന വേദനകൾ 
കുറച്ച് വരികളിൽ ഒതുക്കാവുന്ന ഒന്നല്ല 

ഒരാളുടെ വേർപാട് 
മനസ്സിൽ സൃഷ്ട്ടിക്കുന്ന ശ്യൂനത ഒരിക്കലും 
ഒന്നിനെ കൊണ്ടും നിറയ്ക്കുവാൻ കഴിയുകയില്ല 
ചിലപ്പോൾ മറവിയുടെ നേർത്ത പുതപ്പിനാൽ അവ മൂടി കിടക്കുമെങ്കിലും 
ഒരു നേർത്ത ഓർമകളാകുന്ന കാറ്റ് മതി 
ആ ശ്യൂന്യത സൃഷ്ട്ടിക്കുന്ന അലകളെ കൂറ്റൻ തിരമാലകളാക്കി മാറ്റുവാൻ ..

ദയവായി നമ്മൾ ജീവിക്കുന്ന ഓരോ നിമിഷങ്ങളിലും 
ആ പരമകാരുണ്യവാനായ 
ആ സ്രഷ്ട്ടാവിനോട് 
പ്രകൃതിയാകട്ടെ അല്ലെങ്കിൽ മനുഷ്യ സൃഷ്ട്ടിയാകട്ടെ

ആ ശക്തിയോട് നന്ദി പറയാം....
കൂടെ 
നമ്മുടെ പ്രവർത്തിയും വാക്കുകളും

മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാനും ശ്രമിക്കാം .................

Monday, January 15, 2018

ഇന്നലെകൾ ഇല്ലാത്തവൾ ...............



പാർക്കിൽ വരണമെന്ന് കുട്ടികൾ പറയാൻ തുങ്ങിയിട്ടു കുറച്ചു നാളായി
ഒന്നാമത് ഒന്നിനും സമയമില്ല
രണ്ടു ദിവസത്തെ അലച്ചിലിനു ശേഷം ഓഫ് ഡ്യൂട്ടി കിട്ടി
സ്കൂളിൽ നിന്നും വന്ന കുട്ടികളെയും കൂട്ടി നേരെ പാർക്കിലേക്ക്
ചൂട് കുറവാണെങ്കിലും വെയിൽവീണ പുൽത്തകിടി
ഓടി തിമിർത്ത് കുട്ടികൾ
സന്തോഷമായിരിക്കുന്നു

റോഡരികിലെ നിർത്തിയിട്ട ബൈക്കിനരികിലേക്ക് നടന്നു വരുന്നത്
ചന്ദ്രൻ സാറിന്റെ മകൻ അരുൺ അല്ലെ
അതെ അത് അവൻ തന്നെ
കുറച്ചുകാലമായി അവനെ കണ്ടിട്ട്
കോലം ആകെ മാറിപ്പോയിരിക്കുന്നു
താടിയൊക്കെ നീട്ടി ചുളിഞ്ഞ കുപ്പായവുമായി...

എന്താടാ ഈ കോലത്തിൽ

കാലം കുറെ ആയല്ലോ കണ്ടിട്ട്

ചേട്ടനോ .....

അവന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം

നീ ഇപ്പൊ എവിടെയാ

കറക്കമൊക്കെ എന്തായി ?

കല്യാണമൊക്കെ കഴിച്ചോ?

ഇത്രയും ചോദ്യ൦ ചോദിച്ചിട്ടും യാതൊരു മറുപടിയുമില്ല !!

എന്ത് പറ്റിയെടാ ?

അവന് മറുപടി പറയാനെന്താണ് മടി !

അനിയൻ വരുണിന് സുഖം തന്നെ അല്ലെ ?

ആശ്വാസം ...!

തലയാട്ടി ഒരു മറുപടി .

നീതു ഇപ്പോൾ എവിടയാ ...........?

നിന്നെ എനിക്ക് കാണേണ്ട ...
ഇനി എന്നോട് സംസാരിക്കാനും വരണ്ട .........

നാല് വര്ഷങ്ങള്ക്കു മുമ്പ് അവൾ അവനോടു പറഞ്ഞ വാക്കുകൾ
കുറച്ചു ആശങ്കയോടെ
ഒരു ചേട്ടനോടെന്നപോലെ  എന്നോട് പറഞ്ഞിട്ടുണ്ട്

അന്നൊക്കെ എന്നും
 രാവിലെ ഓഫീസിലേക്ക് നടക്കുമ്പോൾ
 വരുണിന്റെ ഷോപ്പിൽ കയറും
സൗഹൃദ സംഭാഷണങ്ങൾക്കായി ..

