കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Friday, March 29, 2019

അയാൾ ഒരു അച്ഛൻ....

ഇന്നത്തേത് പ്രതീക്ഷിക്കാതെയുള്ള ഒരു യാത്ര ആയിരുന്നു,
പുലർച്ചെ ശരിയാംവണ്ണം  ചായ പോലും കുടിക്കാതെ ഇറങ്ങിയതാണ് വീട്ടീന്ന് ,
കാസർക്കോട്ടെ ഇൻസ്‌പെക്ഷൻ ഇന്നലെ വൈകുന്നേരമാണ് അറിഞ്ഞത് ,

നാളെ ഞായർ ഇവിടെ നിന്നിട്ട് കാര്യമില്ല
അതാണ് വൈകുന്നേരത്തെ മെയിലിൽ തന്നെ മടങ്ങാൻ തീരുമാനിച്ചത് .
സീസൺ ടിക്കറ്റ്കാരെകൊണ്ട് പ്ലാറ്റഫോം നിറഞ്ഞിയ്ക്കുന്നു.
എങ്ങനെയൊക്കെയോ ഒരു ബോഗിയിൽ വലിഞ്ഞു കയറാൻ പറ്റി.
 ശൗച്യാലയത്തിന് അരികിലായാണ്ഇ കാല് ഉറപ്പിക്കാനൊരു ഇടം കിട്ടിയത്. ഓരോ സ്റ്റേഷൻ കഴിയുന്തോറും തീരക്ക്  കൂടുന്നതെയുള്ളൂ.
മെല്ലെ രണ്ട് ബോഗിക്ക്‌ ഇടയിലുള്ള വെസ്റ്റിബ്യുളിന് അരികിലേക്ക് ...
അവിടെയും ആൾക്കാർ ഇരിപ്പുണ്ട് ..
പെട്ടെന്ന് ഇരുട്ടായിരുന്നു...
ടണലിലേക്ക് കടന്നതാണ് ..

 മാറി മാറി വരുന്ന  ഇരുളും വെളിച്ചവും
നിലത്തിരിക്കുന്ന ഭിക്ഷക്കാരന്റെ മുഖത്ത് ഉണ്ടാകുന്ന
 ഭാവ-വർണ്ണ  മാറ്റങ്ങളിലായിരുന്നു എന്റെ ശ്രദ്ധ ..

അപ്പൂപ്പൻ താടിപോലെ കാറ്റത്ത് ഇളകിയാടുന്ന
ആ ചെമ്പിച്ച താടി മുടികൾക്കിടയിലുള്ള ആ മുഖം..
ഇരുണ്ട് കുഴിഞ്ഞ ആ കണ്തടങ്ങൾക്കിടയിൽ കാണുന്ന ആ കണ്ണുകൾ

അതെ....ഈ മുഖം !!!

എനിക്കറിയാം

എന്റെ ഓര്മകളിലെവിടെയോ ഈ മുഖം ഒളിച്ചിരിപ്പുണ്ട്....

അതെ

ദാമുവേട്ടൻ ..

ചെറുപ്പത്തിൽ എത്ര മിട്ടായി വാങ്ങി തിന്നതാണ് ദാമുവേട്ടന്റെ കുമിട്ടി കടേന്ന് .

എന്റെ വീട്ടീന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സ്‌കൂളിന്റെ സൈഡിലായാണ് ദാമുവേട്ടൻ കട നടത്തിയിരുന്നത്.

പിന്നീട് പുതിയ ബസ് സ്റ്റാൻഡ് വരുമ്പോൾ അതിന് അരികിലായി സ്റ്റേഷനറി കടയും ജ്യൂസ് കടയുമൊക്കെ ആയി ഒരു നല്ല നിലയിലെത്തിയതും,

മിടുക്കൻമാരായ രണ്ട് പിള്ളേർ കച്ചോടത്തിൽ സഹായിക്കാറുണ്ടെന്നും,

ഇടക്കാലത്ത് ദാമുവേട്ടന്റെ ഭാര്യ അസുഖ ബാധിതയായി മരണപെട്ടതും

 ഒക്കെ കേട്ടിരുന്നു ..

ഇപ്പോഴും ബസ് സ്റ്റാന്റിനടുത്തുള്ള ഷോപ്പിൽ
നല്ല കച്ചോടം നടക്കുന്നതും അറിയാം ...

പക്ഷെ ...

ദാമുവേട്ടനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു..

ദാമുവേട്ടന് എന്നെ അറിയോ??

ഞാൻ മനു...

അയാളുടെ  മുഖത്ത് കണ്ട ഭാവ മാറ്റം
അത്
ആശ്ചര്യമാണോ ?
അതോ ആശ്വാസമോ??
 അതോ  ഭീതിയോ???
 ഒന്നും വ്യക്തമാകുന്നില്ല .

