കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Friday, October 1, 2021

 പയറ്റ്‌ ....

പയറ്റ് എന്ന് കേൾക്കുമ്പോൾ ആർക്കും മനസ്സിൽ ഓടിയെത്തുക 

കളരി പയറ്റാണ് ...

കുട്ടികാലത്ത്  അമ്മ നൽകുന്ന വിവരണങ്ങളിൽ എപ്പോഴും നിറഞ്ഞ് നിൽക്കും  

വീടിന് മുൻപിൽ പണ്ട് ഉണ്ടായിരുന്ന കളരിയെ ...

അമ്മയുടെ ചെറുപ്പത്തിൽ കണ്ട കളരി വിശേഷങ്ങൾ എന്നും കേട്ട് ആ കാഴ്ചകൾ ഞങ്ങളും കണ്ടത് പോലെ തന്നെ ആയി തീർന്നു......

പക്ഷെ എനിക്ക് ഓർമ്മവെക്കുമ്പോഴേക്ക്    ആ കളരിയൊക്കെ പോയി അവിടെ കടകൾ നിറഞ്ഞിരുന്നു...

കടകൾക്ക് പിന്നിലെ  ഒഴിഞ്ഞ സ്ഥലത്ത് തമിഴന്മാർ മണ്ണെണ്ണ വെളിച്ചത്തിൽ  പുതപ്പുകൾ ലേലം ചെയ്തു വിൽക്കുന്ന കാഴ്ച്ച ഇന്നും ഓർമയിലുണ്ട്...

രാവിലെ സൈക്കിളിൽ വില്പന നടത്തി വൈകുന്നേരങ്ങളിലാണ് ലേലം നടക്കാറ് ...

പിന്നെ വല്ലപ്പോഴും സൈക്കിൾ യജ്ഞവും മറ്റും 

 വൈകുന്നേരങ്ങളിൽ ആ സ്ഥലം കയ്യടക്കിപ്പോന്നു..


പറഞ്ഞ് ...പറഞ്ഞ്....

പയറ്റൊക്കെ മാറി മറ്റേതൊക്കെയോ ലോകത്തെത്തി ....സോറി..

വടക്കൻ മലബാറിലെ സാമ്പത്തിക ഇടപാടുകളിൽ എന്നും മുൻപിൽ നിന്നിരുന്ന ഒരു  സവിശേഷ പരസ്പര സഹായ ധനം ആണ് പയറ്റ്.

ചിലയിടങ്ങളിൽ ഇതിനെ പണ പയറ്റ് എന്നും വിളിച്ച് കാണുന്നു.

ഇപ്പോഴും വടകരയുടെയും മറ്റും ഉൾനാടുകളിൽ ഈ സമ്പ്രദായം നിലനിൽക്കുന്നതായി അറിയുന്നു..

പക്ഷെ ഞങ്ങളുടെ നാട്ടിൽ കുറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സമ്പ്രദായം മൺമറഞ്ഞു പോയി...

വൈകുന്നേരങ്ങളിൽ ഒരു മേശക്കരികിൽ നില വിളക്ക്  കത്തിച്ച് വെച്ച് പയറ്റ് നടത്തുന്നയാൾ ഇരിക്കും.

ക്ഷണിച്ച ആളുകൾ പണം നൽകി ചായ സൽക്കാരം  സ്വീകരിക്കും.

ഓരോ ആളുടെയും പേരും നൽകുന്ന പണവും പുസ്തകത്തിൽ കുറിച്ച് വെക്കും...

ആ പുസ്തകം വളരെ കാലം സൂക്ഷിക്കാനുള്ളതാണ് 

കാരണം ആ  പണം  എപ്പോഴെങ്കിലും അയാൾ പയറ്റ് നടത്തുമ്പോൾ  തിരികെ  നൽകേണ്ടതാണ്.

ചിലർ പണം തിരിച്ച് നൽകാതെ വരുമ്പോൾ ചില  പ്രശ്നങ്ങൾക്ക് ഇടയാക്കാറുമുണ്ട്...

