കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, June 26, 2019

തിരകൾ നിലക്കാറില്ല ............13

എനിക്ക് ഒന്ന് അനു വിനെ കാണണം.

അരവി കൂടെ വരുമോ

ഞാൻ ചെയ്ത തെറ്റ് എല്ലാരോടും പറയാം..

അത് കൊണ്ട് ഇനി എന്താ ഗുണം??
നഷ്ടപ്പെട്ട  ജീവിതങ്ങൾ തിരിച്ച് കിട്ടുമോ??

പക്ഷെ

എനിക്ക് പ്രായശ്ചിത്തം ചെയ്തേ മതിയാകൂ...

മാഷേ...
ഇപ്പൊ ഞാൻ കൂടെ  വന്നാൽ ശരിയാകൂല്ല.
എല്ലാരും വിശ്വസിക്കുന്നത്
ഇപ്പോഴും എല്ലാത്തിനും കാരണക്കാരൻ ഞാനാണ് എന്നാണ് .
എനിക്ക് ഒത്തിരി ക്കാലം  വെള്ളോം വറ്റും തന്ന വീടാണ്.
 ഇനിയുള്ള കാലമെങ്കിലും അവർ
കഷ്ടപ്പെടാതെ ജീവിക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ....

                                  *****

ഇരിട്ടി കല്ലുമുട്ടിയിൽ
വർക്ക്‌ ഷോപ്പിൽ
ഗ്രീസും ഓയിലും പുരണ്ട വേഷത്തിൽ...
അപ്പു.

അപ്പു ...
നിനക്ക് ഓർമ്മയുണ്ടോ എന്ന് അറിയില്ല...

ഞാൻ പ്രേമൻ മാഷ്

പണ്ട് അപ്പുവിന്റെ വീട്ടിനടുത്ത് താമസിച്ചിരുന്നു..

അപ്പുവിന്റെ മുഖത്തെ ആശ്ചര്യo മാഞ്ഞിരുന്നില്ല.

വിവരങ്ങളൊക്ക അറിയാൻ വൈകിപ്പോയി

നമുക്ക് അപ്പുവിന്റെ വീട് വരെ ഒന്ന് പോകാം ..

എല്ലാവരെയും ഒന്ന് കാണണം.

അതിനെന്താ  സാറെ ഒരു ഇരുപത് മിനുറ്റ്കൊണ്ട് വീട്ടിലെത്താം.

ഇപ്പൊ പുതിയ പാലമൊക്കെ വന്നു....


                                 ***


നാടൊക്കെ മാറിയിരിക്കിന്നു.
പുതിയ പാലവും റോഡും..

റോഡ് അരികിലായി ഒത്തിരി  ബഹുനില കെട്ടിടങ്ങളും വന്നിരിക്കുന്നു

സാറെ
വീട് വരെ വണ്ടി പോകില്ല
കുറച്ചു നടക്കണം....


ആകാശം ഇരുണ്ടു വരുന്നു.

മഴ ചാറാൻ തുടങ്ങിയിരിക്കുന്നു.

സാറെ കുട ഇല്ലല്ലോ..

എന്റെ മനസ്സിൽ അനുവിനെ കാണാനുള്ള തിടുക്കം മാത്രമായിരുന്നു.

ആ നടപ്പാതയിലൂടെ ഞാൻ നടന്നു..


രാമേട്ടന്റെ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.

പക്ഷെ കാലാന്തരത്തിൽ പരിചരണമില്ലാത്തതിനാൽ
പലയിടങ്ങളിലും തേപ്പ് അടർന്നും,
ഓട് പൊട്ടിയും നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നു.

മഴ കനക്കുന്നു...

മുറ്റത്തിന്റെ ഓരത്തായി ഉള്ള പുറ്റിൽ നിന്നും മഴപ്പാറ്റകൾ പറന്നുയരുന്നു..

അവയെ തിന്നാൻ കാക്കകൾ മത്സരിക്കുന്നു..

ഇറയത്ത്
ഇരുട്ടത്ത് ഒരു തൂണും ചാരി
മഴയും നോക്കി
അവൾ ഇരിക്കുന്നു.
ആകെ മെലിഞ്ഞുണങ്ങിയ രൂപം ...

കഞ്ഞിപ്പശയില്ലാത്ത തഴമ്പ് കെട്ടിയ വോയൽ സാരിയുടുത്ത്..

അത് പഴയ അനു വിന്റെ പ്രതിഛായ മാത്രം.


ഞങ്ങളെ കണ്ടതും അവൾ എഴുന്നേറ്റു.

അവൾ ക്കെന്നെ മനസ്സിലായോ ആവോ.

ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞില്ലെങ്കിലും
കണ്ണുകളിലെ തിളക്കം ആ ഇരുട്ടിലും എനിക്ക് വായിച്ചെടുക്കാം ..

അവളെ എനിക്ക് വേണം

ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായല്ല

മറിച്ച്...

ഇനിയുള്ള കാലം

അവളെ

ഒരു രാജകുമാരിയായി

വാഴിക്കണം എനിക്ക്...

തിരകൾ നിലക്കാറില്ല ............12

അനുവിനെ നിങ്ങൾ മറന്നില്ല അല്ലെ
നിങ്ങൾ ചെയ്ത ദ്രോഹം
അവളുടെ വയറിൽ വളരുന്നത് ആരും അറിഞ്ഞതെയില്ല.


പലപ്പോഴായി വന്ന വേദനകൾ ദഹനക്കേടും മറ്റുമായി കണക്ക് കൂട്ടി...

രാമേട്ടന്റെ വിയോഗം ആ വീട്ടിന്റെ താളം തെറ്റിച്ചിരുന്നു.

ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ആ വാർത്ത

അനു പ്രസവിച്ചു
കുട്ടി ജനിച്ച ഉടനെ  മരിച്ചുപോയി .

എല്ലാരും എന്നെ കുറ്റക്കാരനാക്കി.
ഞാനല്ല ചെയ്തത് എന്ന് എത്ര തവണ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.

രക്ഷയില്ലാതെ ഞാൻ നാടുവിടേണ്ടി വന്നു.


കുട്ടി മരിച്ചു പോയോ??
എങ്ങനെ???

ചിലർ പറയുന്നു കുഞ്ഞു ജനിച്ചപ്പോൾ മാനക്കേട് വിചാരിച്ച് അമ്മൂമ്മ കൊന്നു കളഞ്ഞതാണെന്ന്.

കരയുന്ന കുഞ്ഞിന്
ഒരുമണി നെല്ല് കൊടുത്തു വെന്ന്..

ആരോ പറയുന്ന കേട്ടു,
ആ കുട്ടിക്ക് ചെകുത്താന്റെ മുഖമായിരുന്നു എന്ന്...


പക്ഷെ ആ മാനക്കേട്

അതാണ് ശാന്തേച്ചിയുടെ മരണത്തിന്  ഹേതു..

എല്ലാം നീ കാരണം....

കഴിഞ്ഞില്ല
ഇത് കൂടി കേട്ടോ

നല്ലൊരു പട്ടാളക്കാരൻ ഈ കഥകൾ ഒക്കെ അറിഞ്ഞു തന്നെ അവളെ കല്യാണം കഴിച്ചു...
പക്ഷെ
നീ നൽകിയ ആ ആഘാതം
അവളെ ഒരു കുടുംബ ജീവിതം നയിക്കാൻ പറ്റാത്തവളാക്കി മാറ്റിയിരുന്നു.



അയാൾ
അവളെ തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി..
ഇപ്പോൾ വിവാഹ മോചനം ആയി എന്നും  കേൾക്കുന്നു..


അവൾക്ക് ഇനിയൊരു കുടുംബ ജീവിതം നയിക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നതത്രെ..

അവൾ ഇപ്പോൾ എവിടെ ഉണ്ട്??

തിരകൾ നിലക്കാറില്ല ............11

നാട്ടിൽനിന്നും എത്ര ദൂരെ ആണേലും വിവരം ഞാൻ അന്വേഷിക്കാറുണ്ട്.

അന്ന് ആ മഴയുള്ള ദിവസം
നിങ്ങൾ പോയി കുറച്ചു സമയം കഴിഞ്ഞു കാണും.
ആ സങ്കടകരമായ ആ വിവരം എത്തുമ്പോൾ

കാറ്റിൽ പൊട്ടിവീണ മരത്തിനടിയിൽപെട്ട്  രാമേട്ടൻ പോയി എന്ന്

 എന്ത് ....രാമേട്ടൻ!!!
ഞാൻ അറിഞ്ഞതേ ഇല്ല ..

നിങ്ങൾ പിന്നെ എന്താണ് അറിഞ്ഞത്..
രാമേട്ടന്റെ വിവരം വന്നതോടെ
അനുവിന്റെ കാര്യം എല്ലാരും മറന്നു..
പിന്നെ പാതിര അയി അവൾ വരുമ്പോൾ

എന്തോ കണ്ടു പേടിച്ചു അതേ എല്ലവർക്കും  അറിയൂ ...

രണ്ട് മൂന്ന് ദിവസം അവൾ പനിച്ചു കിടന്നു
മരണ വീട്ടിൽ അത് ആര് ശ്രദ്ധിക്കാൻ....
അഞ്ചെട്ട് വർഷം കഴിഞ്ഞപ്പോ ശാന്തേച്ചിയും പോയി.

കുട്ടികൾ രണ്ടു പേരും അമ്മുമ്മയും മാത്രം.

ഇപ്പൊ അപ്പു ഏതോ വർക്ക്‌ഷോപ്പിൽ പണിയെടുത്ത് കിട്ടുന്നത് കൊണ്ട് അവർ ജീവിക്കുന്നു.

ഇപ്പോൾ അനു എന്ത് ചെയ്യുന്നു..
അവൾ കല്യാണം കഴിച്ചില്ലേ??

തിരകൾ നിലക്കാറില്ല ............10

നിങ്ങൾ ചെയ്ത പാതകത്തിന്റെ ഇരകൾ എത്രയെന്ന് നിങ്ങക്കറിയോ??

വിരൽ ചൂണ്ടി എന്നോട് അങ്ങനെ ചോദിച്ചപ്പോൾ

തൊണ്ടയിലെ വെള്ളം വറ്റിയത് പോലെ
നാവ് പൊങ്ങുന്നില്ല...

എനിക്കറിയാം
നിശ്ചലമായ ജലാശയത്തിൽ എത്ര ചെറിയ കല്ലാണ് വീണത് എങ്കിലും
 അവ ഉണ്ടാക്കുന്ന തിരകൾ പെട്ടെന്നൊന്നും നിലക്കാറില്ല.
അവ പല ഇടവേളകളിലായി പ്രകമ്പനങ്ങൾ സൃഷ്ട്ടിച്ച് കൊണ്ടേയിരിക്കും..

ഞാൻ ചെയ്ത തെറ്റ്
അത് എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് ബോധ്യമില്ലാഞ്ഞിട്ടല്ല..

പക്ഷെ

അരവിയുടെ മുഖത്തേക്ക് നോക്കാൻ തന്നെ ശേഷി നഷ്ടമായത് പോലെ...

എന്നാലും വിവരങ്ങൾ അറിയണമല്ലോ...

അരവി

ഒന്നും മനഃപൂർവ്വ മല്ല ..


നിങ്ങക്കറിയോ
അന്ന്
നിങ്ങൾ താക്കോൽ എന്നെ ഏല്പിച്ച് പോയപ്പോൾ
ആ മഴയിൽ

അനു വരാത്തത് കണ്ട് നമ്മളൊക്കെ ആകെ പേടിച്ച് നിൽക്കുകയായിരുന്നു..

