ഇന്ന് മട്ടന്നൂരിൽ പോയിരുന്നു.
വായാതൊടിലേക്കുള്ള എളുപ്പവഴിയിലൂടെ നടക്കവേ,
അരികിലായി മര ഉരുപ്പടികൾ പൊളിച്ചു നീക്കി,
തറയും ചുമരിന്റെ ചില ഭാഗങ്ങളും മാത്രം അവശേഷിക്കുന്ന നിലയിൽ വടക്കേ വീട്...
ചെറുപ്പത്തിൽ അമ്മയുടെ കൈയും പിടിച്ചു,
നമ്പീശന്റെ കുളത്തിലെക്ക് നടക്കുമ്പോൾ ,
എന്നും അതിശയിപ്പിച്ചിട്ടുള്ള ഇരുന്നില മാളിക.
വലിയ തൂണും,
മുകളിലെ നിലയിൽ ഭംഗിയുള്ള കൊച്ചു കൊച്ചു കിളിവാതിലുകൾ,
ചെത്തി തെക്കാത്ത ചുമരുകൾ,
മുൻവശത്തായുള്ള കിണറിന്റെ ഇടതുവശത്തായി ,
നിറയെ പൂത്തു നിൽക്കുന്ന അശോക മരം.
ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.
വടക്കേ വീട് എന്ന് പറയുമ്പോൾ,
ഓർമയിൽ തെളിയുന്ന മുഖം കൈവേല ടീച്ചറുടെതാണ്.
വീട്ടിൽ നിത്യസന്ദർശകയായിരുന്നു ടീച്ചർ,
വെളുത്ത നിറം,
ഗവ ജോലി ,
നല്ലൊരു വീട്,
നാലു പേരിൽ ഇളയത് മറ്റെല്ലാവരും വിവാഹിതരും ,
നല്ല നിലയിൽ എത്തിയവരും,
വീട്ടിൽ പ്രായമായ അമ്മ മാത്രം,
എന്നിട്ടും അവിവാഹിത!!.
അന്ന് ടീച്ചർക്ക് 40+ വയസ്സ് ഉണ്ടാകും,
ടീച്ചറുടെ വീട്ടിൽ നിന്നും സ്കൂളിൽ എത്താൻ ഒരു മണിക്കൂർ യാത്രയുണ്ട്,
ദിവസേനയുള്ള പരക്കം പാച്ചിൽ ഒഴിവാക്കാൻ ടീച്ചർ വടക്കേ വീട്ടിൽ വാടകക്ക് താമസം തുടങ്ങി.
ഉടമസ്ഥൻ നമ്പിശന് ടീച്ചറുടെ വീട്ടുകാരുമായുള്ള നല്ല ബന്ധത്തിന്റെ പേരിലാണ് വാടകക്ക് കൊടുത്തത്.
മൂന്നു നാല് വർഷം സ്വസ്ഥമായി താമസിക്കവേ,
സ്കൂളിലെ ഒരു അധ്യാപക ദമ്പതികൾ ടീച്ചറെ സമീപിച്ചു.
ടീച്ചർ എന്തിനാ ഇങ്ങനെ ഒറ്റക്ക് താമസിക്കുന്നത്,
എന്റെ ഭാര്യക്ക് യാത്ര തീരെ പറ്റുന്നില്ല !!
കുട്ടികളുടെ കാര്യവും നോക്കണ്ടേ ??
വലിയ വീടല്ലേ,ഒന്ന് രണ്ടു റൂം തന്നാൽ
ടീച്ചക്കും മിണ്ടാനും പറയാനും ഒരാളായി...
എന്നിങ്ങനെ പോകുന്നു ഓഫറുകൾ.
അങ്ങനെ അമ്പു മാഷ് വിരിച്ച വലയിൽ ടീച്ചർ വീണു.
മാഷ് സ്വന്തം വീട് വാടകക്ക് കൊടുത്തു വടക്കേ വീട്ടിൽ താമസം തുടങ്ങി. അധികം വൈകാതെ,
ടീച്ചർ ഒരു മുറിയിൽ ഒതുക്കപ്പെടുകയും,
പിന്നീട് വാതിൽ തുറന്നു കൊടുക്കാത്ത അവസ്ഥയിൽ,
ലേഡീസ് ഹോസ്റ്റലിൽ താമസം മാറുകയും ചെയ്തു.
ടീച്ചറെ അവർ അത്ര മാത്രം മാനസികമായി ഉപദ്രവിച്ചു .
ഇത് ഒന്നോ രണ്ടോ പേജിൽ എഴുതിയാൽ തീരില്ല.
തീരെ രക്ഷയില്ലാത്ത അവസ്ഥയിൽ ,
നായകുട്ടിയെ പ്രശ്നിക്കടവ് അമ്പലത്തിൽ മുത്തപ്പന് നടക്കിരുത്താൻ പോയ രംഗം ഇന്നും കണ്മുന്നിൽ ഉണ്ട്.
താമസിയാതെ അമ്പു മാഷ് വടക്കേ വീട് അടിച്ചെടുത്തു,
പിന്നെ മുൻവശതൊക്കെ മാറ്റങ്ങൾ വരുത്തി.
പക്ഷെ
അവിടത്തെ താമസം അത്രക്ക് സന്തോഷപൂർണമായിരുന്നില്ല.
ടീച്ചറുടെയും മാഷിന്റെയും മരണം,
മൂത്ത മകന്റെ തകർന്ന ജീവിതം..
ഇപ്പോൾ വടക്കേ വീട് ഒന്ന് രണ്ടു വില്പന കഴിഞ്ഞ്,
ഈ ഫോട്ടോയിൽ കാണുന്ന അവസ്ഥയിൽ...
സമർപ്പണം :
വലിയ വീടും,
പറമ്പും ,
മറ്റ് ആസ്തിയും വർധിപ്പിച്ചാൽ എല്ലാം ആയി എന്ന മിഥ്യാ ധാരണയിൽ ജീവിക്കുന്ന എല്ലാ പമ്പര വിഡ്ഢികൾക്കും.

No comments:
Post a Comment