പുതിയ കച്ചവടം തുടങ്ങാനും, കല്യാണം, വീട് നിർമ്മാണം എന്ന് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങൾക്കും അന്ന് ആശ്രയിച്ചിരുന്നത് ഈ പയറ്റിനെ ആയിരുന്നു...

വൈകുന്നേരങ്ങളിൽ കോളാമ്പി മൈക്കിൽ നിന്നും പാട്ടുകൾ കേൾക്കുമ്പോൾ അറിയാം..

അന്ന് കോളയാടൻ ബാലേട്ടന്റെ കടയിൽ പയറ്റുണ്ടെന്ന്..

ഇന്നും കോളയാടൻ ബാലേട്ടൻ എന്ന് കേൾക്കുമ്പോൾ ഈ ഒരു പയറ്റും 

വൈകുന്നേരങ്ങളിൽ കേൾക്കുന്ന പാട്ടുകളുമാണ് മനസ്സിൽ വരുന്നത്.

എപ്പോഴും ഒരേ പാട്ടുകൾ തന്നെ...

മാനസ മൈനേ വരൂ....

മാടപ്രാവേ വാ തുടങ്ങിയ പാട്ടുകൾ ...

സ്വാമി മഠത്തിന്റെ അരികിലെ ആ കൊച്ചു കട 

കടയുടെ പിന്നിലെ വലിയ മുരിങ്ങ മരത്തിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന  മുരിങ്ങാക്കായകൾ ..

ഓടിട്ട ഇരുനില കെട്ടിടം 

വരാന്തയിൽ 

കറുത്തിരുണ്ട  ഒന്ന് രണ്ട് മേശയും ബെഞ്ചുകളും 

ഇരുട്ട് നിറഞ്ഞ അകത്ത് ഇരുട്ടിനേക്കാൾ ഇരുണ്ട  നിറത്തിൽ മരംകൊണ്ടുള്ള അപ്പ പെട്ടി.

എണ്ണമയം നിറഞ്ഞ  കണ്ണാടിചില്ലിൽ അങ്ങിങ്ങായി കുറച്ച് പലഹാരങ്ങൾ...

പക്ഷെ എന്ത് തന്നെ ആയാലും സ്ഥിരം പറ്റുകാർ എന്നും ബാലേട്ടനെ തേടിയെത്തും.

ആദ്യമൊക്കെ  വീട്ടിന് മുൻപിലെ   കുണ്ടു കിണറിൽ നിന്നായിരുന്നു കടയിലേക്ക് വെള്ളം കൊണ്ടുപോയിരുന്നത്.

പിന്നീട് സഹീന ടാക്കിസിലെ കിണറ്റിൽ നിന്നാക്കി..

ചെറു പത്രങ്ങളിൽ വെള്ളം  കൊണ്ടുവന്ന് ചായയും കടിയുമൊക്കെ ഉണ്ടാക്കും..

രാവിലെ സ്വാമി മഠത്തിൽ വിളക്ക് തെളിച്ചാണ്  ദിവസത്തിന്റെ ആരംഭം...

കാലങ്ങൾ മാറിയിട്ടും...

പയറ്റ് ഇല്ലാതായിട്ടും 

കോളയാടൻ ബാലേട്ടന്റെ ചായയും കടികളും ഒരേ നിലവാരത്തിൽ തുടർന്നു വന്നു....

പക്ഷെ 

കുറച്ച് വർഷം മുൻപ് ആ വാർത്ത കേട്ടു ..

ബാലേട്ടന്റെ മരണം...

എന്നും കാണുന്ന ആ ചിരിക്കുന്ന മുഖം ഇനി ഇല്ല എന്ന് ..

ആ ചായ കട കൊണ്ടായിരുന്നു ആ വലിയ കുടുംബം കഴിഞ്ഞു പോന്നിരുന്നത്...

ബാലേട്ടന്റെ കാല ശേഷം മകൻ പ്രശാന്ത്...