അപ്പുവിനോട് മഴക്ക് മുൻപേ പറഞ്ഞതാ ഒന്ന് നോക്കിവരാൻ

മഴ കൂടി വന്നപ്പോൾ അവൻ പോയില്ല

മഴ വന്നപ്പോൾ മാഷിൻറെ വീട്ടിന്റെ  ഇറയത്ത് കേറിനിൽപ്പുണ്ടാകും എന്ന ആശ്വാസത്തിലായിരുന്നു നമ്മൾ..
ശാന്തേച്ചി അമ്മിയിൽ മുളക് അരക്കുകയായിരുന്നു..
അപ്പുവും അമ്മമ്മയും നാമം ജപിക്കലും..

പക്ഷെ ആ നാമജപങ്ങളൊന്നും അവളുടെ രക്ഷക്കെത്തിയില്ലല്ലോ...

ദ്രോഹി...

നിങ്ങൾ അവളെ  ചതച്ചരച്ച് കളഞ്ഞില്ലേ....

എന്നിട്ടോ

കുറ്റം മുഴുവൻ എനിക്കും....

ഇപ്പോഴും തെണ്ടിത്തിരിഞ് നടക്കുന്നത് ഞാനാണല്ലോ..

നിങ്ങൾക്ക് അറിയുമോ
പത്തു പതിനഞ്ചു വർഷമായി ഞാൻ നാട്ടിൽ പോയിട്ട്

എനിക്കറിയാം നിങ്ങളാണ് ഇതിന് പിന്നിലെന്ന്
പക്ഷെ
ആര് വിശ്വസിക്കുന്നു.
നിങ്ങൾ പുണ്യ വാളൻ ആണല്ലോ.
നിങ്ങളെ തേടി അലിയാത്ത നാടില്ല.

എനിക്ക് എല്ലാരോടും വെറുപ്പ് ആയിരുന്നു..
അത് മാറാ രോഗങ്ങൾ ആയി ഇപ്പോൾ എന്നോടൊപ്പം ചേർന്നു..

ഞാൻ മരിച്ചാലും കുഴപ്പമില്ല

അനു നിങ്ങളെ എങ്ങനെ  നിങ്ങൾക്ക് മാപ്പ് നൽകും??

അനു ...
അനു  ഇപ്പോൾ എങ്ങനെ??




തിരകൾ നിലക്കാറില്ല ............9

അരവി ഇരിക്കൂ ..

ഞാനൊന്ന് മുഖം കഴുകിയിട്ട് വരാം.

അരവിക്ക് രാവിലെ  കണ്ട മുഖ ഭാവത്തിൽ നിന്നും
 യാതൊരു മാറ്റവും ഇല്ല.

 എങ്കിലും

വിളിച്ചപ്പോൾ വരാൻ കൂട്ടാക്കിയല്ലോ ,
അത് തന്നെ ആശ്വാസം.
അരവി   ഇരിക്ക്
എനിക്ക് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട്...

എന്ത് സംസാരിക്കാൻ...
ഇത്രയും കാലം കഴിഞ്ഞിട്ടും
ഇത്രയൊക്കെ വരുത്തിവച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ....

അരവിക്ക് അറിയാഞ്ഞിട്ടാ

ആന്ന് ഞാൻ വട്ടിയറയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയപ്പോൾ

അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു..

ഒരു സ്ട്രോക്ക്

വേറെ ആരും നോക്കാനില്ല എന്ന് അരവിക്കറിയാമല്ലോ...

അതുംകൊണ്ടു മൂന്ന് മാസമാ ആശുപത്രിയിൽ ചിലവഴിച്ചത്...

എന്നിട്ടോ വല്ല ഗുണവുമുണ്ടായോ..

എന്നെ തനിച്ചാക്കി  അമ്മ പോയി...

വീടും പറമ്പും കൃഷിയുമൊക്കെ എന്റെ തലയിൽ..

അമ്മ പൊന്നുപോലെ നോക്കിയതാ

അതൊന്നും ഉപേക്ഷിച്ച് പോകാനും തോന്നിയില്ല...

അതിനിടെ

എന്റെ തിരക്കഥയിൽ ഒരുങ്ങിയ സിനിമ ഹിറ്റായതോടെ
ഇഷ്ട്ടം പോലെ പടങ്ങളും ..

അല്ലാതെ നിങ്ങളെ ഒക്കെ മറന്നത് കൊണ്ടല്ല...

അത് പച്ച കള്ളം...

ഇത്ര കാലമായിട്ടും നിങ്ങൾക്ക്  യാതൊരു മാറ്റവുമില്ല

എത്ര ഭംഗിയായി
 മുഖത്ത് നോക്കി കളവ് പറയുന്നു..???

അരവി ...

നിങ്ങളെന്താണ് ഉദ്ദ്ദേശിച്ചത്??

അത് തന്നെ

അനുവിന്റെ കാര്യം....

അനു ...............

അനുവിന് എന്ത് പറ്റി??

തിരകൾ നിലക്കാറില്ല ............8

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത
ഒരു ദിനം
അന്ന്
കർക്കടകത്തിലെ കറുത്തവാവ് ദിനം
വെള്ളിയാഴ്ച്ച
ഉച്ചക്ക് ശേഷം നാട്ടിൽ പോകാൻ തീരുമാനിച്ചതാണ്
ഊണ് കഴിച്ച് ഉറങ്ങിപ്പോയി
സമയം അഞ്ചു മണിയോട് അടുക്കുന്നു.
വേഗം കുളിച്ച് പുറപ്പെട്ടു.
താക്കോൽ അരവിയെ ഏൽപ്പിച്ച് മടങ്ങുമ്പോൾ
മഴ ചാറാൻ തുടങ്ങിയിരിക്കുന്നു..

കുടയെടുക്കാൻ മറന്നിരിക്കുന്നു..
ഇറയത്ത് തുറന്നുവെച്ച കുടയുമെടുത്ത് മടങ്ങുമ്പോഴേക്ക് മഴ ശക്തമായിരുന്നു..

തോണിയില്ലാതിരിക്കുമോ ?

എന്തായാലും എത്രയും പെട്ടെന്ന് കടവിൽ എത്തേണ്ടിയിരിക്കുന്നു.

ആകെ  ഇരുട് മൂടിയിരിക്കുന്നു.
വഴിപോലും കാണുന്നില്ല!

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തോൾസഞ്ചി നനയാതിരിക്കാൻ ഒരു ശ്രമം .

കാറ്റിനും ശക്തി കൂടുന്നുവോ??

ശക്തമായി ഒഴുകി വരുന്ന ചെളിവെള്ളത്തിലൂടെ നടക്കവേ.

കുളത്തിലേക്കുള്ള വഴിയിലൂടെ ആരോ നടന്നുവരുന്നു..

മിന്നൽ വെളിച്ചത്തിൽ .......

നനച്ച് പിഴിഞ്ഞ വസ്ത്രങ്ങൾ കൈതണ്ടയിൽ ഒതുക്കിപ്പിടിച്ച്

ശരീരത്തിൽ ഒട്ടിപ്പിടിച്ച  പെറ്റിക്കോട്ട് ധരിച്ച്

അവൾ

അനു

ഒരു നിമിഷം
വാഴകൂട്ടത്തിനിടയിൽ
ഞാനവിടെ ഒളിഞ്ഞു നിന്നുപോയി ....

ഞാൻ എന്നെതന്നെ  മറക്കുകയാണോ??

ഞാൻ ആരാണെന്നോ,

സമൂഹത്തിൽ എന്റെ സ്ഥാനമെന്തെന്നോ??

 എന്താണ് ചെയ്യുന്നത് എന്നോ

ഒന്നും മുന്നിൽ തെളിയാത്തത്  പോലെ..

ഞാനൊരു മൃഗമായി മാറിയിരുന്നു..

ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വേഷം ..

കാലാവസ്ഥയുടെ രൗദ്ര ഭാവത്തിൽ ആകെ ഭയന്ന് വരുകയായിരുന്നു  അവൾ

പിന്നിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തിൽ

ബോധഹീനയായി പോയിരിക്കുന്നു..

വലിച്ച് വാഴയുടെ മറവിലേക്ക് നീങ്ങുമ്പോഴും ഞാൻ തീർത്തും  അന്ധനായിരുന്നു..

മഴയുടെ ശക്തി ക്ഷയിച്ചു വരുന്നു .


അനൂ ....
മോളെ   അനൂ ...

രാമേട്ടന്റെ വീട്ടിൽ നിന്നും

അനുവിനെ തേടിയുള്ള വിളികൾ ഉയരുന്നുവോ?

ചെവിടടപ്പിക്കുന്ന ശബ്ദത്തോടെ മിന്നൽപിണരുകൾ പാഞ്ഞ് പോകുന്നു...


സ്ഥലകാല ബോധത്തിലേക്ക്....

തിരിഞ്ഞ്  നോക്കാതെ

സഞ്ചിയിലുള്ള നല്ല വത്രങ്ങൾ ധരിച്ച്

ആരും കാണാതെ കടവിലേക്ക് ഓടുമ്പോൾ

ഞാൻ ചെയ്ത വലിയൊരു അപരാധം

അതിന്റെ

കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു..

പക്ഷെ അവിടെ നിന്നാലുള്ള ഭവിഷ്യത്തുകളും
ചിന്താമണ്ഡലത്തിലേക്ക് കടന്നു വരുന്നു.
വേറെ വഴിയൊന്നും തെളിയുന്നില്ല..

എത്രയും പെട്ടെന്ന്  രക്ഷപെടുക തന്നെ....
                               
                     ****

സാർ
സാറ് പറഞ്ഞ ആൾ വന്നിട്ടുണ്ട്....

അജിത്തിന്റെ ശബ്ദം
ഓർമകളിൽ നിന്നും വർത്തമാന കാല യാഥാർഥ്യത്തിലേക്ക് ...







തിരകൾ നിലക്കാറില്ല ............7

അന്നൊരു തിങ്കളാഴ്ച്ച
മുന്നിലായി ആകെ ആറ് കുട്ടികൾ മാത്രമെങ്കിലും
ആദ്യമായി ക്ലാസ് കൈകാര്യം ചെയ്യുന്നതിന്റെ ഒരു പേടി,

ട്രൈനിംഗ് വേളയിൽ ഇഷ്ട്ടം പോലെ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തിരുന്നു എന്നത് കൊണ്ട് യാതൊരു കാര്യവുമില്ല.

ജോലി  കിട്ടി ക്ലാസ്സ് റൂമിലേക്ക് കയറുമ്പോൾ ആകെയൊരു ഭയം..

സ്കൂളിൽ  പഠിക്കുന്നത്  ആകെ ഇരുപത്തിമൂന്ന് കുട്ടികൾ .

കുഞ്ഞിരാമൻ മാഷ്
എങ്ങനെയാണാവോ ഒറ്റക്ക് സ്കൂൾ നടത്തികൊണ്ട് പോകുന്നത്
ഒരു എത്തും പിടിയും കിട്ടുന്നില്ല.

രണ്ട് ടീച്ചർമാരുടെ ഒഴിവ് ഇനിയുമുണ്ടെങ്കിലും
ആ ഒഴിവുകൾ എന്നും ഒഴിവായി തന്നെ കിടക്കുമെന്നാണ് മാഷുടെ പക്ഷം.

ആരും ഇവിടെ വന്ന് കഷ്ടപ്പെടാൻ തയ്യാറാവില്ലത്രേ!!

വന്നവരൊക്കെ ഒന്നോ രണ്ടോ മാസം കൊണ്ട് ട്രാൻസ്ഫെറും ഒപ്പിച്ച് രക്ഷപെടുമത്രേ!!

