കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, December 13, 2017

സുരേന്ദ്രേട്ടൻ പറയാൻ കൊതിച്ചത് ........


മനുഷ്യ ബന്ധങ്ങൾക്കിടയിൽ
സമ്പത്തിനു അമിത പ്രാധാന്യം നൽകിയാൽ
അത്  സ്നേഹബന്ധങ്ങളിൽ വിള്ളലിനും
അതിന്റെ  ആഘാതങ്ങൾ
തലമുറകളോളം വേട്ടയാടാനും   ഇടയായേക്കാം .

ഇതൊരു തത്വ ചിന്തയൊന്നുമല്ല അനുഭവ സാക്ഷ്യം.

സുരേന്ദ്രേട്ടൻ

ഒരു സാധാ ബീഡി തെറുപ്പുകാരൻ
തിളക്കമുള്ള കണ്ണുകൾ
ചുരുണ്ട മുടി
ഇരുണ്ട നിറം
ഇടത്തരം ശരീരപ്രകൃതിയുള്ള  ഒരു സാദാ മനുഷ്യൻ
അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു
 അനിയൻ ഒരു വർക്ഷോപ്പിൽ ഫിറ്റർ .
കണ്ണൂരിൽ ഇളയമ്മ യുടെ വീട്ടിൽ  താമസം

അയൽവക്കത്തെ ശോഭേച്ചിയെ വിവാഹം ചെയ്ത്
മട്ടന്നൂരിൽ താമസം തുടങ്ങി

സന്തോഷ  പൂര്ണമായ ദിനങ്ങൾ
വിവാഹ പ്രായം വൈകിയത്  കൊണ്ടോ
മറ്റ് ആരോഗ്യ പ്രശ്നങ്ങളാലോ
കുറെ കാലം ചികിൽസിച്ചിട്ടാണ്
ഒരു മകളുണ്ടായത്

പ്രസവവും മറ്റുമായി കുറെ തുക ചിലവായതോടെ
കുറച്ച് സാമ്പത്തിക ബുധ്ധി മുട്ടിലായെങ്കിലും
കണ്ണൂരിലെ ബീഡി പണി തുടർന്നു

പുലർച്ചക്ക് പോയാൽ രാത്രിയാകും തിരിച്ചെത്താൻ
വരുമ്പോൾ കയ്യിൽ ചെറിയ പൊതി വല്ലതുമുണ്ടാകും
കുറച്ച് മസാല കടലയോ മറ്റോ ആയിരിക്കുമത്

ഒരു മണ്ഡല കാലം
സുരേന്ദ്രട്ടന്റെ ആരോഗ്യത്തെ പെട്ടെന്ന് ക്ഷയിക്കുന്നതുപോലെ
എപ്പോഴും ക്ഷീണം
നിൽക്കാത്ത ചുമ
ഒന്ന് ഡോക്ടറെ കാണിക്കണം
മുരളിയേട്ടനും പോയിരുന്നു കൂടെ
അശോകൻ ഡോക്ടറെ ഏട്ടന് നല്ല പരിചയമാണ്

ശ്രദ്ധിക്കണം
ടി ബി യാണ്
മുടങ്ങാതെ  ചികിത്സ നടത്തണം
മെഡിക്കൽ റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു

അസുഖം കലശലായതോടെ
 ബീഡിപ്പണിയിൽ തുടരാൻ കഴിയാതെ
ജോലി ഉപേക്ഷി ക്കേണ്ടി വന്നു.
സ്വന്തമായി വരുമാന മില്ലാത്ത  നാളുകൾ
ശോഭേ ച്ചിക്ക് ഇഷ്ട്ടം പോലെ തുന്നാൻ കിട്ടുന്നത് കൊണ്ടും
അമ്മക്ക് ഫാമിലി പെൻഷൻ ഉള്ളതുകൊണ്ടും
 വലിയ പ്രശ്നങ്ങളില്ലാതെ ജീവിതം തുടർന്നു

എന്നാലും
പണ്ട് ലഭിക്കുന്ന പരിഗണന തനിക്കു ലഭിക്കുന്നില്ലേ?
സുരേന്ദ്രേട്ടനു സംശയം

അസുഖത്തിന്റെ കാഠിന്യം കുറഞ്ഞപ്പോഴാണ്
പഴയ ഒരു പെട്ടിക്കട വിൽക്കുന്ന വിവരം അറിയുന്നത്
അമ്മയിൽ നിന്നും 500 രൂപ വാങ്ങി
ആ സൈക്കിൾ  വണ്ടിയിൽ കച്ചവടം തുടങ്ങി
കുറച്ചു മിഠാ യി യും  ബീഡി, സിഗരറ്റും മാത്രമായിരുന്നു കച്ചവടം
വൈകുന്നേരങ്ങളിൽ അധിക ദിവസവും
ക്‌ളാസ് കഴിഞ്ഞാലുടൻ
കടയിൽ പോയി സുരേന്ദ്രേട്ടനോട് കുശലം പറഞ്ഞു നിൽക്കാറുണ്ടായിരുന്നു.

എല്ലാം സംസാരിക്കാവുന്ന
ഉറ്റ ചങ്ങാതി
വേദനകൾ പലതും എന്നോട് പങ്കിടും .

 രണ്ടാമത്തെ കുട്ടിയുടെ ജനനം,

വീട് പൊളിഞ്ഞു വീഴാറായ അവസ്ഥയിൽ

പുതിയ വീട്ടിന്റെ പണി തുടങ്ങി

ഇത്  സാമ്പത്തിക സ്ഥിതിയെ ശരിക്കും ബാധിക്കാൻ തുടങ്ങി

മിട്ടായി യും ബീഡിയും വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം

ഒന്നിനും തികയാത്ത  അവസ്ഥ.

കൂടാതെ
വരുമാനമില്ല്ലാത്തതിനാൽ
വീട്ടിൽ തന്നെ അവഗണിക്കുന്നതായുള്ള  ചിന്തകൾ
മനസ്സിൽ മെല്ലെ പടർന്നു തുടങ്ങിയിരുന്നു .

കൂനിന്മേൽ കുരുപോലെ
പ്രമേഹവും
 അത് ചിലപ്പോൾ  നിരന്തരമായി കഴിച്ച മരുന്നുകളുടെ സംഭാവനയാകാം

സുരേന്ദ്രേട്ടൻ  ശരിക്കും തളർന്നുപോയി .

എങ്ങനെയെങ്കിലും വീടിന്റെ പണി തീർത്ത്
കയറി കൂടിയാൽ മതിയായിരുന്നു
എന്നോട് പലപ്പോഴും പറയും .

എൽ എൽ ബി ക്കു പൂനെയിൽ പഠിക്കുന്ന സമയം

വെക്കേഷനിൽ നാട്ടിലെത്തി

സുരേന്ദ്രേട്ടൻ

കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്തവിധം

ആകെ മെലിഞ്ഞുണങ്ങി പോയിരിക്കുന്നു .

നമ്മൾ കുറെ നേരം സംസാരിച്ചു

പലപ്പോഴും കണ്ണ് നിറയുന്നു
അത് ഞാൻ കാണാതെ ഒപ്പുവാനുള്ള ശ്രമം ...

ഉള്ളിലുള്ള സങ്കടങ്ങൾ ആരോടെങ്കിലും പറയണമല്ലോ

പിന്നീട്

അച്ഛൻ അയക്കുന്ന പോസ്റ്റ് കാർഡിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രം.

മനു.....

എനിക്ക് ദാഹിക്കുന്നു ....
എന്നെ ........

ഇതുവരെ കാണാത്ത മുഖ ഭാവവുമായി സുരേന്ദ്രേട്ടൻ ..

എന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നു

ഞെട്ടി എഴുന്നേറ്റു

സ്വപ്നം കണ്ടതാണ് .

അതിൽ സുരേന്ദ്രേട്ടൻ പറഞ്ഞതെന്താണ്?

ക്ലോക്കിൽ സമയം 2 .30

അകലെ എവിടേയോ നായ കുരയ്ക്കുന്ന ശബ്ദം

പിന്നെ എനിക്ക് ഉറക്കം വന്നില്ല

നാലഞ്ചു ദിവസം കഴിഞ്ഞ് അച്ഛന്റെ പോസ്റ്റ് കാർഡ് വന്നു

മക്കൾക്ക്
ഇന്നലെ രാത്രി നമ്മുടെ സുരേന്ദ്രൻ മരിച്ചുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വീട്ടിന്റെ പണിക്ക് വേണ്ടി ഈർന്ന മരം ഇറക്കുമ്പോൾ
ഉണ്ടായ മുറിവ് പഴുത്ത്
കാല്പാദങ്ങൾ മുറിച്ചു മാറ്റിയിരുന്നു
താഴത്തെ കടക്കാരായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്.

ഞാൻ കാർഡിലെ തീയതി നോക്കി
ഞാൻ  സ്വപ്നം കണ്ട അതെ ദിവസം

എന്തായിരിക്കാം സുരേന്ദ്രേട്ടൻ എന്നോട് പറയാൻ ആഗ്രഹിച്ചത്?

ഇന്നും

എനിക്ക് അജ്ഞാതമായിരിക്കുന്നു .