ഓഫീസിൽ ഒന്നിച്ച് ജോലി ചെയ്യുന്ന
ചന്ദ്രൻ സാറിന്റെ മൂത്ത മകനാണ് അരുൺ

ഇളയവൻ വരുൺ അവൻ മറ്റ് കുട്ടികളിൽ നിന്നും കുറച്ച് വ്യത്യസ്തൻ ആണ് വയസ്സിനൊത്ത  ബുദ്ധിവികാസം ഇല്ല.
എങ്കിലും മിടുക്കൻ ആണ്.

ചന്ദ്രൻ സാർ  പല ചികിത്സാ പരീക്ഷണങ്ങളും നടത്തിയെങ്കിലും
അതൊന്നും  ഫലവത്തായില്ല

അരുണിന് വലിയ ഇഷ്ടമാണ്  അനിയനെ

കടയിൽ നിന്നും വന്നാൽ
മുഴുവൻ സമയവും വരുണിന്റെ കൂടെയുണ്ടാകും  കളിയും ചിരിയുമായി

അരുണിന്  നീതുവിനെ ഇഷ്ടമായിരുന്നു

അവൾ അന്ന് ബി എസ് സി ക്കു പഠിക്കുന്നു

എന്നാൽ
പലപ്പോഴും
 അവർ തമ്മിലുള്ള പിണക്കത്തിന് ഹേതു വരുണായിരിക്കും
"ആ മന്ദബുദ്ധി യെയും പേറി നടന്നാൽ മതി
എന്നോട് കൂട്ട് കൂടാൻ വരണ്ട"

ചേട്ടാ വിവാഹം ചെയ്താൽ വരുണിനെ അവൾ ഉപദ്രവിക്കുമോ??

എനിക്ക് നീതുവിനെ മറക്കാൻ സാധിക്കില്ല ...

അരുൺ പലപ്പോഴും ആശങ്കപ്പെടും .

അവൾക്ക് നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്ന തല്ലേ
പെണ്ണുങ്ങൾ അവർക്കു കിട്ടുന്ന സ്നേഹം പങ്ക് വെക്കാൻ ഇഷ്ടപ്പെടാറില്ല
നിന്നോട് കൂടെ ചേർന്നാൽ അവളും വരുണിനെ സ്നേഹിക്കാൻ തുടങ്ങും
നീ ഒന്ന് കൊണ്ടും പേടിക്കേണ്ട ..

ഞാൻ ആശ്വസിപ്പിക്കും.

പ്രമോഷനായി സ്ഥലം മാറിപോയതോടെ
അരുണിന്റെ ഒരു വിവരവും അറിയാതെയായി.

നീതു ഇപ്പോൾ എവിടെയാ?

ചേട്ടനറിയില്ലെ

മൂന്നു വര്ഷം മുമ്പ്
ക്ലാസ്‌ കഴിഞ്ഞു റെയിൽവേ സ്റ്റേഷനിലേക്ക് നടക്കവേ
ഫോണിൽ
എന്നോട് സംസാരിക്കുകയായിരുന്നു.....

പിന്നിൽ വന്ന ട്രെയിൻ അവൾ കണ്ടില്ല

എന്നിട്ട്

അവൾക്ക്.......

അവന്റെ കണ്ണുകൾ

നിറയുന്നുവോ??????????

സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ

ഒരേ യൂനിഫോമിൽ
നിര നിരയായി
സ്‌കൂൾ ബസ്സിലേക്ക്

പിന്നിലായി വരുൺ

അവന്റെ കൈയും പിടിച്ച്

മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി

ഒരു പെൺകുട്ടി

അതെ അത് ....നീതു...

അന്നത്തെ ആക്‌സിഡന്റിൽ

അവളുടെ ഓർമ്മകൾ പാടെ നശിച്ചു

അവൾക്ക്

 പത്ത് വയസ്സിന്റെ ബുധ്ധി വികാസമേ  ഉള്ളൂ....

അവൾ   അവൾ ഇന്ന്

 വരുണിന്റെ ക്ലാസ്സിലാണ് .........

അരുൺ അനിയനെ കൂട്ടാനായി ബസ്സിനടുത്തേക്ക്

അതോ

അവളെ കാണാനോ ?

മക്കളുടെ അടുത്തേക്ക് മടങ്ങവേ

മനസ്സിൽ വന്ന വാചകം

എന്നോ വായിച്ചത്

ജീവിതത്തിൽ  ആരെയും വില കുറച്ച് കാണരുത്

ഓർക്കുക ,

നിലച്ചു പോയ ഘടികാരവും

ദിവസത്തിൽ രണ്ടു പ്രാവശ്യം

നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരും.



**  "ഈ കഥ സങ്കല്പികമാണ്
 കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല".**










Saturday, January 13, 2018

സിനിമാ പ്രാന്ത് .............


