കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Saturday, July 14, 2018

കൃഷി പാഠം



ഇന്ത്യ കാർഷിക രാജ്യമാണ്
പക്ഷെ 
കർഷകന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന പൂർണ വിശ്വാസം എനിക്കില്ല 
കേരളത്തിൽ  ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണം വന്നിട്ട് 
വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും 
പല നിയമ നിർമ്മാണങ്ങൾ നടന്നിട്ടും
ചെറുകിട കർഷകർ  പലരും  ഇപ്പോഴും  വഞ്ചിക്കപ്പെടുന്നുണ്ടോ??

തെങ്ങും ,കുരുമുളകും, നെല്ലുമായിരുന്നു ഞങ്ങളുടെ പ്രധാന കൃഷി.
നുരിയും,നാട്ടിയും ,
നെല്ല് മൂരുന്നതും,
കറ്റ തല്ലുന്നതുമൊക്ക ഇന്നലെ നടന്നത് പോലെ 
മനസ്സിൽ തെളിഞ്ഞു വരുന്നു..

ഒരു പക്കാ കർഷകൻ അല്ലെങ്കിലും
അച്ഛന്റ്റെ കാലശേഷം 
കൃഷിയൊക്കെ നോക്കിനടത്തിയിരുന്നത് ഞാനായിരുന്നു.

വയലിൽ ജീരകശാലവിത്തിട്ട കൊല്ലം ഇന്നും ഓർക്കുന്നു.
പുല്ല് തീരെ ഉയരം ഇല്ലല്ലോ എന്ന് ആശങ്കപ്പെട്ടിരിക്കവേ  ,
ആഴ്ച്ച ഒന്ന്  കഴിഞ്ഞു പോയപ്പോൾ 
 വിശ്വസിക്കാൻ പറ്റുന്നില്ല 
നെൽക്കതിരുകൾ എന്റെ കണ്ണോളം ഉയരത്തിൽ!!
ചെറുകാറ്റിന് നെയ്‌ച്ചോറിന്റെ  സുഗന്ധം
ആ വരമ്പിലൂടെ എത്ര നടന്നാലും മതിയാകുന്നില്ല.
പ്രകൃതിയുടെ ഒരു ഇന്ദ്രജാലം.

നെൽകൃഷി അധിക കാലം തുടരാൻ പറ്റാത്ത അവസ്ഥ 
പണിക്കാരെ കിട്ടാനില്ല 
അതിലും വലിയ പ്രശ്നമായി വന്നത് 
തോടിനോട് ചേർന്നുള്ള വയൽ, 
കള്ളുഷാപ്പിനായി മതിൽ കെട്ടി നികത്തി.
വെള്ളം കെട്ടിനിന്ന് എപ്പോഴും ഒരു കുളം കണക്കെ  .

"കുറച്ച് തൊഴിലാളികളുടെ ജീവിത പ്രശ്നമാണ്"
അതായിരുന്നു 
പരാതിപ്പെടാൻ പോയപ്പോൾ കേട്ടത് .

പിന്നീട്  തട്ട് മറിച്ച് വാഴയും കപ്പയുമൊക്കെയായി കൃഷി.

ഒന്ന് മാറ്റി ചവിട്ടിയാലോ ??

2012 ൽ ഒരു പരീക്ഷണം
ഒരേക്കർ മുഴുവൻ മഞ്ഞളും ഇഞ്ചിയും .

മൂന്നു തവണ തോലും വളവുമൊക്കെയിട്ട് നല്ല രീതിയിൽ തന്നെ കൃഷി ചെയ്തു.
മോശമില്ലാത്ത വിളവ്.
ഇഞ്ചിയും മഞ്ഞളും കിളച്ച് നമ്മുടെ അടച്ചിട്ട ഷോപ്പിൽ കൂട്ടിയിട്ടു.
നെഞ്ചോളം ഉയരത്തിലുള്ള കൂന
വല്ലാത്തൊരു സന്തോഷം.

ഇഞ്ചി വിൽക്കണം

മട്ടന്നൂരിലെ രണ്ടു മൂന്ന് മൊത്ത കച്ചവടക്കാരെ സമീപിച്ചു

കേൾക്കാനുള്ള സൗമനസ്യം  പോലും അവർക്കില്ല .