Tuesday, December 12, 2017

ജീവിതത്തിലെ വഴിത്തിരിവ്

പണ്ട് കാലം മുതലേ അധ്യാപകരുടെ
സ്ഥിരം പല്ലവിയാണ്
ഹൈസ്കൂൾ പഠന കാലം  ജീവിതത്തിലെ വഴിത്തിരിവാണെന്നു.......

എനിക്കങ്ങനെ തോന്നിയിട്ടൊന്നുമില്ലെങ്കിലും

ബാല്യ കാലത്തിൽ നിന്ന് യുവത്വത്തിലേക്ക് മാറുന്ന ഒരു സമയം എന്നുള്ളത് കൊണ്ട് ഈ കാലഘട്ടം ജീവിതത്തിലെ പ്രധാനപ്പെട്ട ഏട് തന്നെയാണു്

വീട്ടിന് ഒരു മതിലപ്പുറം സർക്കാർ സ്കൂളുണ്ടായിട്ടും
അഞ്ചാം തരം മുതൽ ഞാൻ പഠിച്ചത് രണ്ടു കിലോമീറ്റർ
അകലെ യുള്ള മട്ടന്നൂർ ഹൈ സ്കൂളിൽ ആണ്.

എയ്ഡഡ് സ്കൂളിൽ പോസ്റ്റ് ഉണ്ടാക്കുന്നതിനു
ഏതെങ്കിലും അധ്യാപകർ അച്ഛനെ സമീപിച്ചതിന്റെ ഫലമാകാം
 എന്റെ ഈ സ്കൂൾ മാറ്റം.

അഞ്ചാം തരത്തിൽ പഠിക്കുമ്പോഴുള്ള ഉറ്റ ചങ്ങാതിമാർ
സുദീപും സെൻലാലും ആയിരുന്നു
പക്ഷെ
അവരുടെ  താമസം പാലോട്ടുപള്ളിയിൽ ആകയാൽ
സ്കൂൾ വിട്ടുള്ള മട്ടന്നൂർ വരെയുള്ള നടത്തത്തിനു
മറ്റു ചിലരായിരുന്നു കൂട്ട്

രമേശൻ
കാരയിലാണ് വീട്
ഉച്ചഭക്ഷണം അവൻ കൊണ്ടുവരാറില്ല
അഞ്ചു പൈസക്ക് കിട്ടുന്ന വല്ല മിട്ടായിയുമായിരുന്നു
അവന്റെ ഉച്ചഭക്ഷണം
വീട്ടിലെ അവസ്ഥ  അവൻ തുറന്നു പറയാറില്ലെങ്കിലും
അവന്റെ സംസാരത്തിൽ നിന്നും പലതും വെളിവാകാറുണ്ട്

പലപ്പോഴും അവൻ പറയാറുള്ളത്
കാര ഭഗവതി ക്ഷേത്രമുള്ളതു കൊണ്ടാണ്
അവന്റെ അത്യാവശ്യ കാര്യങ്ങൾക്കുള്ള പണം ലഭിക്കുന്നതെന്നാണ്

പുലർച്ചെ ക്ഷേത്ര മുറ്റത്തു പോയാൽ
ഇഷ്ട്ടം  പോലെ ഇലഞ്ഞി പൂക്കൾ വീണു കിടപ്പുണ്ടാകും
അവ പെറുക്കി വാഴ നാരിൽ കോർത്ത്
ടാക്സിക്കാർക്ക് കൊടുക്കും
രാവിലെ സ്കൂളിൽ പോരുമ്പോൾ കൊടുത്താൽ
പണം വൈകുന്നേരം കിട്ടും
ഒരു രൂപ
അതൊരു വലിയ തുകയായിരുന്നു അന്ന്

പലപ്പോഴും സ്കൂൾ വിട്ടാലുള്ള ഓട്ടം ഈ പണത്തിനു വേണ്ടിയാണ്.

അവൻ വരുമ്പോൾ എന്നും ഇലഞ്ഞി പൂക്കളുടെ ഗന്ധമായിരുന്നു.

വൈകുന്നേരങ്ങളിൽ അരമണിക്കൂറോള മുള്ള
കൂട്ടമായുള്ള നടത്തത്തിലാണ്  സിനിമ കഥകളും
മറ്റു പല വിശേഷങ്ങളും പങ്കു വെക്കുന്നത്.

 ആറും ഏഴിലുമൊക്കെ   പഠിക്കുമ്പോൾ
വൈകുന്നേരങ്ങളിൽ മട്ടന്നൂർ വരെ
രവിയും മജീദും റഹ്‌മാനും ഉണ്ടാകും കൂട്ടിന്.

രവി ഞങ്ങളെക്കാളും മൂത്തതാണ്
ജെ ടി എസിൽ നിന്ന്നും തോറ്റിട്ട് ഞങ്ങളുടെ സ്കൂളിൽ ചേർന്നതാണ്

മനോജേ
ഉച്ചക്ക് ഒന്നും കഴിക്കാത്തതിനാൽ
വിശന്നിട്ടു വയ്യ  ഈ പുസ്‌തകങ്ങൾ ഒന്ന് പിടിക്കാമോ?

അവന്റെ പുസ്തകങ്ങളും ഞാൻ പേറും

പലപ്പോഴും മീരേച്ചി എന്നെ ഇതും പറഞ് വഴക്കു പറയാറുണ്ടായിരുന്നു.

വരുന്ന വഴിയിലുള്ള പ്രിയ ടാക്കീസിൽ

ഐ വി ശശി യുടെ ഈ നാട് നിറഞ്ഞോടുന്ന കാലം

അതിന്റെ വിവാദമായൊരു പോസ്റ്റർ ഉണ്ടായിരുന്നു

സത്താറും ഒരു സ്ത്രീയും നഗ്നരായി കിടക്ക പങ്കിടുന്നതിന്റെ ചിത്രം

ഇടം കണ്ണ് കൊണ്ട് മാത്രം നോക്കാൻ പറ്റുന്ന
ഇത്തരം പോസ്റ്ററുകളും മറ്റും കാണുമ്പോഴാണ്
ലൈംഗികതയുടെ പ്രാഥമിക അറിവുകൾ
കൂട്ടുകാരിൽ നിന്നും പകർന്നു ലഭിച്ചത്

മജീദും റഹ്‌മാനുമൊക്കെ ഇക്കാര്യത്തിൽ ഉസ്താദുമാരായിരുന്നു

ഇത്തരം ആവശ്യത്തിലധികം  അറിവുകൾ
അവർക്കു മദ്രസ്സയിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു.

മട്ടന്നൂർ ഹൈ സ്കൂളിലെ പഠനകാലത്തു
 വിരലിലെണ്ണാവുന്ന ടീച്ചർമാർ  മാത്രമാണ്
 നല്ലരീതിയിൽ പഠിപ്പിക്കാൻ  അറിയുന്നവരായിട്ടുണ്ടായിരുന്നത്
ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന അധ്യാപകർ
നാരായണൻ മാഷ്,രാഘവൻ മാഷ് ,സരസ്വതി ടീച്ചർ ,
വിജയൻ മാഷ്,ദാമോദരൻ മാഷ് എന്നിവരൊക്കെ ആണ്.
ഇന്നും വെറുപ്പോടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരാളുണ്ട്
സംസ്കൃതത്തിന്റെ വിജയൻ മാസ്റ്റർ

ഞങ്ങൾക്ക് അഞ്ചാം തരം മുതൽ
സംസ്കൃതവും പഠി പ്പിക്കാറുണ്ടായിരുന്നു.

സാധാരണ ഗതിയിൽ
 മലയാളമോ സംസ്കൃതമോ ഏതെങ്കിലും ഒന്നേ പഠി ക്കേണ്ടതുള്ളൂ
പക്ഷെ ഞങ്ങൾ എല്ലാവരെയും  ഏഴാം തരം വരെ
മലയാളവും സംസ്കൃതവും പഠിപ്പിക്കാറുണ്ടായിരുന്നു

 സംസ്കൃതത്തിന്റെ ഒരു പോസ്റ്റ് ഉണ്ടാക്കുവാനായിരിക്കാം
 നിർബന്ധിച്ചുള്ള  സംസ്‌കൃതം പഠനം

അഞ്ചിലും ആറിലും സംസ്‌കൃതം ടീച്ചർ ഞങ്ങളെ വഴക്കു പോലും പറയാറുണ്ടായിരുന്നില്ല
 പക്ഷെ ഏഴിലെത്തുംമ്പോൾ സ്ഥിതി മാറി
വിജയൻ മാസ്റ്റർ ജോലിക്കു ചേർന്നു .

അദ്ദേഹം വളരെ സ്‌ട്രിക്‌ട് ആയിരുന്നു.