സിനിമ
അത്
ഓല മേഞ്ഞ ആനന്ദ് ടാക്കീസിലെ തറയിൽ ഇരുന്ന് കാണുമ്പോഴും

പകുതി മയക്കത്തിൽ

അച്ഛന്റെയും  അമ്മയുടെയും കൂടെ
സെക്കന്റ് ഷോ കാണുമ്പോഴും

ആഴ്ച്ച  തോറും

സഹിനാ  ടാക്കീസിൽ
കുഷ്യൻ സീറ്റിൽ ഇരുന്ന് ആസ്വദിക്കുമ്പോഴും

അന്നും.....
ഇന്നും.....
എന്നും ...........
ഒരു  പ്രത്യേക ആവേശം തന്നെ  ..............

കമലഹാസൻ പാറയാണെന്ന് കരുതി ആനപ്പുറത്തു കയറുന്നു ...

ആറാം വയസ്സിൽ അച്ഛന്റെയും  അമ്മയുടെയും കൂടെ

ആനന്ദ് ടാക്കീസിൽ

"ഈറ്റ " യിൽ കണ്ടത്

പിന്നീട് ശോഭ ഏച്ചി യുടെ കൂടെ

എല്ലാ വെള്ളിയാഴ്ചകളിലും ഒരു സിനിമ

അതിൽ  ഒട്ടുമിക്ക ജയൻ പടങ്ങളും പെടും

ജയന്റെ വലിയ ആരാധികയായ അടുത്ത വീട്ടിലെ ശോഭ ഏച്ചിക്ക്
സിനിമക്ക് പോകാൻ കൂട്ട് അന്ന് ഞാൻ ആയിരുന്നു

അയല്പക്കമായതിനാൽ
എനിക്ക് ടിക്കറ്റ് വേണ്ട.

ടാക്കിസിൽ  ശബ്ദം
 അകത്തുള്ളതിനേക്കാളേറെ പുറത്താണ്

അതുകൊണ്ടു തന്നെ
പടം  ടാക്കിസിൽ നിന്നും മാറുന്നതിന്റെ തലേന്ന് മാത്രമെ
കാണാറുള്ളൂ

 സംഭാഷണങ്ങൾ കേൾക്കുമ്പോൾ പിന്നെ
പാഠങ്ങളിലായിരിക്കില്ല ശ്രദ്ധ.

ആവർത്തിച്ച് കേൾക്കുന്ന  ഡയലോഗുകൾ........
പടം നാലഞ്ചു തവണ കണ്ടത്തിനു തുല്യം.

 ഒൻപതിൽ പഠിക്കുമ്പോൾ
 വീട്ടിൽ 14 ഇഞ്ചു  ബ്ലാക്ക് &വൈറ്റ് ടിവിയുടെ ആഗമനം

സിനിമാ ലോകം ..
അറിവുകൾ  വികസിക്കുകയ്യായിരുന്നു
ദൂർദർശനിൽ
രാത്രി പന്ത്രണ്ടു മണിവരെ ഉറക്കമൊഴിഞ്ഞു കണ്ട പാഥേർപാഞ്ചാലി തുടങ്ങിയ  ക്ലാസ്സിക്കുകൾ
അവാർഡ് സിനിമകൾ
പുലർച്ചെ അഞ്ചുമണി മുതൽ യുജിസി യിൽ
 സിനിമ ടെക്‌നിക്കുകളെക്കുറിച്ചുള്ള സീരിയലുകൾ ...........

ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ..........

എനിക്കും സിനിമ ഡയറക്റ്റ് ചെയ്യണം

ശരിക്കും ഒരു മിഥ്യാ ലോകം തീർത്തൂ ഞാൻ

പ്രീ ഡിഗ്രിയോടെ ചിന്തകൾക്ക് ആഴം വർദ്ധിച്ചു...

ആദ്യം പഠനം..... അത് കഴിഞ്ഞു മതി സിനിമ
ലീവിൽ വന്നാൽ രവിയേട്ടൻ വഴക്കു പറയും .....

പ്രായത്തിന്റെ കുഴപ്പമോ ............
 പക്വത കുറവോ എന്തോ

ചിന്തകളിലും സ്വപ്നങ്ങളിലും സിനിമ മാത്രം

രണ്ടാം ക്ലാസ്സു മാത്രമായുള്ള പ്രീ ഡിഗ്രി റിസൾട്ട്

മെഡിക്കൽ എൻട്രൻസു ക്ലാസ്സിനായി കണ്ണൂരിൽ പോകുമ്പോഴും

അത് പഠനത്തേക്കാളേറെ

 സിനിമ കാണാനുള്ള സാഹചര്യം നൽകി

അജിത്തിന്റെയും ഇപ്പോൾ
ഡിഫെൻസിൽ ഡോക്ടറായി സേവമനുഷ്ഠിക്കുന്ന ജ്യോതിപ്രസാദിന്റെയും കൂടെയുള്ള
 കണ്ണൂർ യാത്രകൾ
സംസാരങ്ങൾ .......