കണ്ണേട്ടന്റെ കടയിൽ
പിന്നിലെ റൂമിൽ കൂട്ടിയിട്ട ഇഞ്ചി ചാക്കുകൾ കാട്ടി തന്നു.

ചാവശ്ശേരി VFPCK യിൽ പോയി
"ഓർഡർ കിട്ടിയാലേ ശേഖരിക്കാനാകൂ......." അവരും കൈ മലർത്തി.

ഒടുവിൽ കാദർക്കാന്റെ കടയിൽ

തല്ക്കാലം രണ്ടു ചാക്ക് കൊണ്ടുവാ ,

കുറച്ചൊരു സമാധാനം
റൂമിലെത്തി രണ്ടു ചാക്കിൽ  വേര് മുറിച്ച് മണ്ണ് കളഞ്ഞ്  ഇഞ്ചി നിറച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഗുഡ്സ് ഓട്ടോയിൽ കടയിൽ

കാദർക്കാ....
ഇന്നലെ പറഞ്ഞ ഇഞ്ചി കൊണ്ട് വന്നിട്ടുണ്ട്

ചെറിയ ടൈപ്പാല്ലേ ??
ഇതെല്ലാം ഉണങ്ങി ചുരുണ്ടിരിക്കുന്നല്ലൊ
കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളവ് നോക്കി നൂറു കുറ്റങ്ങൾ,

"ഞാൻ പത്തര രൂപ കൊടുക്കാറുണ്ട്
 പക്ഷെ ഇതിന് ഒന്പതരയെ തരാൻ പറ്റൂ"

അന്നത്തെ ചില്ലറ വില ഇരുപത്തി ഒന്ന് രൂപ
എനിക്ക് ഒരു കിലോ ഉണ്ടാക്കാൻ ചിലവ് പത്ത് രൂപക്കടുത്ത് വരും .
തിരികെ സാധനം എടുക്കണമെങ്കിൽ ഓട്ടോ ചാർജ് ഇനിയും നൽകണം.
ഒന്പതരയെങ്കിൽ ഒൻപതര
ശരി കാദർക്കാ..

ചാക്ക് ഇഞ്ചി ചെരിഞ്ഞിട്ട് തരാം
പൈസക്ക്  വൈകുന്നേരം വാ....
രണ്ടു മൂന്ന് തവണ നടക്കേണ്ടി വന്നു ആ പൈസ കിട്ടാൻ...

നമ്മൾ ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സാധനങ്ങൾക്ക്
ആവശ്യമില്ലാതെ കുറ്റം പറഞ്ഞു വില കുറച്ച് കൂടുതൽ ലാഭം
അതവരുടെ രീതി
 ഇത്തരം രീതി
എനിക്ക് സഹിക്കാൻ പറ്റുന്നതിലേറെ ആയിരുന്നു ...

ഇനി ബാക്കിയുള്ള ഇഞ്ചി വിൽക്കുന്നില്ല!!
ഞാൻ തീരുമാനിച്ചുറച്ചു .

പക്ഷെ ചിലവാക്കിയ പണം കിട്ടേണ്ട??

ഒന്നും ആലോചിച്ചില്ല  വലിയൊരു അലുമിനി പാത്രം വാങ്ങി,
അടുപ്പ് കൂട്ടി മഞ്ഞൾ പുഴുങ്ങാൻ തുടങ്ങി
മഞ്ഞൾ മുഴുവൻ പുഴുങ്ങി ഉണക്കി
ചാക്കിൽ നിറച്ചപ്പോൾ ആകെ ഒരാശ്വാസം.

മലഞ്ചരക്ക് കടയിൽ മാർക്കറ്റ് റേറ്റിന്  മഞ്ഞൾ
ചിലവാക്കിയ പണം റൊക്കം കൈയ്യിൽ ..

പിന്നെ
പരിചയക്കാർക്കൊക്കെ
സഞ്ചിയിലാക്കി ഇഞ്ചി വെറുതെ കൊടുത്തപ്പോൾ
കഷ്ടപ്പെട്ടത് വെറുതെ ആയില്ല എന്നൊരു തോന്നൽ...

