കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Wednesday, October 24, 2018

വിസ്മരിക്കരുത് ബന്ധങ്ങളെ


മാധവൻകുട്ടി ജനിച്ചത്
പഴയങ്ങാടിയിലുള്ള വലിയൊരു നായർ തറവാട്ടിലാണ്..
അമ്പതില്പരം തെയ്യങ്ങൾ നിറഞ്ഞാടുന്ന കോട്ടവും ,
കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽവയലും ഉള്ള തറവാട്.
ചെറു പ്രായത്തിൽ അച്ഛൻ നഷ്ടപ്പെട്ടു.
മെട്രിക്കുലേഷൻ കഴിഞ്ഞതോടെ റെയിൽവേയിൽ  ജോലി  ലഭിച്ചു. 
സ്വന്തം കാലിൽ നിൽക്കുന്നതിന്റെ സുഖം 
അത് ചെറുപ്രായത്തിൽ തന്നെ അനുഭവിക്കാൻ കഴിഞ്ഞു മാധവൻകുട്ടിക്ക്.

തറവാട്ട് ഭരണം മൊത്തം അമ്മാവനാണ് നടത്തിയിരുന്നത്.
അമ്മയും സഹോദരങ്ങളും ഒക്കെ നാട്ടിൽ ഉണ്ടെങ്കിലും 
വല്ലപ്പോഴും നാട്ടിൽ പോയാലായി.

കേരളിത്തിനകത്തും പുറത്തുമായി പലയിടങ്ങളിലായുള്ള ജോലി,
എല്ലായിടത്തും നല്ല സുഹൃത്ബന്ധങ്ങൾ ,
രക്തബന്ധങ്ങളേക്കാൾ വലുത് 
സുഹൃത്ബന്ധങ്ങൾക്ക്  ആണെന്ന് തോന്നുന്ന കാലഘട്ടം.

നല്ല പ്രായത്തിൽ തന്നെ വിവാഹിതനും ആയി.
പല നാടുകളിൽ  പല ക്വാർട്ടേഴ്‌സുകളിൽ ....
അന്നം  നല്കുന്ന ജോലിയോട് ആത്മാർത്ഥത കുറച്ച് അധികം ആയിരുന്നു.
തിരക്കുള്ള ജോലി സമയം കഴിഞ്ഞാൽ ,
സന്തോഷ പൂർണമായ ജീവിതം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം .

കുട്ടികൾ നാലുപേർ, മൂന്നു സുന്ദരികളും ഒരു മിടുക്കനും.
ജോലിത്തിരക്കും കുട്ടികളുടെ പഠനവും ഒക്കെയായപ്പോൾ
നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു.
കല്യാണങ്ങൾക്കും, മരണാന്തരചടങ്ങുകൾക്കും പോലും
പങ്കെടുക്കാത്ത അവസ്ഥ.
നാട്ടിലെ ബന്ധങ്ങൾ വല്ലപ്പോഴുമുള്ള എഴുത്തുകളിൽ മാത്രമായി ഒതുങ്ങി..

മൂത്ത മകൾ ഡിഗ്രി കഴിഞ്ഞതോടെ
ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വളരാൻ തുടങ്ങി ,
പെൻഷൻ ആകാൻ ഏറിയാൽ നാലോ അഞ്ചോ വർഷം മാത്രം.
സ്വന്തമായി ഒരു വീട് ഇല്ലെങ്കിൽ എങ്ങനെ നല്ല ആലോചന വരും??

കണ്ണൂരിൽ ഒരു വീട് ,
തീരുമാനം റെഡി,
പക്ഷെ
സ്ഥലമെടുത്ത് വീട് എടുക്കുക അത്ര എളുപ്പം ആയിരുന്നില്ല .

കഷ്ട കാലത്ത് ആണ് വീട് എടുക്കാൻ തോന്നുക എന്ന്
പണ്ടാരോ പറഞ്ഞത് സത്യം ആണെന്ന് അനുഭവത്തിൽ വ്യക്തമായ  സമയം.

വീട് പണി തീരാൻ എടുത്തതു മൂന്ന് നാല് വര്ഷം.
സമ്പാദ്യത്തിന്റെ സിംഹ ഭാഗവും തീർന്നിരിക്കുന്നു,
കൂടാതെ ലോണും ..
കുട്ടികളെ മാറ്റിച്ചേർത്തു ,
പെൻഷനാകും മുമ്പ് മൂത്ത മകളുടെ വിവാഹം
എന്ന ആഗ്രഹം ആഗ്രഹമായി തന്നെ  അവശേഷിച്ചു.