നേരത്തെയുള്ള  ടീച്ചർ സംസ്‌കൃതംപരീക്ഷയുടെ  തലേന്ന്
വരാവുന്ന ചോദ്യം ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നു

എന്നാൽ വിജയൻ മാഷ് ഓരോ ദിവസവും
 ഹോം വർക്കും ഇമ്പോസിഷനും മറ്റുമായി മുന്നോട്ടു പോകാൻ തുടങ്ങി

ഇത്  ആൺട്ടികളായ ഞങ്ങൾക്കു രസിച്ചില്ല

നിർബന്ധമല്ലാത്ത ഒരു വിഷയം ഞങ്ങളെ അടിച്ചേല്പിക്കേണ്ടതില്ലല്ലോ

അന്ന് സംസ്‌കൃതം പീരീഡ്

അറബി പഠിക്കുന്ന കുട്ടികൾ അവരുടെ ക്‌ളാസിൽ പോയി

ഞങ്ങൾ കുറച്ച് പേർ

സംസ്‌കൃതം ക്‌ളാസിൽ പോകില്ലെന്ന് ഉറച്ച തീരുമാനമെടുത്ത്
ക്ലാസ്സിൽ തന്നെ ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ കുറച്ച് പെൺകുട്ടികൾ  വന്നു

 മാഷ് വിളിക്കുന്നു

മെല്ലെ സംസ്‌കൃതം ക്‌ളാസിൽ

എന്താ ക്‌ളാസിൽ വരാഞ്ഞത്

മാഷെ ഞങ്ങൾക്ക് സംസ്‌കൃതം പഠിക്കേണ്ട

അത് നിങ്ങളാണോ തീരുമാനിക്കുന്നത്?

പിന്നെ ചോദ്യവും ഉത്തരവുമുണ്ടായില്ല

നിരത്തി  നിർത്തി

നീട്ടി പിടിച്ച കയ്കളിൽ ചോര പാടുകൾ വീഴുംവണ്ണമുള്ള

വടികൊണ്ട്  ആവർത്തിച്ചുള്ള അടികൾ
ഓർക്കുമ്പോൾ ആ അടികളുടെ വേദന ഇന്നുമുണ്ട് കൈകളിൽ

വെറുമൊരു അടി ലഭിച്ചത് കൊണ്ട് മാത്രമല്ല  വേദന എടുത്തത്

ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയായതു കൊണ്ടാണ്

പോസ്റ്റ് നിലനിർത്തേണ്ടത് മാഷുടെ മാത്രം ആവശ്യമാണ്‌

മലയാളം രണ്ടാം ഭാഗം  പഠിക്കുന്ന കാലത്തോളം സംസ്‌കൃതം

അടിച്ചേൽപ്പിക്കാൻ പറ്റുമായിരുന്നില്ല

സ്വന്തം നിലനിൽപ്പിനു വേണ്ടി

മറ്റുള്ളവരെ ശിക്ഷിക്കുന്നത് ശരിയല്ല



പിന്നീട് ജീവിതയാത്രയിൽ   മാഷെ പലയിടങ്ങളിലും

കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും സംസാരിക്കാൻ പോയിട്ടില്ല

ഇത്തരം സ്വാർത്ഥൻമാരെ എനിക്ക് വെറുപ്പാണ്

അധ്യാപകനായാലും  മറ്റാരാണെങ്കിലും ................





Monday, December 11, 2017

നാലാം തരം നൽകിയ പാഠം

ആരെയും അന്ധമായി വിശ്വസിക്കരുത്.....
നാം ചെയ്യേണ്ട പ്രവർത്തി നാം  തന്നെ ചെയ്യണം......
ഒമ്പത് വയസ്സിൽ പഠിച്ച,
ഒരിക്കലും മറക്കാനാകാത്ത ഒരു പാഠം !

വീട്ടിൽ നിന്നും വിളിച്ച് കൂവിയാൽ കേൾക്കുന്ന ദൂരത്തിലായിരുന്നു-
ഗവണ്മെന്റ് യു പി സ്കൂൾ.
ഒരു റോഡ് മറികടന്നാൽ സ്‌കൂളായി,
നമ്പീശൻപുല്ല്  നിറഞ്ഞ,
കരിങ്കൽ ചെരിച്ചു കെട്ടിയ,
കുന്നിന്റെ ചെരിവ്,
കുന്നിന്റെ മുകളിൽ തല ഉയർത്തി നിൽക്കുന്ന സ്കൂൾ.

ഇഷ്ട്ടം പോലെ കെട്ടിടങ്ങളും,
വിശാലമായ കളിസ്ഥലവുമൊക്കെ യുണ്ടെങ്കിലും,
സ്കൂളിൽ കിണറുണ്ടായിരുന്നില്ല.
കുഴിച്ച കിണർ ഒരു രാത്രിയിൽ ആൾമറ അടക്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി .
മുഴുവൻ കുട്ടികളും വെള്ളം കുടിക്കാൻ വരുന്നത്  വീട്ടിൽ ആണ്.
സ്കൂളിൽ നല്ലൊരു മൂത്രപ്പുരയും  ഇല്ല,
അതുകൊണ്ട് തന്നെ ടീച്ചർമാരൊക്കെ ഉച്ചയാകുമ്പോൾ  വീട്ടിൽ എത്താറുണ്ട്.

എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു -
 ബാലഗോപാലൻ ഡോക്റ്ററുടെ മകൻ ശ്രീജിത്ത്.
ആ വർഷത്തെ ഓണാഘോഷത്തിൽ,
നമ്മൾ പൂക്കള മത്സരത്തിന് പേരുകൊടുത്തു
ഞാനും, ശ്രീജിത്തും മറ്റു രണ്ടുപേരും.

ആ ദിവസം ഞാൻ വീട്ടിൽ നിന്നും പറിക്കാവുന്ന പൂക്കളൊക്കെ പറിച്ചു കൂടാതെ അച്ഛൻ പുതുതായി വാങ്ങി കൊണ്ടുവന്ന കോപ്പകൂട്ടുകൊണ്ടുണ്ടാക്കിയ ശിവന്റെ പ്രതിമയും എടുത്തു.

ഞങ്ങൾക്ക് പൂക്കളത്തിന്റെ ഡിസൈനിനെ പാറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല.

എന്ത് ഡിസൈനിൽ പൂവിടും?

ആകെ കൺഫ്യൂഷൻ!!

ഒടുക്കം
പ്രതിമ നടുവിൽ  വെച്ച് പൂവിടാൻ തീരുമാനിച്ചു.
പ്രതിമക്ക് ചുറ്റും ചേയ്ഞ്ചിങ് റോസിന്റെ പൂക്കൾ അടുക്കിവച്ചു,

അതിനു ശേഷം,
ഓരോ നിറത്തിലുള്ള പൂക്കളും വൃത്താകൃതിയിൽ അലങ്കരിച്ചു.
പൂവിട്ടു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം.

ഉച്ചയോടെ മറ്റ് പരിപാടികളും അടുത്തുള്ള ഹാളിൽ തുടങ്ങി.

അവസാനം...
സമ്മാനദാനത്തിന്റെ സമയമായി.

ഞങ്ങൾ ആകാംഷയോടെ നിന്നു,
ഒട്ടും പ്രതീക്ഷിക്കാതെ....
മുന്നാം സമ്മാനം ഞങ്ങൾക്ക്.
സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറണം....
എന്റെ കാൽ വിറക്കുന്നു,

ഞാൻ മെല്ലെ ശ്രീജിത്തിനെ നോക്കി..
അവന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല.
ഞങ്ങൾ നാലുപേർക്കും സ്റ്റേജിൽ കയറാൻ ഭയം.

ഒന്നിച്ച്  പഠിക്കുന്ന ശ്രീമതി ടീച്ചറുടെ മകൻ  ഫിറോസ്-
 ആ സമയം ഒരു രക്ഷകനായി എത്തി.

നിങ്ങൾ പേടിക്കേണ്ട...

ഞാൻ പോയി വാങ്ങാം.

ഫിറോസ് സമ്മാനം വാങ്ങുന്നത് ഞങ്ങൾ കൈയ്യടിയോടെ എതിരേറ്റു.

ഒരു സഞ്ചി മിഠായി!!

അതായിരുന്നു സമ്മാനം.

ഞങ്ങൾ ഫിറോസിനെ സമീപിച്ചു..

എന്താ?

മിഠായി പങ്കുവെക്കാം....

ആ പൂതി മനസ്സിലിരിക്കട്ടെ.

ഞാൻ വാങ്ങിയ സമ്മാനം ഞാൻ കൊണ്ടുപോകും.

ഞങ്ങളുടെ നാവ് ഇറങ്ങിപോയോ?!

വാക്ക് തൊണ്ടയിൽ കുടുങ്ങിയോ?!

ഒന്നും പറയാൻ കിട്ടുന്നില്ല.

സമ്മാനം പോയ സങ്കടത്തിൽ,

ഞാൻ തിരികെ പൂക്ക ള മിട്ട ഹാളിലേക്ക് മടങ്ങി.

അവിടെ കണ്ട കാഴ്ച്ച,

ഹൃദയ ഭേദകമായിരുന്നു.


ഞാൻ അച്ഛനോട് എന്ത് പറയും?

ക്ലസ്സ്മുറി മുഴുവൻ വലിച്ചെറിയപ്പെട്ട പൂക്കൾക്കിടയിൽ,

കഷണങ്ങളായി കിടക്കുന്ന പ്രതിമ.

