ഞാൻ മട്ടന്നൂർ യു പി സ്‌കൂളിൽ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം,
വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ,
ചായയും കുടിച് നേരെ ഒരു ഓട്ടമാണ്....
ജിയമ്മ യുടെ വീട്ടിലേക്ക്.
അവരുടെ വീട്ടിന് മുൻപിലെ വിശാലമായ പൂന്തോട്ടമാണ് കളിസ്ഥലം.
ജിയമ്മ എന്നാൽ ശോഭ ഏച്ചി യുടെ അമ്മ.
എങ്ങനെയാണെന്നെനിക്കറിയില്ല,
ശോഭ ഏച്ചിയെ ഞാൻ എന്റെ ഓര്മയുള്ള കാലം മുതലേ ജി എന്നും,
അവരുടെ അമ്മ സതിയേച്ചിയെ ജിയമ്മ എന്നും,
അവരുടെ അച്ഛനെ ജിയച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്.
അവർക്കു ആൺ കുട്ടികളില്ലാത്തതു കൊണ്ട്
സ്വന്തം മോനെ പോലെ ആയിരുന്നു അവർ എന്നെ കണ്ടിരുന്നത്.
ചിലപ്പോൾ ചെറിയ കുട്ടിയായപ്പോൾ എളുപ്പത്തിന് വിളിച്ചത്
ഇഷ്ടപ്പെട്ടത് കൊണ്ടാകാം ആരും തിരുത്താതിരുന്നത്.
അന്നത്തെ എന്റെ കളിക്കൂട്ടുകാർ ആയിരുന്നു ഷീനയും, പ്രീനയും.
ഏട്ടന്മാരൊക്കെ എന്നെക്കാളും കുറച്ചു മൂത്തവരായതുകൊണ്ട്
ആരും തന്നെ എന്നോടൊപ്പം കളിയ്ക്കാൻ കൂടാറുണ്ടായിരുന്നില്ല.
പ്രീനയെ ജിയച്ചൻ മങ്കൂസ് എന്നാണ് വിളിക്കാറ്!!
അന്ന് മങ്കൂസിന്റെ അർത്ഥം നമുക്കറിയില്ലല്ലോ.
എന്തുകൊണ്ടാണ് "കീരി" യുടെ പേര് അവളെ വിളിച്ചത് എന്ന് ഇന്നുമെനിക്കറിയില്ല.
ജിയച്ചൻ സദാ സമയം വരാന്തയിലെ ഒരു ചാരുകസേലയിൽ കാലും നീട്ടി ഇരിപ്പുണ്ടാകും ഞങ്ങൾ കളിക്കുന്നതും നോക്കി.
ഞങ്ങൾ പ്രധാനമായും ചോറും കറിയുമുണ്ടാക്കിയും,
അച്ഛനും അമ്മയുമൊക്കെ യായി കളിക്കാറാണ് പതിവ്.
മുന്നിലെ വിശാലമായ പൂന്തോട്ടത്തിലെ വെട്ടുകല്ലിൽ തീർത്ത ഇരിപ്പിടങ്ങൾക്കു അരികിലും,
നിറയെ നാട്ടു മാങ്ങ തരുന്ന നാട്ടു മാവിൻ ചോട്ടിലും,
എന്നും മുറ്റത്തു പൂക്കളം തീർക്കുന്ന തേനിന്റെ മധുരമുള്ള ചാമ്പ മരചോട്ടിലും,
ഞങ്ങൾ ഓടിക്കളിച്ചു.
ഇരുട്ടാവുമ്പോൾ 'അമ്മ വിളിക്കുന്നത് വരെ ഞങ്ങൾക്ക് കളിയ്ക്കാൻ ഇഷ്ട്ടം പോലെ സമയമുണ്ടായിരുന്നു.
മഞ്ഞ കളറുള്ള അഗർബത്തി യുടെ കവറിലെ ഗണപതിയുടെ ചിത്രം മുറിച് അതും വച്ച് ഒരമ്പലം ഉണ്ടാക്കിയത് ഇന്നും കൺമുന്നിൽ കാണുന്നത് പോലെ.
അന്നൊരു ദിവസം അച്ഛനും അമ്മയുടെയും കൂടെ ഒരു കല്യാണത്തിന് പോയി തിരികെ എത്തിയ സമയം.
ആ കല്യാണ പരിപാടിയൊക്കെ എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി.