നാട്ടിലെത്തിയാൽ ചിലവ് കുറയും എന്ന പ്രതീക്ഷയും ആസ്ഥാനത്തായിരുന്നു.
ചിലവുകൾ നാൾക്ക് നാൾ കൂടുക മാത്രമെ ഉണ്ടായുള്ളൂ.

കൂനിന്മേൽ കുരുപോലെ ഭാര്യക്ക് പെട്ടെന്നൊരു അസുഖം ,
എല്ലായിടത്തും താൻ തന്നെ ഓടേണ്ട അവസ്ഥ ,
സഹായത്തിന് ബന്ധുക്കളോ സുഹൃത്തുക്കളോ അടുത്തില്ല.

ഒരുദിവസം ഭർത്താവിനോടും മക്കളോടും യാത്രപോലും പറയാതെ വേദനയുടെ ലോകത്തിൽ നിന്നും അവർ വിടവാങ്ങി...

അമ്മയില്ലാത്ത അവസ്ഥ അവർക്ക് താങ്ങാവുന്നതിലേറെ ആയിരുന്നു.
എല്ലാവരും വളർന്നു വലുതായി എന്നത് കൊണ്ട് കാര്യം ഇല്ലല്ലോ,
പലപ്പോഴും ഭക്ഷണം തയ്യാറാക്കുന്നതും,
 മറ്റ് വീട്ട് ജോലികളും മാധവേട്ടന്റെ ചുമലിലായി.
മകൻ മംഗലാപുരത്ത് നിയമ പഠനം,
ഇളയ മകൾ പഠിക്കാൻ അത്ര പോര,
പ്രീ ഡിഗ്രിയോടെ അവൾ പഠനം മതിയാക്കി.

ഇടിത്തീ പോലെയായിരുന്നു അടുത്ത ദുരന്തം

ഇളയ മകളുടെ അകാല മരണം.
വെറുമൊരു പനിയിൽ തുടങ്ങി മൂന്നാം നാൾ
 അവളും ഈ ലോകത്തോട് വിട വാങ്ങി.

തുടർച്ചയായ രണ്ടു മരണങ്ങൾ ആ വീടിന്റെ താളം തെറ്റിച്ചു.

ലോൺ അടവൊക്കെ കഴിഞ്ഞാൽ തുച്ഛമായ പെൻഷൻ
അത്   ആയിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള വരുമാനം.

മകൻ ഒരു വക്കീലിന്റെ ജൂനിയർ ആയി പ്രാക്ടീസ് തുടങ്ങി എങ്കിലും
അതിൽ നിന്നും വരുമാനം ഒന്നും ലഭിക്കാൻ തുടങ്ങിയിരുന്നില്ല.

രണ്ട് പെണ്മക്കൾക്കും നല്ലൊരു  ആലോചനകൾ ഒന്നും വരുന്നില്ല,
മൂത്തവളുടെ പ്രായം മുപ്പത്  കഴിഞ്ഞിരിക്കുന്നു.

പഴയ ബന്ധങ്ങൾ പുതുക്കണം....
പലരുടെയും മുഖങ്ങൾ മനസ്സിൽ വരുന്നുണ്ട് ..
അവരൊക്കെ എങ്ങനെ ഉണ്ടായിരിക്കും ആവോ?

കാലം ഏറെ വൈകി ...
എങ്കിലും
എന്റെ മക്കൾക്ക് സഹായത്തിന് ആരെങ്കിലുമൊക്കെ വേണ്ടേ??

മുറ്റത്തെ മൂവാണ്ടൻ മാവിൽ നിന്നും പറിച്ച തേനൂറുന്ന മാങ്ങകളുമായി
മാധവേട്ടൻ പല സൗഹൃദങ്ങളും രക്ത ബന്ധങ്ങളും പുതുക്കാൻ സൗഹൃദ സന്ദർശ്ശനങ്ങൾക്ക് സമയം കണ്ടെത്തി..

കൂടെ വരാൻ മക്കളെ നിർബന്ധിച്ചെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല..
കാലക്രമേണ ശരിയാകുമായിരിക്കും മാധവേട്ടൻ ആശ്വസിച്ചു.

കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ മനസ്സിൽ ആകെ തീ ആയിരുന്നു..

മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ വയ്യാത്ത അവസ്ഥ..
ഉറക്കമില്ലാത്ത രാത്രികൾ..
പക്ഷെ
ആന്ന്
മാധവേട്ടൻ ഉറങ്ങി ..
ഒരിക്കലും എഴുന്നേൽക്കാത്ത ഉറക്കം.

മാധവേട്ടൻപോയതോടെ
 അവരുടെ ലോകം
അത്  അവർ മൂന്ന് പേർ മാത്രമായി....
കുറച്ച് കാലം നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ അവർ മാത്രമായി.