കരച്ചിൽ അടക്കാനാകുന്നില്ല

എങ്ങനെയൊക്കെയോ,

ആ കഷണങ്ങൾ പെറുക്കി,

പൂ കൊണ്ട് വന്ന സഞ്ചിയിലിട്ട് വീട്ടിലെടുത്തു.

അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല.

പിന്നീട് കുറച്ചുനാളുകൾക്ക് ശേഷം,

മണിയേട്ടൻ  സിമിന്റ് ഉപയോഗിച്ച് പൊട്ടിയ കഷണ ങ്ങൾ ചേർത്ത് യോജിപ്പിച്ചു.
കുറച്ചു   പെയിന്റ്ഒക്കെ ചെയ്ത് അലമാരയിൽ വച്ചു.

ആ പ്രതിമ ഇന്നും വീടിന്റെ അലമാരയിലുണ്ട് .

കുറച്ചു വര്ഷം മുമ്പ് ഷിറോസിനെ പൂനയിൽ വച്ച് കണ്ടിരുന്നു.

അപ്പോഴും  എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്

ആ പാക്കറ്റ് മിഠായിയും  പൊളിഞ്ഞ പ്രതിമയുമായിരുന്നു.






നാല് വയസ്സിലെ ശിക്ഷ



വക്കീലായി മട്ടന്നൂർ ബാറിൽ പ്രാക്ടീസ് ചെയ്യവേ,

മജിസ്‌ട്രേട്ട് കോടതിയിൽ ഇരിക്കുമ്പോൾ,

നാല് വയസ്സിൽ ലഭിച്ച  ഒരു ശിക്ഷയുടെ   വേദനയാണ് എന്നും മനസ്സിൽ തെളിയാറുള്ളത്.

ഇപ്പോൾ മട്ടന്നൂരിൽ മജിസ്‌ട്രേട്ട് കോടതി  പ്രവർത്തിക്കുന്ന കെട്ടിടം  ഒരുകാലത്ത്   ഒരു നഴ്സറി ആയിരുന്നു.

അച്ഛന്റെ ശുപാർശയിൽ പപ്പിനിയേച്ചിയായിരുന്നു
അവിടത്തെ   ടീച്ചർ .


എന്നും ടീച്ചറുടെ കൈയും പിടിച്ച്,
വർത്തമാനങ്ങളും  പറഞ്ഞു കൊണ്ട് നടക്കുമ്പോൾ,
കിലോമീറ്ററോളം ഉള്ള ദൂരം  അറിഞ്ഞിരുന്നില്ല.
കൂടെ ടീച്ചറുടെ ബന്ധുവായ ഷീബയും ഉണ്ടാകും.

അന്നും എപ്പോഴത്തെയും പോലെ,
പാല യാടൻ കോട്ട ത്തിന്റെ ഇടവഴിയിൽ,
 വിരിഞ്ഞാടുന്ന ചെമ്പരത്തി പൂക്കൾക്കിടയിലൂടെ നടക്കവേ,
കൊഴിഞ്ഞു വീണ ഒരു ചെമ്പരത്തി പൂ,
ഞാൻ മെല്ലെ എടുത്ത് ആരും കാണാതെ  പോക്കറ്റിലിട്ടു.

എന്നും ഉച്ച ഭക്ഷണത്തിന് ശേഷം ,
ഉറങ്ങാൻ വേണ്ടി നിലത്ത്   പായ വിരിച്ചു തരും.
പക്ഷെ അന്നെനിക്ക് ഉറക്കം വന്നില്ല....
ഞാൻ മെല്ലെ  മേശയുടെ അടിയിലായി ഇരുന്നു,
കീശയിലെ വാടിയ ചെമ്പരത്തി പൂ എടുത്ത്...
ഒരു ചെമ്പരത്തിപ്പൂ  വരക്കുവാൻ  ഉള്ള  ശ്രമം ആരംഭിച്ചു.
ഇരുണ്ട നിറത്തിൽ വട്ടത്തിൽ വരക്കുന്ന നേരം,
 ഇത് ഷീബ കാണുന്നതോ,
പപ്പിനി ടീച്ചർക്ക് അവൾ വിവരം കൈമാറിയതോ ഞാൻ അറിഞ്ഞതേ ഇല്ല .
മനൂ ഇങ്ങു വാ....
ചുവന്നു തുടുത്ത മുഖവുമായി ടീച്ചർ.
ഞാൻ മേശയുടെ അടിയിൽ തന്നെ പതുങ്ങി നിന്നു.
ടീച്ചറുടെ മെലിഞ്ഞു നീണ്ട കൈകൾകൊണ്ട്,
മേശയുടെ അടിയിൽ നിന്നും എന്നെ വലിച്ച് പുറത്തേക്കിട്ടു.
കൂടാതെ ചൂടുള്ള രണ്ടടിയും തന്നു.
ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു...
വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോൾ ടീച്ചർ വിളിച്ചിട്ടും ഞാൻ ഇറങ്ങിയില്ല.
ഒടുവിൽ ,
പാപ്പിനി ടീച്ചറുടെ കൂടെ പോകില്ലെന്ന ഉറച്ച വാശി ജയിച്ചു.

അന്ന് നഴ്സറിയിൽ ൽ നിന്ന് മടങ്ങിയത് അച്ഛന്റെ കൂടെ ആയിരുന്നു






Sunday, December 10, 2017

ഹരിദാസ് ഹോട്ടൽ



കുംഭ ഗോപാലേട്ടന്റെ  "ഹരിദാസ് ഹോട്ടൽ".

ഒരുകാലത്ത്‌ മട്ടന്നൂർ നഗരത്തിൽ അറിയപ്പെട്ടിരുന്ന സ്ഥാപനമാണ്.

എന്റെ അമ്മാവന്റെ കെട്ടിടമായിരുന്നു അത്.

ഓടിട്ട്, മണ്കട്ടകൊണ്ട് പണിത ഒറ്റ നില കെട്ടിടം,
പിന്നിലായി
നിറയെ  അമ്പഴങ്ങ കുലൾ  നിറഞ്ഞാടുന്ന   വലിയൊരു അമ്പഴ മരം.

വലതു വശത്തായി ആൾമറയില്ലാത്ത ചുറ്റും കാട് നിറഞ്ഞ
 ഒരിക്കലും വറ്റാത്ത കുണ്ടുകിണർ.

മട്ടന്നൂരിലെ  മുഴുവൻ ഹോട്ടേലി ലുകളിലേക്കും വേണ്ട വെള്ളം
ഇവിടെ നിന്ന് കോരിക്കൊണ്ടുപോകാറുണ്ടായിരുന്നു.

പുലർച്ചെ അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കുമ്പോൾ തുടങ്ങും
പഴയ കപ്പിയിൽ നിന്നും വരുന്ന കിരു കിരു ശബ്ദം

കുട്ടികളായ ഞങ്ങളെ കിണറിനടുത്തേക്കു പോകാൻ സമ്മതിക്കുമായിരുന്നില്ല.

ഒരിക്കൽ ഒരു ഡ്രൈവറുടെ മൃതശരീരം ആ കിണറ്റിൽ നിന്ന് കിട്ടിയെന്നും,
തല്ലി കൊന്നിട്ടതാണ് എന്നുമൊക്കെ അന്ന് കേട്ടിരുന്നു.

അപ്പോപ്പൻ  വിശന്നു വളഞ്ഞു വരുന്ന വഴിയാത്രികർക്ക് ധർമ്മ കഞ്ഞി കൊടുക്കാൻ വേണ്ടി നിർമിച്ചതാണ് ഈ കെട്ടിടവും കിണറുമെന്ന്‌ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഹരിദാസ് ഹോട്ടൽ എന്നതിനേക്കാളും "കുംഭയുടെ ഹോട്ടൽ" എന്ന പേരിലായിരുന്നു അത്  അറിയപ്പെട്ടിരുന്നത്.

പേര് സൂചിപ്പിക്കുന്ന പോലെ ഗോപാലേട്ടന്റെ "കുടവയർ"
അദ്ദേഹത്തിന്റെ അടയാളം  ആയിരുന്നു.

ഭാര്യ സരോജിനിയും മക്കളും ആയിരുന്നു അദ്ദേഹത്തിന്റെ സഹായികൾ.

വൈകുന്നേരമായാൽ ഗോപാലേട്ടൻ ഫുൾ ഫിറ്റായിരിക്കും
പിന്നീടുള്ള കലാ പരിപാടികൾ മുഴുവൻ ഭാര്യയുടെയും മക്കളുടെയും പുറത്ത് കയറിയാണ്.

കലാപരിപാടികളുടെ സമാപനത്തോടടുക്കുമ്പോൾ ഭാര്യയും മക്കളും കരഞ്ഞു നിലവിളിച്ച് ഓടി രക്ഷ പെടാറാണ് പതിവ്.

പിറ്റേന്ന് രാവിലെ ആകുമ്പോൾ ഇക്കാര്യങ്ങളൊന്നും തന്നെ ഓര്മയുണ്ടാകുകയുമില്ല.

അമിത മദ്യപാനം....

ഗോപാലേട്ടന്റെ ജീവൻ എടുക്കുവാൻ അധിക കാലം വേണ്ടിയിരുന്നില്ല.