പണ്ടേ മധുരം എന്റെ ദൗർഭല്യം ആയിരുന്നു,നല്ല മധുരമുള്ള പ്രഥമനും
കൊട്ടും കുരവയും പാട്ടും കോടി വസ്ത്രങ്ങളും!!
എന്താ പറയുക
എനിക്ക് ഉടൻ തന്നെ കല്യാണം കഴിക്കണമെന്നായി!!
വിവരം വീട്ടിലെത്തിയ ഉടനെ അച്ഛനോട് പറയാൻ ഉറപ്പിച്ചു.
അച്ഛൻ മർഫി റേഡിയോയിൽ ശ്രീലങ്ക പ്രക്ഷേപണ നിലയത്തിന്റെ പാട്ട് ട്യൂൺ ചെയ്യുന്നു.
പാട്ടിനേക്കാളും ഉച്ചത്തിൽ
കടലിന്റെ ഇരമ്പൽ ശബ്ദമോ,
കടുക് വരിക്കുന്നതു പോലെയുള്ള ശബ്ദമൊക്കെ യാണ് കേൾക്കുന്നത്
അച്ഛാ .....
മൂക്കിൽ നിന്നും വരുന്ന മൂക്കട്ട ഷർട്ടിനെ കൈകളിൽ ഉരച്ച് ഞാൻ മെല്ലെ പറഞ്ഞു...
അച്ഛാ എനിക്ക് കല്യാണം കഴിക്കണം
ങേ .....??
അച്ഛന്റെ മുഖത്തു ഒരു പ്രത്യേക ഭാവം.
ഞാൻ ഒന്നു കൂടി പറഞ്ഞു....
അച്ഛാ എനിക്ക് കല്യാണം കഴിക്കണം.
ഇപ്പോൾ അച്ഛന്റെ മുഖത്തു ഒരു പുഞ്ചിരി.
ജാ ....
അങ്ങനെ യാണ് അച്ഛൻ അമ്മയെ വിളിക്കാറ്.
ജാ... ഇവന് കല്യാണം കഴിക്കണം പോലും!!
മോന് ആരെയാ കഴിക്കണ്ടേ??
ഞാൻ എന്റെ ഉള്ളിലുള്ളത് പറഞ്ഞു.
പ്രീന യെ മതി.
അപ്പോൾ ഷീനയോ??
അങ്ങനെയാണെങ്കിൽ ഷീനയേയും പ്രീനയെയും കഴിക്കാം.
എല്ലാവരും ചിരിക്കുന്ന്നു.....
എന്നെ തമാശ യാക്കിയാണ് അവർ ചിരിക്കുന്നത് എനിക്കറിയില്ലായിരുന്നു.
ജാ ....നമുക്കൊന്ന് ആലോചിച്ചാലോ?
അമ്മയും ഏച്ചിയും ഏട്ടന്മാരും ചിരിക്കുന്നു......
എന്തോ എനിക്ക് നാണം വന്നു...
മെല്ലെ .......അവിടെ നിന്നും സ്ഥലം കാലിയാക്കി .
പിറ്റേന്ന് സ്കൂൾ വിട്ട ഉടനെ ഞാൻ കളിസ്ഥലത്തെത്തി.
പക്ഷെ ഷീനയും പ്രീനയും വന്നില്ല!!
എന്ത് പറ്റി ?
ആരും എന്നോട് ഒന്നും പറഞ്ഞില്ല.
തുടർന്നുള്ള ദിവസങ്ങളിലും അവർ വന്നില്ല.
ഞാൻ മെല്ലെ ജീയമ്മയുടെ അരികിലെത്തി.
ജിയമ്മേ ഷീനയും പ്രീനയും വരാത്തതെന്താ ?
അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ??
പ്രീന ആശുപത്രിയിലാ....
ആശുപത്രിയിലോ?
ങ്ങാ ...അവരുടെ ഹോട്ടലിൽ....
അവളുടെ അമ്മ മീൻ വറുക്കാൻ വച്ച ചൂടുള്ള പാത്രത്തിൽ.....
അവൾ ഇരുന്നു പോയി .........
പിൻഭാഗം മുഴുവൻ പൊള്ളി അവൾ ആശുപത്രിയിലാ ......
പാവം.....
എത്ര വേദന സഹിച്ചു കാണും??
എന്താണെന്നറിയില്ല,
പിന്നീട് ഒരിക്കലും അവർ എന്നോടൊപ്പം കളിയ്ക്കാൻ വന്നില്ല .

No comments:
Post a Comment