കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, January 10, 2018

തൊണ്ടൻ മാവ്.........



പഴയ വീട് എന്ന് ഞങ്ങൾ വിളിച്ചിരുന്ന
പള്ളിപിരിയാടൻ വീട് ........അമ്മയുടെ തറവാട്.
ഓടിട്ട ഇരുനില മാളിക
ചെറുതാണെങ്കിലും 8 -10 മുറികളുള്ള വീട്
അമ്മയുടെ ചെറുപ്പകാലത്ത് അത് ഓല മേഞ്ഞതാണെന്നും
പിന്നീട് ഓടുമേഞ്ഞു എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്
കൃഷി യുടെയും വേട്ടയാടി കൊണ്ടു വന്ന ഇറച്ചി നാട്ടുകാർക്കൊക്കെ വീതിച്ചിരുന്നകാര്യങ്ങൾ ഒക്കെയും
 അമ്മ കുട്ടികളായ ഞങ്ങളോട് വിവരിച്ചു തരുമായിരുന്നു ........
 എപ്പോഴും ഇരുട്ടുനിറഞ്ഞ മുറികൾ
മുകളിലെ നിലയിൽ  വലിയ പത്തായം
അതിനു മുകളിലായി 2 -3 ഇരുമ്പു പെട്ടികൾ
അധികം തുരുമ്പിക്കാത്ത പെട്ടി നിറയെ
നീലയിൽ വെള്ള പൂക്കളുടെ ചിത്രത്തോട് കൂടിയ പുസ്തകങ്ങൾ
അമ്മാവൻ  എഴുതി പബ്ലിഷ് ചെയ്ത
"സ്മരണാജലി" എന്ന കവിത സമാഹാരം
ആയിരത്തിലധികം കോപ്പികൾ ........
അവ പ്രിന്റ് ചെയ്തു കൊണ്ടുവന്നിട്ട് അധിക നാളാകുന്നതിനു മുമ്പുള്ള അമ്മാവന്റെ മരണം
പുസ്തങ്ങളുടെ ആ അവസ്ഥക്ക് കാരണമായി എന്ന്  കേട്ടിരുന്നു
പലപ്പോഴും ഞങ്ങളുടെ കളികോപ്പായിരുന്നു  ആ പുസ്തകങ്ങൾ ....
വെള്ള പൂശിയ ചുമരുകൾ നിറയെ
പെനിസിൽ കൊണ്ടെഴുതിയ നൂറിൽപ്പരം സിനിമ പേരുകൾ
പലപ്പോഴും സിനിമ പേര് പറഞ്ഞുള്ള കളികൾക്ക്
റഫറൻസ് ആയിരുന്നു ആ ലിസ്റ്റ്.

ചെറിയ തോട് കഴിഞ്ഞുവേണം വീട്ടിലെത്താൻ
മഴക്കാലത്ത് തോട്ടിൽ നിറയെ മീനുകൾ വരും
മഞ്ഞയിൽ കറുപ്പ് വരകളുള്ള മീനും പരലും കണ്ണിക്കുറിയനും .....
തോർത്ത് കൊണ്ട് പിടിച്ച്
ഹോർലിക്സ് കുപ്പിയിലാക്കി കാണാൻ നല്ല  ഭംഗിയായിരുന്നു .........

പറമ്പിൽ നിറയെ മാവും പ്ലാവും

പുല്ലിൻ കറ്റകൾ വട്ടത്തിൽ കൂട്ടി അട്ടിയിട്ട മുറ്റത്തിന്റെ
തെക്കുകിഴക്കേ മൂലയിലുള്ള കല്ലിൽ പിടിച്ച് കയറിയാൽ എത്തും തൊണ്ടൻമാവിൻ ചോട്ടിൽ
വർഷാവർഷം  നിറയെ മാങ്ങകൾ തരുന്ന തൊണ്ടൻ മാവ്...

ചെനയുള്ള മൊത്ത് കടിച്ചു കളഞ്ഞാൽ തേനൊലിക്കുന്ന നാട്ടുമാങ്ങ .....

മാവിന്റെ ഒരു ഭാഗത്തുള്ള വലിയ പോട് ....
കുട്ടികളായ ഞങ്ങൾക്ക് വേണമെങ്കിൽ ഒളിക്കാൻ പറ്റും
 അത്രയും വലുതായിരുന്നു ആ മാളം ..

ഭീമാകാരമായ മാവിനെ ചുറ്റി പടർന്നു കയറിയ വലിയ വള്ളി
ആ വള്ളി യായിരുന്നു ഞങ്ങളുടെ ഊഞ്ഞാലും സീസോ യും എല്ലാം ...
മാവച്ഛൻ, കോട്ടക്ക ചാത്തൻ എന്നൊക്കെ വിളിക്കുന്ന
ചുവപ്പും കറുപ്പുമുള്ള ചെറു ജീവിയെ ആ വള്ളി വഴി കയറ്റി അയക്കും എന്നിട്ട് മാങ്ങ പറിച്ചിടുന്നതും കാത്ത് അങ്ങനെ ഇരിക്കും ...