പിന്നീട് ഹോട്ടൽ നടത്തിപ്പ് മൂത്ത മകൻ രാജൻ ഏറ്റെടുത്തു.

അടുക്കളയുടെ മേൽനോട്ടം സരോജിനിയേച്ചി തന്നെ തുടർന്നു.

ഹോട്ടൽ മുന്നത്തെക്കാളും നന്നായി നടന്നു പോകുന്ന  കാലം.

ഭക്ഷണത്തിനൊക്കെ നല്ല സ്വാദാണെന്നു കേട്ടിട്ടുണ്ട്..

സരോജിനിയേച്ചിയുടെ കൈപ്പുണ്യം...
മത്തി മസാല പുരട്ടി പൊരിച്ചെടു ക്കുമ്പോളുള്ള മണം...
ഒരു മൈൽ അപ്പുറത്തു വരെ കിട്ടുമായിരുന്നു.

മൽസ്യ കറികളും,
സ്പെഷ്യൽ ഐറ്റം കറികളും,
കയ്കൊണ്ടു അരച്ച് വെക്കുമ്പോൾ ഉള്ള പ്രത്യേകത കാരണം,
ഉച്ചസമയങ്ങളിൽ തിരക്കൊഴിഞ്ഞ സമയമുണ്ടാകാറില്ല.

പക്ഷെ....
ഇത് അധികകാലം തുടർന്നില്ല.

ഒരു പ്രാദേശിക നേതാവിന് ആ സ്ഥലം പെരുത്ത് ഇഷ്ടമായി.
അദ്ദേഹം  സെക്രട്ടറി ആയ സൊസൈറ്റിക്ക് വേണ്ടി എന്ന പേരിൽ അമ്മാവനെ സമീപിച്ചു.

അമ്മാവന് പണ്ടേ   ഇത്തരക്കാരെ പേടിയായിരുന്നു സൊസൈറ്റി ക്ക് എന്ന പേരിൽ ആകെയുള്ള അഞ്ചു സെന്റ്‌ സ്ഥലവും കെട്ടിടവും എഗ്രിമെന്റ് ആക്കി
വെറും മുപ്പത്തിഅയ്യായിരം രൂപക്ക്‌!!!

വിവരം അറിഞ്ഞ രാജേട്ടൻ എവിടോന്നൊക്കെയോ ശേഖരിച്ച ഒരു ലക്ഷം രൂപയുമായി അമ്മാവനെ സമീപിച്ചു.
പക്ഷെ  അമ്മാവന് ധൈര്യം പോര!!
കൂടാതെ നേതാവിന്റെ ഭീഷണിയും.

മാസങ്ങൾക്കു ശേഷം,
ആ നക്കാപ്പിച്ച പണത്തിന്  സ്ഥലം നേതാവിന്റെ  പേരിൽ.

പിന്നെ അധികം കാല താമസം വേണ്ടി വന്നില്ല രാജേട്ടനും കൂട്ടരും പുറത്ത്.

കെട്ടിടം പൊളിച്ചടുക്കി,
സ്ഥലം വൻ  തുകക്ക് വില്പനയായി.

ഇപ്പോൾ ആ സ്ഥലത്ത് മൂന്ന് നില ജ്വല്ലറി തലയുയർത്തി നില്കുന്നത് കാണാം.

Saturday, December 9, 2017

എനിക്കും കല്യാണം കഴിക്കണം ......



ഞാൻ  മട്ടന്നൂർ യു പി സ്‌കൂളിൽ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം,
വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ,
ചായയും കുടിച് നേരെ ഒരു ഓട്ടമാണ്....
ജിയമ്മ യുടെ വീട്ടിലേക്ക്.

 അവരുടെ വീട്ടിന് മുൻപിലെ വിശാലമായ പൂന്തോട്ടമാണ് കളിസ്ഥലം.
ജിയമ്മ എന്നാൽ ശോഭ ഏച്ചി യുടെ അമ്മ.
എങ്ങനെയാണെന്നെനിക്കറിയില്ല,
ശോഭ ഏച്ചിയെ ഞാൻ എന്റെ ഓര്മയുള്ള കാലം മുതലേ ജി എന്നും,
അവരുടെ അമ്മ സതിയേച്ചിയെ  ജിയമ്മ എന്നും,
അവരുടെ അച്ഛനെ ജിയച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്.

അവർക്കു ആൺ കുട്ടികളില്ലാത്തതു കൊണ്ട്
സ്വന്തം മോനെ പോലെ ആയിരുന്നു അവർ എന്നെ കണ്ടിരുന്നത്.

 ചിലപ്പോൾ ചെറിയ കുട്ടിയായപ്പോൾ എളുപ്പത്തിന് വിളിച്ചത്
ഇഷ്ടപ്പെട്ടത് കൊണ്ടാകാം ആരും തിരുത്താതിരുന്നത്.
അന്നത്തെ എന്റെ കളിക്കൂട്ടുകാർ ആയിരുന്നു ഷീനയും, പ്രീനയും.
ഏട്ടന്മാരൊക്കെ എന്നെക്കാളും കുറച്ചു മൂത്തവരായതുകൊണ്ട്
ആരും തന്നെ എന്നോടൊപ്പം കളിയ്ക്കാൻ കൂടാറുണ്ടായിരുന്നില്ല.

പ്രീനയെ ജിയച്ചൻ മങ്കൂസ്   എന്നാണ് വിളിക്കാറ്!!
അന്ന്  മങ്കൂസിന്റെ  അർത്ഥം നമുക്കറിയില്ലല്ലോ.

എന്തുകൊണ്ടാണ് "കീരി" യുടെ  പേര് അവളെ  വിളിച്ചത് എന്ന് ഇന്നുമെനിക്കറിയില്ല.

ജിയച്ചൻ സദാ സമയം വരാന്തയിലെ ഒരു ചാരുകസേലയിൽ കാലും നീട്ടി ഇരിപ്പുണ്ടാകും ഞങ്ങൾ കളിക്കുന്നതും നോക്കി.

ഞങ്ങൾ പ്രധാനമായും ചോറും കറിയുമുണ്ടാക്കിയും,
അച്ഛനും അമ്മയുമൊക്കെ യായി കളിക്കാറാണ്  പതിവ്.

മുന്നിലെ വിശാലമായ പൂന്തോട്ടത്തിലെ വെട്ടുകല്ലിൽ തീർത്ത ഇരിപ്പിടങ്ങൾക്കു അരികിലും,
 നിറയെ നാട്ടു മാങ്ങ തരുന്ന നാട്ടു മാവിൻ ചോട്ടിലും,
എന്നും മുറ്റത്തു പൂക്കളം തീർക്കുന്ന തേനിന്റെ മധുരമുള്ള ചാമ്പ മരചോട്ടിലും,
ഞങ്ങൾ  ഓടിക്കളിച്ചു.

ഇരുട്ടാവുമ്പോൾ 'അമ്മ വിളിക്കുന്നത് വരെ  ഞങ്ങൾക്ക്  കളിയ്ക്കാൻ ഇഷ്ട്ടം  പോലെ സമയമുണ്ടായിരുന്നു.

മഞ്ഞ കളറുള്ള അഗർബത്തി യുടെ  കവറിലെ  ഗണപതിയുടെ ചിത്രം മുറിച് അതും വച്ച് ഒരമ്പലം ഉണ്ടാക്കിയത് ഇന്നും കൺമുന്നിൽ കാണുന്നത് പോലെ.

അന്നൊരു ദിവസം അച്ഛനും അമ്മയുടെയും കൂടെ ഒരു കല്യാണത്തിന് പോയി തിരികെ എത്തിയ സമയം.

ആ കല്യാണ പരിപാടിയൊക്കെ എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി.
പണ്ടേ മധുരം എന്റെ ദൗർഭല്യം ആയിരുന്നു,നല്ല മധുരമുള്ള പ്രഥമനും
കൊട്ടും കുരവയും പാട്ടും  കോടി വസ്ത്രങ്ങളും!!

എന്താ പറയുക

എനിക്ക് ഉടൻ തന്നെ കല്യാണം കഴിക്കണമെന്നായി!!

വിവരം വീട്ടിലെത്തിയ ഉടനെ അച്ഛനോട് പറയാൻ ഉറപ്പിച്ചു.

അച്ഛൻ മർഫി റേഡിയോയിൽ ശ്രീലങ്ക പ്രക്ഷേപണ നിലയത്തിന്റെ പാട്ട് ട്യൂൺ ചെയ്യുന്നു.
പാട്ടിനേക്കാളും ഉച്ചത്തിൽ
കടലിന്റെ ഇരമ്പൽ  ശബ്ദമോ,
കടുക് വരിക്കുന്നതു പോലെയുള്ള ശബ്ദമൊക്കെ യാണ് കേൾക്കുന്നത്

അച്ഛാ .....
മൂക്കിൽ നിന്നും വരുന്ന മൂക്കട്ട ഷർട്ടിനെ കൈകളിൽ ഉരച്ച് ഞാൻ മെല്ലെ പറഞ്ഞു...
അച്ഛാ എനിക്ക് കല്യാണം കഴിക്കണം
ങേ .....??