പലപ്പോഴും താത്കാലികാടിസ്ഥാനത്തിൽ ആളെ എടുത്താണ്
സ്കൂൾ നടത്തികൊണ്ട് പോയതത്രെ !

ദിവസം മുഴുവൻ ഒരാൾ നാല് ക്‌ളാസ്സുകളിലെ കുട്ടികളെ ഒന്നിച്ച് നിയന്ത്രിച്ച് കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല.

പ്യൂൺ ആയ നാരാണേട്ടൻ വരെ ചിലപ്പോൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ടത്രെ!!


നന്മ മാത്രം ആഗ്രഹിക്കുന്ന ഒത്തിരി ആൾക്കാർ
വഴക്കും വക്കാണവുമില്ലാതെ സ്നേഹിക്കാൻ മാത്രമറിയുന്നവർ

നിഷ്കളങ്കരായ ആ ആൾക്കാർക്കിടയിൽ
രണ്ട് മാസം കടന്നുപോയത് അറിഞ്ഞതേയില്ല...

ഇതിനിടെ
 മനസ്സിലുണ്ടായിരുന്ന കാഴ്ചകൾ  തിരക്കഥകൾ ആയി
കടലാസിലേക്ക് പകർത്താൻ കഴിഞ്ഞതും വലിയ നേട്ടമായിരിക്കുന്നു.

ആദ്യമായി എഴുതിയ  തിരക്കഥ  വെള്ളിത്തിരയിലേക്ക്..

വായന ശാലയിൽ നിന്നും വായിച്ച്  പഠിച്ച
എം ടി യുടെയും മറ്റും തിരക്കഥകൾ
ആയിരുന്നു ഏക  പിൻബലം ,


ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിൻറെ
 ആവേശമോ അഹങ്കാരമോ
എനിക്ക് ഞാനറിയാതെ വന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാത്ത  അവസ്ഥ....


സ്ക്രിപ്റ്റ് ചർച്ചക്ക്  കോഴിക്കോട്ട് പോകേണ്ടിയിരിക്കുന്നു...
കുറച്ച് അവധി ദിനങ്ങൾ ഒന്നിച്ച് വരുന്നുണ്ട്
മറ്റ് അവധികൾ എടുക്കാതെ ഒപ്പിക്കാം..

തിരകൾ നിലക്കാറില്ല ............6

പഴക്കമേറെ ഉണ്ടെങ്കിലും വൃത്തിയായി സംരക്ഷിക്കുന്ന വീട് ,
മുറ്റത്ത് ഒരരികിലായി  അട്ടിയിട്ട പുല്ലിന്റെ കൂന
അതിന്റെ മറവിൽ  വലിയൊരു മാവ് ,
പറമ്പിൽ നിറയെ നാടൻ വാഴകൾ ..
മൺതിട്ട കഴിഞ്ഞാൽ ഇടത് വശത്തായി കല്ല് കെട്ടിയ കുളം.

വീടിന്റെ ഇറയവും ഞാലിയും കാവി ഇട്ടിട്ടുണ്ട്
പഴയകാല പ്രതാപം വിളിച്ചോതുന്ന  പത്തായം ഇറയത്തു  കിടപ്പുണ്ട്.
നെല്ലും പുല്ലും ഉണക്കാനും മറ്റും മാത്രമാണ് മാഷ് ഈ തറവാട് വീട് ഉപയോഗിക്കുന്നത് എന്ന് രാമേട്ടൻ.

ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ട പ്പെടുന്ന ഒരിടം.
വൈ ദ്യു ത ബന്ധമില്ല എന്നത് മാത്രമാണ് ആകെ ഉള്ള ഒരു പോരായ്മ.

നോക്കിയാൽ കാണുന്ന ദൂരത്തായി
രാമേട്ടന്റെ വീട് ...
ഉച്ച ഊണിന് സമയമായിട്ടില്ല എങ്കിലും
രാമേട്ടന്റെ നിർബന്ധം മൂത്തപ്പോൾ ഊണും കഴിക്കേണ്ടിവന്നു.
തനി നാടൻ കറികൾ
ചെമ്പിന്റെ തണ്ടും ചക്കകുരുവും ചേർത്ത ഓലനും ,പുളിങ്കറിയും , മുരിങ്ങയിലതോരനും
രാമേട്ടന്റെ ഭാര്യ ശാന്തേച്ചി യുടെ കൈപ്പുണ്യത്താൽ   സമ്പന്നമായിരുന്നു ആ ഭക്ഷണം.       

ചെവി ഒട്ടും കേൾക്കില്ലെങ്കിലും എല്ലാം അറിയണം എന്ന വാശിയോടെ രാമേട്ടന്റെ അമ്മ.
പ്രായമേറെ ആയെങ്കിലും
ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെ.

കുട്ടികളെ രാമേട്ടൻ   രണ്ട് മൂന്ന് തവണ തിരക്കിയെങ്കിലും  അവരാ വഴി വന്നതേ ഇല്ല.

രാവിലത്തെ സംഭവത്തിന്റെ പേടിയിലായിരിക്കാം.
അപ്പുവുംഅനുവും

മൂത്തത് അനുപമ എട്ടാം  ക്‌ളാസിൽ പഠിക്കുന്നു,
അപ്പു മൂന്നിൽ
വീട്ട് വിശേഷങ്ങൾ കൂടാതെ
പഴം പുരാണങ്ങളും
എല്ലാം  ഒറ്റ ദിവസം കൊണ്ട് എന്നോട് പറഞ്ഞു തീർക്കണമെന്ന വാശിയിലാണെന്ന് തോന്നുന്നു രാമേട്ടൻ.
പലതും എനിക്ക് താല്പര്യം ഇല്ലാത്ത പല വിഷയങ്ങളാണെങ്കിലും താല്പര്യത്തോടെ കേൾക്കുന്നതായി നടിച്ച് ഇരുന്നുകൊടുക്കേണ്ടതായി വന്നു.

മുഷിഞ്ഞ കള്ളി ലുങ്കിയും
നരച്ച് കീറി തുടങ്ങിയ ബനിയനും ധരിച്ച,
ഇരുപത് -ഇരുപത്തി രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ
അവിടേക്ക് കടന്നു വന്നു.

കണ്ടാൽ അറിയാം നല്ലവണ്ണം അധ്വാനിക്കുന്നവനാണെന്ന്.
നല്ല ആരോഗ്യവാൻ പക്ഷെ പെരുമാറ്റത്തിൽ ഒരു പന്തികേട് ,
പിരി ഇത്തിരി ലൂസാണോ?

അരവി

ചേച്ചിയുടെ മകനാണ്
അത്യാവശ്യം സഹായത്തിനൊക്കെ ഇവനാണൊരു കൂട്ട്.
രാമേട്ടൻ പരിചയപ്പെടുത്തി തന്നു.

പെട്ടെന്ന് ഇറങ്ങണം ,
സമയം വൈകുന്നു.
തിങ്കളാഴ്ച്ച തന്നെ തിരിച്ച് വരാമെന്ന് പറഞ്ഞിറങ്ങി.

പക്ഷെ

എപ്പഴോ ഞാനും
ആ ഗ്രാമത്തിന്റ ഭാഗമായി കഴിഞ്ഞിരുന്നു.

Tuesday, June 25, 2019

തിരകൾ നിലക്കാറില്ല ............5

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന  വയലുകൾക്ക് അക്കരെയായി
ഒരു ഇടത്തരം വീട്
പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന വീട്
വേനൽ ചൂടിലും നിറഞ്ഞൊഴുകുന്ന  ചെറു തോട് കടന്ന്
നമ്മളാ വീടിന്റെ മുറ്റത്തേക്ക്
മുറ്റത്ത് തെക്കേ മൂലയിൽ കൂട്ടിയിട്ട പുല്ലിൻകെട്ടുകൾ
കുഞ്ഞിരാമൻ മാഷുടെ കൃഷിയോടുള്ള താല്പര്യം വ്യക്തം .
പറമ്പിൽ കെട്ടിയിട്ട പശുവും കിടാവും അപരിചിതരെ കണ്ടിട്ടാണോ ആവൊ പുല്ല് തിന്നുന്നത് നിർത്തി നമ്മളെ തന്നെ ശ്രദ്ധിക്കുന്നു....

മാഷെ...
മഷില്ലേ ഇവിടെ ?

മുകൾ ഭാഗം തുറന്ന ഹാഫ് ഡോർ തുറന്ന് ഒരു സ്ത്രീ രൂപം

മാഷ് കണ്ടത്തിൽ വാഴക്ക് വളമിടുന്നുണ്ടല്ലോ..
നിങ്ങൾ വരുമ്പോ കണ്ടില്ലേ??

ദേവിയേച്ചി നമ്മള് ചിറ വഴിയാ വന്നത്
പറമ്പിലൂടെ അല്ല .

ഇത് നമ്മളെ പുതിയ മാഷാ
സ്കൂളിൽ ചേരാൻ വന്നതാ...

രാമേട്ടൻ കേറിയിരിക്ക് മാഷിപ്പം വരും.

എനിക്ക് കുറച്ച് തിരക്കുണ്ട് ,
പക്ഷെ മാഷെ കാണാതെ എങ്ങനെയാ പോകുക ??

നാരകയിലയുടെ രുചിയും
 മോരിന്റെ പുളിയും
കാന്താരിയുടെ എരിവും മാറി മാറി വരുന്ന  ദേവിയേച്ചി നൽകിയ സംഭാരം മെല്ലെ നുണയവേ
 കുഞ്ഞിരാമൻ മാഷെത്തി ..

വിവരങ്ങൾ അറിഞ്ഞപ്പോൾ
താമസസ്ഥലത്തെ കുറിച്ചായി മാഷുടെ ചിന്ത...

ദേവീ നമ്മുടെ പഴേ വീടിൻറെ ഞാലി മാഷക്ക് താമസിക്കാൻ കൊടുത്താലോ??

പ്രേമൻമാഷെ,
ഈ രാമേട്ടൻന്റെ വീട്ടിനടുത്ത് നമ്മുടെയൊരു പഴയവീടുണ്ട് ,
വെറുതെ അടച്ചിട്ടിരിക്കുകയാ..
ഒരാൾക്ക് താമസിക്കാൻ അതിന്റെ ഞാലി തന്നെ ധാരാളം...
ഒരു സ്റൗവ് ഉണ്ടെങ്കിൽ പാചകോവും നടക്കും ..
ബാക്കി സൗകര്യങ്ങളൊക്കെ ക്രമേണ ചെയ്യാം.

മാഷ് പറഞ്ഞത് ഒരു നല്ലകാര്യാ
നമ്മളൊക്കെ ഇല്ലേ അയല്പക്കത്ത്...
രാമേട്ടനും അത് അംഗീകരിച്ചിരിക്കുന്നു..

ഇത്തരമൊരു അവസ്ഥയിൽ
എന്റെ അഭിപ്രായത്തിന് വലിയ സ്ഥാനമൊന്നും ഇല്ലെങ്കിലും എന്റെ അഭിപ്രായം ആരും ചോദിച്ചതേ ഇല്ല.
ചിരപരിചിതരെന്നപോലെയാണ് എല്ലാവരും പെരുമാറുന്നത്.

ദേവീ ... കാർത്യായനിയോട്  നാളെ ആ മുറിയും പരിസരവും ഒന്ന് അടിച്ച്ചുവാരി വൃത്തിയാക്കാൻ പറയണം..

വാ മാഷെ നമുക്ക് പഴേ വീടും പരിസരോം ഒന്ന് നോക്കിയിട്ട് വരാം.

മാഷ് ഇന്ന് മടങ്ങുന്നുണ്ടോ ?
വേണേൽ രണ്ട് ദിവസം ഇവിടെ  നിൽക്കാം.

