അജയ് സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു.
രമ്യക്ക് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് നാട്ടിൽ വരാൻ സാധിക്കാറുള്ളത്. ഞങ്ങൾ താമസിക്കുന്നതിന്റെ തൊട്ട് അടുത്ത് തന്നെ ഏച്ചി താമസിക്കുന്നത് കൊണ്ട് മകന്റെ കാര്യമൊക്കെ അങ്ങനെ നടന്നു പോകുന്നു.
ഫെബ്രവരിയിലെ രണ്ടാം ശനിയാഴ്ച്ച അവൾക്ക് മുഖത്ത് നല്ല ക്ഷീണമുണ്ട്. യാത്ര കൊണ്ടായിരിക്കാം.
പക്ഷെ അവൾ പറഞ്ഞു നമുക്ക് ഒന്ന് ഗൈനക് നെ കാണണം .
അവളുടെ സംശയം ശരിയായിരുന്നു. ഞാൻ രണ്ടാമതും അച്ഛനാകാൻ പോകുന്നു.വിവരം അറിഞ്ഞപ്പോൾ അജയ് സന്തോഷം കൊണ്ട് തുള്ളി ചാടി അവൻ ഏട്ടനാകാൻ പോകുക ആണല്ലോ.
റസ്റ്റ് എടുക്കണം ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.
കുറച്ച് ദിവസം ലീവ് എടുത്തു.
പക്ഷെ തിരുവനതപുരത്ത് ഓഫിസിൽ പോകേണ്ടത് അത്യാവശ്യം ആയിരുന്നു. വൈകുന്നേരം തലശ്ശേരിയിൽ നിന്നും ഏഴരയുടെ ട്രെയിനിൽ ആണ് പോകേണ്ടത്.യാത്രയൊക്കെ തനിച്ച് ആണ്. . ചില സർക്കാർ സർവീസിൽ രാഷ്ട്രീയ വേർതിരിവ് വളരെ അധികമാണ് അത് കൊണ്ട് തന്നെ തിരുവനതപുരം മുതൽ കാസർഗോഡ് വരെ യുള്ള ഒട്ടു മിക്ക ജില്ലകളിലും അവൾക്ക് ജോലി ചെയ്യേണ്ടതായി വന്നിട്ടുണ്ട്. അന്ന് തലശ്ശേരിയിലേക്ക് പോകാനായി കയറിയത് കോട്ടയത്തേക്ക് പോകുന്ന സ്റ്റേറ്റ് ബസ്സിൽ ആയിരുന്നു. ആളുകൾ നന്നേ കുറവ്.
ഞങ്ങൾ മധ്യത്തിലുള്ള ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. ആളുകൾ വളരെ കുറവ് ആയത് കാരണം നല്ല കുലുക്കം ആയിരുന്നു ബസ്സിന്.
നീർവേലി എത്തിയപ്പോൾ
പെട്ടെന്ന് ഞങ്ങളെ എടുത്ത് എറിയുന്ന കണക്കെ
ബംപ് ആണോ ഗട്ടർ ആണോ എന്ന് അറിയില്ല
ശരിക്കും ഭയപ്പെടുത്തി കളഞ്ഞു ആ ഒരു ബസ് യാത്ര.
സ്റ്റേറ്റ് ബസ് കാണുമ്പോൾ പലപ്പോഴും ആ യാത്ര ആണ് കണ്മുന്നിൽ തെളിയുന്നത്.
തിരുവനതപുരത്ത് എത്തി രണ്ടാം ദിവസം ഒരു ഫോൺ....
രമ്യ അഡ്മിറ്റ് ആണ് പ്രശ്നമൊന്നുമില്ല ചെറിയ ബ്ലീഡിങ്.
ആശുപത്രി വാസമൊക്കെ വലിയ കുഴപ്പമില്ലാതെ കടന്നുപോയി .
ഡിസ്ചാർജ്ജ് വാങ്ങി തിരികെ നാട്ടിലേക്ക്.
പൂർണ്ണമായും റസ്റ്റ് ..
ഏന്നിട്ടും ചെറിയ ചെറിയ പ്രശ്നങ്ങൾ മുന്നിലേക്ക് വന്നു.