അച്ഛന്റെ മുഖത്തു ഒരു പ്രത്യേക ഭാവം.
ഞാൻ ഒന്നു കൂടി പറഞ്ഞു....

അച്ഛാ എനിക്ക് കല്യാണം കഴിക്കണം.

ഇപ്പോൾ അച്ഛന്റെ മുഖത്തു ഒരു പുഞ്ചിരി.

ജാ ....
അങ്ങനെ യാണ് അച്ഛൻ അമ്മയെ വിളിക്കാറ്.

ജാ... ഇവന് കല്യാണം കഴിക്കണം പോലും!!

 മോന് ആരെയാ കഴിക്കണ്ടേ??

ഞാൻ എന്റെ ഉള്ളിലുള്ളത് പറഞ്ഞു.
പ്രീന യെ മതി.

അപ്പോൾ ഷീനയോ??

അങ്ങനെയാണെങ്കിൽ ഷീനയേയും പ്രീനയെയും കഴിക്കാം.

എല്ലാവരും ചിരിക്കുന്ന്നു.....

 എന്നെ തമാശ യാക്കിയാണ്  അവർ ചിരിക്കുന്നത് എനിക്കറിയില്ലായിരുന്നു.

ജാ ....നമുക്കൊന്ന് ആലോചിച്ചാലോ?
അമ്മയും ഏച്ചിയും ഏട്ടന്മാരും ചിരിക്കുന്നു......
എന്തോ എനിക്ക് നാണം വന്നു...

മെല്ലെ .......അവിടെ നിന്നും സ്ഥലം കാലിയാക്കി .

പിറ്റേന്ന് സ്കൂൾ വിട്ട ഉടനെ ഞാൻ കളിസ്ഥലത്തെത്തി.

പക്ഷെ  ഷീനയും പ്രീനയും വന്നില്ല!!

എന്ത് പറ്റി ?

ആരും എന്നോട് ഒന്നും പറഞ്ഞില്ല.

തുടർന്നുള്ള ദിവസങ്ങളിലും അവർ വന്നില്ല.

ഞാൻ മെല്ലെ ജീയമ്മയുടെ അരികിലെത്തി.

ജിയമ്മേ ഷീനയും പ്രീനയും വരാത്തതെന്താ ?

അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ??

പ്രീന ആശുപത്രിയിലാ....

ആശുപത്രിയിലോ?

ങ്ങാ ...അവരുടെ ഹോട്ടലിൽ....
അവളുടെ അമ്മ  മീൻ വറുക്കാൻ വച്ച  ചൂടുള്ള പാത്രത്തിൽ.....
അവൾ ഇരുന്നു പോയി .........

പിൻഭാഗം മുഴുവൻ പൊള്ളി അവൾ ആശുപത്രിയിലാ ......
പാവം.....
എത്ര വേദന സഹിച്ചു കാണും??

എന്താണെന്നറിയില്ല,

 പിന്നീട് ഒരിക്കലും അവർ എന്നോടൊപ്പം കളിയ്ക്കാൻ വന്നില്ല .










Friday, December 8, 2017

സുകുമാരൻ ...........അല്ല .... സുലൈമാൻ



നിനക്കിയാളെ അറിയാമോ?

ചരമകോളത്തിന്റെ അരികിലായി,

ഫോട്ടോ സഹിതമുള്ള വാർത്തയെകുറിച്ചാണ് സുഹൃത്തിന്റെ ചോദ്യം ...

വഴിയാത്രക്കാരൻ ജീപ്പിടിച്ചു മരണമടഞ്ഞു,

മട്ടന്നൂർ സ്വദേശിയാണ്.

പേര് സുലൈമാൻ .

വഴിയോരങ്ങളിലെ സർക്കസ് കലാകാരൻ .

മുഖം വളരെ സുപരിചിതം......

ആ ചിരി.

ദൈവം ഓരോ ആളുടെ മുഖത്തും വിരിയിക്കുന്ന ചിരികൾ 
അത് ഓരോ ആളിലും വ്യത്യസ്തം.
ചിലരുടെ ചിരി
 ആ വ്യക്തിയെ തിരിച്ചറിയുവാനുള്ള അടയാളമായി തീരാറുണ്ട് .

ആ ഫോട്ടോവിലെ ചിരി....

അതെ .....

അത് തന്നെ.....

സുകുമാരൻ!!!

എൺപതുകളിൽ,

ഓല മേഞ്ഞ ആനന്ദ് ടാക്കീസിന്റെ പരിസരങ്ങളിൽ,

സൈക്കിൾ യജ്ഞവും മറ്റു അഭ്യാസങ്ങളുമായ്,

ചുറ്റും കൂടിയവർക്കിടയിലൂടെ,

അഞ്ചും പത്തും പൈസക്കായി,

പാട്ടയും കുലുക്കി,

നിറചിരിയുമായി സമീപിച്ചിരുന്നയാൾ .

അവസാനം സ്പെഷ്യൽ ഐറ്റം,
 ട്യൂബ് ലൈറ്റ് പൊട്ടിക്കൽ ..
.
നിലത്തു വിരിച്ച ചണ ചാക്കിൽ,
 നിരത്തിയ ട്യൂബ് ലൈറ്റ്,
പുറംകൊണ്ട് അതിവേഗം അടിച്ച് പൊട്ടിച്ച് ,
ട്യൂബുലൈറ്റിന്റെ കഷണങ്ങൾ തറിച്ച,
ചോരയൊലിക്കുന്ന ശരീരവുമായി,
നിറപുഞ്ചിരിയോടെ,
 ഓരോ ആളെയും സമീപിക്കുന്ന സുകുമാരൻ.

അന്നത്തെ ചെറുപ്പക്കാരുടെ സ്വപ്ന സുന്ദരിയായിരുന്ന ജയഭാരതിയുടെ ആരാധകനായി,അവരുടെ ചിത്രവും പേറി,
ഊണിലും ഉറക്കിലും,
 അവരുടെ പേരും പറഞ്ഞു നടന്നിരുന്നയാൾ...

ജയഭാരതിയെ നേരിട്ട് കാണാനായി നിരവധി തവണ മദ്രാസിൽ കറങ്ങി,
അവസാനം ഒരു സിനിമയിൽ,
ജയഭാരതിയുടെ കൂടെ,
ഒരുഷോട്ടിൽ മുഖം കാണിക്കാൻ സാധിക്കുകയും,
ആ സന്തോഷം നാടാകെ പാടി നടക്കുകയും ചെയ്തയാൾ .....

കാലങ്ങൾ മാറിയിട്ടും

ട്യൂബ് ലൈറ്റിന്റെ പ്രചാരം കുറഞ്
സി എഫ് എൽ ഉം എൽ ഇ ഡി ഉം വ്യാപിച്ചിട്ടും

സ്വന്തം വയറ്റുപ്പിഴപ്പിനായി,
ഫ്യൂസായ ട്യൂബിലൈറ്റുകൾ പൊട്ടിച്ചും,
അവയുടെ ചില്ലുകൾ തറിച്ച ശരീര ഭാഗം കാട്ടി,
 പണത്തിനായി ഓരോ ആളെയും സമീപിച്ചിരുന്നയാൾ...

പിന്നീട് പലപ്പോഴും വഴിയോരങ്ങളിൽ,
ചുറ്റും കൂടിനിൽക്കുന്ന ആൾക്കാർക്ക് നടുവിലായി,
ട്യൂബ് ലൈറ്റ് പൊട്ടിക്കുന്ന ശബ്ദം പലപ്പോഴും കേട്ടിട്ടുണ്ട്.

അയാളുടെ വ്യക്തിജീവിതത്തെ കുറിച്ച്
മറ്റൊന്നും അറിയില്ലെങ്കിലും
സിനിമയോടുള്ള ആവേശത്താൽ
ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചതായും അറിയാം....

ട്യൂബുലൈറ്റിന്റെ
ഫ്ലൂറസെന്റ്സ് പാർട്ടിക്കിൾസ്

ശരീരത്തിലുള്ള മുറിവുകളിൽ
ഇത്രയും കാലം പേറി നടന്നിട്ടും
അദ്ദ്ദേഹം
ഇത്രയും കാലം അത് തന്നെ തുടരുന്നു   എന്നതു കണ്ടപ്പോൾ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്!!
അതെ....
അത് അയാൾ തന്നെ ..........
പഴയ സുകുമാരൻ.

വടക്കേ വീട് അഥവാ വെടക്കായ വീട്...


ഇന്ന് മട്ടന്നൂരിൽ പോയിരുന്നു.
വായാതൊടിലേക്കുള്ള എളുപ്പവഴിയിലൂടെ നടക്കവേ,
അരികിലായി മര ഉരുപ്പടികൾ പൊളിച്ചു നീക്കി,
തറയും ചുമരിന്റെ ചില ഭാഗങ്ങളും മാത്രം അവശേഷിക്കുന്ന നിലയിൽ വടക്കേ വീട്... 