താമസ സൗകര്യവും എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിലും
വളരെ നന്ദി മാഷേ..
നന്ദി എങ്ങനെ പ്രകടിപ്പിക്കും എന്ന് അറിയാതെ
വിഷമിക്കുകയായിരുന്ന  ഞാൻ,
അവ എങ്ങനെയോ
ആ  രണ്ട് വാക്കുകളിൽ ഒതുക്കി.
.

ഇന്ന് തന്നെ മടങ്ങണം
തിങ്കളാഴ്ച്ച വന്ന് ജോയിൻ ചെയ്യാം...

എല്ലാം മാഷുടെ ഇഷ്ട്ടം.

മെല്ലെ കുഞ്ഞിരാമൻ മാഷുടെയും രാമേട്ടന്റെയും പിന്നാലെ
താമസ സ്ഥലം കാണാനായി.

തിരകൾ നിലക്കാറില്ല ............4

മാഷെ ഒരു പത്ത് മിനുട്ട് നടക്കാനുണ്ട്
ഇന്നിപ്പോ ശനിയാഴ്ച്ച കുഞ്ഞിരാമാഷ് സ്ഥലത്തുണ്ടോ ആവോ

ഞാൻ തിങ്കളാഴ്ച്ചയെ ജോയിൻ ചെയ്യുന്നുള്ളു
സ്ഥലവും സൗകര്യവും നോക്കാമെന്നു വിചാരിച്ചാണ് ഇന്നേ വന്നത്

പക്ഷെ മാഷെ
ഇവിടെ ലോഡ്ജും ഹോസ്റെലുമൊന്നും കിട്ടില്ലല്ലോ

വാടകക്ക്  വീടേതെങ്കിലും കിട്ടുമോന്ന് നോക്കാം ...

മഴവിൽ വിരിഞ്ഞ മഞ്ഞുകണങ്ങൾ പേറുന്ന
കറുക പുല്ലുകൾക്കിടയിലുള്ള നടപ്പാതയിലൂടെ
രാമേട്ടന്റെ പിന്നാലെ ഞാൻ നടന്നു

ഇടവഴിക്ക്   ഇലകളാൽ മേൽക്കൂരപണിത്  നിൽക്കുന്ന ,
നിറയെ മഞ്ഞയും ചുകപ്പും പച്ചയും ഫലങ്ങൾ പേറുന്ന
 കൊക്കോ മര ത്തണലിലൂടെ ...

അമ്മേ...........
അപ്രതീക്ഷിതമായി    ഇലകൾ കീറിമുറിച്ച്
ഒരു കല്ല് എന്റെ വലത്തെ നെറ്റിയിൽ പോറൽ വീഴ്ത്തി  കടന്നു പോയി ............

ഓടി പോകുന്ന നാലഞ്ചു പിള്ളേർ

ആരാടാ ??

കല്ലെറിഞ്ഞവരെ പിടിക്കാൻ ഓടുന്ന രാമേട്ടൻ,

പച്ചയും,പഴുത്തതും,ഉണങ്ങിയതുമായ മാവിലകളും തെറിപ്പിച്ച്
ഓടിപ്പോകുന്ന കുറച്ച് കാലുകൾ ....
മുന്നിലായി വെള്ളി കൊലുസിട്ട കാലുകൾ ..
വെള്ളയിൽ ചുവപ്പു പൂക്കളുള്ള പാവാടയും ബ്ലൗസും ധരിച്ച
 പതിമ്മൂന്ന്-പതിനാല് വയസ്സ്  തോന്നിക്കുന്ന

ആ സുന്ദരിയായ പെൺകുട്ടി

ഭയത്തോടെ തിരിഞ്ഞു നോക്കികൊണ്ട്‌ ഓടിയകലുന്നു...

മറ്റുള്ളവർ തിരിഞ്ഞു നോക്കാൻ പോലും ധൈര്യം കാണിക്കുന്നില്ല ..

സാരമില്ല രാമേട്ടാ, ഒന്നും പറ്റിയിട്ടില്ല ...

എന്നാലും മാഷെ !

കല്ലെറിയുമ്പോൾ നോക്കിയിട്ടല്ലേ എറിയുക

മാഷ് ഒന്ന്  ക്ഷമിക്കണം...!!!

ആ തല തിരിഞ്ഞ പിള്ളേരുടെ കൂട്ടത്തിൽ രണ്ടുപേർ എന്റെ മക്കളാ ......

മോള് എട്ടാം  ക്ലാസ്സിലാ പഠിക്കുന്നെ

അവളാണ്  ആ പീക്കിരി പിള്ളേരുടെ കൂടെ കളിച്ച് നടക്കുന്നെ...

സാരമില്ല രാമേട്ടാ അവർ കുട്ടികളല്ലേ.
നമ്മൾ വരുന്നത് അവർ കണ്ടിരിക്കില്ല.

എന്നാലും മാങ്ങക്കൊക്കെ കല്ലെറിയുമ്പോൾ
നോക്കിയും കണ്ടുമൊക്കെ വേണ്ടേ എറിയാൻ?
അത് മൂർത്തിയിലോ മറ്റോ വീണിരുന്നേൽ എന്താകുമായിരുന്നു അവസ്ഥ ??

നെറ്റിയിൽ നിന്നും ചോര ചെറുങ്ങനെ പൊടിയുന്നുണ്ട്

ടൗവെലിൽ ചോരക്കറ കൂടി വരുന്നോ??

ബാഗിനുള്ളിൽ നിന്നും ബോട്ടിൽ എടുത്ത്
വെള്ളം മെല്ലെ നുണഞ്ഞുകൊണ്ട്
രാമേട്ടന് പിന്നാലെ ...

കുഞ്ഞിരാമാഷിൻറെ വീട്ടിലേക്ക് .........

Sunday, June 23, 2019

തിരകൾ നിലക്കാറില്ല ............3

തലക്കകത്ത് തിരയടിക്കുന്നപോലെ ....

അജിത് എന്തൊക്കെയോ ചോദിക്കുന്നുണ്ട്

ഒന്നും കേൾക്കാൻ കഴിയുന്നില്ല

അജിത്ത് .........

 അടുത്ത് ഏതെങ്കിലും റൂം  കിട്ടുമോന്ന് നോക്കൂ ...

 മുഖത്തേക്ക് നോക്കിയ അജിത്ത് വേറൊന്നും ചോദിച്ചില്ല

എന്റെ മാനസിക സംഘർഷങ്ങൾ

അവനു വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കുന്നു

തലക്കകത്ത് ആകെ പെരുമ്പറ കൊട്ടുന്നത് പോലെ ..

റൂമിൽ എത്തിയത് പോലും അറിഞ്ഞില്ല..

ഈസി ചെയറിൽ  മെല്ലെ ചാഞ്ഞു കിടന്നപ്പോഴും

നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു

എ സി ക്ക്  തണുപ്പ് കുറവാണോ

അതോ

എനിക്ക് തോന്നുന്നതോ !!

സ്ഥിരം ബ്രാൻഡുമായി അജിത്ത് എത്തിയിരിക്കുന്നു

ഒന്നും പറയാതെ തന്നെ എന്റെ കാര്യങ്ങൾ നോക്കാൻ അവനറിയാം

കുറച്ച് കാലമായല്ലോ കൂടെ കൂടിയിട്ട്

ഡ്രൈവറായും മനസാക്ഷി സൂക്ഷിപ്പുകാരനായും

ഗ്ലാസ്സിലൊഴിച്ച കളറുവെള്ളത്തിൽ വീഴുന്ന ഐസ് ക്യൂബുകൾ .........

അത്  തോണിയുടെ പങ്കായമായി മാറുന്നുവോ ...

ആ കാഴ്ച്ച .. വട്ട്യറയിലേക്കുള്ള ...ആദ്യ യാത്ര .....

പന്ത്രണ്ട് വര്ഷങ്ങള്ക്കു മുമ്പ്

തോണിയിൽ മാത്രം എത്താൻ പറ്റുന്ന ഗ്രാമം

തോണിയിൽ ആകെ മൂന്ന്‌പേർ മാത്രം

ആദ്യമായാണ് തോണിയിലൊരു യാത്ര

നടുവിലെ തണ്ടിന്മേൽ മുറുകെ പിടിച്ച് ഞാൻ ഇരുന്നു ..

രാമേട്ടനെന്താ നേരത്തെ

എനിക്ക് എതിരെ

കാവിമുണ്ടുടുത്ത് തോൾസഞ്ചിയുമായ് ഇരിക്കുന്ന

അമ്പത്  തോന്നിക്കുന്ന ആളോടാണ്

തോണിക്കാരന്റെ  ചോദ്യം

മലക്ക് പോയിരുന്നു ...

യാത്രാക്ഷീണം ഉണ്ട് ഒന്ന് റസ്റ്റ് എടുക്കണം ..

നിങ്ങൾ ആദ്യായിട്ട് വരുന്നതതാണോ

എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകാം

അതെ ...ഞാൻ  വട്ട്യറസ്‌കൂളിൽ

മാഷായി ജോയിൻ ചെയ്യാൻ ..

മാഷാണോ !!

അയാളുടെ മുഖത്ത് അത്ഭുതo

കുഞ്ഞിരാമമാഷ് രക്ഷപ്പെട്ടു

എത്ത്ര കാലായി ഒറ്റക്ക് തലകുത്തി മറയുന്നു

മാഷെ പേരെന്താ
നാടെവിടെയാ
വീട്ടിലാരൊക്കെയുണ്ട്

ഒരുപിടി ചോദ്യങ്ങൾ

ഞാൻ  പ്രേം പ്രകാശ്

കോഴിക്കോട് ബിലാത്തികുളത്തതാണ് വീട്

വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ ...

എന്നാപ്പിന്നെ അമ്മയെയും കൂട്ടാമായിരുന്നില്ലേ  ??

അമ്മ വീട് വിട്ടിട്ടുള്ള പരിപാടിയൊന്നുമില്ല

കുറച്ച് കൃഷിയൊക്കെയുണ്ട്

അതൊന്നും ഉപേക്ഷിച്ച് പോരാൻ പറ്റില്ലല്ലോ

അപ്പോൾ താമസം??

നോക്കണം....

തോണി കരക്കടുക്കാറായിരിക്കുന്നു

മണൽ നിറച്ച ചാക്കുകൾക്കരികിലായി മെല്ലെ ..

പേടിക്കേണ്ട

സാവധാനം ഇറങ്ങിയാൽ മതി

ചെറു മീനുകൾ നീന്തികളിക്കുന്ന
മുട്ടോളം പോന്ന വെള്ളത്തിൽ

മെല്ലെ

വെയിലറച്ചിട്ടും വെള്ളത്തിൻന്റെ കുളിര് പോയിട്ടില്ല

നല്ല സുഖമുള്ള കുളിര് .......

Saturday, June 22, 2019

തിരകൾ നിലക്കാറില്ല ............2

നിലത്ത് വിരിച്ച പേപ്പറിൽ
ചുരുണ്ട് കിടക്കന്നുറങ്ങുന്ന ആൾക്കാർക്കിടയിലൂടെ
ആ സർക്കാർ ആശുപത്രിയുടെ ഇടനാഴിയിൽ

ആരൊക്കെയോ എന്നെ പിന്തുടരുന്നുണ്ടോ

സാർ

ഓപ്പറേഷൻ തിയേറ്ററിന് അടുത്തുള്ള മുറിയിലാണ്

കൊതുകു വല വലിച്ചുകെട്ടിയ കട്ടിലിനുള്ളിൽ
എല്ലും തോലുമായി ശങ്കരേട്ടൻ...