അവന് ആണ് ആ കൈപ്പുണ്യം കിട്ടിയത് ...

കടയൊക്കെ ഒന്ന് മോടി കൂട്ടി..

കച്ചവടം മുൻപത്തേക്കാളേറെ നന്നായി നടന്നുവന്നു...

അച്ഛന്റെ അതേ  പുഞ്ചിരി മകന്റെ മുഖത്തും കാണാൻ സാധിക്കുമായിരുന്നു...

എല്ലാവരോടും നല്ല പെരുമാറ്റം...

ബാലേട്ടന്റെ കട വീണ്ടും സജീവമായി...


കഴിഞ്ഞാഴ്ച്ചയിൽ കേട്ട വാർത്ത 

അത് എങ്ങനെ  വിശ്വസിക്കും??

പ്രശാന്ത് ഭാര്യയുടെ കൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ 

കുഴഞ്ഞു വീണു 

ഹോസ്പിറ്റലിൽ എത്തിച്ചിട്ടും കാര്യമുണ്ടായില്ല...

അവന് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല...

എന്നിട്ടും ആ ചെറുപ്പക്കാരൻ!!!


മട്ടന്നൂരിൽ എത്തിയാൽ 

ഇപ്പോഴും വീട്ടിലേയ്ക്ക് പോകുമ്പോൾ 

സ്വാമി മഠത്തിന് അരികിലെത്തുമ്പോൾ 

മനസ്സിൽ ഓടിയെത്തുന്നത് 

ആ രണ്ട് മുഖങ്ങൾ 

അകാലത്തിൽ കൊഴിഞ്ഞ് പോയ  

ആ രണ്ട് മുഖങ്ങൾ...




Thursday, February 25, 2021

അണ്ടി മാങ്ങാ മണക്കുന്ന കൈകൾ:




രാത്രി പത്ത് മണി കഴിഞ്ഞിരിക്കുന്നു.

അമയ്മോൻ  ഉറങ്ങണമെങ്കിൽ ഞാനോ രമ്യയോ കൂടെ കിടക്കണം.

എന്റെ കംപ്യൂട്ടറിലെ അഭ്യാസമൊക്കെ അവൻ ഉറങ്ങിയ ശേഷം മാത്രം. 

അപ്പോഴാണ് ശ്രീജിത്തിന്റെ ഫോൺ...

ഇന്ന് ലിപിനിനെ കണ്ടിരുന്നു 

മനുവേട്ടനെ കുറിച്ച് അവൻ സംസാരിച്ചു..

തികച്ചും  അവിശ്വസനീയം ആയിരുന്നു ആ അറിവ്....

പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് 

 അന്ന് ഒരു കശുവണ്ടി സീസണിൽ 

 സർക്കാർ സർവീസിൽ തുടക്കം,രാവിലെ പറമ്പിൽ അണ്ടി പെറുക്കാൻ പോയാലും പലപ്പോഴും മുഴുവനും  മുരുടി എടുക്കാൻ സമയം കിട്ടാറില്ല. 

ഒരാഴ്ച്ച പെറുക്കി വിറ്റാൽ കിട്ടുന്ന തുക പോലും പാട്ടം കൊടുത്താൽ  കിട്ടാത്തത്  കാരണം .പാട്ടം കൊടുക്കാറില്ല.

പോകുമ്പോൾ കിട്ടുന്നത് പെറുക്കുകയാണ് പതിവ്.

അന്ന് പേപ്പർ ഇടാൻ വരുന്ന കുട്ടിയാണ് അണ്ടിപെറുക്കാൻ സഹായത്തിന് ഒരു കുട്ടിയുടെ കാര്യം പറഞ്ഞത്.

അവന് ഒരു സൈക്കിൾ വാങ്ങാൻ പണം കണ്ടെത്താനുള്ള വഴിയാണ് എന്നാണ് പറഞ്ഞത്. കൂടാതെ മധ്യവേനൽ അവധിക്കാലവും.