കുറെയൊക്കെ കോട്ടയിലാക്കി തെങ്ങിന് ഇട്ടപ്പോഴും
ഒരു സങ്കടവും തോന്നിയില്ല.
കാരണം
പഠിച്ചത് ജീവിതത്തിലെ വലിയൊരു പാഠം... .




Thursday, July 12, 2018

ദിവാസ്വപ്നം

ർണീം ............ർണീം ............ർണീം ............
മണി മുഴങ്ങുന്നു ..

രാവിലെ  പഞ്ചായത്തിൽ നിന്നും
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ വണ്ടി എത്തിയിരിക്കുന്നു.

ഭാര്യ അടുക്കളയിൽ തിരക്കിലാണ്
കുട്ടികൾക്ക് സ്കൂളിലേക്ക് പോകേണ്ട സമയം ആയിരിക്കുന്നു.

പിന്നിൽ ഓരോ പെട്ടികളിലുമുള്ള പ്ലാസ്റ്റിക്കും , ഇലെക്ട്രിക്കൽ ,ഗ്ലാസ്സ്
മാലിന്യങ്ങൾ വാഹനത്തിലെ അതാത് പെട്ടികളിലേക്ക് ....
തിരികെ
സ്ഥിരം ഡ്യൂട്ടി ...
ജൈവ മാലിന്യം പൾവറൈസറിൽ ...
 ബയോ ഗാസിലേക്കുള്ള വാൽവ് തുറന്നു ,
സ്വിച്ച് ഓണാക്കി...
സെക്കൻഡുകൾ കൊണ്ട് അവ കാലിയായി ...

 വാൽവ് തിരിച്ച് വളം യൂണിറ്റിലേക്ക് ...
മുട്ടത്തോടും ,എല്ലും,മറ്റ് ചീയാത്ത മാലിന്യങ്ങളും
വളമാക്കി മാറ്റേണ്ടതുണ്ട് ..

ബയോ ഗ്യാസ് സ്ലറി ചെടികൾക്ക് നനച്ച് മടങ്ങുമ്പോൾ
ഭാര്യയുടെ ശബ്ദം  ആ ടർബൈനിന്റെ ഭാഗത്തെ ഗേറ്റ് ആരോ തുറന്നിട്ടിട്ടുണ്ട്
കുട്ടികളോ മറ്റോ കുരുത്തക്കേട് ഒപ്പിക്കും.

വീട്ടിന് പിന്നിൽ സ്ഥാപിച്ച വലിയ മഴവെള്ള സംഭരണി
പുരയിടത്തിൽ പെയ്യുന്ന മഴ വെള്ളം
 ചെറിയ ടർബൈൻ വഴി സംഭരണിയിൽ എത്തും
ടർബൈനിൽ നിന്നും ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഗ്രിഡ് വഴി ഇലെക്ട്രിസിറ്റി ബോർഡ് എടുക്കുന്നുണ്ട്
വീട്ടിലെ ആവശ്യത്തിന് സോളാർ എനർജി മതിയാകും.

മഴവെള്ളം ശുദ്ധീകരിച്ച് പാത്രങ്ങളിലേക്ക് നിറക്കുന്ന യൂണിറ്റിലെ
പണിക്കാരൻ എത്തനാകുന്നതേ ഉള്ളൂ .

ഇപ്പോൾ സ്വദേശത്തും വിദേശത്തും എറ്റവും അധികം വിൽപ്പന നടക്കുന്നത്
കേരളാ ബ്രാൻഡ് കുടിവെള്ളമാണല്ലോ .
സർക്കാർ ഏകോപിപ്പിച്ച് നടത്തുന്ന ഇത്തരം പ്രവൃത്തികൾ
കേരളത്തെ ആകെ മാറ്റി മരിച്ചിരിക്കുന്നു.

പെട്ടെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി.
ഇലട്രിക്കൽ കാർ സ്റ്റാർട്ടാക്കുമ്പോഴേക്കും കുട്ടികൾ എത്തി.

വൃത്തിയും വെടിപ്പുമുള്ള റോഡ്
പണ്ടൊക്കെ നിറയെ പ്ലാസ്റ്റിക്കും
മാലിന്യങ്ങളും റോഡിൽ വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്
ഇന്ന് അത് വലിയ കുറ്റമാണ്
കൂടാതെ ജനങ്ങൾ അതിന്റ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാൻമാരാണ് .