കൈയ്യിലെ ഞരമ്പുകളിലേക്ക്   തുള്ളി തുള്ളിയായി നൽകുന്ന മരുന്ന്

കട്ടിലിന്റെ അരികിൽ   കെട്ടിവെച്ച   കവറിനുള്ളിൽ
പകുതിയോളം  മൂത്രം നിറഞ്ഞിരിക്കുന്നു..

നേരിയ  ശ്വാസം മാത്രം

സർ
ഡ്യൂട്ടി ഡോക്ടർ ഇപ്പോൾ സ്ഥലത്തില്ല
ഞാൻ  സംസാരിച്ചിരുന്നു..
ഇനി
ഒന്നും ചെയ്യാനില്ല എന്നാണ് പറഞ്ഞത്

മെല്ലെ മെലിഞ്ഞുണങ്ങിയ ആ വിരലുകളിൽ
 വിരലുകൾ ചേർക്കുമ്പോൾ
നേർത്ത തണുപ്പ് പോലെ ............

പൊട്ടിയ ജനാല ചില്ലുകൾക്കിടയിലൂടെ കടന്ന് വരുന്ന നേർത്ത തണുത്ത കാറ്റ്

നേരം വെളുക്കാറായിരിക്കുന്നു

ചുകന്ന ചെത്തി  പൂക്കൾക്കിടയിലൂടെ
അകന്ന് പോകുന്ന ആംബുലൻസിന്റെ നീല വെളിച്ചം

സാർ
ഇതാണ് പ്രകാശൻ
ശങ്കർജി യുടെ കാര്യങ്ങൾ ഇവരൊക്കെയാണ് നോക്കുന്നത്
സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവരോട് പറഞ്ഞിട്ടുണ്ട്
ആവശ്യമെങ്കിൽ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട് .......

ദേശീയ ശ്രദ്ധ വരെ നേടിയ പാട്ടുകളടക്കം
മുന്നുറുറോളം പാട്ടുകൾ ചിട്ടപ്പെടുത്തിയ ഒരാളുടെ ഇന്നത്തെ അവസ്ഥ !!!

കുറച്ച് ചെറുപ്പക്കാർ
അവരുടെ ആത്മാർത്ഥ സേവനം ഒന്ന് കൊണ്ട് മാത്രം തള്ളി നീക്കുന്ന ജീവിതം

ബന്ധുക്കളൊ സുഹൃത്തുക്കളോ ആരുമില്ലാതെ
ആരും തിരിഞ്ഞു നോക്കാതെ
പക്ഷെ
ഇന്നും ഇദ്ദ്ദേഹത്തിന്റെ പാട്ടുകൾ മൂളിനടക്കാൻ ആയിരങ്ങൾ ...

സഹായിക്കാൻ ആരുമില്ല

ഇതാണ് മനുഷ്യന്റെ അവസ്ഥ

ആർക്കും വേണ്ടാത്ത ജനമം

മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു
ശങ്കരേട്ടന്റെ സ്ഥിതി ആലോചിക്കുമ്പോൾ പോകാൻ തോന്നുന്നില്ല
പക്ഷെ
പോകാതിരിക്കുന്നതെങ്ങനെ?
വൈകുന്നേരമാകുമ്പോൾ കൊച്ചിയിലെത്തേണ്ടതാണ്
പുറത്തേക്ക് നടക്കവേ

മുന്നിലൊരാൾ
മെലിഞ്ഞുണങ്ങിയ ശരീരം
മാരകമായ ഏതോ അസുഖം പേറുന്നയാളാണെന്നു വ്യക്തം.

ഇരുണ്ട ഇടനാഴിയിൽ മുഖം തെളിഞ്ഞു കാണുന്നില്ല..

മാഷെ

മാഷെ എന്നെ മനസ്സിലായോ

എവിടേയോ കേട്ട് മറന്ന ശബ്ദം

അരവിയെ മാഷ് മറന്നോ

വട്ടിയറയിലെ

വട്ടിയറയും  അരവിയുമൊക്കെ

 മനസ്സിലെവിടെയൊക്കെയോ മിന്നി മറയുന്നു

സംസാരിക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ

അയാളെ ശ്രധ്ധിക്കാതെ മെല്ലെ പുറത്തേക്ക് നടക്കവേ


നീ എന്നെ മറന്നിരിക്കാം...
പക്ഷെ
അനുവിനെ നീ എങ്ങനെ മറന്നു,
ദ്രോഹി
നീ ..എത്ര കുടുംബങ്ങളാ  നശിപ്പിച്ചത്

ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കുമെന്ന്
ഒട്ടും പ്രതീക്ഷിച്ചതല്ല.

ആരൊക്കെയോ ചേർന്ന്
എന്നെ അയാളിൽ നിന്നും രക്ഷിച്ചതും
ഓടി കയറുകയായിരുന്നു കാറിലേക്ക്

അയാളുടെ ഒച്ചത്തിലുള്ള ശബ്ദം അവിടമാകെ മുഴങ്ങുന്നുണ്ടായിരുന്നു

അവ എന്റെ ചെവികളിൽ പ്രതിധ്വനിക്കുന്നു

കാഴ്ച്ച മറയുന്നപോലെ
തല കറങ്ങുന്നുണ്ടോ?
ഒന്നും മനസ്സ്സിലാകുന്നില്ല ..............

തിരകൾ നിലക്കാറില്ല ............1



ചുവന്നുരുണ്ട വലിയ കണ്ണുകൾ
മഞ്ഞ നിറമുള്ള അറ്റംപിളർന്ന് നീരൊലിക്കുന്ന നാക്കുകൾ
പാമ്പാണോ അതോ വ്യാളിയോ
ഇരുട്ടിൽ ഒന്നും വ്യക്തമാകുന്നില്ല

അത്

എന്നെ ..............എന്നെ  ........

ഓടാൻ ശ്രമിക്കുമ്പോൾ കാലുകൾ വരിഞ്ഞു കെട്ടിയ പോലെ.....

അത് വീണ്ടും വീണ്ടും  ചുറ്റി വരിയുന്നുവോ..............!!!

സാർ ..........

സാർ  നാടെത്തി

അജിത്തിന്റെ ശബ്ദം.

ഞാൻ സ്വപ്നം കാണുകയായിരുന്നോ...!

ആ ഭീകര രൂപം കണ്മുന്നിൽ നിന്നും പോകുന്നില്ല !!

എതോ അമ്പലത്തിൽ നിന്നുള്ള സുപ്രഭാത സംഗീതം.

സാർ     ഇനി കഷ്ഠിച്ച് ഒരു കിലോമീറ്റർ ഉള്ളു

അഞ്ചര ആകുമ്പോൾ ഹോസ്പിറ്റലിൽ എത്തും


കുറെ കാലമായി ശങ്കരേട്ടനെ കണ്ടിട്ട്

പ്രശസ്‌ത സംഗീതജ്ഞൻ
ആരോരുമില്ലാതെ  മരണത്തോട് മല്ലടിക്കുന്നു....

പത്രത്തിൽ  വാർത്ത കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല

മ്യൂസിഷ്യൻ ശങ്കർ

എന്ന് ലോകം അറിഞ്ഞിരുന്ന

എന്റെ ശങ്കരേട്ടൻ ....

ആ മനുഷ്യൻ ഈ അവസ്ഥയിൽ

എത്ര പേരെ ഉന്നതികളിലേക്ക് കൈ പിടിച്ചുയർത്തിയതാണ്

നല്ല കാലത്ത് വിവാഹം ചെയ്യാതെ എല്ലാം സംഗീതത്തിനർപ്പിച്ചു
ഇന്ന് ....
അനാഥനെപ്പോലെ
ആരോരുമില്ലാതെ നരകിക്കുന്നു.

ഏതോ സംഘടനയാണത്രെ അദ്ദേഹത്തെ ഇപ്പോൾ സംരക്ഷിക്കുന്നത് .

എനിക്ക് ഒരിക്കലും ശങ്കരേട്ടനെ മറക്കാൻ കഴിയില്ല
എന്നെ  സിനിമയിലേക്ക്  പരിചയപ്പെടുത്തിയ ആൾ
സ്വന്തം അനിയനെ പോലെ എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ച  ആൾ

പക്ഷെ തിരക്കിനിടയിൽ

 അദ്ദ്ദേഹത്തിനു ഈ സ്ഥിതി വന്നത്  അറിഞ്ഞില്ല .......!!

സാർ ..  ഹോസ്പിറ്റൽ എത്തി.



Thursday, May 30, 2019

"നിഷ എന്ന ആനയുടെ സേവന പുസ്തകം "




ഒരു സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ച് വളരെ പ്രധാന രേഖ ആണ് സർവീസ് ബുക്ക്
എന്നാൽ 
 അപൂർവങ്ങളിൽ അപൂർവ്വമായ ഒരു സർവ്വീസ് ബുക്ക് ഇന്ന് എന്റെ കൈകളിൽ വന്നു ചേർന്നു ..
ആരോ എന്നോ  കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച ഒരു പുസ്തകം ..
വടിവൊത്ത കൈപ്പടയിൽ ഹൃദ്യമായ ഭാഷയിൽ എഴുതിയ ആ പുസ്തകത്തിലെ കുറച്ച് വരികളുടെ  പരിഭാഷ ഇവിടെ കുറിക്കട്ടെ...

"നിഷ എന്ന ആനയുടെ സേവന പുസ്തകം "
ജനന തീയ്യതി             :  26 .04 .1978 
വർഗ്ഗം                          :   പെൺ 
നഖങ്ങളുടെ എണ്ണം: 18 
ബുക്ക് വാല്യു           :100 രൂപ 
രേണു എന്ന ആനയുടെ അഞ്ചാമത്തെ കുട്ടിയാണ് നിഷ .

വ്യക്തിഗത വിവരങ്ങൾ:
25.ഏപ്രിൽ 1978 ന് എന്നത്തേയും പോലെ രേണുവിനെ മേയാനായി 1970 തേക്ക് തോട്ടത്തിൽ വിട്ടിരുന്നു.അവൾക്ക് വല്ലായ്മ ഒന്നും ഉണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ പ്രസവത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
ഡോക്ടർ എത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു.
നല്ല ആരോഗ്യമുള്ള പെൺ കുഞ്ഞ്.
കുഞ്ഞിന് 90 സെന്റി മീറ്ററോളം ഉയരം ഉണ്ട്.
കുഞ്ഞ് രേണുവിന്റെയും ശകുന്തളയുടെയും പാല് കുടിക്കുന്നു.
ഏപ്രിൽ 1981 വരെ കുഞ്ഞ് അമ്മയുടെ പാൽ കുടിച്ചു.

പരിശീലനം:
21.02.1980.ന് പരിശീലനം തുടങ്ങി.പതാക ഉയർത്തുവാനും ,ബൊക്കൈ കൊടുക്കുവാനും ,രണ്ടു കാലിൽ നിൽക്കുവാനും പരിശീലിച്ചു.കൂടാതെ നല്ലൊരു കളിക്കാരനെ പോലെ ഫുട്ബോളിലും അസാമാന്യ കഴിവ് തെളിയിച്ചു .
സ്ഥലം മാറ്റം:
മുഖ്യ വനപാലകന്റെ WLP 20689/79 തീ: 26.06.1980   പ്രകാരം നിഷയെ തിരുവന്തപുരത്തെ മ്യൂസിയത്തിന് 16000 /-രൂപക്ക് കൈമാറാനും , 
തുടർന്ന് ജിറാഫിന് പകരമായി സ്വിറ്റ്സർലാൻഡിന് കൈമാറുവാനും ഉത്തരവായി.
നിഷയ്ക്ക് അഞ്ചര അടിയിലേറെ ഉയരമുള്ളതിനാൽ കാർഗോ വിമാനത്തിൽ കയറ്റാൻ പറ്റാത്തത് കാരണം  ആ ഉത്തരവ് റദ്ദ് ചെയ്തു.
19.12.1980  തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന പ്രദർശ്ശനത്തിൽ പങ്കെടുത്തു. അമ്മയുടെ അസാന്നിധ്യമോ  ഗൃഹാതുരത്വമോ  നിഷ ഭക്ഷണം കഴിച്ചില്ല.
സുഖമില്ലാത്ത കാരണം  തിരികെ വരേണ്ടി വന്നു.
20.05.1981. കോഴിക്കോട് നടക്കുന്ന പ്രദർശ്ശനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക്...