പിറ്റേന്ന് മുതൽ  ലിപിൻ എന്നെ സഹായിക്കാൻ കൂടെ വരാൻ തുടങ്ങി.

ആ ഒരു സീസൺ മുഴുവൻ അവൻ എന്നെ സഹായിച്ചു.

അവന്റെ കൂലി ദിവസേന കൊടുക്കാറാണ് പതിവ് .

സീസൺ കഴിഞ്ഞ് പോകുമ്പോൾ അവന് സർപ്രൈസ്‌ 

ആയി ഒരു സമ്മാനവും നൽകി ..

ഏച്ചിയുടെ മകന്റെ സൈക്കിൾ...

പക്ഷെ 

പിന്നീട്  ഒരിക്കലും ലിപിനിനെ  കണ്ടതേ ഇല്ല.

വെക്കേഷനിൽ സാധാരണ പുന്നാട് ഉള്ള അമ്മ വീട്ടിൽ പോകുമെന്ന് 

അവൻ പറഞ്ഞിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം  ലക്ഷ്മി എച്ചിയാണ്

  ആ വാർത്ത പറഞ്ഞത് ..

" നിങ്ങൾ കൊടുത്ത സൈക്കിൾ മറിഞ്ഞ് ആ  കുട്ടി മരിച്ചു,

രാവിലെ പേപ്പർവിതരണത്തിന് പോയപ്പോൾ ജീപ്പിന് അടിയിൽ പെടുകയായിരുന്നു എന്നും"

അത് ശരിക്കും  ഷോക്കിങ്  ആയിരുന്നു..

ആ കുട്ടിക്ക് പറ്റിയ അപകടത്തിൽ നമുക്ക് വല്ല പങ്കുമുണ്ടോ??

വർഷങ്ങൾ കുറെയേറെ കഴിഞ്ഞിട്ടും ആ ഒരു വാർത്ത ഒരിക്കലും  മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.

ആ സൈക്കിൾ കൊടുക്കേണ്ടായിരുന്നു...

അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്.

ഇന്ന് 

വീണ്ടുമൊരു കശുവണ്ടി സീസണിൽ.. 

ആ പഴയ ലിപിനിന്റെ ശബ്ദം ഫോണിൽ കേട്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല.

ഇപ്പോഴാണ് അവൻ  ആ പഴയ ആ കഥ പറഞ്ഞത്.

അന്ന് സൈക്കിൾ അപകടത്തിൽ പെട്ടത് ലീപിനിൻറെ സുഹൃത്ത് ദീപു ആയിരുന്നു. 

അവൻ മറ്റൊരു കുട്ടിയുടെ സൈക്കിൾ കടം വാങ്ങി പത്രവിതരണത്തിന് പോയതാണ്..

അത് കേട്ടപ്പോൾ തോന്നിയ ആശ്വാസം ചെറുതൊന്നുമല്ല!!

എന്ത് തന്നെ ആയാലും നമ്മൾ കാരണം ആർക്കും ഒരു ദോഷവും വന്നില്ലല്ലോ.

കൂടെ 

അന്ന് എന്റെ കൂടെ അണ്ടിപെറുക്കാൻ വന്ന ആ കൊച്ചുകുട്ടി വലുതായി നല്ലൊരു നിലയിൽ എത്തി എന്ന് അറിയുമ്പോൾ ..

ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിനേക്കാൾ വലുതാണ്.

മനു.