ബി  എസ് സി ക്കു കോളേജിൽ
പുതിയ കൂട്ടുകെട്ടുകൾ
പക്ഷെ ഞാൻ എന്നും introvert ആയിരുന്നു ..

കൂടാതെ

പഠനത്തേക്കാളും ഉഴപ്പ് ആണ് മുന്നിട്ടു നിന്നത്

എല്ലാ ക്ലാസ്സിലും നൂറു ശതമാനം ഹാജരുണ്ടെങ്കിലും

മനസ്സ്  മായിക ലോകത്ത് തന്നെ

ബി  എസ് സി ക്കും സെക്കന്റ് ക്ലാസ്സു മാത്രം ...

പൂനെയിൽ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരണം ..

പക്ഷെ എങ്ങനെ ???

തല്ക്കാലം  പൂനെ സിംബയോസിസിൽ എൽ എൽ ബിക്ക് ...

മധുവേട്ടന്റെ കോട്ടേഴ്ർസിൽ
റേഞ്ച് ഹിൽസും
ക്ഡക്കി ,  ഔന്ദ് റോഡ്
പുണെ യൂണിവേഴ്സിറ്റി
പുതിയ ആൾക്കാർ
പുതിയൊരു ലോകം
സിറ്റിയിലൂടെ സൈക്കിളിലുള്ള കറക്കം
വൈകുന്നേരം രണ്ടു മണിക്കൂറോളംമുള്ള നടത്തം
ഇവ
മനസ്സിൽ
പുതിയ കഥകൾ മെനയാനുള്ള സാഹചര്യം യഥേഷ്ട്ടം തന്നു....

ആ വര്ഷം പൂജ ഹോളിഡേയ്സിന് നാട്ടിൽ വന്നപ്പോൾ വായിച്ച ഒരു വാർത്ത..

സിനമറ്റോഗ്രാഫർ ആത്മഹത്യ ചെയ്തു!!

പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും മെഡലോടെ പാസായ,
രണ്ടോ മൂന്നോ സിനിമക്ക് കാമറ ചലിപ്പിച്ച കാമറാമാൻ.
ഉപജീവനത്തിനായി..........
കുറച്ച് കാലമായി റബ്ബർ ടാപ്പിംഗ്...

അന്ന് വായിച്ച  വാർത്ത മനസ്സിൽ തറിച്ചു .......

എന്നെ ഇരുത്തി ചിന്തിപ്പിച്ചു.

 ആരാണ് ഞാൻ?

എന്റെ കഴിവുകൾ എന്താണ്??

എന്റെ കടമകൾ  എന്താണ്????


മനസ്സിൽ സ്വപ്നം കാണുന്നത് പോലെയല്ല ലോകം!!!

ജീവിതം..........

സിനിമ പോലെ ഒരു മായാ ലോകമല്ല.........


ഞാൻ..............

യാഥാർഥ്യത്തെ തിരിച്ചറിയുകയായിരുന്നു,

എന്റെ ലോകം സിനിമ അല്ലെന്ന  തിരിച്ചറിവ്.



Friday, January 12, 2018

അച്ഛമ്മ ...... അല്ല ..........അമ്മമ്മ

അമ്മയുടെ  അമ്മ

 പളളിപിരിയാടൻ കല്യാണി അമ്മ...

ഞങ്ങൾ അച്ചമ്മ എന്ന് വിളിക്കും

നാട്ടുകാർ "പരവ" എന്നാണ്

അച്ഛമ്മ കേൾക്കാതെ വിളിക്കാറ് എന്ന് കേട്ടിട്ടുണ്ട്

ഇപ്പോഴും ചിരിക്കുന്ന മുഖം

ഞാൻ കാണുമ്പഴേ വായിൽ പല്ലുകളൊന്നുമില്ല

വലത്തെ കവിളിൽ ഒരു കറുത്ത അരിമ്പാറ

ഉഞ്ഞാലാടുന്ന കാതുകൾ ....

അത്  നിറക്കാൻ വി ശേഷാവസരങ്ങളിൽ സ്വർണം പൊതിഞ്ഞ തക്കയുണ്ട്

തൊണ്ണൂറാം വയസ്സിൽ പോലും

രണ്ടു പറമ്പ് അപ്പുറത്തുള്ള തെങ്ങിലെ തേങ്ങ എണ്ണി പറയുമായിരുന്നു ...

