പയറ്റ് ....
പയറ്റ് എന്ന് കേൾക്കുമ്പോൾ ആർക്കും മനസ്സിൽ ഓടിയെത്തുക
കളരി പയറ്റാണ് ...
കുട്ടികാലത്ത് അമ്മ നൽകുന്ന വിവരണങ്ങളിൽ എപ്പോഴും നിറഞ്ഞ് നിൽക്കും
വീടിന് മുൻപിൽ പണ്ട് ഉണ്ടായിരുന്ന കളരിയെ ...
അമ്മയുടെ ചെറുപ്പത്തിൽ കണ്ട കളരി വിശേഷങ്ങൾ എന്നും കേട്ട് ആ കാഴ്ചകൾ ഞങ്ങളും കണ്ടത് പോലെ തന്നെ ആയി തീർന്നു......
പക്ഷെ എനിക്ക് ഓർമ്മവെക്കുമ്പോഴേക്ക് ആ കളരിയൊക്കെ പോയി അവിടെ കടകൾ നിറഞ്ഞിരുന്നു...
കടകൾക്ക് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് തമിഴന്മാർ മണ്ണെണ്ണ വെളിച്ചത്തിൽ പുതപ്പുകൾ ലേലം ചെയ്തു വിൽക്കുന്ന കാഴ്ച്ച ഇന്നും ഓർമയിലുണ്ട്...
രാവിലെ സൈക്കിളിൽ വില്പന നടത്തി വൈകുന്നേരങ്ങളിലാണ് ലേലം നടക്കാറ് ...
പിന്നെ വല്ലപ്പോഴും സൈക്കിൾ യജ്ഞവും മറ്റും
വൈകുന്നേരങ്ങളിൽ ആ സ്ഥലം കയ്യടക്കിപ്പോന്നു..
പറഞ്ഞ് ...പറഞ്ഞ്....
പയറ്റൊക്കെ മാറി മറ്റേതൊക്കെയോ ലോകത്തെത്തി ....സോറി..
വടക്കൻ മലബാറിലെ സാമ്പത്തിക ഇടപാടുകളിൽ എന്നും മുൻപിൽ നിന്നിരുന്ന ഒരു സവിശേഷ പരസ്പര സഹായ ധനം ആണ് പയറ്റ്.
ചിലയിടങ്ങളിൽ ഇതിനെ പണ പയറ്റ് എന്നും വിളിച്ച് കാണുന്നു.
ഇപ്പോഴും വടകരയുടെയും മറ്റും ഉൾനാടുകളിൽ ഈ സമ്പ്രദായം നിലനിൽക്കുന്നതായി അറിയുന്നു..
പക്ഷെ ഞങ്ങളുടെ നാട്ടിൽ കുറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ സമ്പ്രദായം മൺമറഞ്ഞു പോയി...
വൈകുന്നേരങ്ങളിൽ ഒരു മേശക്കരികിൽ നില വിളക്ക് കത്തിച്ച് വെച്ച് പയറ്റ് നടത്തുന്നയാൾ ഇരിക്കും.
ക്ഷണിച്ച ആളുകൾ പണം നൽകി ചായ സൽക്കാരം സ്വീകരിക്കും.
ഓരോ ആളുടെയും പേരും നൽകുന്ന പണവും പുസ്തകത്തിൽ കുറിച്ച് വെക്കും...
ആ പുസ്തകം വളരെ കാലം സൂക്ഷിക്കാനുള്ളതാണ്
കാരണം ആ പണം എപ്പോഴെങ്കിലും അയാൾ പയറ്റ് നടത്തുമ്പോൾ തിരികെ നൽകേണ്ടതാണ്.
ചിലർ പണം തിരിച്ച് നൽകാതെ വരുമ്പോൾ ചില പ്രശ്നങ്ങൾക്ക് ഇടയാക്കാറുമുണ്ട്...
പുതിയ കച്ചവടം തുടങ്ങാനും, കല്യാണം, വീട് നിർമ്മാണം എന്ന് തുടങ്ങി ഒട്ടുമിക്ക കാര്യങ്ങൾക്കും അന്ന് ആശ്രയിച്ചിരുന്നത് ഈ പയറ്റിനെ ആയിരുന്നു...
വൈകുന്നേരങ്ങളിൽ കോളാമ്പി മൈക്കിൽ നിന്നും പാട്ടുകൾ കേൾക്കുമ്പോൾ അറിയാം..
അന്ന് കോളയാടൻ ബാലേട്ടന്റെ കടയിൽ പയറ്റുണ്ടെന്ന്..
ഇന്നും കോളയാടൻ ബാലേട്ടൻ എന്ന് കേൾക്കുമ്പോൾ ഈ ഒരു പയറ്റും
വൈകുന്നേരങ്ങളിൽ കേൾക്കുന്ന പാട്ടുകളുമാണ് മനസ്സിൽ വരുന്നത്.