റോഡരികിൽ സോഷ്യൽ ഫോറെസ്റ്റ്രിയുടെ പ്ലാന്റ് കളക്ഷൻ വാഹനം നിർത്തിയിട്ടിരിക്കുന്നു
മൺസൂൺ തുടങ്ങിയാൽ 
രണ്ടു മൂന്നു മാസം അവർക്കിത് തന്നെ യാണ് ജോലി .
ഇന്ന്
റോഡരികിൽ   നടുന്നത്
സ്വാഭാവികമായി മുളക്കുന്ന തൈകൾ ആണ്.

പണ്ടൊക്കെ നഴ്സറി റൈസിംഗ് എന്ന പേരിൽ
എല്ലാ വർഷവും ലക്ഷങ്ങൾ  ചിലവഴിക്കാറുണ്ട് എന്നും,
നമ്മുടെ വനത്തിൽ നിന്നും
പ്രൈവറ്റ് പാർട്ടികൾ ശേഖരിക്കുന്ന വിത്തുകൾ
നമ്മൾ തന്നെ വിലകൊടുത്ത് വാങ്ങി തൈകൾ ആക്കുമെന്നും ,
ആ തൈകൾ
മുൻ വർഷങ്ങളിൽ നട്ട കുഴിയിൽ തന്നെ
 ഓരോ വർഷവും നടുമെന്നും കേട്ടിട്ടുണ്ട്.

പിന്നാലെ ഔഷധ ബോര്ഡിന്റെ വണ്ടി വരും
 അവരാണല്ലോ റോഡരികിലും മറ്റ് പ്രൈവറ്റ് പാർട്ടികളിൽ നിന്നും
ഔഷധ സസ്യങ്ങൾ ശേഖറിച്ച്
പ്രോസസ്സ് ചെയ്തത്
ലോകം മുഴുവൻ കയറ്റുമതി ചെയ്യുന്നത് .
കേരളാ ബ്രാൻഡ് മെഡിസിനൽ പ്ലാന്റ്സ്ന്
ലോകമെമ്പാടും നല്ല മാർക്കറ്റ് ആണ്.

അവർക്ക്ശേഷമാണ് പഞ്ചായത്ത് വണ്ടിവരുന്നത്
പ്രത്യേകം തയ്യാറാക്കിയ വണ്ടി
റോഡരികിലെ
 പച്ചിലകളും ചെറു ചെടികളും മുറിച്ച് വലിച്ചെടുത്ത്
പൊടിയാക്കി ജൈവ വള യൂണിറ്റിലെത്തിക്കുന്നു

കേരളത്തിലെ   മൊത്തം ജൈവ വളങ്ങളും
ഒറ്റ ബ്രാൻഡായി ലോകം മുഴുവൻ വിതരണം ചെയ്യപ്പെടുന്നു.
ജൈവ കൃഷി വ്യാപനത്തോടെ
ഈ ബ്രാൻഡിന് നല്ല മാർക്കറ്റ് ആണെന്ന് കേൾക്കുന്നു.

റോഡരികിൽ രാമേട്ടൻ ...
രാമേട്ടൻ എങ്ങോട്ടാ??

തടാക ക്കരയിലെ
ബീവറേജ്‌സ് വരെ
ഡോക്ടറെ കാണണം.

ഇപ്പോൾ കള്ളുഷാപ്പുകളും വിദേശ മദ്യ ഷാപ്പുകളും
എല്ലാം ഒരു കോംപ്ലക്സിൽ ആണ് പ്രവർത്തിക്കുന്നത്
ആശുപത്രിയും ഹോട്ടലും ഒക്കെ അടങ്ങിയ ഒരു കോംപ്ലക്സ് .

പണ്ടൊക്കെ ആവശ്യക്കാർ ഗവണ്മെന്റ് വക
വിദേശ മദ്യ ഷാപ്പിൽ നിന്നും ക്യു നിന്ന് കഷ്ടപ്പെട്ട്
 സാധനം ഒന്ന് അകത്താക്കാൻ റോഡരികിലൊക്കെ
ഒളിച്ചും പതുങ്ങിയും  നിന്നിരുന്നിടത്ത്
 ഇന്ന് സ്വസ്ഥമായി ഒരിടത്തിരുന്ന് കാര്യം സാധിക്കുന്നു.