വൈകുന്നേരങ്ങളിൽ നിത്യം കരിന്തൊളസി നീര് ഉറ്റിച്ചു

ഇറയത്ത്  അങ്ങനെ ഇരിക്കും..... കണ്ണും പൂട്ടി .

അച്ഛമ്മക്ക് അമ്മാവന്റെ മക്കളോട് വലിയ സ്നേഹമായിരുന്നു

അവന്റെ പുശുക്കളെ പോലെയുള്ള മക്കൾ എന്ന് പറഞ്ഞു സങ്കടപ്പെടും

ഞങ്ങളുടെ കൂടെയാണ് താമസമെങ്കിലും
വൈകുന്നേരം ആകുമ്പോൾ തറവാട്ടു വീട്ടിൽ പോകണം

വെള്ളം തിളപ്പിച്ച്
 എണ്ണ പുരട്ടി ഒരു കുളിയുണ്ട്
അപ്പോൾ ഒരു കാപ്പി വക്കും

അന്ന് 25 പൈസക്ക് കിട്ടുന്ന ഒരു കാപ്പി പൊടിയുണ്ടായിരുന്നു
കടലാസ്സിൽ പൊതിഞ്ഞു ഒരു പെട്ടിപോലെ യാണ് കിട്ടുക
രണ്ടാണി വെല്ലവും ഇട്ട്
ചെറിയ അലുമിനിയിൽ തിളപ്പിക്കും

അതിന്റെ മണം ഒന്ന് വേറെ തന്നെ

അച്ഛമ്മക്ക് വൈകുന്നേരങ്ങളിൽ ആ കാപ്പി ഇല്ലാതെ പറ്റില്ല

അമ്മാവന്റെ മക്കളായ ബാബുവിനും രാജിക്ക് മൊക്കെ
ആ കട്ടൻകാപ്പി കൊടുക്കുന്നത് കണ്ടിട്ടുണ്ട്
പക്ഷെ എനിക്കൊരിക്കലും തന്നില്ല ...

പലപ്പോഴും വീട്ടിലെ കോഴി

മുട്ടയിട്ട് കൊക്കിക്കുമെങ്കിലും മുട്ട കിട്ടില്ല

അച്ഛമ്മയുടെ വെണ്ണീർ കൂട്ടത്തിൽ നിന്നും

 മുട്ടത്തോട് ശേഖരിച്ച്

അമ്മക്ക് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഞാൻ സ്വയം ഏറ്റെടുത്തിരുന്നു


അന്ന്  അച്ഛമ്മയ്ക് എൺപത് വയസ്സായി കാണും

സഹിക്കാൻ പറ്റാത്ത വയറു വേദന ...

ഭക്ഷണമൊന്നും കഴിക്കാൻ പറ്റുന്നില്ല

വെറും കഞ്ഞി വെള്ളം മാത്രം ഭക്ഷണം

സാധരണ രാത്രി മുഴുവൻ ഉച്ചത്തിൽ മൂളുന്ന പതിവുണ്ട്

അത് കൂടാതെ വേദന സഹിക്കാൻ പറ്റാത്തെയുള്ള കരച്ചിലും

വലിയൊരു മുഴയാണ്

മൻസൂർ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു

പുറമെ തൊട്ടാൽ തന്നെ കാണുന്നുണ്ട്

ഈ പ്രായത്തിൽ

വേറെ ചികിത്സയൊന്നും നോക്കിയിട്ടു കാര്യമില്ല

ഡോക്ടർ ഒരു പ്ലാസ്റ്റിക് പാട്ട നിറയെ ഡയജിൻ ഗുളികകൾ  തന്നു

വെറും കഞ്ഞി വെള്ളവും ഡയജിൻ ഗുളികളും മാത്രമായി ഭക്ഷണം

പതിയെ പതിയെ അച്ഛമ്മ പഴയ പോലെ ആക്റ്റീവ് ആവാൻ തുടങ്ങി

പഴയ വീട്ടിലെ കുളിയും കാപ്പികുടിയും മതിയാക്കി എന്ന് മാത്രം

എഴുത്തും വായനയും അറിയാത്തത് കൊണ്ട്

പത്രം വായിച്ച് കൊടുക്കേണ്ട ഡ്യൂട്ടി എനിക്കായിരുന്നു

അച്ഛമ്മക്ക്  ഇഷ്ട്ടം ചരമ കോളവും

 അപകട വാർത്തകളുമായിരുന്നു

അക്കാലത്തു

ചവക്കാനും തേച്ച് കുളിക്കുന്ന എണ്ണയും  കൂടാതെ

 ഒരു സാധനം കൂടി ആവശ്യപ്പെടാൻ തുടങ്ങി

"benadril"