ചെറുതായി സ്റ്റിച്ച് ഇടണം ഡോക്ടർ നിർദ്ദേശിച്ചു.
കുട്ടി നല്ല ഹെൽത്തി ഒക്കെ ആണ്
ഇനിയുമൊരു നാല് ആഴ്ച്ച കൂടി കഴിഞ്ഞ് കിട്ടണം ഡോക്ടർ പറഞ്ഞു.
പ്രസവത്തിന് കൂട്ടികൊണ്ടു പോകുന്നത് ചടങ്ങിന് ആയെങ്കിലും നടത്തണം.
ഓണത്തിന് ശേഷം ആണ് അവളെയും കൂട്ടി മട്ടന്നൂരിലെ വീട്ടിലെത്തിയത്.രണ്ട് ദിവസത്തിന് ശേഷം അവളുടെ വീട്ടിൽ തിരികെ കൊണ്ടു ചെന്നാക്കാം എന്നാണ് പ്രതീക്ഷിച്ചത്.
വൈകുന്നേരം ആയപ്പോൾ ആണ് അവൾ പറഞ്ഞത് ചെറുതായി ബ്ലീഡിങ് കാണുന്നു.
വേദനയും...
പിന്നെ ഒന്നിനും സമയം ഉണ്ടായിരുന്നില്ല
രവിയേട്ടനോട് വണ്ടിയെടുക്കാൻ പറഞ്ഞു..
സമയം കളയാതെ കണ്ണൂർ ആശുപത്രിയിലേക്ക്..
നേരെ ലേബർ റൂമിലേക്ക് ..
സമയം കടന്നുപോകുന്നു..
ടെൻഷൻ കാരണം എനിക്ക് ഇരിക്കാൻ പോലും പറ്റുന്നില്ല.
പകൽ സമയങ്ങളിൽ തിങ്ങി നിറഞ്ഞ് ആൾക്കാർ ഉണ്ടാകുന്ന ആ കോറിഡോറിൽ ഞങ്ങൾ മൂന്ന് പേർ മാത്രം.
സമയം ഏഴരയോട് അടുത്തിരിക്കുന്നു.
ഡോക്ടർ വിളിക്കുന്നു..
ഡോക്ടറുടെ മുഖത്തും ടെൻഷൻ കാണാം
മെല്ലെ വിഷയത്തിലേക്ക്
ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സാഹചര്യം അല്ല.
രണ്ടാഴ്ച്ച കൂടി കഴിഞ്ഞിരുന്നേൽ നമുക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു..
കുഞ്ഞിനെ ഇനി നിലനിർത്തുക പ്രയാസം ആണ്.
വേറെ ഒരു ഓപ്ഷൻ ഇല്ല..
മുന്നിലേക്ക് നീട്ടിയ ഫോമിൽ ഒപ്പിട്ട് ഞാൻ പുറത്തേക്ക്...
ഇത്രയും നാളും ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ച്
കണക്കില്ലാത്ത ഇൻജക്ഷനും മരുന്നുകളും വേദനകളും സഹിച്ച് ഇപ്പോൾ..
രണ്ടാഴ്ച്ച കൂടി കഴിഞ്ഞിരുന്നേൽ..
ഇരുട്ട് നിറഞ്ഞ ആ കോറിഡോറിൽ
ഒരു ചെറിയ കാർഡ് ബോർഡ് ബോക്സുമായി സിസ്റ്റർ...
നിങ്ങളെ കാണിച്ചിട്ട് സംസ്കരിക്കാൻ കൊടുക്കാൻ പറഞ്ഞു..
ഞാൻ ഒരിക്കലേ നോക്കിയുള്ളൂ...
നല്ല വെളുത്ത് തുടുത്ത പെൺകുഞ്ഞ്
കറുത്ത് ഇടതൂർന്ന മുടി
വിരലുകൾ ചുരുട്ടി പിടിച്ചിരിക്കുന്നു...
ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടോ...
അതോ എനിക്ക് തോന്നുന്നതാണോ...
വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട് ആ കുഞ്ഞ് മുഖം..
എന്റെ മാലാഖ കുഞ്ഞിന്റേത്.....
മനു.

No comments:
Post a Comment