കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, June 26, 2019

തിരകൾ നിലക്കാറില്ല ............13

എനിക്ക് ഒന്ന് അനു വിനെ കാണണം.

അരവി കൂടെ വരുമോ

ഞാൻ ചെയ്ത തെറ്റ് എല്ലാരോടും പറയാം..

അത് കൊണ്ട് ഇനി എന്താ ഗുണം??
നഷ്ടപ്പെട്ട  ജീവിതങ്ങൾ തിരിച്ച് കിട്ടുമോ??

പക്ഷെ

എനിക്ക് പ്രായശ്ചിത്തം ചെയ്തേ മതിയാകൂ...

മാഷേ...
ഇപ്പൊ ഞാൻ കൂടെ  വന്നാൽ ശരിയാകൂല്ല.
എല്ലാരും വിശ്വസിക്കുന്നത്
ഇപ്പോഴും എല്ലാത്തിനും കാരണക്കാരൻ ഞാനാണ് എന്നാണ് .
എനിക്ക് ഒത്തിരി ക്കാലം  വെള്ളോം വറ്റും തന്ന വീടാണ്.
 ഇനിയുള്ള കാലമെങ്കിലും അവർ
കഷ്ടപ്പെടാതെ ജീവിക്കണമെന്ന ആഗ്രഹം മാത്രമേ എനിക്കുള്ളൂ....

                                  *****

ഇരിട്ടി കല്ലുമുട്ടിയിൽ
വർക്ക്‌ ഷോപ്പിൽ
ഗ്രീസും ഓയിലും പുരണ്ട വേഷത്തിൽ...
അപ്പു.

അപ്പു ...
നിനക്ക് ഓർമ്മയുണ്ടോ എന്ന് അറിയില്ല...

ഞാൻ പ്രേമൻ മാഷ്

പണ്ട് അപ്പുവിന്റെ വീട്ടിനടുത്ത് താമസിച്ചിരുന്നു..

അപ്പുവിന്റെ മുഖത്തെ ആശ്ചര്യo മാഞ്ഞിരുന്നില്ല.

വിവരങ്ങളൊക്ക അറിയാൻ വൈകിപ്പോയി

നമുക്ക് അപ്പുവിന്റെ വീട് വരെ ഒന്ന് പോകാം ..

എല്ലാവരെയും ഒന്ന് കാണണം.

അതിനെന്താ  സാറെ ഒരു ഇരുപത് മിനുറ്റ്കൊണ്ട് വീട്ടിലെത്താം.

ഇപ്പൊ പുതിയ പാലമൊക്കെ വന്നു....


                                 ***


നാടൊക്കെ മാറിയിരിക്കിന്നു.
പുതിയ പാലവും റോഡും..

റോഡ് അരികിലായി ഒത്തിരി  ബഹുനില കെട്ടിടങ്ങളും വന്നിരിക്കുന്നു

സാറെ
വീട് വരെ വണ്ടി പോകില്ല
കുറച്ചു നടക്കണം....


ആകാശം ഇരുണ്ടു വരുന്നു.

മഴ ചാറാൻ തുടങ്ങിയിരിക്കുന്നു.

സാറെ കുട ഇല്ലല്ലോ..

എന്റെ മനസ്സിൽ അനുവിനെ കാണാനുള്ള തിടുക്കം മാത്രമായിരുന്നു.

ആ നടപ്പാതയിലൂടെ ഞാൻ നടന്നു..


രാമേട്ടന്റെ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.

പക്ഷെ കാലാന്തരത്തിൽ പരിചരണമില്ലാത്തതിനാൽ
പലയിടങ്ങളിലും തേപ്പ് അടർന്നും,
ഓട് പൊട്ടിയും നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നു.

മഴ കനക്കുന്നു...

മുറ്റത്തിന്റെ ഓരത്തായി ഉള്ള പുറ്റിൽ നിന്നും മഴപ്പാറ്റകൾ പറന്നുയരുന്നു..

അവയെ തിന്നാൻ കാക്കകൾ മത്സരിക്കുന്നു..

ഇറയത്ത്
ഇരുട്ടത്ത് ഒരു തൂണും ചാരി
മഴയും നോക്കി
അവൾ ഇരിക്കുന്നു.
ആകെ മെലിഞ്ഞുണങ്ങിയ രൂപം ...

കഞ്ഞിപ്പശയില്ലാത്ത തഴമ്പ് കെട്ടിയ വോയൽ സാരിയുടുത്ത്..

അത് പഴയ അനു വിന്റെ പ്രതിഛായ മാത്രം.


ഞങ്ങളെ കണ്ടതും അവൾ എഴുന്നേറ്റു.

അവൾ ക്കെന്നെ മനസ്സിലായോ ആവോ.

ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞില്ലെങ്കിലും
കണ്ണുകളിലെ തിളക്കം ആ ഇരുട്ടിലും എനിക്ക് വായിച്ചെടുക്കാം ..

അവളെ എനിക്ക് വേണം

ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായല്ല

മറിച്ച്...

ഇനിയുള്ള കാലം

അവളെ

ഒരു രാജകുമാരിയായി

വാഴിക്കണം എനിക്ക്...

No comments:

Post a Comment