അത് കുടിച്ചാൽ നല്ല തോറലുണ്ട് എപ്പോഴും പറയും

അതിന്റെ അർത്ഥമെന്താണെന്നു ഇന്നുമെനിക്കറിയില്ല

ആഴ്ചയിൽ രണ്ടു കുപ്പി benadril വേണമായിരുന്നു

അതും മതിയാകാതെ വന്നപ്പോൾ

ഞാൻ ഒരു സൂത്രം ഉപയോഗിച്ചു

കുപ്പിയിൽ പകുതി കണ്ട് തിളപ്പിച്ചാറ്റിയ വെള്ളമൊഴിച്ച് കൊടുക്കും

മരുന്നിന് പണ്ടത്തെ പോലെ തോറലില്ല 

അച്ഛമ്മ  സ്വയം ആശ്വസിക്കും

കുറെ വർഷങ്ങൾ പിന്നെയും ഓടിമറഞ്ഞു

അച്ഛമ്മക്ക് തൊണ്ണൂറിലധികം വയസ്സായിക്കാണും

ആ പ്രായത്തിലും

കുളിക്കാൻ തലയിൽ വെള്ളമൊഴിക്കുന്നത് ഒഴികെ

 സ്വന്തം കാര്യങ്ങളൊക്കെ  ഒരാളെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുമായിരുന്നു

വീട്ടിൽ അന്ന് അറ്റാച്ഡ് ബാത്റൂം ഇല്ല

രാത്രിയിൽ പുറത്ത് പോകണം

അതുകൊണ്ട് അടുക്കള ഭാഗത്തുള്ള മുറിയിലേക്ക് മാറ്റി കിടപ്പ്

പ്രായധിക്ക്യം ശരിക്കും ബാധിച്ചു തുടങ്ങിയിരിക്കുന്നു

കക്കൂസിൽ പോകാൻ പറ്റാത്ത അവസ്ഥ

മുറിയിൽ അതിനു സൗകര്യം ഒരുക്കി

എന്നിട്ടും പലപ്പോഴും 

അതിനടുത്ത് എത്തുമ്പോഴേക്കും കാര്യം നടന്നിരിക്കും

ആ മുഖം കണ്ടാൽ അറിയാം

അച്ഛമ്മക്ക്‌ ഞങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ദുഖമുണ്ടന്ന്

അമ്മക്ക് വൃത്തിയാക്കുമ്പോൾ ഛർദി വരും

ആ ഡ്യൂട്ടി ഞാൻ സന്ദോഷത്തോടെ ഏറ്റെടുത്തു

അന്ന് രാത്രി പതിവിലും വ്യത്യസ്തമായി

നാലു അഞ്ചു തവണ നിലം വൃത്തിയാക്കേണ്ട അവസ്ഥയുണ്ടായി

പ്രീഡിഗ്രി ക്ക് പഠിക്കുന്നു

ഉച്ചക്ക്‌ കോളജിൽ നിന്നും വരുമ്പോൾ

വീട്ടിൽ ഒരു ആൾക്കൂട്ടം

മോനെ ............

അച്ഛമ്മ പോയി ...............

എന്തൊക്കെയായാലും

നമ്മൾ സ്നേഹിക്കുന്ന ഒരാൾ

വിട്ട് പിരിഞ്ഞു പോകുമ്പോൾ

സംജാതമാകുന്ന

ശൂന്യത

എത്ര വര്ഷം കഴിഞ്ഞാലും

ആരെ കൊണ്ടും നികത്താൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു.............

Wednesday, January 10, 2018

തൊണ്ടൻ മാവ്.........