സ്ഥിരം കസ്റ്റമേഴ്സിന് കാർഡുണ്ട്
അവർക്ക് മെഡിക്കൽ ചെക്കപ്പും എല്ലാം ഫ്രീ ആണ്.
കൂടാതെ  റീ അഡിക്ഷൻ , കൗൺസിലിംഗ് എന്നീ സേവനങ്ങളും സൗജന്യമാണ്.

ഭംഗിയുള്ള തടാകക്കര
നിറയെ പൂക്കൾ വിരിഞ്ഞ പൂന്തോട്ടം
ഓരോ പഞ്ചായത്തിലും
 പുഴയിലേക്ക്
ഒഴുക്കി കളയുന്ന മഴ വെള്ളം മുഴുവൻ ശേഖരിച്ച്

ഒരു തടാകം രൂപം കൊണ്ടിരിക്കുന്നു
.
വേനൽക്കാലത്ത് കൃഷിക്ക് വേണ്ടുന്ന
ജലം മുഴുവൻ നൽകുന്നത് ഈ തടാകം ആണ് .....

ർണീം ............ർണീം ............ർണീം ............

ർണീം ............ർണീം ............ർണീം ...........
.
എന്ത് പറ്റി !!!

ഞെട്ടി എഴുന്നേറ്റു

ഫോണിൽ ഭാര്യ !!

നിങ്ങളെ എത്ര നേരമായി വിളിക്കുന്നു??

ഇനിയും കുട്ടികളെ കൂട്ടാൻ പോയില്ലേ??

നാലര ആയി

ഞാനൊരു ഉച്ചമയക്കത്തിലായിരുന്നു...

പെട്ടെന്ന് പുറപ്പെട്ട് റോഡിലേക്ക് ഓടവെ

മുന്നിൽ രാമേട്ടൻ

വൈകുന്നേരത്തെ ഷാപ്പിലേക്കുള്ള നടത്തമാണ്...

കൈയ്യിൽ പ്ലാസ്റ്റിക് സഞ്ചി നിറയെ വേസ്റ്റ് 

ആ വേസ്റ്റ്

കാടുപിടിച്ച് കിടക്കുന്ന റോഡരികിലേക്ക് വലിച്ചോരേറ് .

മറ്റുള്ളവർ കാണുമെന്നൊരു പേടിയുമില്ല  ..

സ്വപ്നം എന്നും സ്വപ്നം മാത്രം!!!!














Monday, July 2, 2018

നിണമണിഞ്ഞ വഴിത്താരകൾ .......

കലാലയ രാഷ്ട്രീയത്തിന്റെ
ചോരപ്പാടുകൾ നിറഞ്ഞ വഴിത്താരയിൽ
വീണ്ടും രക്തപുഷ്പങ്ങൾ   വിതറി
ഒരു നക്ഷത്രം കൂടി പിറവി എടുത്തിരിക്കുന്നു.......

വിദ്യാർത്ഥികൾക്കിടയിൽ
രാഷ്ട്ര ജ്ഞാനവും രാഷ്ട്രീയ ജ്ഞാനവും  നല്ലതു തന്നെ
പക്ഷെ
ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്ത
നപുംസകങ്ങൾ സമൂഹത്തിന് എന്നും ശാപമായിരിക്കും .

മട്ടന്നൂർ പഴശ്ശിരാജാ എൻ എസ് എസ് കോളേജ്
പഴശ്ശി രാജാവിന്റെ പോരാട്ട വീര്യം കടം കൊണ്ട
വിദ്യാർത്ഥി സമൂഹം രാഷ്ട്രീയ ബാല പാഠങ്ങൾ പഠിച്ചെടുത്തൊരിടം
സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ
കോളേജിലെ വിശേഷങ്ങൾ
വളരെ ആവേശത്തോടെ
തെല്ല് അത്ഭുതത്തോടെ
സഹോദരങ്ങളിൽ നിന്നും  കേട്ടറിഞ്ഞിരുന്നു .
അന്ന്
കോളേജിൽ എസ് എഫ് ഐ ,കെ എസ് യു സങ്കർഷം പതിവായിരുന്നു .
CRPF കോളേജിൽ ക്യാമ്പ് ചെയ്തതും
ലാത്തിച്ചാർജിൽ നിന്നും രക്ഷപെടാൻ
ഏച്ചിയും കൂട്ടുകാരികളും പിൻന്നിലുള്ള റബ്ബർ തോട്ടം വഴി ഓടി രക്ഷപ്പെട്ടതൊക്കെ വിവരിച്ച് കേൾക്കുമ്പോൾ
കോളേജ് ഒരു പ്രത്യേക ലോകം എന്നാണ് ധരിച്ചിരുന്നത് ..