 ചെറുപ്പത്തിൽ അമ്മയുടെ കൈയും പിടിച്ചു,

 നമ്പീശന്റെ കുളത്തിലെക്ക്‌ നടക്കുമ്പോൾ ,
എന്നും അതിശയിപ്പിച്ചിട്ടുള്ള ഇരുന്നില മാളിക.
വലിയ തൂണും,

 മുകളിലെ നിലയിൽ ഭംഗിയുള്ള കൊച്ചു കൊച്ചു കിളിവാതിലുകൾ, 
ചെത്തി തെക്കാത്ത ചുമരുകൾ,
മുൻവശത്തായുള്ള കിണറിന്റെ ഇടതുവശത്തായി ,
നിറയെ പൂത്തു നിൽക്കുന്ന അശോക മരം.
ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.

വടക്കേ വീട് എന്ന് പറയുമ്പോൾ,

ഓർമയിൽ തെളിയുന്ന മുഖം കൈവേല ടീച്ചറുടെതാണ്.

വീട്ടിൽ നിത്യസന്ദർശകയായിരുന്നു ടീച്ചർ,

വെളുത്ത നിറം,
ഗവ ജോലി ,
നല്ലൊരു വീട്, 
നാലു പേരിൽ ഇളയത് മറ്റെല്ലാവരും വിവാഹിതരും ,
നല്ല നിലയിൽ എത്തിയവരും,
 വീട്ടിൽ പ്രായമായ അമ്മ മാത്രം,
 എന്നിട്ടും അവിവാഹിത!!.
അന്ന് ടീച്ചർക്ക്‌ 40+ വയസ്സ് ഉണ്ടാകും,
ടീച്ചറുടെ വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ ഒരു മണിക്കൂർ യാത്രയുണ്ട്, 

ദിവസേനയുള്ള പരക്കം പാച്ചിൽ ഒഴിവാക്കാൻ ടീച്ചർ വടക്കേ വീട്ടിൽ വാടകക്ക് താമസം തുടങ്ങി.
ഉടമസ്ഥൻ നമ്പിശന് ടീച്ചറുടെ വീട്ടുകാരുമായുള്ള നല്ല ബന്ധത്തിന്റെ പേരിലാണ് വാടകക്ക് കൊടുത്തത്.

 മൂന്നു നാല് വർഷം സ്വസ്ഥമായി താമസിക്കവേ,
 സ്കൂളിലെ ഒരു അധ്യാപക ദമ്പതികൾ ടീച്ചറെ സമീപിച്ചു. 

ടീച്ചർ എന്തിനാ ഇങ്ങനെ ഒറ്റക്ക് താമസിക്കുന്നത്,
 എന്റെ ഭാര്യക്ക്‌  യാത്ര തീരെ പറ്റുന്നില്ല !!
കുട്ടികളുടെ കാര്യവും നോക്കണ്ടേ ??
വലിയ വീടല്ലേ,ഒന്ന് രണ്ടു റൂം തന്നാൽ 
ടീച്ചക്കും മിണ്ടാനും പറയാനും ഒരാളായി...
 എന്നിങ്ങനെ പോകുന്നു ഓഫറുകൾ. 

അങ്ങനെ അമ്പു മാഷ് വിരിച്ച വലയിൽ ടീച്ചർ വീണു. 
മാഷ് സ്വന്തം വീട് വാടകക്ക് കൊടുത്തു വടക്കേ വീട്ടിൽ താമസം തുടങ്ങി. അധികം വൈകാതെ,
ടീച്ചർ ഒരു മുറിയിൽ ഒതുക്കപ്പെടുകയും,
പിന്നീട് വാതിൽ തുറന്നു കൊടുക്കാത്ത അവസ്ഥയിൽ,
 ലേഡീസ് ഹോസ്റ്റലിൽ താമസം മാറുകയും ചെയ്തു.
 ടീച്ചറെ അവർ അത്ര മാത്രം മാനസികമായി ഉപദ്രവിച്ചു .
ഇത് ഒന്നോ രണ്ടോ പേജിൽ എഴുതിയാൽ തീരില്ല. 

തീരെ രക്ഷയില്ലാത്ത അവസ്ഥയിൽ ,
നായകുട്ടിയെ പ്രശ്നിക്കടവ് അമ്പലത്തിൽ മുത്തപ്പന് നടക്കിരുത്താൻ പോയ രംഗം ഇന്നും കണ്മുന്നിൽ ഉണ്ട്.

താമസിയാതെ അമ്പു മാഷ് വടക്കേ വീട് അടിച്ചെടുത്തു, 

പിന്നെ മുൻവശതൊക്കെ മാറ്റങ്ങൾ വരുത്തി. 
പക്ഷെ 
അവിടത്തെ താമസം അത്രക്ക് സന്തോഷപൂർണമായിരുന്നില്ല. 
ടീച്ചറുടെയും മാഷിന്റെയും മരണം,
മൂത്ത മകന്റെ തകർന്ന ജീവിതം.. 

ഇപ്പോൾ വടക്കേ വീട് ഒന്ന് രണ്ടു വില്പന കഴിഞ്ഞ്,

ഈ ഫോട്ടോയിൽ കാണുന്ന അവസ്ഥയിൽ... 

സമർപ്പണം :

വലിയ വീടും,
പറമ്പും ,
മറ്റ് ആസ്തിയും വർധിപ്പിച്ചാൽ എല്ലാം ആയി എന്ന മിഥ്യാ ധാരണയിൽ ജീവിക്കുന്ന എല്ലാ പമ്പര വിഡ്ഢികൾക്കും.

Thursday, December 7, 2017

ആത്മഹത്യ



എട്ടാംതരത്തിൽ പഠിക്കുമ്പോഴാണ്  ആദ്യമായി ആത്മഹത്യയെ കുറിച്ച് കാര്യമായി ആലോചിക്കുന്നത്!!
ദയവായി തെറ്റിദ്ധരിക്കരുതേ .......
എനിക്കുവേണ്ടിയല്ല.

അന്നൊരു ആഗസ്ത് മാസം,
പഠിപ്പുമുടക്ക് ഉള്ള ദിവസം,
ഉച്ച ഒന്നരയായിട്ടുണ്ടാകും.
കൈവേല ടീച്ചർ പതിവുപോലെ ഉച്ചയൂണുകഴിക്കുവാൻ വീട്ടിലെത്തി.
കൈയിൽ ലഞ്ച് ബോക്സിൽ  ചോറുണ്ടാകുമെങ്കിലും,
കറിയുടെ കാര്യം കഷ്ടമാണ്.
എന്നും കൊണ്ടുവരുന്ന കറി കാണുമ്പോൾ അക്വാറിയും  ആണ് മനസ്സിൽ വരുക!!
 ഹോർലിക്സ് കുപ്പിയിൽ കുറച്ച് പച്ചക്കറികഷ്ണങ്ങളും പച്ചമുളകും ഉള്ളിയും നീന്തി കളിക്കുന്നത് കാണാം,
അതിനു നിറമോ മണമോ ഉണ്ടാകാറില്ല !

അമ്മയുണ്ടാക്കുന്ന വല്ല ഉപ്പും പുളിയുമുള്ള കറിയും കൂട്ടി ചോറുണ്ണാനാണ് ടീച്ചറുടെ ദിവസേനയുള്ള സന്ദർശനം .
ഞാൻ ചോറുണ്ടിരുന്നു,
അച്ഛൻ കഴിച്ചു കൊണ്ടിരിക്കുന്നു.

അപ്പോഴേ ഈ മുളക് പരിക്കുന്നയാൾക്ക് ചോറുകൊടുത്തോ?
ടീച്ചറുടെ ചോദ്യ കറി  ഷോർട്ടേജ് ഉണ്ടാകുമോ എന്നറിയാനാണ്.

അല്ല ടീച്ചറെ ഇപ്പോഴെന്തു മുളകുപറി ?
അമ്മയുടെ മറുചോദ്യത്തിനു കാലതാമസം ഉണ്ടായിരുന്നില്ല ...

ഞാൻ പറഞ്ഞത് കുന്നുംപുറത്ത് പ്ലാവിൽ മുളക് പരിക്കുന്നയാളെ കുറിച്ചാ.

നമുക്കാരും മുളക് പറിക്കുന്നില്ലലോ ?

പിന്നെ......ഞാൻ കണ്ടതല്ലേ ?

മണീ നീയൊന്ന് പറമ്പത് പോയി നോക്കിയാട്ടെ.

അച്ഛന്റെ നിർദ്ദേശം കേട്ട് പോയ പോയ മണിയേട്ടൻ തിരിച്ചു വന്നത് ഓടി കിതച്ചുകൊണ്ടാണ്

അച്ഛാ....

അവിടെയൊരാൾ തൂങ്ങി ചാകാൻ നിൽക്കുന്നൂ!!!

കേട്ടപാതി കേൾക്കാത്തപാതി എല്ലാവരും ഓടി ആ പ്ലാവിൻ പരിസരത്തേക്ക്.

ഞാനും ആദ്യമായി ഒരു ആത്മഹത്യ കാണാൻ കൂടി.

തമിളനെ പോലുള്ള ഒരാൾ,

വരയൻ ട്രൗസറും ഷർട്ടും വേഷം.

കറുപ്പ് കള്ളികളുള്ള ഒരു ലുങ്കി കഴുത്തിൽ കെട്ടി മറ്റേ അറ്റം പ്ലാവിന്റെ കൊമ്പിലും കെട്ടി  കൊമ്പിലിരിക്കുന്നു.
ആരും അടുത്ത് വരരുത്,
ഞാൻ ഇപ്പോൾ ചാടും,
അതയാൾ ആവർത്തിക്കുന്നുണ്ട്....