അടഞ്ഞ വാതിലുകൾക്കുള്ളിൽ
അവർ അവരിലേക്ക് ഒതുങ്ങുക ആയിരുന്നു.
കിട്ടുന്ന ഭക്ഷണം കഴിച്ച് ,
പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ,
അവർക്ക് വെറുപ്പായിരുന്നു എല്ലാവരോടും.
ആരെങ്കിലും ക്ഷേമം അന്വേഷിച്ച് പോയാൽ തന്നെ അവരോടു വലിയ ശബ്ദത്തിൽ വഴക്കിടുന്ന രീതി.....
എപ്പഴോ അവരുടെ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു....

മൂത്ത മകൾ വല്ല കൂലി പണിയും ചെയ്തത്
ആ  കൂലിക്ക് കിട്ടുന്ന ഭക്ഷണം അവർ പങ്ക് വച്ചു .
മറ്റ് രണ്ട് പേരും കുളിക്കാതെയും ,
ദുർഗന്ധം വഹിക്കുന്ന വസ്ത്രങ്ങളുമായി
ആ വലിയ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി...

പതിയെ കാര്യങ്ങൾ നാട്ടുകാർക്കും മനസ്സിലായി തുടങ്ങി
പക്ഷെ
സമയം അതിക്രമിച്ചിരുന്നു...

അവർ രണ്ടു പേരുടെയും  ആരോഗ്യ സ്ഥിതി വളരെ മോശം,
മാനസിക നില ആകട്ടെ  സാധാരണ ചികിത്സയിൽ മാറ്റാൻ പറ്റാത്ത അവസ്ഥയിലും.
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല
കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ കൂട്ടത്തിലേക്ക് .......

മൂത്ത മകൾ തനിച്ച് ആ വലിയ വീട്ടിൽ...

ഇന്നലെ ....
മാനസികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിൽ
മൂടി പുതച്ച് വന്ന
വിറങ്ങലിച്ച സ്വന്തം അനുജത്തിയുടെ ശവ ശരീരം കാണുമ്പോഴും
അവൾക്ക് വലിയ ഭാവ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
മനസ്സ്
അത്
എന്നേ മരവിച്ചിരുന്നു .....

ബന്ധങ്ങൾ അത് സുഹൃത് ബന്ധമോ രക്ത ബന്ധമോ എന്ത് തന്നെ ആയാലും അത് എന്നന്നേക്കും സജീവമായി നില നിർത്തേണ്ട ഒന്നാണ്.

ഇന്നത്തെ ലോകത്ത്, നമ്മുടെ സമൂഹത്തിൽ
ബഹു ഭൂരിപക്ഷം ആൾക്കാർക്കിടയിലും 
സ്വാർത്ഥതയുടെ അളവ് 
നാൾക്ക് നാൾ വർധ്ധിച്ച് വരുന്നുണ്ടെന്ന് നിസ്സംശയം പറയാൻ കഴിയും.
രാപ്പകൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന വിരലിൽ എണ്ണാൻ മാത്രം ഉള്ള സാമൂഹിക പ്രവർത്തകരെ മറന്നിട്ടൊന്നുമില്ല.
എന്നാൽ ഓരോരുത്തരും അവനും അവന്റെ കുടുംബവും മാത്രമുള്ള ഒരു ലോകത്ത് ഒതുങ്ങി പ്പോകുന്നു. ...
എന്നാൽ
മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്ന് പറയുമ്പോൾ
അത് എല്ലാ അർത്ഥത്തിലും വിശാലവും
ബന്ധങ്ങൾക്കിടയിൽ
ദുഖങ്ങളും വേദനകളുംസന്തോഷങ്ങളും
പങ്ക് വെക്കപ്പെടുന്ന  രീതിയിൽ ആയിരിക്കേണ്ടതുണ്ട്.

 സന്തോഷങ്ങളും ദുഖങ്ങളും പങ്ക് വെക്കുന്നതോടെ
സൗഹൃദ കൂട്ടായ്മകളുടെയും ,
എല്ലാത്തരം ബന്ധങ്ങളുടെയും
കണ്ണികൾക്ക് കൂടുതൽ കരുത്ത് പകരുന്നു.

അതിന്റെ  വില കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണം
കാരണം
പലവിധം പ്രശ്നങ്ങളുടെ
അഗാധ ഗർത്തങ്ങളിൽ നിന്നും കരകയറാൻ
ബന്ധങ്ങളുടെ ചങ്ങല കണ്ണികൾ ഉപകരിച്ചേക്കാം....

No comments:

Post a Comment