എപ്പോഴും ഒരേ പാട്ടുകൾ തന്നെ...
മാനസ മൈനേ വരൂ....
മാടപ്രാവേ വാ തുടങ്ങിയ പാട്ടുകൾ ...
സ്വാമി മഠത്തിന്റെ അരികിലെ ആ കൊച്ചു കട
കടയുടെ പിന്നിലെ വലിയ മുരിങ്ങ മരത്തിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന മുരിങ്ങാക്കായകൾ ..
ഓടിട്ട ഇരുനില കെട്ടിടം
വരാന്തയിൽ
കറുത്തിരുണ്ട ഒന്ന് രണ്ട് മേശയും ബെഞ്ചുകളും
ഇരുട്ട് നിറഞ്ഞ അകത്ത് ഇരുട്ടിനേക്കാൾ ഇരുണ്ട നിറത്തിൽ മരംകൊണ്ടുള്ള അപ്പ പെട്ടി.
എണ്ണമയം നിറഞ്ഞ കണ്ണാടിചില്ലിൽ അങ്ങിങ്ങായി കുറച്ച് പലഹാരങ്ങൾ...
പക്ഷെ എന്ത് തന്നെ ആയാലും സ്ഥിരം പറ്റുകാർ എന്നും ബാലേട്ടനെ തേടിയെത്തും.
ആദ്യമൊക്കെ വീട്ടിന് മുൻപിലെ കുണ്ടു കിണറിൽ നിന്നായിരുന്നു കടയിലേക്ക് വെള്ളം കൊണ്ടുപോയിരുന്നത്.
പിന്നീട് സഹീന ടാക്കിസിലെ കിണറ്റിൽ നിന്നാക്കി..
ചെറു പത്രങ്ങളിൽ വെള്ളം കൊണ്ടുവന്ന് ചായയും കടിയുമൊക്കെ ഉണ്ടാക്കും..
രാവിലെ സ്വാമി മഠത്തിൽ വിളക്ക് തെളിച്ചാണ് ദിവസത്തിന്റെ ആരംഭം...
കാലങ്ങൾ മാറിയിട്ടും...
പയറ്റ് ഇല്ലാതായിട്ടും
കോളയാടൻ ബാലേട്ടന്റെ ചായയും കടികളും ഒരേ നിലവാരത്തിൽ തുടർന്നു വന്നു....
പക്ഷെ
കുറച്ച് വർഷം മുൻപ് ആ വാർത്ത കേട്ടു ..
ബാലേട്ടന്റെ മരണം...
എന്നും കാണുന്ന ആ ചിരിക്കുന്ന മുഖം ഇനി ഇല്ല എന്ന് ..
ആ ചായ കട കൊണ്ടായിരുന്നു ആ വലിയ കുടുംബം കഴിഞ്ഞു പോന്നിരുന്നത്...
ബാലേട്ടന്റെ കാല ശേഷം മകൻ പ്രശാന്ത്...
അവന് ആണ് ആ കൈപ്പുണ്യം കിട്ടിയത് ...
കടയൊക്കെ ഒന്ന് മോടി കൂട്ടി..
കച്ചവടം മുൻപത്തേക്കാളേറെ നന്നായി നടന്നുവന്നു...
അച്ഛന്റെ അതേ പുഞ്ചിരി മകന്റെ മുഖത്തും കാണാൻ സാധിക്കുമായിരുന്നു...
എല്ലാവരോടും നല്ല പെരുമാറ്റം...
ബാലേട്ടന്റെ കട വീണ്ടും സജീവമായി...
കഴിഞ്ഞാഴ്ച്ചയിൽ കേട്ട വാർത്ത
അത് എങ്ങനെ വിശ്വസിക്കും??
പ്രശാന്ത് ഭാര്യയുടെ കൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ
കുഴഞ്ഞു വീണു
ഹോസ്പിറ്റലിൽ എത്തിച്ചിട്ടും കാര്യമുണ്ടായില്ല...
അവന് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല...
എന്നിട്ടും ആ ചെറുപ്പക്കാരൻ!!!
മട്ടന്നൂരിൽ എത്തിയാൽ
ഇപ്പോഴും വീട്ടിലേയ്ക്ക് പോകുമ്പോൾ
സ്വാമി മഠത്തിന് അരികിലെത്തുമ്പോൾ
മനസ്സിൽ ഓടിയെത്തുന്നത്
ആ രണ്ട് മുഖങ്ങൾ
അകാലത്തിൽ കൊഴിഞ്ഞ് പോയ
ആ രണ്ട് മുഖങ്ങൾ...