അച്ഛന്റെ നിർദ്ദേശം കിട്ടിയതും മണി ഏട്ടൻ ഏണിയും കത്തിവാളുമായി എത്തി.
ചാടിയാൽ  അറുത്തിടണമല്ലൊ ??

കുഞ്ഞമ്പു മാഷും കൂട്ടരും അയാളെ തെറിവിളിക്കുന്നുണ്ടായിരുന്നു.

മണി കേറിക്കോ,
 അച്ഛന്റെ നിർദ്ദേശം കേൾക്കുന്നതിന് മുൻമ്പ് തന്നെ
മണി ഏട്ടൻ ഏണിയിൽ കയറി തുടങ്ങിയിരുന്നു ..

നീട്ടി പിടിച്ച കത്തിവാളുമായി.

"കയറരുത് കയറിയാൽ ഞാൻ ചാടും "
അയാൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു

കൊത്തുമ്പോൾ നോക്കണേ അയാളുടെ കഴുത്തിനായി പോകരുത്.

കണ്ണ് തുറിച്ച് , നാക്ക്  നീട്ടി!!
അയ്യോ ആലോചിക്കാനേ പറ്റാത്തൊരവസ്ഥയിൽ.

കുട്ടികളൊക്കെ പോയാട്ടെ.
പക്ഷെ,
അപൂർവമായി കിട്ടുന്ന കാഴ്ച ഒഴിവാക്കി എങ്ങനെ പോകാനാ?.

 ഞാനൊരു വള്ളിയുള്ള മരത്തിന്റെ മറവിൽ,
 ആകാംഷയോടെ നിന്നു.

മണിയേട്ടൻ പകുതി ഉയരമെത്തി.

"ഞാൻ ഇപ്പൊ ചാടും ..."

നെഞ്ച് പട പട അടിക്കുന്നു,
വള്ളികൾക്കിടയിലൂടെ,
ഇമപൂട്ടാതെ .....


അതാ....
അയാൾ  താഴേക്ക്.
ഞാൻ കണ്ണ് മുറുക്കെ പൂട്ടി.

കണ്ണ് തുറക്കുമ്പോൾ ഒരു നിലവിളിയാണ് കേൾക്കുന്നത്!!

ഞാൻ മെല്ലെ പ്ലാവിന്റെ കൊമ്പിലേക്കു നോക്കി.

അവിടെ കറുപ്പ് ലുങ്കിയുടെ കഷ്ണം കാറ്റത്താടുന്നു.

മറ്റേ കഷ്ണം കഴുത്തിലുമായി,
താഴെയുള്ള വെണ്ണീറ്റിന്റെ  കുണ്ടിൽ അയാൾ കിടക്കുന്നു,
നിലവിളിയുമായി....

പഴയ ലുങ്കിയായതു കൊണ്ട് പിന്നിപ്പോയതാ,
അച്ഛന് ആശ്വാസം.
വീഴ്ചയുടെ വേദന സഹിക്കാൻ കഴിയാതെ അയാൾ നിലവിളിക്കുന്നുണ്ട്.

എല്ലാവരും കൂടി അയാളെ പിടിച്ചുകെട്ടി പോലീസിനെ ഏൽപിച്ചിട്ടാണ് മടങ്ങിയത്.

അച്ഛൻ അന്ന് തന്നെ പ്ലാവിന്റെ,
തെക്കോട്ടു പോയ ആ  കൊമ്പ് മുറിച്ചിടീച്ചു.

സൗകര്യ പ്രദമായ  കൊമ്പു കാണുമ്പോൾ
മറ്റാർക്കെങ്കിലും  ഈ ബുദ്ധി  തോന്നിയാലൊ!!?



Wednesday, December 6, 2017

ഓർമയിൽ അച്ഛൻ

അന്ന് എനിക്ക് എന്റെ മകന്റെ വയസ്സ്.
ശനിയാഴ്ച സ്കൂളില്ല, 
താലൂക്ക് തല കന്നുകാലി പ്രദര്ശനവും നല്ല കന്നുകാലികൾക്കുള്ള മത്സരവും വടക്കേവീട്ടിലെ പറമ്പിൽ നടക്കുന്നു.
നമ്മുടെ യമുനയും പങ്കെടുക്കുന്നു.
ഞാനും അച്ഛന്റെ കൂടെ കൂടി.
എപ്പോഴും ഒന്നോ രണ്ടോ പശുക്കൾ വീട്ടിലുണ്ടാകും, 
പശുക്കൾ വീട്ടിലെ അംഗങ്ങളായാണ് അച്ഛൻ പരിപാലിച്ചിരുന്നത് 
യമുന, നന്ദിനി, അമ്മിണി എന്നിങ്ങനെ പോകുന്നു  അവ രുടെ പേരുകൾ.
വൈകുന്നേരം ആറു മണിയാകുമ്പോൾ ഇവർ അച്ഛനെയും കാത്തു നിൽക്കുന്നുണ്ടാകും 
അഞ്ചു മിനിട്ടു വൈകിയാൽ തന്നെ കരച്ചിൽ തുടങ്ങും. 
അച്ഛനെ കാണാത്തതിലുള്ള വിഷമമോ ??
അതോ ..!!
വൈകുന്നേരത്തെ ആശുപത്രി റോഡിലെ മേച്ചിൽ ഒഴിവാകുമോ എന്ന ഭയം കൊണ്ടോ??
എനിക്കറിയില്ല !!
അച്ഛൻ ഇറിഗേഷൻ വകുപ്പിൽ ടൈപ്പിസ്റ്റായിരുന്നു .
ഞാൻ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്,
അച്ഛന്റ ഒരാളുടെ ചെറിയ ശമ്പളം കൊണ്ട്,
ഞങ്ങൾ ആറു പേരെയും നല്ല രീതിയിലുള്ള വിദ്യഭ്യാസം നൽകി,
ഉയർന്ന നിലയിലെത്തിക്കാൻ എങ്ങനെ കഴിഞ്ഞു എന്നത്  ആലോചിക്കുമ്പോൾ.

ഞങ്ങൾക്കാർക്കും തന്നെ ഭക്ഷണത്തിനോ പഠനങ്ങൾക്കോ യാതൊരു അല്ലലും അച്ഛൻ അറിയിച്ചിരുന്നില്ല.

ചിലപ്പോൾ പശുക്കളെ വളർത്തുന്നതിലൂടെ ലഭിക്കുന്ന  വരുമാനവും അച്ഛനെ സഹായിച്ചിരിക്കാം.

ഞാൻ ആറാമൻ ആയതുകൊണ്ട് പലപ്പോഴും  ഏട്ടന്മാരുടെ ഷർട്ടൊക്കെ ആണ് എന്റെ അന്നത്തെ വേഷം,
ഇക്കാര്യത്തിൽ ആർക്കും തന്നെ ഒരു പരിഭവും ഉണ്ടായിരുന്നില്ല.

ഇന്ന് മകനൊക്കെ ഒരു ദിവസം തന്നെ രണ്ടും മൂന്നും കുപ്പായമൊക്കെ മാറ്റി മാറ്റി ധരിക്കുന്നതു കാണുമ്പോൾ,അത് കാലഘട്ടത്തിന്റെ മാറ്റമായി കണ്ടു മാറിയിരിക്കാനേ എനിക്കാകുന്നുള്ളൂ.

ആനകളെ പോലെ തടിച്ചു കൊഴുത്തിരിക്കുന്ന വൃന്ദ  ഹോട്ടലിലെ പശുക്കൾക്കിടയിൽ,
നെറ്റിയിൽ വെള്ളപൊട്ടോടെ  സുന്ദരിയായി   നമ്മുടെ യമുന  നിന്നു .

അന്നത്തെ മത്സരത്തിൽ യമുനക്ക് ഒന്നാം സ്ഥാനം .....

വലിയൊരു അലൂമിനിയം പാത്രവും ഒരു ചാക്ക് കാലിത്തീറ്റയും  അതായിരുന്നു സമ്മാനം.

 യമുനയുടെ ഫോട്ടോ എടുക്കുവാൻ പോസ് ചെയ്യവേ
അച്ഛൻ എന്നെ വിളിച്ചു ....
 മോനും  വാ...
നട്ടുച്ച വെയിലിന്റെ ചൂട് നെറുകയിൽ...

ചെരുപ്പില്ലാത്ത  കാലിൽ  തറിച്ച തൊട്ടാവാടി മുള്ളുകൾ വകവെക്കാതെ ഞാൻ അച്ഛന്റെ അരികിലേക്ക് ഓടി.

ഉടുത്തിരുന്ന ഏട്ടന്റെ കട്ടിയുള്ള എൻ സി സി യൂണിഫോമിന്റെ ചൂടിൽ ഒലിച്ചിറങ്ങിയ വിയർപ്പു തുടച്ചു കൊണ്ട് ഞാൻ അച്ഛനോട് ചേർന്ന് നിന്നു ........

അഭിമാനത്തോടെ .......