മോശമില്ലാത്ത മാർക്ക് എസ് എസ് എൽ സി ക്ക് ലഭിച്ചപ്പോൾ
സെക്കൻഡ് ഗ്രൂപ്പിൽ അഡ്മിഷൻ
അതോ മട്ടന്നൂർ കോളേജിൽ

അച്ഛന്റെ കൂടെ അഡ്മിഷൻ എടുക്കാൻ
ഇളം വെയിലും കൊണ്ട് ആ കുന്ന് ആദ്യമായി കയറി
സ്വഗതമോതുന്ന ബാനറുകളും തോരണങ്ങളും കടന്ന്
കാറ്റാടി മരത്തിന്റെ അരികിലൂടെ
കരിമ്പനടിച്ച ഇളം ചന്ദന നിറത്തിലുള്ള
ബോയ്സ് ഹോസ്റ്റൽ കഴിഞ്ഞാൽ
ഒറ്റ നിലയിൽ ഓടിട്ട ഒരു കാന്റീൻ
കുറച്ച് കൂടി നടന്നാൽ
 നിരയായി നട്ട അരണ മരങ്ങൾക്കിടയിലൂടെ
വൈറ്റ് വാഷ് ചെയ്ത ഓടിട്ട കെട്ടിടം

"അണ്ടി കമ്പനി"
കാണുന്നവർക്ക്
ആ  പ്പേര് എങ്ങനെ  വന്നു എന്ന് ഒരു സംശയവും തോന്നാനിടയില്ല .

മൂന്നാല് സ്റ്റെപ് കടന്നാൽ വലത്ത് ഭാഗത്ത് ഓഫീസ്
അന്ന്
അതിന് ഇടത്ത് വശം
ഏണിപ്പടികൾ
ചുമര് വച്ച് മുട്ടിച്ച ഭാഗം ഞാൻ ഭീതിയോടെ നോക്കി...

ഏച്ചിനൽകിയ വിവരണങ്ങളിൽ
വാസുവേട്ടന്റെ തലയിൽ വെട്ടുകല്ലിട്ട സ്ഥലം ആണത്!!.

അതോടെയാണത്രെ ആ സ്റ്റെപ്പ് ചുമര് വച്ച് മുട്ടിച്ചത്!!

വാസുവേട്ടൻ അന്നത്തെ കോളേജ് UUC..

മാസങ്ങളോളം  ചികിത്സ നടത്തിയിട്ടാണ്
ജീവിതത്തിലേക്ക് തിരികെ എത്തിയത് എന്ന് കേട്ടിരുന്നു .

പ്രീ ഡിഗ്രി സയൻസുകാരായ നമ്മളൊക്കെ

രാഷ്ട്രീയത്തിൽ അധികം തലയിടാതെ ഒതുങ്ങി കഴിഞ്ഞവർ .

ഇലക്ഷന് പ്രകടനത്തിൽ പങ്കെടുക്കുന്നതാണ് ആകെയുള്ള രാഷ്ട്രീയം.

അച്ഛൻ എന്നും ഖദർ മാത്രമേ ധരിക്കാറുള്ളൂ
എങ്കിലും
ഒരു ഉറച്ച ഇടതു പക്ഷക്കാരനായിരുന്നു എന്നും

സ്വാഭാവികമായും ഞാനും എസ്  എഫ് ഐ യുടെ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

പക്ഷെ ആ വര്ഷം
കോളേജ് യൂണിയൻ കെ എസ യു വിന്

ഇലെക്ഷൻ കഴിഞ്ഞ കുറച്ച് നാൾ ചില സംഘട്ടനങ്ങളും
 കോളേജ് അടച്ചിടലും ഒക്കെ പതുവുപോലെ നടന്നു.

