കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Saturday, December 1, 2018

അച്ഛൻ @ അപരാധി !!!??



രാവിലെ  ഓഫീസിലേക്ക് പോകുമ്പോൾ
 ചാലോട് ബസ് സ്റ്റാൻഡിന് സമീപം
 തുരുമ്പെടുത്ത കാലുകളിൽ
നിറം മങ്ങി അവ്യക്ത മായ  കുറച്ച് അക്ഷരങ്ങൾ
 അരവിന്ദ് ഇൻഡസ്ട്രീസ് ...
ആ ബോർഡ് ....
അത്
അരവിന്ദേട്ടന്റെ മുഖം മനസ്സിലേക്ക് ഓടി വരുന്നു......

അരവിന്ദൻ പഠിക്കാൻ മിടുക്കനായിരുന്നു.
എസ് എസ് എൽ സി ഡിസ്റ്റിങ്ക്ഷനോടെ പാസ്സായ
നാടിനും വീടിനും അഭിമാനം,
കലാവേദികളിലും നിറസാന്നിദ്ധ്യം.
കോളേജിൽ പ്രീ ഡിഗ്രിക്ക് സയൻസ് രണ്ടാം ഗ്രൂപ്പ് തന്നെ എടുത്തു

ഏട്ടനും എച്ചിക്കും എം ബി ബി എസ് നു ചേർന്നത് പോലെ ഇവനും ചേരട്ടെ
അച്ഛനും അമ്മയും ചെറിയ കണക്ക് കൂട്ടലൊക്കെ നടത്തി.

പക്ഷെ

ആ പ്രതീക്ഷകളൊക്കെ ആസ്ഥാനത്ത് ആയിരുന്നു..

കോളേജിൽ എത്തിയതോടെ അവൻ ഉഴപ്പാൻ തുടങ്ങിയിരുന്നു...
കൂട്ടുകെട്ടും ഒട്ടും മോശമല്ല
ചെറിയ രീതിയിലുള്ള മദ്യപാനവും
അല്ലറ ചില്ലറ കുരുത്തക്കേടുമൊക്കെ ആയി .

ജീവിതം ആസ്വദിക്കുകയായിരുന്നു.

പ്രീ ഡിഗ്രി എട്ട് നിലയിൽ പൊട്ടി

സപ്ലിമെന്ററിയുമായി കുറച്ച് കാലം.

പിന്നീട് അതെ  കോളേജിൽ ബി എ ക്ക്

ഒഴപ്പൻ മാരുടെ സംഘടനയുടെ നേതാവ്...

കാതടപ്പിക്കുന്ന ശബ്ദത്തോടെ
 ഇരു ചക്ര വണ്ടിയിലെ കോളേജ് കുന്നു കയറ്റം
ഒന്ന് കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു...

ഒരു ദിവസം കേട്ടു

അരവിന്ദ്  ഐ സി യു വിൽ

ബൈക്ക് ആക്‌സിഡന്റ്

നല്ല പരിക്കുണ്ട്

അതൊരു പുനർജന്മം പോലെ ആയിരുന്നു.
അച്ഛന്റെയും അമ്മയുടെയും കൈകൾപിടിച്ച് പിച്ചവെച്ച് ...

പതുക്കെ പതുക്കെ ജീവിതത്തിലേക്ക് .....

ആ അപകടം അവനെ  അടിമുടി മാറ്റുവാൻ പര്യാപ്‌തം ആയിരുന്നു..

പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും

പിന്നീട് എപ്പോഴും

അവൻ എന്നും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു...

നേതൃനിരയിൽ തിളങ്ങാൻ അവന് പ്രത്യേക കഴിവായിരുന്നു.

രണ്ട് മൂന്ന് പേരെ വെച്ച് ഒരു സ്ഥാപനം
ചെറുതാണ് എങ്കിലും ആ സംരംഭം വൻ വിജയം ആയിരുന്നു.

അത് അവന് കൂടുതൽ  ആത്മവിശ്വാസം നൽകി.

അതിനിടക്ക് നല്ല രീതിയിൽ വിവാഹവും.

ജീവിതം മെല്ലെ  പച്ചപിടിച്ച് വരുകയായിരുന്നു.

ഈ ബിസ്സിനെസ്സ് ഇങ്ങനെ കൊണ്ട് പോയാൽ മതിയോ??

കുറച്ച് ശാഖകളൊക്കെ തുടങ്ങി,

കുറച്ച്കൂടി മെഷിനറി ഒക്കെ യായി.....