ശേഷം മൗനം.

നാൽപത്തിയൊന്ന് വര്ഷം കഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ നിഷ എവിടെ ആയിരിക്കും ???
അവളുടെ സ്ഥിതി എന്തായിരിക്കും ???
എഴുതാപ്പുറങ്ങളിൽ ആ ഉത്തരം ഞാൻ തേടുകയാണ്...







Sunday, May 26, 2019

കാലത്തിന്റെ അവശേഷിപ്പുകളുടെ കൂടെ ..

കാലത്തിന്റെ അവശേഷിപ്പുകളുടെ കൂടെ ..
ഒരു നിയോഗമായി വീണ്ടും..
എന്തൊക്കെയായാലും
ബാല്യകാല ഓർമ്മകൾ സജീവമായി നിലനിൽക്കുന്ന
തറവാട് വീട്
പുനരുജ്ജീവിപ്പിക്കാൻ ഒരു ശ്രമം ..
വര്ഷങ്ങളായി അവഗണിക്കപ്പെട്ടവയ്‌ക്കു ഒരു ശാപമോക്ഷം
ആദ്യപടിയായി കിണറിലെ ചെളി കോരി വ്ര്യത്തിയാക്കൽ
കല്ലും മരങ്ങളും കുപ്പിയും ചെളിയിൽ മൂടി കിടക്കുന്നു.
മൂന്ന് പേർ രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പണി തീരുമ്പോൾ വൈകുന്നേരം
അഞ്ചര ആയി ....
ഇതിനിടെ
പത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ്
ഏതോരു മഴക്കാലത്ത്
റോഡരികിൽ നിന്ന് വാങ്ങിച്ച്
കിണറ്റിലിട്ട മൽസ്യത്തിലൊരെണ്ണം !!
ഇത്രയും വർഷങ്ങൾക്ക് ശേഷം
ജീവനോടെ.. !!!
കണ്ണുകളൊക്കെ വെള്ള മൂടിയിരിക്കുന്നു
നീന്തുന്നത് വളരെ സാഹസപ്പെട്ട്..
"കാണുമ്പോൾ സോമാലിയയിലെ കുട്ടികളെ പോലെ..
ആകെ തല മാത്രമേ ഉള്ളൂ "
രാജിയേട്ടന്റെ വക തമാശ.
പാവം
മത്സ്യം ഇത്രയും കാലം ജീവിക്കുമോ...??
അതൊക്ക ആലോചിച്ചു സമയം കളയാൻ ഞാനില്ല.
ബാക്കിയുള്ള പണികൾ എത്രയും വേഗം തീർക്കണം
അത് മാത്രമാണ് ഇപ്പോഴത്തെ ചിന്ത.

Monday, April 1, 2019

ആരാണ് സുരക്ഷിതർ?????




പൂനെ റേഞ്ച് ഹിൽസിലെ  ഒരു തണുത്ത സായാഹ്നം ,

സിംമ്പയോസിസ് കോളേജിലെ നിയമ ബിരുദ പഠന കാലം.

വൈകുന്നേരങ്ങളിൽ
 ഒന്നൊന്നര മണിക്കൂർ നടത്തമുണ്ട്
ഔന്ധ്  റോഡിലൂടെ ...
ജീവിത-വേഷ-ഭാഷാ വൈവിധ്യം
നേരിട്ട് അനുഭവിച്ചറിയുക ഒരു പ്രത്യേക രസമാണ്.

മലയാളി സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടാകും
 അയ്യപ്പ ക്ഷേത്ര പരിസരത്ത്
കൂടാതെ കേരളാസ്റ്റോറിന്ന് വല്ലതും വാങ്ങലും നടക്കും.

കൂടെ പഠിക്കുന്ന ആന്റോ വരുമെന്ന് പറഞ്ഞിരുന്നു..

ആന്റോ ..ഒരു  self made man ....
ഏത് പാറപ്പുറത്ത് വീണാലും
എന്ത് വരൾച്ച വന്നാലും മുളക്കുന്ന
വിത്തതാണ് അവനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്....

ക്ലാസ്സ് കഴിഞ്ഞാലുള്ള ജോലി  ഡെന്റൽ ലാബിൽ പല്ല് ഉണ്ടാക്കൽ ,
താമസം ടയർവാല മാരുടെ കൂടെ.

കഡ്കി റെയിൽവേ സ്റ്റേഷന് സമീപം അവനെയും കാത്ത് ,

മേൽപ്പാലത്തിന് ചുവടെ....

 വളരെ കുറച്ച് ആൾക്കാർ മാത്രമാണ് ആണ് ഫ്ലൈ ഓവർ ഉപയോഗിക്കുന്നത്.

അത് കൊണ്ട്  അരികിൽ സുഖമായി ഇരിക്കാം.

നിറയെ പൂത്ത വാക മരച്ചോട്ടിൽ . .
നിലത്ത് കൊഴിഞ്ഞു  വീണ വാകപ്പൂ ദളങ്ങൾ...
മുകളിൽ
ആകാശത്തിന്റെ ചുകപ്പും കൂടി ചേർന്നപ്പോൾ
 പൂക്കൾ കൂടുതൽ സുന്ദരമായത് പോലെ..

ആ ചുകപ്പ് രാശിക്കിടയിലൂടെ ഒരു മഞ്ഞ നിറം  ഇറങ്ങി വരുന്നു
കാണുമ്പോൾ ചുവന്ന മേഖപാളികൾക്കിടയിൽ നിന്നും വരുന്നതാണോ എന്ന്
സംശയിച്ച് പോകും..
പരിചിത മുഖം...
സുസ്മിത
കോളേജിൽ ജൂനിയർ ആണ്
എന്നും ചിരിച്ച് കൊണ്ട് കാണാറുള്ള അവളുടെ മുഖം
ആകെ പരിഭ്രമം  നിറഞ്ഞതായിരുന്നു.....
 കൂടെ പഠിക്കുന്ന വിശാലിന്റെ അടുത്ത സുഹൃത്തതാണവൾ
അവർ ഒരേ നാട്ടുകാർ,
 കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ
ശക്തമായ സുഹൃത് ബന്ധം തീർക്കാൻ അവർക്കായിട്ടുണ്ട്.

സുസ്മിത എന്താ ഇവിടെ??

വേവലാതിക്കിടയിൽ
എന്നെ കാണാതെ മുന്നോട്ട് പോയപ്പോൾ
ഒന്നുറക്കെ ചോദിക്കേണ്ടി വന്നു..

ഓ  !  മനോജ് ..!!
സോറി ഞാൻ കണ്ടില്ല കേട്ടോ..

നിങ്ങൾക്ക് വിശാലിന്റെ ക്വാർട്ടേഴ്‌സ് അറിയുമോ??

 വിശാൽ,
അവിടെ ഒരു ക്വാർട്ടേഴ്സിൽ
പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നതാണ്.

റേഞ്ച് ഹിൽസ് മുഴുവൻ മിലിറ്ററി ഏരിയ ആണെങ്കിലും ,
റോഡിൽ നിന്നും കടക്കുന്നിടത്ത്
 "എൻട്രി റെസ്ട്രിക്ടഡ് "
എന്ന ബോർഡ് ഉണ്ടെങ്കിലും
സകല വിധ ആളുകളും കയറി ഇറങ്ങുന്ന സ്ഥലം.

ഇവിടത്തെ പ്രതിരോധ വകുപ്പിന്റെ ക്വാർട്ടേഴ്സിൽ
 ഒട്ടുമിക്കതിലും മുറികൾ വാടകക്ക് കൊടുക്കും.
തദ്ദ്ദേശീയരായ വർക്കേഴ്സ്
അവരുടെ ജീവിതം  ഒരു മുറിയിൽ ഒതുക്കി
ബാക്കി മുറികൾ വാടകക്ക് കൊടുക്കുന്ന പതിവുണ്ട്.

പഴയ ടൈപ്പ് II ക്വാർട്ടേഴ്‌സ്..

 ഇവിടെ അടുത്താണ് ..
വേണമെങ്കിൽ ഞാൻ കാണിച്ച് തരാം ..
 ആന്റോയെ വരുമെന്ന് പറഞ്ഞിരുന്നു.കാത്തിരിക്കുന്നതാണ് ..

സാരമില്ല
എന്റെ കൂടെ വന്നോളൂ...

എന്ത് പറ്റി??
വിശാലിനെ അന്വേഷിക്കാൻ??

രണ്ട് ദിവസായി അവന്റെ ഒരു വിവരോം ഇല്ല  !!

ഫോൺ എടുക്കുന്നേ ഇല്ല.

നിങ്ങൾ അവനെ കണ്ടിരുന്നോ??

ശരിയാണ് ഞാനും ഒന്ന് രണ്ട് ദിവസായി അവനെ കണ്ടിട്ട്..

സാധാരണ കഡ്കി അയ്യപ്പ ക്ഷേത്രത്തിൽ പോകുമ്പോൾ
അവനെ കാണാറുള്ളതാണ്.

ഇല്ല ഞാനും രണ്ട് ദിവസായി കണ്ടിട്ട്.
വല്ല പനിയോ മറ്റോ പിടിച്ച് കാണും,
പേടിക്കാനൊന്നുമില്ല....

എന്നാലും ..
അവനെ കാണണമെന്ന് തോന്നി...
 അതാ ഇത്ര വൈകിയിട്ടും ഇറങ്ങിയത്.

ഗോപുരങ്ങൾ കണക്കെ തല ഉയർത്തി നിൽക്കുന്ന
വാട്ടർ ടാങ്കിന്റെ സമീപത്തുകൂടെ ..
അഞ്ചും പത്തും കുട്ടികളുമായി
വേസ്റ്റ് തിന്നാൻ മത്സരിക്കുന്ന പന്നി കൂട്ടങ്ങൾക്കിടയിലൂടെ ...

കരിങ്കല്ല് കൊണ്ട് പണിത രണ്ട് നില കെട്ടിടം ,
മുകളിലെ നിലയിലാണ് അവൻ താമസിക്കുന്ന ക്വാർട്ടേഴ്‌സ്.

നിറംമങ്ങിയ
പ്ലൈവുഡ് ൽ എഴുതിയ നെയിം ബോർഡ്
 M K Kulkarni ,Bsc

സുസ്മിത ഇവിടെ നിന്നോളൂ
ഞാൻ അവനെ വിളിച്ചിട്ട് വരാം ,
പടികൾക്ക് അരികിലായി നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കും
വാതിലിനു മുന്നിലായി വരച്ച് രംഗോലിക്കുമിടയിലൂടെ ....

വാതിൽ ചാരിയിട്ടേ ഉള്ളൂ
വാതിലിന് മുട്ടുന്നതും  കാത്ത് നിന്നത് പോലെ
വാതിൽ തുറന്ന് വീട്ട്കാരി .

ബാബി ...വിശാൽ  ഹെ ..നാ??

ക്യാ ഹോഗയാ ഉസ്‌കോ ?
ദോ ദിൻ ഹോ ഗയ
കമരെ സെ  ബാഹെർ അത്തെ ഹി നഹി!