ദാമുവേട്ട   ഞാൻ മട്ടന്നൂരിലെ ഗോപാലൻ നായരുടെ മകൻ
പണ്ട്
ഞാൻ കുട്ടിയായിരിക്കുമ്പോൾ
കുറെ മുട്ടായി തരാറുണ്ടായിരുന്നു..
സംഭാരം കലക്കാൻ വെള്ളമെടുക്കാൻ വീട്ടിൽ വരാറുള്ളത് ഓർമയില്ലേ???

അയാളുടെ കണ്ണുകൾ വീണ്ടും താഴേക്ക് ....

ഉയർന്നും താഴ്ന്നും കൊണ്ടിരുന്ന ആ ഉരുക്ക് പാളിയിന്മേൽ
പരസ്പരം ഉരസിഉണ്ടാകുന്ന അപസ്വരങ്ങൾക്കിടയിൽ 
ഞാൻ ചോദിച്ച്ത് കേൾക്കാത്തത് കൊണ്ടാകുമോ?"

ഞാനും മെല്ലെ അയാൾക്ക് അരികിലായി ഇടം കണ്ടെത്തി .

കണ്ണൂരെത്താൻ ഇനിയും ഒരു മണിക്കൂറോളം സമയം എടുക്കും.

ദാമുവേട്ടന് എന്നെ അഭിമുഖീകരിക്കാൻ വിഷമമുണ്ടോ?
അതോ എന്നെ മനസ്സിലാകാത്തത് കൊണ്ടോ??

ചായ ...കാപ്പി... ചായ ....കാപ്പി.......

രണ്ട്  ചായ നോക്കട്ടെ

ഒന്നിയാൾക്ക് ....

ചൂട് ചായ മെല്ലെ ഊതി കുടിക്കവേ

ദാമുവേട്ട എന്നെ മനസ്സിലാവാത്തത് കൊണ്ടാണോ ???

എവിടെ പോയതാ??

എങ്ങോട്ട് പോകുന്നു??

മോനെ നീ നാട്ടിപ്പോയാ ശശിയേയും രമേശനെയും കാണാറുണ്ടോ??

ദാമുവേട്ട ഞാൻ ഇപ്പൊ മട്ടന്നൂരല്ല താമസം

അതുമാത്രല്ല അവരെ കണ്ടിട്ട് ഇപ്പോ കുറെ നാളായി.

അത് കൊണ്ടല്ല മോനെ

ഞാൻ ഈ സ്ഥിതിയിലുള്ളത് അവറ്ന്റെ പരിചയക്കാർ അറിഞ്ഞാൽ അവർക്ക് മോശല്ലേ..

ദാമുവേട്ടനെന്തിനാ ഇങ്ങനെ നടക്കുന്നത് മക്കളുടെ കൂടെ സുഖായി കഴിഞ്ഞു കൂടെ??

അയാൾക്ക് ഉതതരം ഇല്ലായിരുന്നു.

ദാമുവേട്ടനെന്താ നാട്ടിൽ പോകാത്തത് ?

ഞാൻ എങ്ങനെ പോകും?
ശ്യാമള പോയെന് ശേഷം
 രണ്ടാളുടെയും കല്യാണം ഗംഭീരമായൊക്കെ നടത്തിയതാ ....

രണ്ടു വീട്ടീന്നുള്ള പെൺകുട്ടികൾ കേറി വരുമ്പോൾ
 സ്വാഭാവികമായി വരുന്ന പ്രശനം ഒഴിവാക്കാനാ
മൂത്തോന് പെട്ടെന്ന് തന്നെ വീടെടുത്ത് കൊടുത്തത് ...

പിന്നെ എന്ത് പറ്റി ??

മോനറിയോ .

എന്റെ ഇടത്തെ കാലിന് ഇപ്പോഴും സ്വാധീനം കുറവാണ്....

ഒരു സ്‌ട്രോക്കിൽ പതിയതാ ...

കുറെ കാലം കിടപ്പിലായിരൂന്നൂന്ന് തോന്നുന്നു..

ഒരു വിധം രോഗം ഭേദമാകുമ്പോൾ
ഞാൻ കോഴിക്കോട് സർക്കാർ ആശുപത്രീലായിരുന്നു.

അവിടത്തെ കുറച്ച് മനുഷ്യ സ്നേഹികൾ തിരിച്ചു തന്ന ജീവിതമാ ഇത്....

അവിടം വിട്ടത് മുതൽ അന്യ ദേശങ്ങളിലെ ക്ഷേത്രങ്ങളിലായി എന്റെ ജീവിതം.

നാട്ടുകാരുടെ കണ്ണിൽ പെടാതെ ഇങ്ങനെ ജീവിച്ചു പോകുന്നു...

അയാളുടെ കണ്ണുകൾ നിറയുന്നോ??

ദാമുവേട്ടാ നിങ്ങൾ ഉണ്ടാക്കിയ സ്വത്ത് കൊണ്ട് മക്കൾ സുഖിക്കുവല്ലേ??

എന്റെ സ്വത്തോ ??

