വയനാടൻ കുളിര് ....
ആദ്യത്തെ വയനാടൻ യാത്രആറിലോ ഏഴിലോ മറ്റോ പഠിക്കുമ്പോഴാണ്..
വീട്ടിൽ നിന്നും യാത്രപോകുന്നത് വളരെ അപൂർവമായിരുന്നു.
ഞങ്ങളെ എല്ലാവരെയും കൂട്ടിയുള്ള യാത്ര ചിന്തിക്കാൻ പോലും സാധിക്കുന്ന ഒന്നായിരുന്നില്ല കാരണം ഒരുദിവസം പോലും വീട്ടിലെ പശുക്കളെയും കൃഷിയുമൊക്കെ വിട്ട് നിൽക്കാൻ അച്ഛനും അമ്മയ്ക്കും സാധിക്കുമായിരുന്നില്ല.
ചെറുപ്പകാലത്തുള്ള ദൂര യാത്രകൾ പലതും ഞാൻ ജീയമ്മ ( എച്ചിയമ്മ ) എന്ന് വിളിച്ചിരുന്ന സതിയേച്ചിയുടെ കൂടെയായിരുന്നു. ജിയച്ചൻ ( ഏച്ചിയച്ചൻ )ന്റെ ചിതാ ഭസ്മം പാപനാശിനിയിൽ ഒഴുക്കാൻ തിരുനെല്ലിയിലേക്ക് ഉള്ള യാത്രയാണ് എന്റെ ആദ്യത്തെ വയനാട് യാത്ര.
അന്ന് അനുഭവിച്ച കുളിരൊന്നും ഇന്നത്തെ കാലത്ത് വയനാടിന് നല്കാനാകില്ലെങ്കിലും കാടും മലകളും നിറഞ്ഞ വയനാട് കണ്ണുകളെ കുളിരണിയിപ്പിക്കുക തന്നെ ചെയ്യും.
പിന്നീട് പലതവണ ജോലിയുടെ ഭാഗമായും അല്ലാതെയുമായി യാത്രചെയ്തുവെങ്കിലും, ഇത്തവണ കുടുംബസമേതമുള്ള യാത്ര നൽകിയ അനുഭവം ഒന്ന് വേറെ തന്നെയാണ്.
"ഞാനും വരുന്നുണ്ട് വയനാട്ടിൽ..."
രണ്ട് കാലുകൾക്കും വേദനയുണ്ടെങ്കിലും, പലപ്പോഴും വേദന സംഹാരികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിലും, അമ്മയും ഞങ്ങളുടെ കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നി. ഈ പ്രായത്തിൽ അങ്ങനെയല്ലേ ഓരോ നാട് കാണാൻ സാധിക്കൂ.
മൂന്ന് കാറുകളിലായി രണ്ട് ദിവസത്തെ യാത്ര, ട്രെക്കിങ് പരമാവധി ഒഴിവാക്കി, എന്നാലും പരമാവധി കാഴ്ചകൾ ആസ്വദിക്കാൻ തരത്തിൽ യാത്ര പ്ലാൻ ചെയ്തു.
പനമരം ജൈന ക്ഷേത്രത്തിൽ തുടങ്ങിയ യാത്ര , ഫാന്റം റോക്ക് വഴി അമ്പലവയൽ RARS , തറപ്പേൽ നഴ്സറി മുതലായയിടങ്ങളിലെ ചെടികൾ കണ്ടും, വാങ്ങിച്ചും നേരെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലേക്ക് ...
അവിടെ എത്തിയതും ഞങ്ങളെ വരവേറ്റത് നല്ല മഴ ആയിരുന്നു.
മഴതോർന്ന് വെയിൽ വന്നപ്പോൾ കാട്ടിലേക്ക് ചെറിയൊരു സവാരി...
കാട്ടാനകളെയും, മാനിനെയും മയിലിനെയും ഒക്കെ കണ്ടു ആ കാഴ്ചയിൽ..
പിറ്റേന്ന് രാവിലത്തെ സഫാരിയിൽ ഒരു ഒറ്റയാനെയും അടുത്ത് കാണാൻ കഴിഞ്ഞത് ഇതുവരെ ലഭിക്കാത്ത ഒരു അനുഭവമായിരുന്നു.
പുല്ല് തീറ്റ നിർത്തി തുമ്പിക്കയ്യിൽ ഒരുപിടി പുല്ലുമായി ഒറ്റയാൻ ഞങ്ങളുടെ അടുത്തേക്ക് ഒന്ന് ആഞ്ഞപ്പോൾ ശരിക്കും പേടിച്ചുപോയി...
പിന്നീട് പൂക്കോട് തടാകത്തിൽ ബോട്ടിംഗ്,
വൈകുന്നേരം പഴശ്ശി സ്മാരകത്തിൽ കുറച്ച് സമയം ..
തിരികെ തേയിലത്തോട്ടത്തിന് ഇടയിലൂടെ നാട്ടിലേക്ക് ചുരമിറങ്ങുമ്പോൾ ലഭിച്ചത് ഒരു പിടി നല്ല അനുഭവങ്ങൾ ആയിരുന്നു.
കൂടാതെ വൈകി ആണെങ്കിലും അമ്മയ്ക്കും നല്ലൊരു യാത്രാനുഭവം നൽകാൻ സാധിച്ചു എന്ന ചാരിതാർഥ്യവും.
No comments:
Post a Comment