മുറി അകത്ത് നിന്നും കുറ്റിയിട്ടിരിക്കുകയാണ്...

വിശാൽ ...വിശാൽ.......

വാതിലിനു മുട്ടിയിട്ടും വാതിൽ തുറക്കാനൊരു മടി ..

നല്ല വെളുത്ത് സുന്ദരനായ അവന്റെ മുഖത്തൊക്കെ
മുറിഞ്ഞ പാടുകൾ
മുഷിഞ്ഞ വസ്ത്രങ്ങൾ
കണ്ണുകളിൽ ക്ഷീണം വായിച്ചെടുക്കാം....
ആകെ കോലം കെട്ട് ..

എന്താടാ?
എന്ത് പറ്റി??

അവനു സംസാരിക്കാൻ മടിപോലെ!

സുഖമില്ലെങ്കിൽ വാ ഡോക്ടറെ കാണിക്കാം ..

താഴെ സുസ്മിത കാത്ത് നിൽക്കുന്നു..

നീ അവളോട്...
പിന്നെ കാണാമെന്ന് പറയൂ
ഇപ്പൊ തീരെ വയ്യ..

അവൾ നിന്നെ കാണാതെ മടങ്ങുമോ??
നോക്കാം...

അവളോട് അവന് അസുഖമാണെന്നും
  ഡോക്ടറെ ഇപ്പോൾ തന്നെ കാണിക്കുമെന്നും കളവ് പറഞ്ഞ്  തിരിച്ചക്കയ്ക്കുമ്പോഴും,
അവന്റെ പ്രശ്നങ്ങളെ കുറിച്ച് മാത്രം ആയിരുന്നു
എൻ്റെ ചിന്ത മുഴുവൻ.

ആന്റോ നീ എത്തിയോ??


നീ വാ ...

ഒരു പ്രശ്നമുണ്ട്

വിശാലിന്റെ മുറിയിൽ

അവൻ ഒന്നും പറയാൻ തയ്യാറാകുന്നില്ല.

എടാ നീനക്ക്  എന്ത് പ്പറ്റി എന്ന് പറ??

ഇനി ഞാനെന്തിന് ജീവിക്കണം ???

ചെറിയ കുട്ടികളെ പോലെ അവൻ പൊട്ടിക്കരയുന്നു...

നീ സമാധാനിക്ക്
നമ്മളൊക്കെ ഇല്ലേ കൂടെ...

മിനിഞ്ഞാന്ന് ...
വൈകുന്നേരം
 കോളേജിന്ന് മടങ്ങുമ്പോൾ
ഒര് ഏഴു മണിയായി കാണും,

ഏതെങ്കിലും ലിഫ്റ്റ് കിട്ടുമോന്ന് നോക്കുകയായിരുന്നു.
അപ്രതീക്ഷിതമായി
ഒരു കറുത്ത ഹോണ്ട കാർ ,

ഒരു മിലിറ്ററി ലുക്കുള്ള ഒരു ജന്റിൽ മാൻ,

യൂണിവേഴ്സിറ്റി വരെ ലിഫ്റ്റ് ഓഫർ ചെയ്തു
 മറ്റൊന്നും ആലോചിച്ചില്ല.

ചത്രുസിംഗി എത്തിയപ്പോൾ
ദാഹിക്കുന്നു
ഒരു കൂൾ ഡ്രിങ്ക്സ് വാങ്ങിവരാമെന്ന് അയാൾ ..

ജ്യൂസ് കുടിച്ചപ്പോൾ
പ്രത്യേകിച്ച് ഒന്നും തോന്നീല്ല
പക്ഷെ ..

എന്താണെന്ന് അറിയില്ല ...

കണ്ണ് അടഞ്ഞു പോകുന്നത് പോലെ ...

കണ്ണ് തുറക്കുമ്പോൾ യൂണിവേഴ്സിറ്റി കഴിഞ്ഞുള്ള
 വഴിയരികിലെ ഇരിപ്പിടത്തിൽ
മുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നു...
മേലാസകലം നുറുങ്ങുന്ന വേദന
എവിടയൊന്നൊക്കെയോ ചോര പൊടിയുന്നു...
വസ്ത്രങ്ങളൊക്കെ ഒന്ന് നേരെ ആക്കി ..
കിട്ടിയ ഓട്ടോയിൽ എങ്ങനെയൊക്കെയോ റൂമിലെത്തി.....

മൂന്നാല് ബക്കറ്റ് വെള്ളം തലേൽ കോരി ഒഴിച്ചിട്ടും
ഒരു  ദുർഗന്ധം പോകാത്തത്  പോലെ..

തല ആകെ പൊട്ടി തെറിക്കുന്ന പോലെ ...

വേദന ഇപ്പോഴും പോകുന്നില്ല...

എനിക്ക് ആരെയും  ഫേസ് ചെയ്യാൻ പറ്റുന്നില്ല...

എല്ലാം മതിയാക്കിയാ മതിന്നൊരു തോന്നൽ....

എന്താടാ ഇത്
നീ ഒരു നിയമ വിദ്യാർത്ഥി അല്ലെ
നീ ഞങ്ങളുടെ കൂടെ വാ...
 ഒന്നു പുറത്ത് ഇറങ്ങിയിട്ട് വരാം.

അവനെ നിർബന്ധിച്ച് ആന്റോയുടെ  കാറിൽ കയറ്റുമ്പോഴും,
നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചപ്പോഴും,
 അവൻ തല ഉയർത്തുന്നുണ്ടായിരുന്നില്ല...
നേരെ പോലീസ് സ്റ്റേഷനിലേക്ക് ..

ആന്റോ കാര്യങ്ങൾ അന്വേഷിച്ച് വരുന്നത് വരെ ഞങ്ങൾ കാറിലിരുന്നു..

കേസ് ചാർജ്ജ് ചെയ്യുന്നത് കൊണ്ട് വലിയ കാര്യമൊന്നും ഇല്ലെന്നാണ് അവർ പറയുന്നത്..
ഇത്തരം കേസ് നിലനിൽക്കില്ലത്രേ..

ഒന്നാമത് പ്രതി ആരെന്നോ, വാഹന നമ്പർ ഏതെന്നോ അറിയില്ല...
നിങ്ങക്കറിയാലോ,
ഐപിസി 377 വെച്ച്
പ്രൂവ് ചെയ്യലൊന്നും അത്ര എളുപ്പല്ല.

എത്രയും പെട്ടെന്ന്
 നല്ല മെഡിക്കൽ അറ്റെൻഷനും
 കഴിയുമെങ്കിൽ
ഒരു കൗൺസിലിംഗും ആണ് നല്ലതെന്നാണ്
അവരുടെ അഭിപ്രായം.

ആന്റോ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്കും തോന്നി..

വിശാലിനെ തിരിച്ച്
പഴയ വിശാൽ ആക്കി മാറ്റുകയാണ് വേണ്ടത്.

പക്ഷെ
 മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞാൽ ലഭിക്കുന്ന
 റിസൾട്ടിന്റെ കാര്യം ആലോചിക്കുമ്പോൾ
  ഒരു ഭയം .

ഇക്കാര്യം അവനോട് തുറന്ന് പറയാനും പറ്റില്ല .

 ഇത്തരം പല കേസുകളിലും
 hiv ടെസ്റ്റ് പോസിറ്റീവ് ആയ കാര്യം
അടുത്തകാലത്തെ
മാഗസിനിൽ വായിച്ചത്
മനസ്സിൽ മായാതെ കിടപ്പുണ്ട്.

അവൻ അപ്പോഴും നിശ്ശബ്ദനായിരുന്നു..
കണ്ണുകൾ ഈറനണിഞ്ഞിരുന്നു
തല ഉയർത്തി നമ്മളെ ഫേസ് ചെയ്യാൻ മടിക്കുന്നത് പോലെ..

ഇവിടെ ഒരാളും സുരക്ഷിതരല്ല എന്ന തോന്നൽ !!!

സ്ത്രീകളോടും കുട്ടികളോടും ഉള്ള
ലൈംഗികാക്രമണങ്ങൾക്ക്
കഠിന ശിക്ഷ നൽകുവാൻ ഒത്തിരി വകുപ്പുകൾ ഉള്ളപ്പോൾ....
ഒരു പുരുഷൻ....
മറ്റൊരു പുരുഷനോട് ...
ചെയ്യുന്ന പീഡനങ്ങൾക്ക്
 തടയിടുവാൻ
 ശക്തമായ നിയമത്തിന്റെ അഭാവം !!!

ഇത്
ഒത്തിരി കഴുകന്മാർക്ക്
ഇരയെ പിടിക്കുവാൻ സൗകര്യം ഒരുക്കുന്നതിന് തുല്യം..

ഒരു പക്ഷെ
ആ ചോര  കണ്ണുകൾ
 ഇരയേയും കാത്ത്
ഓരോ വഴിയോരങ്ങളിലും
 ഇപ്പോഴും നിൽപ്പുണ്ടാകാം.......






Friday, March 29, 2019

അയാൾ ഒരു അച്ഛൻ....

ഇന്നത്തേത് പ്രതീക്ഷിക്കാതെയുള്ള ഒരു യാത്ര ആയിരുന്നു,
പുലർച്ചെ ശരിയാംവണ്ണം  ചായ പോലും കുടിക്കാതെ ഇറങ്ങിയതാണ് വീട്ടീന്ന് ,
കാസർക്കോട്ടെ ഇൻസ്‌പെക്ഷൻ ഇന്നലെ വൈകുന്നേരമാണ് അറിഞ്ഞത് ,

നാളെ ഞായർ ഇവിടെ നിന്നിട്ട് കാര്യമില്ല
അതാണ് വൈകുന്നേരത്തെ മെയിലിൽ തന്നെ മടങ്ങാൻ തീരുമാനിച്ചത് .
സീസൺ ടിക്കറ്റ്കാരെകൊണ്ട് പ്ലാറ്റഫോം നിറഞ്ഞിയ്ക്കുന്നു.
എങ്ങനെയൊക്കെയോ ഒരു ബോഗിയിൽ വലിഞ്ഞു കയറാൻ പറ്റി.
 ശൗച്യാലയത്തിന് അരികിലായാണ്ഇ കാല് ഉറപ്പിക്കാനൊരു ഇടം കിട്ടിയത്. ഓരോ സ്റ്റേഷൻ കഴിയുന്തോറും തീരക്ക്  കൂടുന്നതെയുള്ളൂ.
മെല്ലെ രണ്ട് ബോഗിക്ക്‌ ഇടയിലുള്ള വെസ്റ്റിബ്യുളിന് അരികിലേക്ക് ...
അവിടെയും ആൾക്കാർ ഇരിപ്പുണ്ട് ..
പെട്ടെന്ന് ഇരുട്ടായിരുന്നു...
ടണലിലേക്ക് കടന്നതാണ് ..

 മാറി മാറി വരുന്ന  ഇരുളും വെളിച്ചവും
നിലത്തിരിക്കുന്ന ഭിക്ഷക്കാരന്റെ മുഖത്ത് ഉണ്ടാകുന്ന
 ഭാവ-വർണ്ണ  മാറ്റങ്ങളിലായിരുന്നു എന്റെ ശ്രദ്ധ ..

അപ്പൂപ്പൻ താടിപോലെ കാറ്റത്ത് ഇളകിയാടുന്ന
ആ ചെമ്പിച്ച താടി മുടികൾക്കിടയിലുള്ള ആ മുഖം..
ഇരുണ്ട് കുഴിഞ്ഞ ആ കണ്തടങ്ങൾക്കിടയിൽ കാണുന്ന ആ കണ്ണുകൾ

അതെ....ഈ മുഖം !!!