Saturday, January 9, 2021

എന്റെ മാലാഖകുഞ്ഞ്




2009  രമ്യ തിരുവനന്തപുരത്ത് സഹകരണ പെൻഷൻ ബോർഡിൽ ജോലിചെയ്യുന്ന സമയം.
അജയ് സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു. 
രമ്യക്ക്  മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്  നാട്ടിൽ വരാൻ സാധിക്കാറുള്ളത്. ഞങ്ങൾ താമസിക്കുന്നതിന്റെ തൊട്ട് അടുത്ത് തന്നെ ഏച്ചി താമസിക്കുന്നത് കൊണ്ട് മകന്റെ  കാര്യമൊക്കെ അങ്ങനെ നടന്നു പോകുന്നു.
ഫെബ്രവരിയിലെ രണ്ടാം ശനിയാഴ്ച്ച അവൾക്ക്  മുഖത്ത് നല്ല ക്ഷീണമുണ്ട്. യാത്ര കൊണ്ടായിരിക്കാം.
പക്ഷെ അവൾ പറഞ്ഞു നമുക്ക് ഒന്ന് ഗൈനക് നെ കാണണം .
അവളുടെ സംശയം ശരിയായിരുന്നു. ഞാൻ രണ്ടാമതും അച്ഛനാകാൻ പോകുന്നു.വിവരം അറിഞ്ഞപ്പോൾ അജയ് സന്തോഷം കൊണ്ട് തുള്ളി ചാടി അവൻ ഏട്ടനാകാൻ പോകുക ആണല്ലോ.
റസ്റ്റ് എടുക്കണം ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.
കുറച്ച് ദിവസം ലീവ് എടുത്തു.
പക്ഷെ തിരുവനതപുരത്ത് ഓഫിസിൽ പോകേണ്ടത് അത്യാവശ്യം ആയിരുന്നു. വൈകുന്നേരം തലശ്ശേരിയിൽ നിന്നും ഏഴരയുടെ ട്രെയിനിൽ ആണ് പോകേണ്ടത്.യാത്രയൊക്കെ തനിച്ച് ആണ്. . ചില സർക്കാർ സർവീസിൽ രാഷ്ട്രീയ വേർതിരിവ് വളരെ അധികമാണ് അത് കൊണ്ട് തന്നെ തിരുവനതപുരം മുതൽ കാസർഗോഡ് വരെ യുള്ള ഒട്ടു മിക്ക ജില്ലകളിലും അവൾക്ക് ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അന്ന് തലശ്ശേരിയിലേക്ക് പോകാനായി കയറിയത് കോട്ടയത്തേക്ക് പോകുന്ന സ്റ്റേറ്റ് ബസ്സിൽ ആയിരുന്നു. ആളുകൾ നന്നേ കുറവ്.
ഞങ്ങൾ മധ്യത്തിലുള്ള ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. ആളുകൾ വളരെ കുറവ്  ആയത് കാരണം നല്ല കുലുക്കം ആയിരുന്നു ബസ്സിന്‌.
 നീർവേലി എത്തിയപ്പോൾ
 പെട്ടെന്ന് ഞങ്ങളെ എടുത്ത് എറിയുന്ന കണക്കെ 
ബംപ് ആണോ ഗട്ടർ ആണോ എന്ന് അറിയില്ല 
ശരിക്കും ഭയപ്പെടുത്തി കളഞ്ഞു ആ ഒരു ബസ് യാത്ര.
സ്റ്റേറ്റ് ബസ് കാണുമ്പോൾ പലപ്പോഴും ആ യാത്ര ആണ് കണ്മുന്നിൽ തെളിയുന്നത്.
തിരുവനതപുരത്ത് എത്തി രണ്ടാം ദിവസം ഒരു ഫോൺ....
രമ്യ അഡ്മിറ്റ് ആണ് പ്രശ്നമൊന്നുമില്ല ചെറിയ ബ്ലീഡിങ്.
ആശുപത്രി വാസമൊക്കെ വലിയ കുഴപ്പമില്ലാതെ കടന്നുപോയി .
ഡിസ്ചാർജ്ജ് വാങ്ങി തിരികെ നാട്ടിലേക്ക്.