അയാളുടെ കണ്ണിൽ ഇത്രയും നേരം കാണാത്ത ഒരു തേളിചം ....

എനിക്കെവിടെ സ്വത്ത്...

അയാൾ വീണ്ടും ചിന്തകളിലേക്ക് ഊളിയിടുകയാണോ??

അത് ....
മോന്  ചപ്പിലയെ ഓർമ്മയുണ്ടോ??

പലപ്പോഴും ഉച്ചക്ക്
 കഞ്ഞി ഉണ്ടോന്ന് തിരക്കി  വരുന്ന ചപ്പിലയെ
എനിക്ക് നല്ല ഓർമയുണ്ട്..

സ്വന്തമായി കിടപ്പാടം ഇല്ല എന്നും,
ദാമുവേട്ടന്റെ കട വരാന്തയിലാണ് കിടപ്പ് എന്നും
അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

ടൗണിലെ കുറച്ച് കടകളും, സിനിമ ടേക്കിസും, അടിച്ചുവാരുന്നത് ആയിരുന്നു അവരുടെ പ്രധാന തൊഴിൽ.
അന്ന് ടൗണിലെ ചില കടകളിൽ വെള്ളമെത്തിക്കുന്ന ജോലിയും അവർ ചെയ്തിരുന്നതായി അറിയാം.

അന്ന് ഒരു മഴക്കാലം
അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള
ആൾമറയില്ലാത്ത കിണറ്റിൽ
 ഒരു സ്ത്രീയുടെ ശവം പൊങ്ങിയെന്നും..
അത് ചപ്പിലയുടേത് ആണെന്നും ,
 അവർ ആത്മഹത്യ ചെയ്തതാണെന്നും കേട്ടിരുന്നു..

ദാമുവേട്ട ചെറുപ്പത്തിൽ കണ്ട കാഴ്ചകളൊക്കെ
ഇപ്പോഴും എന്റെ കൺമുമ്പിലുണ്ട്...

പക്ഷെ
മോനെ
നിങ്ങളൊന്നും കണ്ടത് ശരിയായ കാഴ്ച്ച അല്ലായിരുന്നു...

മോനറിയോ ...
മോന്റെ വീട്ടിനടുത്തുള്ള പെട്ടികട നടത്തുമ്പോഴായിരുന്നു എന്റെ വീട്ടിന്റെ പണി നടക്കുന്നത് ...

മുട്ടായിയും സം ഭാ രവും വിറ്റാൽ എന്ത് കിട്ടാനാ??

 അന്ന് ചപ്പില യുടെ സമ്പാദ്യം സൂക്ഷിക്കാൻ എന്നെയാ ഏൽപ്പിച്ചിരുന്നത് ..

എന്റെ ബുധ്ധിമുട്ടുകൾ തീർക്കാനുള്ള വഴിയായി ഞാൻ അതിനെ കണ്ടു.

പുതിയ കട തുടങ്ങുമ്പോഴും ചപ്പിലയുടെ സമ്പാദ്യം കുറച്ചൊന്നുമല്ല സഹായിച്ചത്.

പിന്നെയെപ്പൊഴോ അവർക്ക് സമ്പാദ്യം തിരിച്ച് വേണമെന്നായി ....

ഞാൻ എങ്ങനെ തിരിച്ച് കൊടുക്കാനാ...

ആ മനസികാവസ്ഥയിലൊരു ബുധ്ധിമോശം ചെയ്‌തു..

എനിക്ക് മോനോട് ഇപ്പൊ ഇത് പറയുമ്പോ പേടിയൊന്നൂലാ ..

ആ പാപത്തിന്റെ ഫലാ ഞാൻ അനുഭവിക്കുന്നേ..

അത് എന്റെ മക്കൾക്ക് കിട്ടാതിരിക്കണേ എന്നാ എന്റെ പ്രാർത്ഥന....

തീവണ്ടിയുടെ വേഗത കുറഞ്ഞിരിക്കുന്നു..

കണ്ണൂര് എത്താറായിരിക്കുന്നു..
ഞാൻ മെല്ലെ എഴുന്നേക്കുമ്പോൾ
ദാമുവേട്ടൻ ചുമലിലെ മുഷിഞ്ഞ തോർത്ത് കൊണ്ട് മുഖം ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധം മൂടുവാനുള്ള ശ്രമത്തിലായിരുന്നു..

അകലെ എവിടെയോ ഉള്ള ക്ഷേത്രത്തിലേക്ക് ഉള്ള യാത്ര

തന്റെ മക്കൾ ചെയ്ത തെറ്റുകൾ മറന്ന്

പണ്ടെപ്പോഴോ ചെയ്ത തെറ്റിന്റെ ശാപം  മക്കളിലേക്ക്
വീഴരുതേ എന്ന പ്രാർത്ഥനയുമായി...

അയാൾ ഒരു അച്ഛൻ..













No comments:

Post a Comment