പഴയ വീട് എന്ന് ഞങ്ങൾ വിളിച്ചിരുന്ന
പള്ളിപിരിയാടൻ വീട് ........അമ്മയുടെ തറവാട്.
ഓടിട്ട ഇരുനില മാളിക
ചെറുതാണെങ്കിലും 8 -10 മുറികളുള്ള വീട്
അമ്മയുടെ ചെറുപ്പകാലത്ത് അത് ഓല മേഞ്ഞതാണെന്നും
പിന്നീട് ഓടുമേഞ്ഞു എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്
കൃഷി യുടെയും വേട്ടയാടി കൊണ്ടു വന്ന ഇറച്ചി നാട്ടുകാർക്കൊക്കെ വീതിച്ചിരുന്നകാര്യങ്ങൾ ഒക്കെയും
 അമ്മ കുട്ടികളായ ഞങ്ങളോട് വിവരിച്ചു തരുമായിരുന്നു ........
 എപ്പോഴും ഇരുട്ടുനിറഞ്ഞ മുറികൾ
മുകളിലെ നിലയിൽ  വലിയ പത്തായം
അതിനു മുകളിലായി 2 -3 ഇരുമ്പു പെട്ടികൾ
അധികം തുരുമ്പിക്കാത്ത പെട്ടി നിറയെ
നീലയിൽ വെള്ള പൂക്കളുടെ ചിത്രത്തോട് കൂടിയ പുസ്തകങ്ങൾ
അമ്മാവൻ  എഴുതി പബ്ലിഷ് ചെയ്ത
"സ്മരണാജലി" എന്ന കവിത സമാഹാരം
ആയിരത്തിലധികം കോപ്പികൾ ........
അവ പ്രിന്റ് ചെയ്തു കൊണ്ടുവന്നിട്ട് അധിക നാളാകുന്നതിനു മുമ്പുള്ള അമ്മാവന്റെ മരണം
പുസ്തങ്ങളുടെ ആ അവസ്ഥക്ക് കാരണമായി എന്ന്  കേട്ടിരുന്നു
പലപ്പോഴും ഞങ്ങളുടെ കളികോപ്പായിരുന്നു  ആ പുസ്തകങ്ങൾ ....
വെള്ള പൂശിയ ചുമരുകൾ നിറയെ
പെനിസിൽ കൊണ്ടെഴുതിയ നൂറിൽപ്പരം സിനിമ പേരുകൾ
പലപ്പോഴും സിനിമ പേര് പറഞ്ഞുള്ള കളികൾക്ക്
റഫറൻസ് ആയിരുന്നു ആ ലിസ്റ്റ്.

ചെറിയ തോട് കഴിഞ്ഞുവേണം വീട്ടിലെത്താൻ
മഴക്കാലത്ത് തോട്ടിൽ നിറയെ മീനുകൾ വരും
മഞ്ഞയിൽ കറുപ്പ് വരകളുള്ള മീനും പരലും കണ്ണിക്കുറിയനും .....
തോർത്ത് കൊണ്ട് പിടിച്ച്
ഹോർലിക്സ് കുപ്പിയിലാക്കി കാണാൻ നല്ല  ഭംഗിയായിരുന്നു .........

പറമ്പിൽ നിറയെ മാവും പ്ലാവും

പുല്ലിൻ കറ്റകൾ വട്ടത്തിൽ കൂട്ടി അട്ടിയിട്ട മുറ്റത്തിന്റെ
തെക്കുകിഴക്കേ മൂലയിലുള്ള കല്ലിൽ പിടിച്ച് കയറിയാൽ എത്തും തൊണ്ടൻമാവിൻ ചോട്ടിൽ
വർഷാവർഷം  നിറയെ മാങ്ങകൾ തരുന്ന തൊണ്ടൻ മാവ്...

ചെനയുള്ള മൊത്ത് കടിച്ചു കളഞ്ഞാൽ തേനൊലിക്കുന്ന നാട്ടുമാങ്ങ .....

മാവിന്റെ ഒരു ഭാഗത്തുള്ള വലിയ പോട് ....
കുട്ടികളായ ഞങ്ങൾക്ക് വേണമെങ്കിൽ ഒളിക്കാൻ പറ്റും
 അത്രയും വലുതായിരുന്നു ആ മാളം ..

ഭീമാകാരമായ മാവിനെ ചുറ്റി പടർന്നു കയറിയ വലിയ വള്ളി
ആ വള്ളി യായിരുന്നു ഞങ്ങളുടെ ഊഞ്ഞാലും സീസോ യും എല്ലാം ...
മാവച്ഛൻ, കോട്ടക്ക ചാത്തൻ എന്നൊക്കെ വിളിക്കുന്ന
ചുവപ്പും കറുപ്പുമുള്ള ചെറു ജീവിയെ ആ വള്ളി വഴി കയറ്റി അയക്കും എന്നിട്ട് മാങ്ങ പറിച്ചിടുന്നതും കാത്ത് അങ്ങനെ ഇരിക്കും ...

വൈകുന്നേരം ആകുമ്പോഴേക്കും
താഴെയുള്ള ഇട വഴി ആളുകൾ പോകുന്നുണ്ടാകും
നാണു ഏട്ടനെ തേടി
കൈത ക്കൂട്ടങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ച
 വാറ്റു ചാരായം തേടി
എത്ര മാങ്ങ പെറുക്കിയാലും
കുടിയന്മാർ വരുന്നതിനു മുൻപ് വീട്ടിലെത്തിയിരിക്കണം
അത് നിർബന്ധമായിരുന്നു അച്ഛന്.