വൈകുന്നേരം ആകുമ്പോഴേക്കും
താഴെയുള്ള ഇട വഴി ആളുകൾ പോകുന്നുണ്ടാകും
നാണു ഏട്ടനെ തേടി
കൈത ക്കൂട്ടങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ച
 വാറ്റു ചാരായം തേടി
എത്ര മാങ്ങ പെറുക്കിയാലും
കുടിയന്മാർ വരുന്നതിനു മുൻപ് വീട്ടിലെത്തിയിരിക്കണം
അത് നിർബന്ധമായിരുന്നു അച്ഛന്.

പലപ്പോഴും നമ്മൾ എഴുന്നേറ്റ്‌ മാവിൻ ചോട്ടിലെത്തുമ്പോഴേക്ക് മാങ്ങയൊക്കെ ആരെങ്കിലും പെറുക്കി പോയിരിക്കും

കൈച്ചുമ്മാന്റെ വീട്ടിലെ കുട്ടികളും നമ്മളും മത്സരമായിരിക്കും മാങ്ങക്ക്
ഇല്ല്യാസും സൈബുവും നയിക്കുന്ന ഒരു സംഘം കുട്ടികൾ
അച്ഛമ്മക്ക് അവരെ ഇഷ്ടമായിരുന്നില്ല അതുകൊണ്ട് പലപ്പോഴും ഞങ്ങൾക്ക് സപ്പോർട്ട്ആയി അച്ഛമ്മയുണ്ടാകും.

വേനലവധിക്ക് സ്‌കൂൾ പൂട്ടിയാൽ ചാവശ്ശേരിയിൽ നിന്നും ബാബു വരും രാവിലെ ഓണപ്പറമ്പിൽ പോയി അണ്ടി പെറുക്കി വന്നു കഴിഞ്ഞാൽ
 മുഴുവൻ സമയം മാവിൻ ചോട്ടിൽ തന്നെ
മാങ്ങ വീഴുന്നതും കാത്ത്............

മാങ്ങ പഴുക്കുന്ന കാലമാകുമ്പോൾ
ഇട വഴി പറമ്പിലേക്ക് കയറുന്ന ഭാഗത്തൊക്കെ
മുള്ള് വെച്ച് അടക്കും ആരും  കയറാതിരിക്കാൻ

എന്നിട്ടും

ചോറുണ്ടു പോകുമ്പോഴേക്കും ആരോ മാങ്ങ പെറുക്കി കൊണ്ടു പോകുന്നു

അന്ന്
ഞങ്ങൾ രണ്ടും കൽപ്പിച്ച്
ചോറുണ്ണാൻ കാത്ത് നിൽക്കാതെ
പഴയ വീട്ടിന്റെ രണ്ടാം നിലയിൽ ഒളിച്ച് നിന്നു

പുഴുങ്ങിയ  നെല്ല് ഉണക്കാൻ മാത്രമായിരുന്നു
പഴയ വീട് ഉപയോഗിച്ചിരുന്നത് .

അക്ഷമരായി  ഞങ്ങൾ കാത്തു നിന്നു ....

 സംശയം തെറ്റായിരുന്നില്ല ..........

അതാ വരുന്നു ഇല്യാസും രണ്ടു കുട്ടികളും

എന്ത് ചെയ്യും

മുന്നിൽ നെല്ല് പുഴുങ്ങുന്ന വലിയ ചെമ്പു പാത്രം

പിന്നെ ഒന്നും ആലോചിച്ചില്ല

വലിയ കയ്യിൽ എടുത്ത്

ഉള്ള ശക്തി മുഴുവൻ എടുത്ത് മുട്ടി

ഡും....... ഡും............. ഡും ..............

എന്റുമ്മാ ....................

ഒരു  അലർച്ച
അകന്നു പോകുന്ന കരച്ചലിന്റെ ശബ്ദം  ...
കുട്ടികളുടെ പൊടിപോലും കാണാനില്ല ............

ഇല്യാസിന് പനിയാണ്
പഴേ വീട്ടീന്ന് ജിന്നിനെ കണ്ട് പേടിച്ചിട്ടാണത്രെ
പിറ്റേന്ന് പാല് വാങ്ങിക്കാൻ വന്ന
കൈച്ചുമ്മ അമ്മയോട് വിവരിക്കുന്നത് കേട്ടു .............

പിന്നീട് കുറച്ച് നാളത്തേക്ക് ഞങ്ങൾക്ക് പരമ സുഖം

ഇഷ്ട്ടം പോലെ മാങ്ങ ..........

പക്ഷെ

ആ മാങ്ങയുടെ മധുരം അധിക നാൾ നീണ്ടു നിന്നില്ല

തറവാട്ട് ഭൂമി
ഭാഗം വെക്കുന്നതിന്റെ ചിലവിലേക്ക്
അമ്മാവന്മാർ  തൊണ്ടൻ മാവിനെ  വകയിരുത്തി
തോണിയുണ്ടാക്കാൻ വില്പനയായ
ആ മാവ്
മുറിച്ച്
ആനയെ കൊണ്ട് വലിപ്പിച്ച് കൊണ്ട് പോയത് ഇന്നും കണ്മുന്പിലുണ്ട് ..........

ഇന്ന് ഏതെങ്കിലും പുഴയിൽ
തൊണ്ടൻ മാവിൽ തീർത്ത  തോണി ഒഴുകുന്നുണ്ടാകുമോ   ആവോ ...............



No comments:

Post a Comment