എനിക്കറിയാം

എന്റെ ഓര്മകളിലെവിടെയോ ഈ മുഖം ഒളിച്ചിരിപ്പുണ്ട്....

അതെ

ദാമുവേട്ടൻ ..

ചെറുപ്പത്തിൽ എത്ര മിട്ടായി വാങ്ങി തിന്നതാണ് ദാമുവേട്ടന്റെ കുമിട്ടി കടേന്ന് .

എന്റെ വീട്ടീന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സ്‌കൂളിന്റെ സൈഡിലായാണ് ദാമുവേട്ടൻ കട നടത്തിയിരുന്നത്.

പിന്നീട് പുതിയ ബസ് സ്റ്റാൻഡ് വരുമ്പോൾ അതിന് അരികിലായി സ്റ്റേഷനറി കടയും ജ്യൂസ് കടയുമൊക്കെ ആയി ഒരു നല്ല നിലയിലെത്തിയതും,

മിടുക്കൻമാരായ രണ്ട് പിള്ളേർ കച്ചോടത്തിൽ സഹായിക്കാറുണ്ടെന്നും,

ഇടക്കാലത്ത് ദാമുവേട്ടന്റെ ഭാര്യ അസുഖ ബാധിതയായി മരണപെട്ടതും

 ഒക്കെ കേട്ടിരുന്നു ..

ഇപ്പോഴും ബസ് സ്റ്റാന്റിനടുത്തുള്ള ഷോപ്പിൽ
നല്ല കച്ചോടം നടക്കുന്നതും അറിയാം ...

പക്ഷെ ...

ദാമുവേട്ടനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു..

ദാമുവേട്ടന് എന്നെ അറിയോ??

ഞാൻ മനു...

അയാളുടെ  മുഖത്ത് കണ്ട ഭാവ മാറ്റം
അത്
ആശ്ചര്യമാണോ ?
അതോ ആശ്വാസമോ??
 അതോ  ഭീതിയോ???
 ഒന്നും വ്യക്തമാകുന്നില്ല .

ദാമുവേട്ട   ഞാൻ മട്ടന്നൂരിലെ ഗോപാലൻ നായരുടെ മകൻ
പണ്ട്
ഞാൻ കുട്ടിയായിരിക്കുമ്പോൾ
കുറെ മുട്ടായി തരാറുണ്ടായിരുന്നു..
സംഭാരം കലക്കാൻ വെള്ളമെടുക്കാൻ വീട്ടിൽ വരാറുള്ളത് ഓർമയില്ലേ???

അയാളുടെ കണ്ണുകൾ വീണ്ടും താഴേക്ക് ....

ഉയർന്നും താഴ്ന്നും കൊണ്ടിരുന്ന ആ ഉരുക്ക് പാളിയിന്മേൽ
പരസ്പരം ഉരസിഉണ്ടാകുന്ന അപസ്വരങ്ങൾക്കിടയിൽ 
ഞാൻ ചോദിച്ച്ത് കേൾക്കാത്തത് കൊണ്ടാകുമോ?"

ഞാനും മെല്ലെ അയാൾക്ക് അരികിലായി ഇടം കണ്ടെത്തി .

കണ്ണൂരെത്താൻ ഇനിയും ഒരു മണിക്കൂറോളം സമയം എടുക്കും.

ദാമുവേട്ടന് എന്നെ അഭിമുഖീകരിക്കാൻ വിഷമമുണ്ടോ?
അതോ എന്നെ മനസ്സിലാകാത്തത് കൊണ്ടോ??

ചായ ...കാപ്പി... ചായ ....കാപ്പി.......

രണ്ട്  ചായ നോക്കട്ടെ

ഒന്നിയാൾക്ക് ....

ചൂട് ചായ മെല്ലെ ഊതി കുടിക്കവേ

ദാമുവേട്ട എന്നെ മനസ്സിലാവാത്തത് കൊണ്ടാണോ ???

എവിടെ പോയതാ??

എങ്ങോട്ട് പോകുന്നു??

മോനെ നീ നാട്ടിപ്പോയാ ശശിയേയും രമേശനെയും കാണാറുണ്ടോ??

ദാമുവേട്ട ഞാൻ ഇപ്പൊ മട്ടന്നൂരല്ല താമസം

അതുമാത്രല്ല അവരെ കണ്ടിട്ട് ഇപ്പോ കുറെ നാളായി.

അത് കൊണ്ടല്ല മോനെ

ഞാൻ ഈ സ്ഥിതിയിലുള്ളത് അവറ്ന്റെ പരിചയക്കാർ അറിഞ്ഞാൽ അവർക്ക് മോശല്ലേ..

ദാമുവേട്ടനെന്തിനാ ഇങ്ങനെ നടക്കുന്നത് മക്കളുടെ കൂടെ സുഖായി കഴിഞ്ഞു കൂടെ??

അയാൾക്ക് ഉതതരം ഇല്ലായിരുന്നു.

ദാമുവേട്ടനെന്താ നാട്ടിൽ പോകാത്തത് ?

ഞാൻ എങ്ങനെ പോകും?
ശ്യാമള പോയെന് ശേഷം
 രണ്ടാളുടെയും കല്യാണം ഗംഭീരമായൊക്കെ നടത്തിയതാ ....

രണ്ടു വീട്ടീന്നുള്ള പെൺകുട്ടികൾ കേറി വരുമ്പോൾ
 സ്വാഭാവികമായി വരുന്ന പ്രശനം ഒഴിവാക്കാനാ
മൂത്തോന് പെട്ടെന്ന് തന്നെ വീടെടുത്ത് കൊടുത്തത് ...

പിന്നെ എന്ത് പറ്റി ??

മോനറിയോ .

എന്റെ ഇടത്തെ കാലിന് ഇപ്പോഴും സ്വാധീനം കുറവാണ്....

ഒരു സ്‌ട്രോക്കിൽ പതിയതാ ...

കുറെ കാലം കിടപ്പിലായിരൂന്നൂന്ന് തോന്നുന്നു..

ഒരു വിധം രോഗം ഭേദമാകുമ്പോൾ
ഞാൻ കോഴിക്കോട് സർക്കാർ ആശുപത്രീലായിരുന്നു.

അവിടത്തെ കുറച്ച് മനുഷ്യ സ്നേഹികൾ തിരിച്ചു തന്ന ജീവിതമാ ഇത്....

അവിടം വിട്ടത് മുതൽ അന്യ ദേശങ്ങളിലെ ക്ഷേത്രങ്ങളിലായി എന്റെ ജീവിതം.

നാട്ടുകാരുടെ കണ്ണിൽ പെടാതെ ഇങ്ങനെ ജീവിച്ചു പോകുന്നു...

അയാളുടെ കണ്ണുകൾ നിറയുന്നോ??

ദാമുവേട്ടാ നിങ്ങൾ ഉണ്ടാക്കിയ സ്വത്ത് കൊണ്ട് മക്കൾ സുഖിക്കുവല്ലേ??

എന്റെ സ്വത്തോ ??

അയാളുടെ കണ്ണിൽ ഇത്രയും നേരം കാണാത്ത ഒരു തേളിചം ....

എനിക്കെവിടെ സ്വത്ത്...

അയാൾ വീണ്ടും ചിന്തകളിലേക്ക് ഊളിയിടുകയാണോ??

അത് ....
മോന്  ചപ്പിലയെ ഓർമ്മയുണ്ടോ??

പലപ്പോഴും ഉച്ചക്ക്
 കഞ്ഞി ഉണ്ടോന്ന് തിരക്കി  വരുന്ന ചപ്പിലയെ
എനിക്ക് നല്ല ഓർമയുണ്ട്..

സ്വന്തമായി കിടപ്പാടം ഇല്ല എന്നും,
ദാമുവേട്ടന്റെ കട വരാന്തയിലാണ് കിടപ്പ് എന്നും
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ടൗണിലെ കുറച്ച് കടകളും, സിനിമ ടേക്കിസും, അടിച്ചുവാരുന്നത് ആയിരുന്നു അവരുടെ പ്രധാന തൊഴിൽ.
അന്ന് ടൗണിലെ ചില കടകളിൽ വെള്ളമെത്തിക്കുന്ന ജോലിയും അവർ ചെയ്തിരുന്നതായി അറിയാം.

അന്ന് ഒരു മഴക്കാലം
അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള
ആൾമറയില്ലാത്ത കിണറ്റിൽ
 ഒരു സ്ത്രീയുടെ ശവം പൊങ്ങിയെന്നും..
അത് ചപ്പിലയുടേത് ആണെന്നും ,
 അവർ ആത്മഹത്യ ചെയ്തതാണെന്നും കേട്ടിരുന്നു..

ദാമുവേട്ട ചെറുപ്പത്തിൽ കണ്ട കാഴ്ചകളൊക്കെ
ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്...

പക്ഷെ
മോനെ
നിങ്ങളൊന്നും കണ്ടത് ശരിയായ കാഴ്ച്ച അല്ലായിരുന്നു...

മോനറിയോ ...
മോന്റെ വീട്ടിനടുത്തുള്ള പെട്ടികട നടത്തുമ്പോഴായിരുന്നു എന്റെ വീട്ടിന്റെ പണി നടക്കുന്നത് ...

മുട്ടായിയും സം ഭാ രവും വിറ്റാൽ എന്ത് കിട്ടാനാ??

 അന്ന് ചപ്പില യുടെ സമ്പാദ്യം സൂക്ഷിക്കാൻ എന്നെയാ ഏൽപ്പിച്ചിരുന്നത് ..

എന്റെ ബുധ്ധിമുട്ടുകൾ തീർക്കാനുള്ള വഴിയായി ഞാൻ അതിനെ കണ്ടു.

പുതിയ കട തുടങ്ങുമ്പോഴും ചപ്പിലയുടെ സമ്പാദ്യം കുറച്ചൊന്നുമല്ല സഹായിച്ചത്.

പിന്നെയെപ്പൊഴോ അവർക്ക് സമ്പാദ്യം തിരിച്ച് വേണമെന്നായി ....

ഞാൻ എങ്ങനെ തിരിച്ച് കൊടുക്കാനാ...

ആ മനസികാവസ്ഥയിലൊരു ബുധ്ധിമോശം ചെയ്‌തു..

എനിക്ക് മോനോട് ഇപ്പൊ ഇത് പറയുമ്പോ പേടിയൊന്നൂലാ ..

ആ പാപത്തിന്റെ ഫലാ ഞാൻ അനുഭവിക്കുന്നേ..

അത് എന്റെ മക്കൾക്ക് കിട്ടാതിരിക്കണേ എന്നാ എന്റെ പ്രാർത്ഥന....

തീവണ്ടിയുടെ വേഗത കുറഞ്ഞിരിക്കുന്നു..

കണ്ണൂര് എത്താറായിരിക്കുന്നു..
ഞാൻ മെല്ലെ എഴുന്നേക്കുമ്പോൾ
ദാമുവേട്ടൻ ചുമലിലെ മുഷിഞ്ഞ തോർത്ത് കൊണ്ട് മുഖം ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധം മൂടുവാനുള്ള ശ്രമത്തിലായിരുന്നു..

അകലെ എവിടെയോ ഉള്ള ക്ഷേത്രത്തിലേക്ക് ഉള്ള യാത്ര

തന്റെ മക്കൾ ചെയ്ത തെറ്റുകൾ മറന്ന്

പണ്ടെപ്പോഴോ ചെയ്ത തെറ്റിന്റെ ശാപം  മക്കളിലേക്ക്
വീഴരുതേ എന്ന പ്രാർത്ഥനയുമായി...

അയാൾ ഒരു അച്ഛൻ..