പലപ്പോഴും നമ്മൾ എഴുന്നേറ്റ്‌ മാവിൻ ചോട്ടിലെത്തുമ്പോഴേക്ക് മാങ്ങയൊക്കെ ആരെങ്കിലും പെറുക്കി പോയിരിക്കും

കൈച്ചുമ്മാന്റെ വീട്ടിലെ കുട്ടികളും നമ്മളും മത്സരമായിരിക്കും മാങ്ങക്ക്
ഇല്ല്യാസും സൈബുവും നയിക്കുന്ന ഒരു സംഘം കുട്ടികൾ
അച്ഛമ്മക്ക് അവരെ ഇഷ്ടമായിരുന്നില്ല അതുകൊണ്ട് പലപ്പോഴും ഞങ്ങൾക്ക് സപ്പോർട്ട്ആയി അച്ഛമ്മയുണ്ടാകും.

വേനലവധിക്ക് സ്‌കൂൾ പൂട്ടിയാൽ ചാവശ്ശേരിയിൽ നിന്നും ബാബു വരും രാവിലെ ഓണപ്പറമ്പിൽ പോയി അണ്ടി പെറുക്കി വന്നു കഴിഞ്ഞാൽ
 മുഴുവൻ സമയം മാവിൻ ചോട്ടിൽ തന്നെ
മാങ്ങ വീഴുന്നതും കാത്ത്............

മാങ്ങ പഴുക്കുന്ന കാലമാകുമ്പോൾ
ഇട വഴി പറമ്പിലേക്ക് കയറുന്ന ഭാഗത്തൊക്കെ
മുള്ള് വെച്ച് അടക്കും ആരും  കയറാതിരിക്കാൻ

എന്നിട്ടും

ചോറുണ്ടു പോകുമ്പോഴേക്കും ആരോ മാങ്ങ പെറുക്കി കൊണ്ടു പോകുന്നു

അന്ന്
ഞങ്ങൾ രണ്ടും കൽപ്പിച്ച്
ചോറുണ്ണാൻ കാത്ത് നിൽക്കാതെ
പഴയ വീട്ടിന്റെ രണ്ടാം നിലയിൽ ഒളിച്ച് നിന്നു

പുഴുങ്ങിയ  നെല്ല് ഉണക്കാൻ മാത്രമായിരുന്നു
പഴയ വീട് ഉപയോഗിച്ചിരുന്നത് .

അക്ഷമരായി  ഞങ്ങൾ കാത്തു നിന്നു ....

 സംശയം തെറ്റായിരുന്നില്ല ..........

അതാ വരുന്നു ഇല്യാസും രണ്ടു കുട്ടികളും

എന്ത് ചെയ്യും

മുന്നിൽ നെല്ല് പുഴുങ്ങുന്ന വലിയ ചെമ്പു പാത്രം

പിന്നെ ഒന്നും ആലോചിച്ചില്ല

വലിയ കയ്യിൽ എടുത്ത്

ഉള്ള ശക്തി മുഴുവൻ എടുത്ത് മുട്ടി

ഡും....... ഡും............. ഡും ..............

എന്റുമ്മാ ....................

ഒരു  അലർച്ച
അകന്നു പോകുന്ന കരച്ചലിന്റെ ശബ്ദം  ...
കുട്ടികളുടെ പൊടിപോലും കാണാനില്ല ............

ഇല്യാസിന് പനിയാണ്
പഴേ വീട്ടീന്ന് ജിന്നിനെ കണ്ട് പേടിച്ചിട്ടാണത്രെ
പിറ്റേന്ന് പാല് വാങ്ങിക്കാൻ വന്ന
കൈച്ചുമ്മ അമ്മയോട് വിവരിക്കുന്നത് കേട്ടു .............

പിന്നീട് കുറച്ച് നാളത്തേക്ക് ഞങ്ങൾക്ക് പരമ സുഖം

ഇഷ്ട്ടം പോലെ മാങ്ങ ..........

പക്ഷെ

ആ മാങ്ങയുടെ മധുരം അധിക നാൾ നീണ്ടു നിന്നില്ല

തറവാട്ട് ഭൂമി
ഭാഗം വെക്കുന്നതിന്റെ ചിലവിലേക്ക്
അമ്മാവന്മാർ  തൊണ്ടൻ മാവിനെ  വകയിരുത്തി
തോണിയുണ്ടാക്കാൻ വില്പനയായ
ആ മാവ്
മുറിച്ച്
ആനയെ കൊണ്ട് വലിപ്പിച്ച് കൊണ്ട് പോയത് ഇന്നും കണ്മുന്പിലുണ്ട് ..........

ഇന്ന് ഏതെങ്കിലും പുഴയിൽ
തൊണ്ടൻ മാവിൽ തീർത്ത  തോണി ഒഴുകുന്നുണ്ടാകുമോ   ആവോ ...............