അന്ന്
 കെമിസ്ട്രി ലാബിൽ ....
ഉച്ച സമയം കഴിഞ്ഞിട്ടുണ്ട്...
എല്ലാവരും പെട്ടെന്ന് ഇറങ്ങിക്കോളൂ !!!
പപ്പൻ സാർ ആകെ പരിഭ്രമത്തോടെ ഓടി വന്നു പറഞ്ഞു.

എന്താണ് കാര്യം
ആർക്കും ഒന്നും അറിയില്ല!!

ഞങ്ങൾ എല്ലാവരും പുസ്‌തകങ്ങളുമെടുത്ത്
പുറത്തേക്ക് ഓടി.

കാന്റീന് മുമ്പിലായി കുറച്ച് കുട്ടികൾ ഉണ്ട്,

അവർ
കുറച്ച് ദൂരെ യായി

ചോരപ്പാടുകൾ നിറഞ്ഞ
ഒരുഭാഗത്ത് മൊരണയുള്ള വിറകിൻ കഷ്ണം നോക്കിയാണ് പറയുന്നത്...

എന്തൊക്കെയോ ദുസ്സൂചനകൾ!!

ഞങ്ങൾ സമയം പാഴാക്കാതെ കുന്നിറങ്ങി.

ടൗണിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്
ക്യാന്റീനിൽ വച്ച് കോളേജ് യൂണിയനിലുള്ള കുറച്ച് പേർ,

ഒരേ സംഘടനയിൽ പെട്ടവർ!!

തമ്മിൽ വഴക്ക്
മാഗസിൻ എഡിറ്റർ ആയ ബഷീറിന് പരിക്ക് ..

സ്ഥിതി കുറച്ച് വഷളാണ് ...

എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല !

ബഷീർ ....

ആ അതുല്യ കലാകാരൻ

വോട്ട് തേടി  വരുമ്പോളും
പിന്നീട് ജയിച്ച് നന്ദി അറിയിക്കാൻ വന്നപ്പോഴും
പാടിയ റാഫിയുടെ  ഗാനം ....

 ഓ....ദുനിയാക്കെ  രഘുവാലേ ......

പിന്നീട്

രണ്ടാം നാൾ  കേട്ടു ...

ബഷീർ ഇനി ഇല്ല !!!

ഇന്നും  ഓർമയുണ്ട്....

ഓഫീസിനു മുമ്പിൽ....

കാലം തെറ്റി പൂത്ത മെയ് ഫ്ലവർ മരത്തണലിൽ .......

നിറകണ്ണുകളുമായുള്ള അനുസ്മരണം.

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിതുമ്പുന്ന പ്രിൻസിപ്പൽ...

കരഞ്ഞു കരഞ്ഞു നിവർന്നു നിലക്കാൻ പോലും പറ്റാതെയുള്ള കൂട്ടുകാരി.

കറുത്ത ബാഡ്‌ജും ധരിച്ച് ഒരു മൗന ജാഥ ....

അവയൊക്കെ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു.

 എങ്കിലും,

എനിക്ക് ഇന്നും ഒരുത്തരവും കിട്ടുന്നില്ല ..

നമ്മുടെ സമൂഹത്തിന്
വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ,

ഭാവിയുടെ വാഗ്ദാനങ്ങളായ

കുറെയേറെ സഹോദരന്മാരെ

ആശയങ്ങൾ എതിരാണെന്ന ഒറ്റകാരണത്താൽ

അരിഞ്ഞു  വീഴ്ത്തുന്നവർ  എന്ത് നേടുന്നു  !!

ഇപ്പോഴും എന്റെ ചെവികളിൽ ആ ഗാനത്തിന്റെ ഈരടികൾ ...

ഓ ദുനിയാകെ രഗ്ഗ്വാലെ ....
സുൻ ദർദ് ഭരേ മേരെ നാലേ ...
................................
ओ दुनिया के रखवाले
सुन दर्द भरे मेरे नाले

आश निराश के दो रंगों से, दुनिया तूने बनायी
नैया संग तूफ़ान बनाया, मिलन के साथ जुदाई
जा देख लिया हरजाई
हो लूट गयी मेरे प्यार की नगरी अब तो नीर बहा ले
ओ दुनिया के रखवाले.......................