ബസ്സിനെസ് ഏത് ആയാലും  കാലത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യം.

അരവിന്ദിന്റെ ചിന്തയും  ആ വഴിക്ക് തന്നെ ആയിരുന്നു...

ബാങ്ക് ലോൺ സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല..

വലിയ രീതിയിൽ ആർക്കും അസൂയ ജനിപ്പിക്കുന്ന ഒരു സ്ഥാപനം.



കാലം പിന്നെയും കുറച്ച് കടന്ന് പോയി...

എത്ര പരസ്യം ചെയ്തിട്ടും
 നിക്ഷേപിച്ചതിന് ആനുപാതികമായി വരുമാനം വരുന്നില്ല ...

ബാങ്ക് അടവും കൂലിയും കൊടുത്തു കഴിഞ്ഞാൽ
ഒന്നും അവശേഷിക്കാത്ത അവസ്ഥ.

ഉറക്കം കിട്ടാത്ത രാത്രികൾ ..

ഏട്ടനും ഏച്ചിയുമൊക്കെ സുഖമായി ജീവിക്കുന്നു...

അവർക്ക് തിരക്കൊഴിഞ്ഞ സമയമില്ല...
അച്ഛൻ അവരെ പടിപ്പിച്ച് നല്ല തൊഴിൽ നേടാൻ സഹായിച്ചു...

ഞാനോ ???

വെറും പ്രീ ഡിഗ്രി ക്കാരൻ !!!!

അച്ഛൻ എന്നെ നല്ല വഴിയിൽ നയിച്ചിരുന്നെങ്കിൽ

ഞാനും ഒരു  നിലയിൽ എത്തിയേനെ.....

മനസ്സിൽ എവിടെയൊക്കെയോ ഉറങ്ങി കിടന്ന

ഈഗോ കൾ ഓരോന്നായി ഉണരുകയായിരുന്നു.

അച്ഛൻ പറഞ്ഞത് അനുസരിക്കാതെ ഉഴപ്പി നടന്നതോ

മദ്യവും തെമ്മാടിത്തരങ്ങളുമായി കറങ്ങി നടന്നതോ ഒന്നും

ആ മനസ്സിൽ തെളിയുന്നുണ്ടായിരുന്നില്ല ...


മുന്നിലേക്കുള്ള പാത അവ്യക്തമായി വരുന്നത് പോലെ...

തന്നെ ആരും സഹായിക്കാനില്ല എന്ന തോന്നൽ ...

കൂടാതെ പഴയ അപകടത്തിന്റെ അവശേഷിപ്പുകളും....

അന്ന് അച്ഛനുമായി വഴക്കിയിട്ടതിനും ഒരു കാരണവും ഉണ്ടായിരുന്നില്ല...

അച്ഛൻ എന്തെ എന്നെ നേരാംവണ്ണം പഠിപ്പിച്ചില്ല????

വർഷങ്ങൾ കൊണ്ട്
ചോര നീരാക്കി ഉണ്ടാക്കിയ
സ്വന്തം സ്ഥാപനത്തിൽ

ഫാനിൽ കെട്ടിയ കയറിന്റെ അറ്റം സ്വന്തം കഴുത്തിന് കെട്ടുമ്പോഴും

മനസ്സിൽ അച്ഛനോടുള്ള വെറുപ്പായിരുന്നു...

തന്നെ നല്ല നിലയിൽ എത്തിച്ചില്ല എന്ന വെറുപ്പ്.....

അത് മനസ്സിന്റെ കൂരിരുട്ടിൽ  ഉറങ്ങിക്കിടന്ന ഈഗോകൾ
പടച്ച് വിട്ടതാണെന്ന കാര്യമോ,

ശിരസ്സിൽ
പഴയ അപകടത്തിന്റെ
അവശേഷിപ്പുകൾ ഉണ്ടാക്കുന്ന
ചില പ്രകമ്പനങ്ങൾ മാത്രം  ആണെന്ന കാര്യമോ
അയാൾ അറിഞ്ഞിരുന്നില്ല.

പറക്കമുറ്റാത്ത കുഞ്ഞിനേയും  ഭാര്യയെയും
 തനിച്ചാക്കി അയാൾ
വേദനകളും ഈഗോകളും  കൂട്ടിന് ഇല്ലാത്ത ലോകത്തേക്ക്  തനിച്ച്.......







No comments:

Post a Comment