പൂർണ്ണമായും റസ്റ്റ് ..
ഏന്നിട്ടും ചെറിയ ചെറിയ പ്രശ്നങ്ങൾ മുന്നിലേക്ക് വന്നു.
ചെറുതായി സ്റ്റിച്ച് ഇടണം ഡോക്ടർ നിർദ്ദേശിച്ചു.
കുട്ടി നല്ല ഹെൽത്തി ഒക്കെ ആണ് 
ഇനിയുമൊരു നാല് ആഴ്ച്ച കൂടി കഴിഞ്ഞ് കിട്ടണം ഡോക്ടർ പറഞ്ഞു.
പ്രസവത്തിന് കൂട്ടികൊണ്ടു പോകുന്നത് ചടങ്ങിന് ആയെങ്കിലും നടത്തണം.
ഓണത്തിന് ശേഷം ആണ് അവളെയും കൂട്ടി മട്ടന്നൂരിലെ വീട്ടിലെത്തിയത്.രണ്ട് ദിവസത്തിന് ശേഷം അവളുടെ വീട്ടിൽ തിരികെ കൊണ്ടു ചെന്നാക്കാം എന്നാണ് പ്രതീക്ഷിച്ചത്.
വൈകുന്നേരം ആയപ്പോൾ ആണ് അവൾ പറഞ്ഞത് ചെറുതായി ബ്ലീഡിങ് കാണുന്നു.
വേദനയും...
പിന്നെ ഒന്നിനും സമയം ഉണ്ടായിരുന്നില്ല 
രവിയേട്ടനോട് വണ്ടിയെടുക്കാൻ പറഞ്ഞു..
സമയം കളയാതെ കണ്ണൂർ ആശുപത്രിയിലേക്ക്..
നേരെ ലേബർ റൂമിലേക്ക് ..
സമയം കടന്നുപോകുന്നു..
ടെൻഷൻ കാരണം എനിക്ക് ഇരിക്കാൻ പോലും പറ്റുന്നില്ല.
പകൽ സമയങ്ങളിൽ തിങ്ങി നിറഞ്ഞ് ആൾക്കാർ ഉണ്ടാകുന്ന ആ കോറിഡോറിൽ ഞങ്ങൾ മൂന്ന് പേർ മാത്രം.
സമയം ഏഴരയോട് അടുത്തിരിക്കുന്നു.
ഡോക്ടർ വിളിക്കുന്നു..
ഡോക്ടറുടെ മുഖത്തും ടെൻഷൻ കാണാം 
മെല്ലെ വിഷയത്തിലേക്ക് 
ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സാഹചര്യം അല്ല.
രണ്ടാഴ്ച്ച കൂടി കഴിഞ്ഞിരുന്നേൽ നമുക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു..
കുഞ്ഞിനെ ഇനി നിലനിർത്തുക പ്രയാസം ആണ്.
വേറെ ഒരു ഓപ്ഷൻ ഇല്ല..
മുന്നിലേക്ക് നീട്ടിയ ഫോമിൽ ഒപ്പിട്ട് ഞാൻ പുറത്തേക്ക്...
ഇത്രയും നാളും ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ച് 
കണക്കില്ലാത്ത ഇൻജക്ഷനും മരുന്നുകളും വേദനകളും സഹിച്ച് ഇപ്പോൾ..
രണ്ടാഴ്ച്ച കൂടി കഴിഞ്ഞിരുന്നേൽ..
ഇരുട്ട് നിറഞ്ഞ ആ കോറിഡോറിൽ 
ഒരു ചെറിയ കാർഡ് ബോർഡ് ബോക്സുമായി  സിസ്റ്റർ...
നിങ്ങളെ കാണിച്ചിട്ട് സംസ്കരിക്കാൻ കൊടുക്കാൻ പറഞ്ഞു..
ഞാൻ ഒരിക്കലേ നോക്കിയുള്ളൂ...
നല്ല വെളുത്ത് തുടുത്ത പെൺകുഞ്ഞ് 
കറുത്ത് ഇടതൂർന്ന മുടി 
വിരലുകൾ ചുരുട്ടി പിടിച്ചിരിക്കുന്നു...
ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടോ...
അതോ എനിക്ക് തോന്നുന്നതാണോ...
വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട് ആ കുഞ്ഞ് മുഖം..
എന്റെ മാലാഖ കുഞ്ഞിന്റേത്.....

മനു.